സൂര്യഗായത്രിയുടെ മൃതദേഹത്തിന് മുന്നിൽ അമ്മ വത്സല, പ്രതി അരുൺ | Photo: മാതൃഭൂമി
തിരുവനന്തപുരം: പ്രണയം നിരസിച്ചതിന് പ്രതികാരം കൊലപാതകത്തില്‍ കലാശിക്കുന്നത് ആവര്‍ത്തിക്കപ്പെടുന്ന ദുരവസ്ഥയാണ് കേരളം കാണുന്നത്. നിരവധി കേസുകളിലെ പ്രതിയും ക്രിമിനല്‍ പശ്ചാത്തലമുള്ള അരുണിന്റെ കൊടും ക്രൂരതയില്‍ പൊലിഞ്ഞത് സൂര്യഗായത്രിയെന്ന പെണ്‍കുട്ടിയുടെ ജീവനാണ്.
കോതമംഗലത്ത് കണ്ണൂര്‍ സ്വദേശി മാനസയെ രഖില്‍ എന്ന യുവാവ് വെടിവെച്ച് കൊലപ്പെടുത്തിയതിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പാണ് തിരുവനന്തപുരത്ത് സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊല്ലാനുപയോഗിച്ച ആയുധം ഒഴികെ രണ്ട് കേസിലേയും പ്രതികളുടെ ക്രൂരതയും മാനസികനിലയും സമാനമാണ്. തന്നോടൊപ്പം ജീവിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഈ ഭൂമിയില്‍ തന്നെ 'അവള്‍' ജീവിക്കരുതെന്ന മാനസികവൈകല്യം സമാനമാണ്.
എല്ലാം മുന്‍കൂട്ടി തീരുമാനിച്ച് അരുണ്‍
തിരുവനന്തപുരം നെടുമങ്ങാടിന് സമീപം കരിപ്പൂരില്‍ സൂര്യഗായത്രിയെന്ന 20കാരിയെ അരുണ്‍ കൊലപ്പെടുത്തിയത് മുന്‍കൂട്ടി തീരുമാനിച്ച് ഉറപ്പിച്ച ശേഷമാണ്. കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് സൂര്യഗായത്രി താമസിക്കുന്ന വാടകവീട്ടിലേക്ക് അരുണ്‍ എത്തിയത്. വ്യാജനമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച വാഹനത്തില്‍ ഉച്ചതിരിഞ്ഞ് രണ്ടരമണിയോടെ എത്തിയ അരുണ്‍ അടുക്കളവാതിലിലൂടെ അകത്തേക്ക് പ്രവേശിക്കുകയായിരുന്നു. തുടര്‍ന്ന് വാക്കേറ്റമുണ്ടാവുകയും ഒരു കാരണവശാലും വിവാഹം കഴിക്കാന്‍ തയ്യാറല്ലെന്നും സൂര്യഗായത്രി തറപ്പിച്ച് പറഞ്ഞതോടെ കയ്യില്‍ കരുതിയ കത്തികൊണ്ട് ശരീരമാസകലം ആവര്‍ത്തിച്ച് കുത്തുകയായിരുന്നു. അതിന് ശേഷം മരണം ഉറപ്പിക്കാന്‍ സൂര്യയുടെ തല ഭിത്തിയില്‍ ഇടിപ്പിക്കുകയും ചെയ്തു.
കുത്തിയത് 33 തവണ, സ്വയം പരിക്കേറ്റിട്ടും ഒടുങ്ങാതെ പക
സൂര്യഗായത്രിയെ അരുണ്‍ കത്തി കൊണ്ട് കുത്തിയത് 33 തവണയാണ്. തല മുതല്‍ പാദം വരെ പരിക്കേല്‍പ്പിച്ചു. തലയിലെ ആഴത്തിലുള്ള നാലു മുറിവുകളും വയറിലേയും ജനനേന്ദ്രിയത്തിലേയും ആന്തരികാവയവങ്ങള്‍ തകര്‍ത്ത കുത്തുകളുമാണ് സൂര്യയെ മരണത്തിലേക്കു നയിച്ചത്. സൂര്യയെ കുത്തുന്നതിനിടയില്‍ സ്വന്തം കൈ ആഴത്തില്‍ മുറിഞ്ഞിട്ടും അരുണ്‍ അക്രമം അവസാനിപ്പിച്ചില്ല. മകളെ കൊല്ലാന്‍ശ്രമിക്കുന്നതുകണ്ട് നിലവിളിച്ച സൂര്യയുടെ അമ്മ വത്സലയുടെ വായ് ഇടതുകൈ കൊണ്ട് പൊത്തിപ്പിടിച്ച ശേഷം അരുണ്‍ മുറിവേറ്റ വലതുകൈകൊണ്ട് സൂര്യഗായത്രിയെ കുത്തി. അക്രമം തടഞ്ഞ സൂര്യയുടെ പിതാവ് ശിവദാസനെയും ഇയാള്‍ ചവിട്ടി താഴെതള്ളിയിട്ട് മര്‍ദിച്ചു. ശിവദാസന്‍ നിലവിളിച്ചുകൊണ്ട് പുറത്തേക്കു ഓടിയതോടെയാണ് കൊലയാളിയെക്കുറിച്ചുള്ള വിവരം അയല്‍ക്കാര്‍ അറിഞ്ഞത്. അയല്‍ക്കാര്‍ ഓടിയെത്തിയപ്പോഴേക്കും അരുണ്‍ സമീപത്തെ പൊന്തക്കാട്ടിലും അവിടെ നിന്നും മറ്റൊരു വീടിന്റെ ടെറസ്സിലേക്കും ഒളിക്കാന്‍ ശ്രമിച്ചു. ഇവിടെ നിന്നുമാണ് നാട്ടുകാരും പോലീസും ചേര്‍ന്ന് പിടിച്ചത്.
എന്തിന് ഇത്ര പക? മറുപടി കുറ്റബോധം ലവലേശമില്ലാതെ
അരുണ്‍ തന്റെ ഇഷ്ടവും വിവാഹം കഴിക്കണമെന്ന ആഗ്രഹവും സൂര്യയേ മുന്‍പും അറിയിച്ചിരുന്നു. എന്നാല്‍ പ്രണയാഭ്യര്‍ത്ഥന സൂര്യഗായത്രി നിരസിച്ചു. അതിന് ശേഷം കൊല്ലം സ്വദേശിയായ മറ്റൊരാളെ വിവാഹം കഴിയുകയും ചെയ്തു. പിന്നീട് ഭര്‍ത്താവുമായുള്ള അസ്വാരസ്യങ്ങളും വിവാഹമോചനക്കേസുമൊക്കെ ആയതോടെയാണ് സൂര്യ ആറ് മാസം മുന്‍പ് സ്വന്തം വീട്ടില്‍ തിരിച്ചെത്തിയത്.
ഇതറിഞ്ഞ അരുണ്‍ വീണ്ടും വിവാഹാഭ്യര്‍ത്ഥനയുമായി എത്തിയെങ്കിലും വീണ്ടും സൂര്യ അത് നിരസിച്ചു. വഴിയില്‍ തടഞ്ഞ് നിര്‍ത്തിയുള്ള ശല്യം ചെയ്യല്‍ കൂടിയായപ്പോള്‍ നാല് മാസം മുന്‍പ് പോലീസില്‍ പരാതി നല്‍കിയിരുന്നു. അതിന് ശേഷം അരുണിന്റെ ശല്യമില്ലായിരുന്നു. ഒടുവില്‍ തിങ്കളാഴചയാണ് വീണ്ടും ഇയാള്‍ സൂര്യയെ കാണാനെത്തിയത്.
ആക്രമിച്ചതിന് പിന്നാലെ കസ്റ്റഡിയിലായപ്പോഴും പോലീസ് ചോദിച്ച ചോദ്യങ്ങളോട് ഒരു കുറ്റബോധവുമില്ലാതെയാണ് പ്രതി മറുപടി നല്‍കിയത്. അരുണിന് സൂര്യയോട് ഇത്രയേറെ പക എന്തിനെന്ന ചോദ്യത്തിന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും വ്യക്തമായ മറുപടിയില്ല. പോലീസിന്റെ ചോദ്യങ്ങള്‍ക്ക് ഓരോന്നിനും അരുണ്‍ കൂസലില്ലാതെയാണ് മറുപടിനല്‍കിയത്.
കൊലപാതകം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ച്
മൂന്ന് വര്‍ഷം മുന്‍പാണ് അരുണ്‍ ആദ്യമായി സൂര്യഗായത്രിയോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്നത്. നിരവധി കേസുകളിലെ പ്രതിയും ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയുമായതിനാല്‍ സൂര്യഗായത്രി അരുണിന്റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചു. വിവാഹബന്ധത്തില്‍ വീണത് തിരിച്ചറിഞ്ഞാണ് അരുണ്‍ വീണ്ടും പ്രണയാഭ്യര്‍ത്ഥനയുമായി വന്നത്. ഇതും നിരസിച്ചതോടെ കൊല്ലണമെന്ന് ഉറപ്പിച്ചു. കയ്യില്‍ ആയുധവും വ്യാജ നമ്പര്‍ പതിച്ച ബൈക്കും തയ്യാറാക്കിയാണ് അരുണ്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. അവസാനമായി ഒരിക്കല്‍കൂടി വിവാഹാഭ്യര്‍ത്ഥന നടത്തുക. അതും നിരസിച്ചാല്‍ കൊലപ്പെടുത്തുക എന്നതായിരുന്നു അരുണ്‍ തീരുമാനിച്ചുറപ്പിച്ചത്. ഇത് തന്നെയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് പ്രതി നടപ്പിലാക്കിയതും.
സഹായിക്കാന്‍ ഇനി സൂര്യയില്ല
നെടുമങ്ങാട്: ഭിന്നശേഷിക്കാരായ മാതാപിതാക്കള്‍ക്ക് ഊന്നുവടിയായിരുന്നു സൂര്യഗായത്രി. അമ്മ വത്സല നിലത്തിഴഞ്ഞ് ലോട്ടറി വില്‍ക്കുന്നതുകണ്ടാണ് സൂര്യ വളര്‍ന്നത്. അച്ഛന്റെ സ്ഥിതിയും മറ്റൊന്നായിരുന്നില്ല. മറ്റുള്ളവര്‍ക്കായി ഭാഗ്യം വില്‍ക്കുമ്പോഴും പട്ടിണിയിലായ കുടുംബത്തെ കരകയറ്റാന്‍ മൂവരും ചേര്‍ന്നാണ് ജീവിതത്തിന്റെ മുച്ചക്രവണ്ടി തള്ളിയിരുന്നത്.

അമ്പലനടയിലും തിരക്കുള്ള സ്ഥലങ്ങളിലും അച്ഛനും അമ്മയും മകളും അടങ്ങുന്ന ചിത്രം നെടുമങ്ങാടുകാര്‍ക്ക് മറക്കാനാവില്ല. എന്നാല്‍, ഇനി ഈ കുടുംബചിത്രത്തില്‍ സൂര്യഗായത്രിയില്ല. പഠിക്കാന്‍ മിടുക്കിയായിരുന്നിട്ടും ജീവിത സാഹചര്യങ്ങള്‍ സൂര്യയെ അതിന് അനുവദിച്ചില്ല. മുന്നില്‍ പട്ടിണിയും പിന്നില്‍ ജീവിതവും വെല്ലുവിളിയായപ്പോള്‍ പ്ലസ്ടുവിനു ശേഷം സൂര്യയും അച്ഛനമ്മമാരെ സഹായിക്കാനായി ലോട്ടറിവില്‍പ്പനയിലേക്കു ഇറങ്ങുകയായിരുന്നു.
Content Highlights: Suryagayathri murder case was pre planned and executed by Arun