ഇറ്റലിക്കാരി അനിതയിലേക്ക്‌ അന്വേഷണം നീണ്ടാല്‍ കുരുക്കിലാകുക പോലീസിലെ ഉന്നതന്‍


മോൻസൺ മാവുങ്കൽ, അനിത പുല്ലയിൽ |ഫോട്ടോ: facebook.com|anitha.pullayil

കൊച്ചി: മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പ് കേസില്‍ അന്വേഷണം ഇറ്റാലിയന്‍ പൗരത്വമുള്ള മലയാളിയായ അനിത പുല്ലയിലിലേക്ക് നീണ്ടാല്‍ കുരുക്കിലാകുക പോലീസിലെ ഉന്നതരായിരിക്കും. പോലീസ് മേധാവിയായി വിരമിച്ച ലോക്‌നാഥ് ബെഹ്‌റയുമായും നിലവില്‍ പോലീസ് തലപ്പത്തെ സ്വാധീനമുള്ള ഉദ്യോഗസ്ഥരുമായും ഇവര്‍ക്ക് വലിയ അടുപ്പമാണുള്ളത്. ഏറ്റവും മുതിര്‍ന്ന പോലീസ് ഓഫീസര്‍മാരുമായി ഇവര്‍ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പലവട്ടം കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുണ്ട്. പരമപ്രധാന പോലീസ് ഓഫീസുകളിലും എത്തിയിട്ടുണ്ട്.

അനിതയുടെ ശക്തമായ ഇടപെടലാണ് മോന്‍സന്റെ തട്ടിപ്പുകള്‍ പുറത്തുവരാന്‍ കാരണമായതെന്നുള്ള വാദങ്ങളുമുണ്ട്. മാധ്യമങ്ങളില്‍ അനിത നേരിട്ടു വന്ന് തട്ടിപ്പിനെതിരേ തുറന്നു സംസാരിക്കുന്നുമുണ്ട്.

പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് അന്വേഷണം നടത്തിയാല്‍ പോലീസ് ഉന്നതര്‍ക്ക് മേലുള്ള കുരുക്ക് മുറുകും. അതുകൊണ്ടുതന്നെ അന്വേഷണം അനിതയിലേക്ക് എത്താതെ പിടിച്ചുനിര്‍ത്താനുള്ള സമ്മര്‍ദവും ക്രൈംബ്രാഞ്ചിനുമേലുണ്ട്.

അനിത 'ലോക കേരള സഭ'യില്‍ പ്രതിനിധിയായി എത്തിയതിനെക്കുറിച്ചും പ്രവാസി ഗ്രൂപ്പുകളില്‍ വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പ്രതിനിധിയാകാന്‍ വേണ്ട മാനദണ്ഡമാണ് പ്രവാസി ഗ്രൂപ്പുകളില്‍ ചര്‍ച്ചയാകുന്നത്. ഇത് അന്വേഷിക്കണമെന്ന് വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ പ്രത്യേക ക്ഷണിതാക്കളും ആവശ്യപ്പെടുന്നുണ്ട്.

അനിതയെ പ്രതിനിധിയാക്കാന്‍ പോലീസ് തലപ്പത്തെ ചിലരുടെ സ്വാധീനമുണ്ടായിരുന്നുവെന്നാണ് ആരോപണം. സര്‍ക്കാരിന്റെയും പോലീസിന്റെയും മറ്റു പല പരിപാടികളിലും ഇവര്‍ പ്രതിനിധിയായി എത്തിയിട്ടുണ്ട്. ഇതിലേക്ക് ആര് ക്ഷണിച്ചു, എന്തായിരുന്നു പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള മാനദണ്ഡം എന്നെല്ലാം പരിശോധിക്കേണ്ടതായും വരും.

കേരള പോലീസിനാകെയും പ്രവാസികള്‍ക്കും നാണക്കേട് ഉണ്ടാക്കുന്ന തരത്തില്‍ മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പുകേസ് മാറിക്കഴിഞ്ഞെന്നും അതിനാല്‍, അനിതിയെ പ്രതിനിധി സ്ഥാനത്തുനിന്ന് മാറ്റണമെന്നുമാണ് ഒരുവിഭാഗം പ്രവാസികളുെട ആവശ്യം. നിലവില്‍ ലോക കേരള സഭയില്‍ പ്രത്യേക ക്ഷണാക്കളായവര്‍ ഇതിനായുള്ള ചരടുവലികള്‍ നടത്തുന്നുണ്ട്. ഇതു കാണിച്ച് പരാതി നല്‍കാനാണ് നിലവിലെ തീരുമാനം.

പ്രവാസി മലയാളി ഫെഡറേഷനിലേക്ക് ഇവരുടെ വരവ്, വിദേശത്തെ ജോലി തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും പ്രവാസികള്‍ക്കിടയില്‍ വലിയ സംവാദങ്ങളും ആരോപണ-പ്രത്യാരോപണങ്ങളും ശക്തമാണ്.

ഡ്രൈവറുടെ ഹര്‍ജിയില്‍ ഡി.ജി.പി.യെ കക്ഷിയാക്കാന്‍ നിര്‍ദേശം

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന് വേണ്ടി എറണാകുളം ടൗണ്‍ നോര്‍ത്ത് സ്റ്റേഷന്‍ ഹൗസ് ഓഫീസറും ചേര്‍ത്തല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് മോന്‍സന്റെ ഡ്രൈവര്‍ ഇ.വി. അജിത്ത് നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന പോലീസ് മേധാവിയെ കക്ഷിചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഹര്‍ജിക്കാര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് ഇപ്പോള്‍ പുതിയ നിറം ലഭിച്ചിരിക്കുയാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഈ ആരോപണങ്ങളില്‍ വിശദമായ അന്വേഷണം ആവശ്യമാണ്. ഹര്‍ജി ഒക്ടോബര്‍ അഞ്ചിന് വീണ്ടും പരിഗണിക്കും. ഹര്‍ജിക്കാരന് മതിയായ സുരക്ഷ ഉറപ്പുവരുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

മോന്‍സണെതിരായ കേസില്‍ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ഓഗസ്റ്റ് ഏഴിന് തന്നെ വിളിപ്പിക്കുകയും മൊഴി എടുക്കുകയും ചെയ്തിരുന്നു. പത്തനംതിട്ടയിലെ 'ശ്രീവത്സം' ഗ്രൂപ്പ് ഉടമ രാജേന്ദ്രന്‍ പിള്ള മോന്‍സണെതിരേ നല്‍കിയ പരാതിയിലായിരുന്നു അന്വേഷണം എന്നാണ് മനസ്സിലാകുന്നത്. മൊഴി നല്‍കിയതിന് പിന്നാലെ മോന്‍സന്റെ ആളുകള്‍, തന്നെ ക്രിമിനല്‍ കേസില്‍ പ്രതിയാക്കി ജയിലാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. മോന്‍സണ് പോലീസിലെ ഉന്നതരുമായി അടുത്ത ബന്ധം ഉണ്ട്. താന്‍ അന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞ കാര്യങ്ങള്‍ മോന്‍സണ്‍ അറിഞ്ഞിരുന്നെന്നു വേണം കരുതാന്‍. ചേര്‍ത്തല പോലീസ് ഇന്‍സ്‌പെക്ടര്‍ക്കും എറണാകുളം നോര്‍ത്ത് പോലീസ് ഇന്‍സ്‌പെക്ടര്‍ക്കും മോന്‍സണുമായി അടുത്ത ബന്ധം ഉണ്ട്.

ഒരേ ദിവസം രണ്ട് സ്റ്റേഷനുകളില്‍ ഹാജരാകണമെന്ന് ഭീഷണി

മോന്‍സണ്‍ തനിക്കെതിരേ നല്‍കിയ പരാതിയില്‍ സെപ്റ്റംബര്‍ 10-ന് ഹാജരാകണമെന്നാവശ്യപ്പെട്ട് ചേര്‍ത്തല പോലീസ് സ്റ്റേഷനില്‍ നിന്നും എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ നിന്നും സെപ്റ്റംബര്‍ ഒന്‍പതിന് ഫോണില്‍ അറിയിച്ചു. ചേര്‍ത്തലയിലെ ഇന്‍സ്‌പെക്ടര്‍, പോലീസുകാരന്റെ ഫോണിലൂടെതന്നെ നേരിട്ട് ബന്ധപ്പെട്ട് ആ ദിവസം സ്റ്റേഷനില്‍ ഹാജരാകണമെന്നും നിര്‍ദേശിച്ചു. ഇല്ലെങ്കില്‍ പാഠം പഠിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. നോര്‍ത്ത് സ്റ്റേഷനില്‍ നിന്നും ഇതേ ഭീഷണിയാണ് ഉണ്ടായത്.

ഇതിനെതിരേ എറണാകുളം പോലീസ് കമ്മിഷണര്‍ക്കും ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ല. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നു.

ഇറക്കുമതി കാറുകളുടെ അറ്റകുറ്റപ്പണി നടത്തുന്ന വര്‍ക്ഷോപ്പില്‍ ജോലി ചെയ്യുമ്പോഴാണ് മോന്‍സണുമായി പരിചയപ്പെടുന്നത്. ഡോക്ടറാണെന്നാണ് പറഞ്ഞത്. 2009-ല്‍ ഡ്രൈവറും മെക്കാനിക്കുമായി മോന്‍സണൊപ്പം കൂടി.

മോന്‍സണ്‍ ഡോക്ടര്‍ അല്ലെന്നും പഴയ കാറുകള്‍ വാങ്ങി അറ്റകുറ്റപ്പണി നടത്തി 'പുതിയ മോഡല്‍' എന്ന പേരില്‍ അവതരിപ്പിക്കുകയാണെന്നും പിന്നീട് മനസ്സിലായി. ഈ വര്‍ഷം ജനുവരിവരെ മോന്‍സണൊപ്പം ഉണ്ടായിരുന്നു. അന്ന് മോന്‍സണ് 13 ഇറക്കുമതി കാറുകളുണ്ടായിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. താന്‍ അടക്കമുള്ളവരുടെ പേരില്‍ മോന്‍സണ്‍ ബാങ്കുകളില്‍ അക്കൗണ്ടുകള്‍ തുടങ്ങിയിരുന്നു. മോന്‍സന്റെ മേല്‍വിലാസവും ഫോണ്‍ നമ്പരുമാണ് ബാങ്കുകളില്‍ നല്‍കിയിരുന്നത്. അതിനാല്‍, ഈ അക്കൗണ്ടിലൂടെ നടത്തിയ ഇടപാടുകളെക്കുറിച്ച് അറിയില്ലെന്നും ഹര്‍ജിയിലുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram