'ലഹരിയ്‌ക്കെതിരെ ശാസ്ത്രീയമായ രീതിയില്‍ ബോധവത്കരണം നടത്തുന്ന പെണ്‍കുട്ടി'- മാതൃഭൂമി ഡോട്ട് കോം ആന്റി ഡ്രഗ്ഗ് ക്യാമ്പെയ്ന്‍ ജീവിതലഹരിയുമായി ബന്ധപ്പെട്ട സ്റ്റോറികള്‍ക്കായി അന്വേഷണം നടത്തുമ്പോള്‍ ആനിയെക്കുറിച്ച് ലഭിച്ച ആദ്യ വിവരം ഇതാണ്.
ആനിയുടെ വെബ്‌സൈറ്റും ഫെയ്‌സ്ബുക്കും അരിച്ചു പെറുക്കിയ ശേഷം ആനി റിബു ജോഷിയെ തേടി തൃശ്ശൂരിലെത്തുമ്പോള്‍ ലഹരിയ്‌ക്കെതിരെ ഘോരഘോരം പ്രസംഗിക്കുന്ന ഒരാളെയാണ് പ്രതീഷിച്ചത്. വാതില്‍ തുറന്നത് ആനിയായിരുന്നു. എന്നോ പരിചയം ഉള്ള ആളെ പോലെ ആനി സ്വീകരിച്ചു, പതിയെ സംസാരിച്ചു തുടങ്ങിയപ്പോള്‍ ഈ കുട്ടിയെങ്ങനെ ലഹരിയ്‌ക്കെതിരെ ബോധവത്കരണം നടത്തുമെന്നായി മനസില്‍.. ബിരുദ വിദ്യാര്‍ത്ഥിനിയാണെങ്കിലും പ്ലസ് ടുവില്‍ നിന്ന് പാസാവാകാത്ത കുട്ടിത്തമാണ് ആനിയുടെ മുഖത്ത്.. കുസൃതികള്‍ കാണിച്ച് തമാശ പറഞ്ഞ്.. ഇടയ്ക്ക് ഈ ഉടുപ്പ് നന്നായോ ചേച്ചി എന്ന് ചോദിച്ച് ആനി സംസാരിച്ചുകൊണ്ടിരുന്നു... സംസാരം പ്രിയപ്പെട്ട ചോക്ലേറ്റുകളിലേക്കും വെസ്‌റ്റേണ്‍ മ്യൂസിക്കിലേക്കും ഒക്കെ കയറി ഇറങ്ങി. ആനിയുടെ ചിരിയില്‍ ചോദ്യങ്ങള്‍ പോലും പറന്നു പോയി... എന്തെങ്കിലും ഒക്കെ പറഞ്ഞോ കൊച്ചെ എന്നു പറഞ്ഞ് ആനിയെ ക്യാമറയ്ക്ക് വിട്ടുകൊടുത്തു..ക്യാമറ സ്റ്റാര്‍ട്ട് പറഞ്ഞതും.. ആനി ആന്റി ഡ്രഗ്ഗ് ആക്ടിവിസ്റ്റായി, ന്യൂറോ മൈന്റ് ടെയ്‌നറായി, പാരാനോര്‍മല്‍ റിസേര്‍ച്ചറായി.. ആനി ആളാകെ മാറി.. പതിനെട്ടുകാരിയില്‍ ഒരു ലഹരിവിരുദ്ധ പ്രവര്‍ത്തക പിറന്ന കഥ ആനി പറഞ്ഞു തുടങ്ങി..
തൃശ്ശൂരിലാണ് ആനിയുടെ വീട്. അച്ഛന്‍ റിബു ജോഷി മരിക്കുമ്പോള്‍ വെറും നാലു വയസേയുള്ളു ആനിക്ക്. പക്ഷേ താന്‍ അച്ഛനില്ലാത്ത കുട്ടിയായ ദിവസം അവള്‍ക്കിന്നും ഓര്‍മ്മയുണ്ട്. അച്ഛന്‍ മരിച്ചു കിടക്കുമ്പോഴും അവള്‍ കൂട്ടുകാരോടൊപ്പം കളിച്ചു നടന്നു.കാരണം നഷ്ടപ്പെട്ടുപോയതെന്താണെന്ന് തിരിച്ചറിയാനുള്ള പ്രായമായിരുന്നില്ലല്ലോ ആനിക്ക്.
അമ്മ റോബിയ്ക്കും ചേച്ചിയ്ക്കും ഒപ്പം ആനി വളര്‍ന്നു. ഇടയ്‌ക്കെപ്പോഴെ അവള്‍ അച്ഛന്റെ നഷ്ടം തിരിച്ചറിഞ്ഞു തുടങ്ങി. അവളുടെ കൂട്ടുകാര്‍ക്കെല്ലാം അച്ഛന്‍ ഉണ്ടായിരുന്നു. ജീവിതത്തിന്റെ ഓരോ നിമിഷവും അച്ഛനെ അസാന്നിധ്യം അനുഭവപ്പെട്ടു തുടങ്ങിയതോടെ ആനി അമ്മയോട് അച്ഛനെ കുറിച്ച് ചോദിച്ചു. അച്ഛന്‍ ജോഷി ഏറ്റവും നല്ലൊരു പിതാവായിരുന്നു എന്ന് അമ്മയില്‍ നിന്ന് ആനി മനസിലാക്കി. നാലുവയസുവരെ അവള്‍ രാജകുമാരിയെ പോലെയാണ് ജീവിച്ചതെന്നും അമ്മ പറഞ്ഞുകൊടുത്തു. ഒപ്പം അച്ഛനെ തങ്ങളില്‍ നിന്ന് പറിച്ചെടുത്ത് ലഹരിയാണെന്നും.. ലിവര്‍ സിറോസിസ്സ് മൂര്‍ച്ഛിച്ചാണ് ആനിയുടെ അച്ഛന്‍ മരിക്കുന്നത്.
കൂട്ടുകാരുടെ അച്ഛന്‍മാരും മദ്യപാനത്തിന് അടിമകളാണെന്ന് മനസിലാക്കിയ ആനി തന്റെ അവസ്ഥ ഇനിയൊരാള്‍ക്കും സംഭവിക്കരുതെന്ന് മനസിലുറപ്പിച്ചു. ഗൂഗിളില്‍ പരതിയും പുസ്തകങ്ങള്‍ വായിച്ചും അവള്‍ ലഹരി എന്തെന്ന് പതുക്കെ അറിഞ്ഞു തുടങ്ങി. സംശയങ്ങള്‍ തീരാതെ വന്നതോടെ തൃശ്ശൂരിലുള്ള ഡോക്ടര്‍മാരുടെ ക്ലിനിക്കുകള്‍ കയറി ഇറങ്ങി ആനി ലഹരിയെക്കുറിച്ച് ചോദിച്ചു പഠിച്ചു. മാധ്യമപ്രവര്‍ത്തക കൂടിയായ അമ്മ ആനിയ്ക്ക് ഉറച്ച പിന്തുണ നല്‍കി കൂടെ നിന്നു. പഠിച്ചതും അറിഞ്ഞതും തന്റെതായ വാക്കുകളില്‍ അവള്‍ പങ്കുവെച്ചു തുടങ്ങി
ലഹരിയ്‌ക്കെതിരെയുളള സോഷ്യല്‍ മീഡിയകള്‍ മുഖേനയുള്ള എഴുത്തുകളിലൂടെയാണ് ആനി ശ്രദ്ധിയ്ക്കപ്പെട്ടു തുടങ്ങുന്നത്. ആനിയുടെ ബ്ലോഗും, വ്‌ലോഗും വൈറലായി. തന്റെ വാക്കുകള്‍ ലോകം ശ്രദ്ധിക്കുന്നുണ്ടെന്ന് മനസിലാക്കിയതോടെ ആനി ലഹരിയ്‌ക്കെതിരെയുള്ള പഠനം സീരിയസാക്കി.. അങ്ങനെ പഠനം മനസിന്റെ ശക്തിയെക്കുറിച്ചും ചിന്താശേഷിയെക്കുറിച്ചുമൊക്കെയായി ന്യൂറോ സയന്‍സും തോട്ട് റീ പ്രോസസും,ക്വാണ്ടം സയസിലേക്കും ആനിയുടെ പഠനം കടന്നു ചെന്നു. ആനിയുടെ എഴുത്തുകളും ബ്ലോഗും ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയതോടെ സ്‌കൂളുകളും കോളേജുകളും ആനിയെ കുട്ടികളോട് സംസാരിക്കാനായി ക്ഷണിക്കാന്‍ തുടങ്ങി. അങ്ങനെയാണ് ആനി സൈബര്‍ ലോകത്ത് നിന്ന് നേരിട്ടിറങ്ങ് ടോക്ക് ഷോകളില്‍ സജീവമാകുന്നത്.
ലഹരിയ്‌ക്കെതിരെ ആനീസ് തിയറി..
ന്യൂറോ സയന്‍സ് ക്വാണ്ടം സയന്‍സ്, സ്പിരിച്വല്‍ ലോ, തോട്ട് റീ പ്രോസ്സസ് എന്നിവയുടെ സഹായത്തോടെ തലച്ചോറിലെ നെഗറ്റീവ് സ്വഭാവത്തിന് കാരണമായ ന്യൂറല്‍ വയറിങ്ങുകള്‍ മാറ്റി, പോസ്റ്റീവ് സ്വാഭാവം നല്‍കുന്ന ന്യൂറല്‍ വയറിങ്ങുകളാക്കി മാറ്റുന്നു. ന്യൂറോ പ്ലാസ്റ്റിസിറ്റിയെന്ന പ്രക്രിയയിലൂടെ ലഹരിയെന്നല്ല എന്ന് ദുശ്ശീലവും മാറ്റിയെടുക്കാമെന്ന് ആനി കണ്ടെത്തി. ഈ തിയറി കുട്ടികളില്‍ പരീക്ഷിച്ച് വിജയിച്ച ശേഷമാണ് കൂടുതല്‍ പേരിലേക്ക് എത്തിച്ചത്.ആനിയുടെ ആഗ്ലോ സക്‌സസ് ട്രെയിനിങ് ഫൗണ്ടേഷന്‍
അന്തര്‍ദേശീയ തലത്തില്‍ പോലും ശ്രദ്ധനേടിയ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കമ്പനിയെന്ന് ആനിയുടെ ആഗ്ലോ സക്‌സസ് ട്രെയിനിങ് ഫൗണ്ടേഷനെ വിശേഷിപ്പിക്കാം. പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെ കേന്ദ്ര ധന മന്ത്രാലയത്തില്‍ നിന്ന് കമ്പനീസ് ആന്‍ഡ് സെക്ഷന്‍ 8 പ്രകാരം ലൈസന്‍സ് നേടിയ കമ്പനി, ആദായ നികുതി വകുപ്പിന്റെ 12AA രജിസ്‌ട്രേഷനും സ്വന്തമാക്കി. ഇന്ന് ഈ കമ്പനി ഇന്ത്യയിലെ ഏറ്റവും പ്രമുഖ സന്നദ്ധസംഘടനകളില്‍ ഒന്നാണ്.ചെറുപ്രായത്തിലേ, ലഹരി ഉപയോഗിച്ച് തുടങ്ങുന്നതിന് മുമ്പ് വിദ്യാര്‍ഥികളില്‍ ലഹരിവിരുദ്ധ മനോഭാവം സൃഷ്ടിച്ച് ലഹരി വിമുക്തമായ ഒരു തലമുറയെ വാര്‍ത്തെടുക്കുകയാണ് ആഗ്ലോ ഫൗണ്ടേഷന്റെ ലക്ഷ്യം
- വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരിവിരുദ്ധ മനോഭാവം സൃഷ്ടിക്കുന്ന ട്രെയിനിങ്ങുകള്‍.
- വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് സ്റ്റുഡന്റ്‌സ് ഇന്നര്‍ പവര്‍ എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം.
- കുടുംബശാക്തീകരണം.
- വിദ്യാര്‍ഥികള്‍ക്കിടയില്‍ പഠനസഹായം.
- ചികിത്സാ സഹായം.
- ട്രൈബല്‍ എംപവര്‍മെന്റ്
- വിദ്യാര്‍ഥികള്‍ക്കിടയില്‍നിന്ന് മികവുറ്റവരെ കണ്ടെത്തി നല്‍കുന്ന ഗോള്‍ഡന്‍ സ്‌മൈല്‍ അവാര്‍ഡ്.
- വെറ്റ് ബാന്‍ഡ് ആന്റി ഡ്രഗ്ഗ് ക്ലബ്ബുകള്‍, എന്നിവയാണ് ആഗ്ലോ ഫൗണ്ടേഷന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍.
ലഹരിയ്‌ക്കെതിരെ സംസാരിക്കാത്ത ലഹരിവിമോചന ക്ലാസുകള്‍
അതെ, ആനിയുടെ ക്ലാസുകളുടെ പ്രത്യേകതയും ഇതാണ്. ലഹരിയുടെ ദോഷഫലങ്ങള്‍ പറഞ്ഞല്ല ആനി തന്റെ മുന്നിലിരിക്കുന്നവരോട് സംസാരിക്കുന്നത്. ഒരു വ്യക്തിയുടെ കഴിവ് എന്താണെന്നും എങ്ങനെ ജീവിത വിജയം കൈവരിക്കാമെന്നും നമ്മുടെ മനസിന്റെ ശക്തിയെന്താണെന്നുമൊക്കെ ആനിയെ കേട്ടുകഴിയുമ്പോള്‍ ഓരോ വ്യക്തിയ്ക്കും ബോധ്യപ്പെടും. അതിലൂടെ ലഹരിയല്ല ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമെന്ന് തിരിച്ചറിയാനാകും. ആനി പറയാതെ തന്നെ അവര്‍ ലഹരിയെ വെറുക്കും.പറച്ചിലല്ല, പ്രവൃത്തി കൂടിയാണ് ആനി
വെറുതെ ക്ലാസെടുത്ത് ഉപദേശിച്ച് ബൈ പറഞ്ഞ് വീട്ടില്‍ പോകുന്നതല്ല ആനിയുടെ രീതി. രണ്ടു മണിക്കൂര്‍ നീളുന്ന ഇന്‍ട്രോഡക്ടറി സെക്ഷന്‍ മാത്രമാണ് ആനി സംസാരിക്കുന്നത്. അതിനുശേഷം ആനിയുടെ ടീം അംഗങ്ങള്‍ നല്‍കുന്ന പരിശീലന പരിപാടികള്‍ കൂടിയുണ്ട്. ഡോക്ടര്‍മാരും ഗവേഷകരും ഒക്കെയടങ്ങുന്ന ആനിയുടെ ടീമിന്റെ പരിശീലനം കൂടി ലഭിക്കുന്നതോടെ ജീവിതം തന്നെ ലഹരിയായി മാറും..പതിനാലു വയസുമുതല്‍ ആരംഭിച്ച യാത്ര ഇന്ന് ഇന്ത്യയ്ക്ക് അകത്തും പുറത്തും നിരവധി വേദികള്‍ പിന്നിട്ടു. വെറും പതിനെട്ട് വയസിനുള്ളില്‍ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളും യുവജനങ്ങളുമാണ് ആനിയെ കേട്ട് ജീവിത വീക്ഷണങ്ങളെ തിരുത്തിക്കുറിച്ചത്.
ആനി എന്നും ചിരിക്കട്ടെ... ലോകത്തെ മുഴുവന്‍ ചിരിപ്പിക്കട്ടെ...ആനിയുടെ സ്വപ്‌നം പോലെ ഇനിയൊരാള്‍ക്കും ലഹരി മൂലം ജീവന്‍ നഷ്ടപ്പെടാതിരിട്ടെ...
Content Highlight: Anie ribu joshy 18 years old anti drug activist from kerala