നൂതനാശയങ്ങൾ ഉണർവേകട്ടെ


2 min read
Read later
Print
Share

രാജ്യത്തെ വ്യവസായമേഖലയെ പുതുവഴിയിലേക്കു നയിക്കാൻ ശ്രമിക്കുകയാണ് കേന്ദ്രസർക്കാർ. സാങ്കേതികപഠനം പൂർത്തിയാക്കി ഒരായിരം ആശയങ്ങളുമായി കലാലയത്തിൽ നിന്ന് ഇറങ്ങുന്നവർക്ക് അത് പ്രാവർത്തികമാക്കാനുള്ള മാർഗം തുറന്നുകൊടുക്കാനുള്ള പദ്ധതിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ജലാശയത്തിന്റെ ഉപരിതലത്തിൽ സൗരോർജവൈദ്യുതി നിലയം സ്ഥാപിച്ച് ഊർജോത്പാദനത്തിനുള്ള പദ്ധതി പ്രാവർത്തികമാക്കിയ വയനാട്ടിലെ രണ്ട് യുവാക്കൾ നമുക്കു മുന്നിലുണ്ട്. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ ഉള്ളിൽ നാമ്പിട്ട ആഗ്രഹം പലതവണ പരാജയപ്പെട്ടിട്ടും സ്ഥിരോത്സാഹത്തിലൂടെ കൽപ്പറ്റയ്ക്ക് അടുത്തുള്ള ബാണാസുര സാഗർ ഡാമിൽ അവർ പ്രാവർത്തികമാക്കി. അജയ് തോമസും വി.എം. സുധിനും അത് വൈദ്യുതിബോർഡിന് കൈമാറുകയും ചെയ്തു. പദ്ധതിക്ക് വൈദ്യുതി ബോർഡ് നൽകിയ സഹായധനവും വയനാട് ഗവ. എൻജിനീയറിങ് കോളേജിലെ ടെക്നോളജി ബിസിനസ് ഇൻക്യുബേഷൻ കേന്ദ്രത്തിലെ ഓഫീസ് സൗകര്യവുമാണ് അവരുടെ ജോലിക്ക് അടിസ്ഥാനമായത്‌. അക്കാര്യം മാതൃഭൂമി വാരാന്തപ്പതിപ്പിലെ ലേഖനത്തിലൂടെ അവർ തുറന്നുപറയുന്നു. അതുപോലെ മനസ്സിൽ സ്വപ്നങ്ങളും നവീനാശയങ്ങളുമായി ഒട്ടേറെ യുവതീ യുവാക്കൾ നമുക്കിടയിലുണ്ട്. അവരിൽ പലരും ഗ്രാമങ്ങളിൽ നിന്ന് വരുന്നവരാകും. തങ്ങളുടെ ഗ്രാമത്തിലുള്ളവർ അനുഭവിക്കുന്ന വിഷമതകൾ മനസ്സിലാക്കിയാവും അവർ പദ്ധതികൾ മെനയുന്നത്. കോടിക്കണക്കിന് രൂപ വിദേശകമ്പനി കയറ്റുമതിയിലൂന്നി ആരംഭിക്കുന്ന പദ്ധതികളേക്കാൾ പ്രാദേശികമായ വ്യവസായസംരംഭങ്ങളാണ് ഇവിടെ നടപ്പാകേണ്ടത്.


പുതുസംരംഭങ്ങൾക്ക് രജിസ്ട്രേഷൻ എളുപ്പമാക്കിയും നികുതിയിളവ് നൽകിയും സഹായധനം ഉറപ്പാക്കിയുമാണ് കേന്ദ്ര സർക്കാർ സ്റ്റാർട്ട് അപ്പ് ഇന്ത്യ കർമപദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. മേൽപ്പറഞ്ഞ ദിശയിലാണ് മുന്നേറുന്നതെങ്കിൽ അത് നാടിന് ഗുണം ചെയ്യുമെന്നതിൽ സംശയമില്ല. മൊബൈൽ ആപ്പിലൂടെ ലളിതമായ രജിസ്ട്രേഷൻ നടപടിക്രമം പൂർത്തിയാക്കി ഒരുദിവസം കൊണ്ട് ലൈസൻസ് ലഭ്യമാക്കുന്ന സംവിധാനമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കേരളത്തിൽ കോഴിക്കോട് എൻ.ഐ.ടി., ഐ.ഐ.എം., തിരുവനന്തപുരം ഐസർ എന്നീ സ്ഥാപനങ്ങളോട് അനുബന്ധിച്ച് മൂന്ന് ടെക്നോളജി ബിസിനസ് ഇൻക്യുബേറ്ററുകളാണ് പുതുപദ്ധതികളുടെ ഈറ്റില്ലമാവുന്നത്. 13 എൻജിനീയറിങ് കോളേജുകളുമായി ബന്ധപ്പെട്ട് സ്റ്റാർട്ട് അപ്പ് സെന്ററും പ്രവർത്തിക്കും. നവീന സാങ്കേതികവിദ്യയുടെയും തനത് ആശയത്തിന്റെയും അടിസ്ഥാനത്തിൽ ആരംഭിക്കുന്ന പുതുവ്യവസായ സംരംഭങ്ങളാണ് സ്റ്റാർട്ട് അപ്പ് വിഭാഗത്തിൽ വരുന്നത്. രജിസ്റ്റർ ചെയ്ത് അഞ്ചു വർഷമാവാത്തതും 25 കോടിയിലധികം വിറ്റുവരവില്ലാത്തതുമായവയുമാകാം. മൂന്നു വർഷത്തേക്ക് മൂലധനനേട്ടനികുതി, ആദായ നികുതി എന്നിവയിൽ ഇളവു നൽകുമെന്നത് സ്വാഗതാർഹമാണ്. പുതിയ ആശയങ്ങൾക്കും ഉത്പന്നങ്ങൾക്കും പേറ്റന്റ് ലഭിക്കാനുള്ള ഫീസിൽ ഇളവ് നൽകാനും നടപടിക്രമം ലഘൂകരിക്കാനും പുതിയ കേന്ദ്രപദ്ധതി വിഭാവനം ചെയ്യുന്നു.

