ഡിഎന്‍എയും ഡമ്മിയും തുണച്ചു; ആ കൊടുംകുറ്റവാളി കാമുകനല്ല, ട്വിസ്റ്റിനൊടുവില്‍ യഥാര്‍ഥ പ്രതി പിടിയില്‍


സ്വന്തം ലേഖകന്‍

പിടിയിലായ നസീർ

പത്തനംതിട്ടയില്‍ രണ്ട് വര്‍ഷം മുമ്പ് യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത് ക്രൈംബ്രാഞ്ചിന്റെ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ. നഴ്‌സായ യുവതിയെ 2019-ല്‍ കാമുകന്റെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ കേസാണ് അതിക്രൂരമായ കൊലപാതകമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. യുവതിയെ ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കി കൊന്നതിന് തടിക്കച്ചവടക്കാരനായ നസീറിനെ കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് പിടികൂടുകയും ചെയ്തു.

യുവതിയുടെ മരണം ആത്മഹത്യയാണെന്ന് തുടക്കത്തില്‍ സംശയിച്ചിരുന്നെങ്കിലും കാമുകനെതിരേ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ ഇയാളെ പ്രതിസ്ഥാനത്ത് നിര്‍ത്തിയായിരുന്നു ലോക്കല്‍ പോലീസിന്റെ അന്വേഷണം. പോലീസ് കാമുകനെ കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചെന്നും പരാതി ഉയര്‍ന്നു. എന്നാല്‍ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ സിനിമാക്കഥയെ പോലും വെല്ലുന്ന ട്വിസ്റ്റുകളാണ് കേസില്‍ സംഭവിച്ചത്. സംഭവദിവസം വീട്ടിലെത്തിയ തടിക്കച്ചവടക്കാരനാണ് യുവതിയെ ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കി കൊന്നതെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. കോട്ടാങ്ങല്‍ പുളിമൂട്ടില്‍ വീട്ടില്‍ നെയ്‌മോന്‍ എന്ന നസീറിനെ(39) ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്യുകയും ചെയ്തു.

അന്ന് സംഭവിച്ചത്....

2019 ഡിസംബര്‍ 15-നാണ് പത്തനംതിട്ട കോട്ടാങ്ങല്‍ പുല്ലാനിപ്പാറയിലെ കാമുകന്റെ വീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തെ വിവാഹിതരായ രണ്ട് പേരും ആ ബന്ധം ഉപേക്ഷിച്ചാണ്‌ ഒരുമിച്ച് താമസം തുടങ്ങിയത്‌. യുവതി ഒരുദിവസം കാമുകന്റെ വീട്ടിലെത്തി അവിടെ താമസം ആരംഭിക്കുകയായിരുന്നു. ഒരുമിച്ച് താമസം തുടങ്ങി ആറ് മാസം പിന്നിടുമ്പോഴാണ് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

കാമുകനും അയാളുടെ പിതാവും ചേര്‍ന്ന് കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്നായിരുന്നു യുവതിയുടെ പിതാവിന്റെ ആരോപണം. മകള്‍ കാമുകനൊപ്പം താമസിക്കുന്നതില്‍ പിതാവിന് തുടക്കംമുതലേ എതിര്‍പ്പുണ്ടായിരുന്നു. ആറ് മാസത്തിന് ശേഷം മകളെ മരിച്ചനിലയില്‍ കണ്ടതോടെ കാമുകന്‍ കൊലപ്പെടുത്തിയതാണെന്നും പിതാവ് വിശ്വസിച്ചു. ഇത് സംബന്ധിച്ച് പോലീസിലും പരാതി നല്‍കി.

യുവതിയുടെ പിതാവിന്റെ പരാതിയില്‍ ലോക്കല്‍ പോലീസ് കാമുകനെ ചോദ്യംചെയ്തു. പെരുമ്പെട്ടി എസ്.ഐ ആയിരുന്ന ഷെരീഫ്കുമാറിനായിരുന്നു അന്വേഷണച്ചുമതല. കാമുകനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയ എസ്.ഐ. ക്രൂരമായി മര്‍ദിച്ചെന്നും ആരോപണമുയര്‍ന്നു. കസ്റ്റഡി മര്‍ദനത്തില്‍ നിലവില്‍ എസ്.ഐ.ക്കെതിരേ അന്വേഷണം നടക്കുകയാണ്.

