കോഴിക്കോട്: പീഡനത്തിന് ഇരയായി സംസ്ഥാന സര്‍ക്കാറിന്റെ വിവിധ ആശ്രയ കേന്ദ്രങ്ങളില്‍ കഴിയുന്ന ബംഗ്‌ളാദേശി പെണ്‍കുട്ടികളുടെ മടക്കയാത്ര മുടങ്ങിയത് ഹൈക്കോടതിയുടെ പരിഗണനയില്‍. ഈ വിഷയത്തില്‍ കേരള പോലീസ് ഉള്‍പ്പെടെ 14 പേര്‍ക്ക് ഹൈക്കോടതി നോട്ടീസയച്ചു.
ബംഗ്‌ളാദേശ് ഹൈക്കമ്മിഷന്റെ യാത്രാ അനുമതിപത്രം ഉണ്ടായിട്ടും പെണ്‍കുട്ടികളെ അവരുടെ നാട്ടിലേക്ക് തിരിച്ചയക്കാതെ പിടിച്ചുനിര്‍ത്തുന്നതിനെതിരെ വനിത അഭിഭാഷകരുടെ സംഘടനയായ 'പുനര്‍ജനി' നല്‍കിയ ഹര്‍ജിയിലാണ് നടപടി. ഹൈക്കോടതി ജഡ്ജി മുഹമ്മദ് മുസ്താഖാണ് ഹര്‍ജി പരിഗണിച്ചത്. കേസ് വീണ്ടും പരിഗണിക്കുന്ന മെയ് 17-ന് മുമ്പായി വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസയച്ചത്.
കേന്ദ്ര ആഭ്യന്തരമന്ത്രാലയം, കേന്ദ്ര വിദേശകാര്യ മന്ത്രാലയം, സംസ്ഥാന സാമൂഹിക നീതി വകുപ്പ്, കോഴിക്കോട്ടെ എഫ്.ആര്‍.ആര്‍.ഒ, ബംഗ്‌ളാദേശ് ഹൈക്കമ്മിഷന്‍, മലപ്പുറം പോലീസ് സൂപ്രണ്ട്, കോഴിക്കോട് പോലീസ് കമ്മിഷണര്‍, വെള്ളിമാട്കുന്ന് ഗവ.മഹിള മന്ദിരം സൂപ്രണ്ട്, മലപ്പുറത്തെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, മലപ്പുറം ഗവ.പബ്‌ളിക് പ്രോസിക്യൂട്ടര്‍, പീഡനത്തിന് ഇരയായി മഹിള മന്ദിരത്തില്‍ കഴിയുന്ന മൂന്ന് പെണ്‍കുട്ടികള്‍, 'ആം ഓഫ് ജോയ്' എന്ന ജീവകാരുണ്യ ട്രസ്റ്റ് എന്നിവയ്ക്കാണ് നോട്ടീസയച്ചിരിക്കുന്നത്. അഡ്വ.ബി. പ്രേംനാഥ് മുഖേന പുനര്‍ജനി ട്രസ്റ്റി അഡ്വ.പി.പി. സപ്‌നയാണ് ഹര്‍ജി നല്‍കിയത്.
ബംഗ്‌ളാദേശി പെണ്‍കുട്ടികളെ മനുഷ്യക്കടത്തായി കൊണ്ടുവന്ന് ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതികളെ മുഴുവന്‍ മലപ്പുറം പോലീസ് എട്ടുവര്‍ഷമായിട്ടും പിടികൂടിയിട്ടില്ല. ഒളിവില്‍ കഴിയുന്ന പ്രതികളെ പിടികൂടിയാല്‍ ഇവരെ തിരിച്ചറിയുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്ക് ഇരകളായ പെണ്‍കുട്ടികളുടെ സാന്നിധ്യം ആവശ്യമാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ഈ കാരണത്താല്‍ പെണ്‍കുട്ടികളെ തിരിച്ചയയ്ക്കാന്‍ സാധിക്കില്ലെന്ന് മലപ്പുറം സൂപ്രണ്ട് എഫ്.ആര്‍.ആര്‍.ഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ മൂന്ന് പേര്‍ ഉള്‍പ്പെടെ നാല് ബംഗ്‌ളാദേശി പെണ്‍കുട്ടികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ബംഗ്‌ളാദേശ് ഹൈക്കമ്മിഷന്‍ അനുവദിച്ച യാത്രപെര്‍മിറ്റിന്റെ കാലാവധി ഏപ്രില്‍ 24-ന് അവസാനിച്ചു.
Share this Article
Related Topics