മീനുവും അരുണും | Photo: Special Arrangement,Mathrubhumi
മലപ്പുറം: ഇനി ആർക്കും തങ്ങളുടെ അവസ്ഥ ഉണ്ടാകരുതെന്നായിരുന്നു വള്ളിക്കുന്ന് സ്വദേശി അരുണിന്റെയും ഭാര്യ മീനുവിന്റെയും ആഗ്രഹം. ആരോഗ്യപ്രവർത്തകരുടെ അനാസ്ഥ കാരണം മഞ്ചേരി മെഡിക്കൽ കോളേജിൽവെച്ച് ഇരട്ട ഗർഭസ്ഥ ശിശുക്കൾ മരിച്ചപ്പോൾ അത്രയേറേ വേദന സഹിച്ചവരാണ് ഇരുവരും. കഴിഞ്ഞദിവസം മറ്റൊരു ദമ്പതിമാർക്കും തങ്ങളെപ്പോലെ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടെന്ന വാർത്തയറിഞ്ഞതോടെ അരുണും മീനുവും അത്രയേറെ വിഷമത്തിലാണ്. മൂന്ന് മാസം മുമ്പുണ്ടായ ദുരനുഭവങ്ങൾ മറക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു പുതിയ സംഭവങ്ങൾ.
ജൂൺ ഒമ്പതാം തീയതിയാണ് അഞ്ച് മാസം ഗർഭിണിയായിരുന്ന മീനുവിന്റെ ഗർഭസ്ഥശിശുക്കൾ മഞ്ചേരി മെഡിക്കൽ കോളേജിൽ മരിച്ചത്. കോവിഡ് പോസിറ്റീവായി മെഡിക്കൽ കോളേജിൽ പ്രവേശിക്കപ്പെട്ട മീനുവിന് ആ ദിവസങ്ങൾ ഓർത്തെടുക്കുമ്പോൾ തന്നെ വിങ്ങലാണ്.
മെയ് 20-ന് യു.എ.ഇയിൽ നിന്നെത്തി വീട്ടിൽ ക്വാറന്റീനിൽ കഴിയുകയായിരുന്നു അരുണും അഞ്ച് മാസം ഗർഭിണിയായ മീനുവും. ഇരട്ടക്കുട്ടികളായതിനാൽ നാട്ടിലെത്തിയാൽ പൂർണവിശ്രമം വേണമെന്ന് യു.എ.ഇ. യിലെ ഡോക്ടർമാർ മീനുവിന് നിർദേശം നൽകിയിരുന്നു. എന്നാൽ എല്ലാം തകിടം മറിക്കുന്നതായിരുന്നു മഞ്ചേരി മെഡിക്കൽ കോളേജിലെ ആരോഗ്യപ്രവർത്തകരുടെ ഇടപെടൽ.
14 ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കുന്ന ദിവസമാണ് ഇരുവർക്കും മഞ്ചേരി മെഡിക്കൽ കോളേജിൽനിന്ന് ഫോൺ വിളിയെത്തുന്നത്. ലക്ഷണങ്ങളുണ്ടായിരുന്നില്ലെങ്കിലും നിർബന്ധമായും കോവിഡ് പരിശോധനയ്ക്ക് മെഡിക്കൽ കോളേജിൽ എത്താനായിരുന്നു നിർദേശം. സ്വന്തം കാറിൽ വരാൻ പറ്റില്ലെന്നും പിറ്റേദിവസം ആംബുലൻസ് അയക്കുമെന്നും അറിയിച്ചു. എന്നാൽ ജൂൺ മൂന്നാം തീയതി രാവിലെ ഒന്വത് മണിക്ക് എത്തുമെന്ന് അറിയിച്ച ആംബുലൻസ് വന്നത് വൈകീട്ട് 3.30ന്. മാത്രമല്ല, അഞ്ച് മാസം ഗർഭിണിയായ മീനുവായി അതിവേഗത്തിലായിരുന്നു ആംബുലൻസിന്റെ യാത്ര. ഇതിന്റെ ഫലമായി വൈകീട്ട് അഞ്ചരയോടെ മെഡിക്കൽ കോളേജിലെത്തിയ മീനുവിന് സഹിക്കാൻ കഴിയാത്ത വേദന അനുഭവപ്പെട്ടു. ഇക്കാര്യം നഴ്സുമാരെ അറിയിച്ചിട്ടും ആരും ചെവികൊണ്ടില്ല.
ആദ്യം കോവിഡ് പരിശോധന നടത്താനായിരുന്നു നിർദേശം. തുടർന്ന് ഒന്നാം നിലയിൽ സാമ്പിൾ എടുക്കുന്ന സ്ഥലത്തേക്ക് നടത്തിക്കൊണ്ടുപോയി. ഒരു വീൽചെയറോ സ്ട്രച്ചറോ ലഭ്യമാക്കിയില്ല. സാമൂഹിക അകലം പാലിക്കാതെയായിരുന്നു സാമ്പിൾ ശേഖരണം. ഇതിനിടെ വേദന കൂടിയതോടെ ഭർത്താവ് അരുൺ നഴ്സിങ് സ്റ്റേഷനിലെത്തി പരാതി അറിയിച്ചു. ആരും തിരിഞ്ഞുനോക്കിയില്ല. ഒടുവിൽ വേദന സഹിച്ച് മീനു തന്നെ നടന്നെത്തി പരാതി പറഞ്ഞപ്പോഴാണ് നഴ്സുമാർ ശ്രദ്ധിക്കാൻ തയ്യാറായത്. രാത്രി 12 മണി വരെ അവിടെ ഇരുത്തിയ ശേഷമാണ് സാമ്പിൾ ശേഖരിച്ചത്. ഗർഭിണിയാണെന്നും വേദനയുണ്ടെന്നും പറഞ്ഞപ്പോൾ ഗൈനക്കോളജി ഡോക്ടറെ കാണാനും സ്കാൻ ചെയ്യാനും നിർദേശിച്ചു. എന്നാൽ പുലർച്ചെ രണ്ടര വരെ കാത്തിരുന്നിട്ടും സ്കാൻ ചെയ്യാതെ എട്ടാം തീയതി വന്നാൽ മതിയെന്ന് പറഞ്ഞ് മീനുവിനെ ഡോക്ടർമാർ പറഞ്ഞുവിടുകയായിരുന്നു.
നാലാം തീയതി അതിരാവിലെയാണ് മീനുവും ഭർത്താവും വീട്ടിലെത്തിയത്. മെഡിക്കൽ കോളേജിലെ ദുരനുഭവം ചൂണ്ടിക്കാണിച്ച് ജില്ലാ മെഡിക്കൽ ഓഫീസർക്കടക്കം അന്ന് പരാതിയും നൽകി. ജൂൺ അഞ്ചിന് ചെറിയ ബ്ലഡ് സ്പോട്ട് കണ്ടതിനാൽ പ്രദേശത്തെ ആരോഗ്യപ്രവർത്തകയുടെ അനുമതിയോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി തിരിച്ചെത്തി. പിന്നീട് എട്ടാം തീയതി സ്കാനിങ്ങിന് പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് കോവിഡ് പരിശോധന ഫലം പോസിറ്റീവാണെന്ന് മെഡിക്കൽ കോളേജിലെ ഡോക്ടർ വിളിച്ചറിയിച്ചത്. പത്ത് ദിവസത്തേക്കുള്ള വസ്ത്രങ്ങളുമായി ഉടൻ ആശുപത്രിയിൽ എത്താനായിരുന്നു നിർദേശം. സ്വന്തം കാറിൽ പോകാനും അന്ന് സമ്മതം നൽകി.
ഗർഭിണിയായതിനാൽ ഭർത്താവ് അരുണും മീനുവിനൊപ്പം മഞ്ചേരിയിലെ ഐസോലേഷൻ വാർഡിലുണ്ടായിരുന്നു. എട്ടാം തീയതി രാത്രിയോടെ മീനുവിന് കലശലായ വേദനയുണ്ടായി. അരുൺ നഴ്സുമാരെ വിവരമറിയിച്ചു. തുടർന്ന് ഡോക്ടർ ഫോണിലൂടെ വിവരമന്വേഷിക്കുകയും പെയിൻ കില്ലർ മാത്രം നൽകാൻ നിർദേശിക്കുകയും ചെയ്തു. എന്നാൽ പിറ്റേദിവസവും വേദന സഹിക്കാൻ വയ്യാതായതോടെ മീനു ഉറക്കെ ബഹളംവെച്ചു. ഇതോടെയാണ് നഴ്സുമാർ ലേബർ റൂമിലേക്ക് കൊണ്ടുപോകാനും സ്കാൻ ചെയ്യാനും തീരുമാനിച്ചത്. പക്ഷേ, അവിടെ എത്തിച്ചപ്പോഴേക്കും ഗർഭസ്ഥ ശിശുക്കൾ മരിച്ചിരുന്നു.
ലേബർ റൂമിൽ വളരെ മോശമായാണ് ജീവനക്കാർ പെരുമാറിയതെന്ന് മീനു മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. എടീ, പോടീ, മാറികിടക്കടീ എന്നിങ്ങനെയായിരുന്നു അവരുടെ ആക്രോശം. വളരെ മോശമായ വാക്കുകളും അവർ ഉപയോഗിച്ചിരുന്നു. കുഞ്ഞുങ്ങൾ മരിച്ചശേഷം അവരെ എങ്ങനെ സംസ്കരിക്കുമെന്നത് വരെ അവർ എന്റെ കൺമുന്നിൽവെച്ചാണ് ചർച്ച ചെയ്തത്. രണ്ട് മക്കളെ ഗർഭാവസ്ഥയിൽതന്നെ നഷ്ടപ്പെട്ട ഒരു സ്ത്രീയാണെന്ന പരിഗണന പോലും നൽകിയില്ല. കുഞ്ഞുങ്ങളുടെ മൃതദേഹം ന്യൂസ് പേപ്പറിൽ പൊതിയണോ വേണ്ടയോ എന്നൊക്കെയായിരുന്നു അവരുടെ ചർച്ച- മീനു പറഞ്ഞു.
ഇതിനെല്ലാം ശേഷം ആശുപത്രി വിട്ട് വീട്ടിലെത്തിയപ്പോഴാണ് കോവിഡ് പരിശോധനയെക്കുറിച്ചും ദമ്പതിമാർക്ക് സംശയമുണ്ടായത്. രണ്ടാമത്തെ പരിശോധന ഫലവും പോസിറ്റീവാണെന്നായിരുന്നു ആശുപത്രിയിൽനിന്ന് ആദ്യമറിയിച്ചത്. എന്നാൽ ഡിസ്ചാർജ് ഷീറ്റിൽ രണ്ടാമത്തെ ഫലം നെഗറ്റീവ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. നേരത്തെ പരാതി നൽകിയതിൽ മനഃപൂർവ്വം ഫലം തിരുത്തിയെന്നാണ് സംശയം. ഇതെല്ലാം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ആരോഗ്യവകുപ്പ് സെക്രട്ടറിക്കും പരാതി അയച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്നും ദമ്പതിമാർ പറയുന്നു.
പോലീസിനും ജില്ലാ കളക്ടർക്കും മെഡിക്കൽ കോളേജ് അധികൃതർക്കും ഇതോടൊപ്പം പരാതി നൽകിയിരുന്നു. മെഡിക്കൽ കോളേജിൽനിന്ന് ഒരു തവണ മാത്രം വിളിച്ച് കാര്യങ്ങൾ തിരക്കി. പോലീസും ഒരു തവണ വിവരങ്ങൾ ശേഖരിച്ചു. പക്ഷേ, തുടർനടപടികളൊന്നും ഉണ്ടായില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും സംഭവത്തിൽ ഇടപെട്ടിരുന്നു. പരാതി മുഖ്യമന്ത്രിക്ക് നൽകാമെന്ന് അവരും അറിയിച്ചു. എന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്നും മീനുവും അരുണും പറഞ്ഞു. കഴിഞ്ഞദിവസം ആരോഗ്യപ്രവർത്തകരുടെ അനാസ്ഥ കാരണം മറ്റൊരു ദമ്പതികള്‍ക്ക് കൂടി കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടതോടെ നിയമപോരാട്ടം തുടരാൻ തന്നെയാണ് ഇവരുടെ തീരുമാനം. നിലവിൽ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്ത് നിയമനടപടികളുമായി മുന്നോട്ടുപോവുകയാണെന്നും ദമ്പതികള്‍ പറഞ്ഞു.
Content Highlights:young couple describes about their experience in manjeri medical college