ചില തൊഴിൽ നിയമങ്ങളും പരിസ്ഥിതി നിയമങ്ങളും മൂന്നു വർഷത്തേക്ക് ബാധകമാവില്ലെന്നതാണ് കേന്ദ്ര പദ്ധതി നൽകുന്ന മറ്റൊരു ഇളവ്. പ്രസ്തുത ആനുകൂല്യം ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യത ഏറെയാണെന്നത് ആശങ്കയുളവാക്കുന്നു. സാമ്പത്തിക ലാഭത്തിലുപരി നാടിന്റെ നന്മ മുൻനിർത്തി പ്രവർത്തിക്കാനാഗ്രഹിക്കുന്നവരാവും പുതുസംരംഭവുമായി എത്തുന്ന യുവാക്കൾ എന്ന് പ്രത്യാശിക്കാം. പുതുസംരംഭകർക്ക് ആവശ്യമായ ഉപദേശം നൽകുന്നവർ പദ്ധതി നടത്തിപ്പിൽ തൊഴിലാളികളുടെ അവകാശം, പരിസ്ഥിതിസംരക്ഷണം എന്നിവ പരിരക്ഷിക്കാനുള്ള ബാധ്യതയെക്കുറിച്ചുകൂടി സംരംഭകരെ ബോധവത്കരിക്കണം. പുതു പദ്ധതി നടത്തിപ്പിൽ തൊഴിൽ, പരിസ്ഥിതി നിയമങ്ങളുടെ ലംഘനത്തെക്കുറിച്ച് രേഖാമൂലം പരാതി ലഭിച്ചാൽ ഉന്നതോദ്യോഗസ്ഥൻറെ അനുമതിയോടെ പരിശോധനയ്ക്ക് വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നത്‌ ആശ്വാസകരമാണ്‌. കാർഷികമേഖലയിലെ ഉത്പാദനം വർധിപ്പിക്കാനും കൃഷിച്ചെലവ് കുറയ്ക്കാനും മൂല്യവർധിത ഉത്പന്നങ്ങളുണ്ടാക്കാനും നാട്ടിൽ നിന്ന് ആർജിച്ച അറിവിലൂടെ പുതുവഴികൾ തുറക്കേണ്ടതുണ്ട്. ചെലവുകുറഞ്ഞ മരുന്നും ചികിത്സാരീതിയും ഭിന്നശേഷിക്കാർക്കുള്ള ഉത്പന്നങ്ങളും ഉൾപ്പെടെ നാടിന്റെ ആവശ്യം അറിഞ്ഞ് വ്യവസായ രംഗത്തിറങ്ങാൻ യുവാക്കൾക്ക് സാധിക്കട്ടെ. പരിസ്ഥിതിയെ മലിനമാക്കാതെയും നാട്ടുകാരെ ചൂഷണം ചെയ്യാതെയും അവർ പ്രവർത്തിക്കുമെന്ന് കരുതാം. തൊഴിലന്വേഷണത്തിന്‌ പകരം സ്വയം തൊഴിലുകൾ സൃഷ്ടിച്ചുകൊണ്ട് ചെറുപ്പക്കാർ മാതൃകയാകട്ടെ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

കേരളഗാനം തിരഞ്ഞെടുക്കുമ്പോൾ

Jul 17, 2018


mathrubhumi

2 min

പാരിസ് ഉടമ്പടി: ഇന്ത്യയുടെ വലിയ ഉത്തരവാദിത്വം

Oct 2, 2016