മാതൃഭൂമി ഡോട്ട് കോം ആന്റി ഡ്രഗ്ഗ് കാമ്പയിന്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി


2 min read
Read later
Print
Share

ജീവിതമാണ് ലഹരി സീസണ്‍ 3 എന്ന പേരില്‍ നടത്തിയ കാമ്പയിന്‍ ഒരു മാസത്തോളം നീണ്ടു നിന്നു

കൊച്ചി: മാതൃഭൂമി ഡോട്ട് കോം, ഒലീവ് ബില്‍ഡേഴ്സുമായി ചേര്‍ന്ന് സംഘടിപ്പിച്ച ആന്റി ഡ്രഗ്ഗ് കാമ്പയിന്‍ (ജീവിതമാണ് ലഹരി -സീസണ്‍ 3) മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ കൊച്ചി മാതൃഭൂമി ചാനല്‍ സ്റ്റുഡിയോയില്‍ വെച്ചു കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എസ്. സുരേന്ദ്രന്‍, ചലചിത്ര താരം ശ്രുതി മേനോന്‍ എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു.

ഷോര്‍ട്ട് ഫിലിം മത്സര വിഭാഗത്തില്‍ ആലുവ യു.സി കോളേജ് വിദ്യാര്‍ത്ഥിയായ പട്ടാമ്പി സ്വദേശി ഫൈസല്‍ റസാഖ് സംവിധാനം ചെയ്ത 'തെള'യാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. രണ്ടാം സ്ഥാനം കോഴിക്കോട് രാമനാട്ടുകര സ്വദേശി ഗോകുല്‍ പ്രസാദിന്റെ 'യു ആര്‍ മിറര്‍'എന്ന ഷോര്‍ട്ട് ഫിലിമിനാണ്.

പോസ്റ്റര്‍ രചനാ മത്സരത്തില്‍ തിരുവനന്തപുരം ബാലരാമപുരം സ്വദേശി അക്ഷയ് വി.എ. ഒന്നാം സ്ഥാനവും സായ്‌റാം ബി. രണ്ടാം സ്ഥാനവും നേടി.

ലഹരി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന മികച്ച സ്‌കൂളിനുള്ള അവാര്‍ഡ് നന്‍മണ്ട എച്ച്.എസ്.എസ് കോഴിക്കോടും (ഒന്നാം സ്ഥാനം) എ.കെ.എ.എസ് ജി.എച്ച്.എസ്.എസ് പയ്യന്നൂരും (രണ്ടാം സ്ഥാനം) സ്വന്തമാക്കി.

ഷോര്‍ട്ട് ഫിലിം ഒന്നാം സമ്മാനം 20000 രൂപയും പ്രശസ്തി പത്രവുമാണ്. രണ്ടാം സമ്മാനം 10000 രൂപയും പ്രശസ്തി പത്രവും. പോസ്റ്റര്‍ രചനാ മത്സരങ്ങള്‍ക്കുള്ള സമ്മാന തുക യഥാക്രമം 10000,5000 രൂപ വീതമാണ്.

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ യുവ തലമുറയില്‍ ലഹരി പിടിമുറുക്കുന്നതായുള്ള വാര്‍ത്തകള്‍ പതിവായതോടെയാണ് മാതൃഭൂമി ഡോട്ട് കോം ആന്റി ഡ്രഗ്ഗ് ക്യാമ്പയ്ന്‍ എന്ന ആശയത്തിന് രൂപം കൊടുക്കുന്നത്. വിജയകരമായി പൂര്‍ത്തിയാക്കിയ ഒന്നും രണ്ടും സീസണുകള്‍ക്ക് ശേഷം 'ജീവിതമാണ് ലഹരി' എന്ന പേരില്‍ നടത്തുന്ന ക്യാമ്പയ്‌ന്റെ മൂന്നാം സീസണ്‍ ആണിത്. ഒരു മാസത്തോളം നീണ്ടു നിന്ന ക്യാമ്പയ്ന്‍ ഇത്തവണ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ അനുപമയാണ് ഉദ്ഘാടനം ചെയ്തത്.

ലഹരിയില്‍ നിന്ന് തിരിച്ചുവന്നവരുടെ അനുഭവങ്ങള്‍,വിദഗ്ദ്ധരുടെ ലേഖനങ്ങള്‍,എക്‌സൈസ് കമ്മീഷ്ണറുമായി പ്രത്യേക അഭിമുഖം,വാര്‍ത്തകള്‍,വീഡിയോകള്‍ എന്നിവ ഉള്‍കൊള്ളിച്ചാണ് ക്യാമ്പയ്‌ന്റെ ഭാഗമായുള്ള സ്‌പെഷ്യല്‍ പേജ് തയ്യാറാക്കിയിരിക്കുന്നത്. ക്യാമ്പയ്‌ന്റെ ഭാഗമായി വായനക്കാര്‍ക്കായി നിരവധി മത്സരങ്ങളും ഒരുക്കിയിരുന്നു. ലഹരി വിരുദ്ധ പോസ്റ്റര്‍ രചന, ലഹരി വിരുദ്ധ സന്ദേശം ഉള്‍കൊള്ളുന്ന ഷോര്‍ട്ട് ഫിലിം എന്നീ മത്സരങ്ങള്‍ക്ക് പുറമെ മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി മികച്ച ലഹരി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന സ്‌കൂളിന് പ്രത്യേക അവാര്‍ഡും ഇത്തവണ ഏര്‍പ്പെടുത്തി.

ചടങ്ങില്‍ ഒലീവ് ബില്‍ഡേഴ്‌സ് മാര്‍ക്കറ്റിങ് ഹെഡ് എല്‍ദോ ചാക്കോ, മാതൃഭൂമി ബ്രാൻഡ് കമ്മ്യൂണിക്കേഷൻ ഹെഡ് എൻ.ജയകൃഷ്ണൻ എന്നിവര്‍ പങ്കെടുത്തു.

Content Highlights: anti drug campaign 2019 jeevithamanu lahari season 3 prize distribution

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram