മോൺസൻ മാവുങ്കൽ| Photo: facebook.com|DrMonsonMavunkal
കൊച്ചി: മോണ്‍സണ്‍ മാവുങ്കല്‍ സ്ത്രീകളെ 'വീഴ്ത്തി'യിരുന്നത് സൗന്ദര്യവര്‍ധക വസ്തുക്കള്‍ നല്‍കി. 'കോസ്മറ്റോളജിസ്റ്റ്' എന്നുപറഞ്ഞ് നടന്നിരുന്ന ഇയാള്‍, ചില സൗന്ദര്യവര്‍ധക വസ്തുക്കള്‍ ചികിത്സയുടെ ഭാഗമായി നല്‍കിയിരുന്നു. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത വിലകൂടിയ സൗന്ദര്യവര്‍ധക വസ്തുക്കളായിരുന്നു ഇവ.
അതിനാല്‍ത്തന്നെ പലര്‍ക്കും ഫലപ്രാപ്തിയും ലഭിച്ചിരുന്നു. ഈ വിവരം പരസ്പരം പറഞ്ഞ് കൂടുതല്‍പേര്‍ അറിഞ്ഞു. ഇത്തരത്തില്‍ നിരവധിപേര്‍ മോന്‍സന്റെ അടുക്കല്‍ എത്തിയിരുന്നു. ചില ഉന്നതരുടെ ഭാര്യമാരും സൗന്ദര്യചികിത്സ തേടി എത്തിയിരുന്നതായാണ് വിവരം.
സാരി ഉടുപ്പിക്കല്‍ വിദഗ്ധന്‍
വിദേശത്തുനിന്ന് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ വന്ന വനിതയെ മോണ്‍സണ്‍ 'വീഴ്ത്തി'യത് സാരിയുടുക്കാന്‍ പഠിപ്പിച്ചാണ്. ഇവരോട് പ്രധാന ചടങ്ങുകളില്‍ സാരി ധരിച്ച് വരാന്‍ നിര്‍ദേശിക്കുകയും സാരിയുടുക്കാന്‍ ഇയാള്‍ പഠിപ്പിക്കുകയും ചെയ്തു.
കുരുക്കു മുറുക്കി ക്രൈംബ്രാഞ്ച്
കൊച്ചി: മോന്‍സണ്‍ മാവുങ്കലിനെ കലൂരിലെ വീട്ടിലെത്തിച്ചു വീണ്ടും തെളിവെടുത്തു. ക്രൈംബ്രാഞ്ച് മേധാവി എ.ഡി.ജി.പി എസ്. ശ്രീജിത്ത് കൊച്ചിയിലെത്തി അന്വേഷണ പുരോഗതി വിലയിരുത്തി. പ്രതി വ്യാജഡോക്ടര്‍ ചമഞ്ഞ് ചികിത്സ നടത്തിയോ എന്ന് പരിശോധിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
പരാതിക്കാരിലൊരാളായ യാക്കൂബ് പുറായിലില്‍നിന്ന് നാലുകോടി രൂപ വാങ്ങിയതിന് മുദ്രപ്പത്രത്തില്‍ തയ്യാറാക്കിയ കരാര്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു. മോന്‍സണ്‍ വ്യാജരേഖ തയ്യാറാക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണമെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. എച്ച്.എസ്.ബി.സി. ബാങ്കിന്റെ സീല്‍ പതിച്ച വ്യാജരേഖയും പണം ഇന്ത്യന്‍ രൂപയാക്കിയതിന്റെ രേഖകളും പ്രതിയുടെ കൈയിലുണ്ടായിരുന്നു. ഇത് കാണിച്ചാണ് പരാതിക്കാരില്‍ നിന്ന് പണം തട്ടിയത്.
മോന്‍സണ്‍ തയ്യാറാക്കിയ രേഖകള്‍ വ്യാജമാണെന്ന് ബാങ്ക് അധികൃതര്‍ സ്ഥിരീകരിച്ചു. മോന്‍സണ്‍ ഉന്നതരെയടക്കം കബളിപ്പിച്ചെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.
'സംസ്‌കാര ടി.വി.' യുടെ പേരില്‍ തട്ടിപ്പ് നടത്തിയത് ഉള്‍പ്പെടെ നാലു കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
മോന്‍സണെ മോന്‍സന്റെ മുന്‍ ഡ്രൈവര്‍ അജി നെട്ടൂര്‍, പുരാവസ്തു വാങ്ങുന്നതില്‍ ഇടനിലക്കാരനായിരുന്ന സന്തോഷ്, പരാതിക്കാരായ അനൂപ് മുഹമ്മദ് ഉള്‍പ്പെടെയുള്ളവരെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി വ്യാഴാഴ്ച മൊഴിയെടുത്തു.
കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ എത്തിച്ചു മോന്‍സന്റെ ശബ്ദ സാമ്പിളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്.
പരാതിക്കാരായവര്‍ക്ക് നഷ്ടമായി എന്നു പറയുന്ന കോടികള്‍ ഏതു രീതിയില്‍ സമ്പാദിച്ചതാണെന്നുള്ള അന്വേഷണവും ക്രൈംബ്രാഞ്ച് തുടങ്ങി.
കേസില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടം ഉണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. മോന്‍സണു വേണ്ടി പോലീസ് ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് മോന്‍സന്റെ ഡ്രൈവറായിരുന്ന അജിത് നല്‍കിയ ഹര്‍ജിയില്‍ പോലീസ് മേധാവിയെ കക്ഷിചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. മോന്‍സണ് പോലീസിലെ ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്ന് അജിത്ത് പറയുന്നു. തന്റെ പേരിലടക്കം മോന്‍സണ്‍ ബാങ്കുകളില്‍ അക്കൗണ്ടുകള്‍ തുടങ്ങിയിരുന്നുവെന്നും അജിത്ത് അറിയിച്ചിട്ടുണ്ട്.
content highlights: monson mavunkal case, monson cosmetic products