മാസങ്ങള്‍ പിന്നിട്ടു, കേസ് ക്രൈംബ്രാഞ്ചിന്...

കാമുകനെ ചോദ്യംചെയ്‌തെങ്കിലും കൊലപാതകമാണെന്ന് കണ്ടെത്താന്‍ ലോക്കല്‍ പോലീസിന് തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. അന്വേഷണം മന്ദഗതിയിലാവുകയും ചെയ്തു. ഇതോടെയാണ് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് വിടുന്നത്. പലഘട്ടങ്ങളിലായി ക്രൈംബ്രാഞ്ച് കേസില്‍ അന്വേഷണം നടത്തി. ശാസ്ത്രീയമായരീതിയിലും അന്വേഷണം മുന്നേറി. കഴിഞ്ഞ ഫെബ്രുവരിയില്‍ ആര്‍. പ്രതാപന്‍നായര്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയായി പത്തനംതിട്ടയില്‍ എത്തിയതോടെ ഈ അന്വേഷണത്തിലും പുരോഗതിയുണ്ടായി. കേസ് പഠിച്ച ഡിവൈ.എസ്.പി. വിശദമായ അന്വേഷണം നടത്താന്‍ തീരുമാനിച്ചു.

ആദ്യം ക്രൈംസീനില്‍, അടച്ചിട്ടമുറിയില്‍ എല്ലാം അതുപോലെ...

യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ വീട്ടിലെ മുറി പരിശോധിക്കാനായിരുന്നു ക്രൈംബ്രാഞ്ച് സംഘത്തിന്റെ ആദ്യ തീരുമാനം. 38 സെന്റിമീറ്റര്‍ ഉയരമുള്ള ഒരു ബക്കറ്റില്‍നിന്ന് ഹുക്കില്‍ തുണി കുരുക്കി യുവതി തൂങ്ങിമരിച്ചെന്നായിരുന്നു ആദ്യത്തെ പോലീസ് റിപ്പോര്‍ട്ട്. സംഭവം തൂങ്ങിമരണമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു. ഇതോടെ 38 സെന്റിമീറ്റര്‍ നീളമുള്ള ബക്കറ്റുമായാണ് ക്രൈംബ്രാഞ്ച് സംഘം യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ വീട്ടിലേക്ക് പോയത്. 153 സെന്റിമീറ്ററായിരുന്നു മരിച്ച യുവതിയുടെ ഉയരം. ഭാരം 53 കിലോയും. ഇതേ ഉയരവും ഭാരവുമുള്ള പോലീസ് ട്രെയിനിയായ യുവതിയെയും ക്രൈംബ്രാഞ്ച് സംഘം സംഭവസ്ഥലത്തേക്ക് കൊണ്ടുപോയി.

യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ മുറി രണ്ടുവര്‍ഷമായി അടച്ചിട്ടനിലയിലായിരുന്നു. യുവതിയുടെ മരണശേഷം കാമുകന്റെ വീട്ടുകാര്‍ ആ മുറി തുറക്കുകയോ ഉപയോഗിക്കുകയോ ചെയ്തിരുന്നില്ല. അന്നുണ്ടായിരുന്ന ബക്കറ്റും മറ്റ് തുണികളുമെല്ലാം അതുപോലെ ആ മുറിയിലുണ്ടായിരുന്നു. ഇവിടെയെത്തിയ ക്രൈംബ്രാഞ്ച് സംഘം, കൂടെയുണ്ടായിരുന്ന ട്രെയിനിയെ ഉപയോഗിച്ചുള്ള ഡമ്മി പരീക്ഷണമാണ് ആദ്യം നടത്തിയത്.

മരിച്ച യുവതിയുടെ അതേ ഉയരവും ഭാരവുമുള്ള ട്രെയിനിയെ ആദ്യം ബക്കറ്റില്‍നിര്‍ത്തി. തുടര്‍ന്ന് മുകളിലുള്ള ഹുക്കില്‍ മുണ്ട് കുരുക്കാനായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്റെ നിര്‍ദേശം. എന്നാല്‍ എങ്ങനെ ശ്രമിച്ചിട്ടും ട്രെയിനിക്ക് ഹുക്കിലേക്ക് കൈയെത്തിയില്ല. മുണ്ട് കുരുക്കാനും കഴിഞ്ഞില്ല. അതായിരുന്നു ആദ്യസംശയം.

തുടര്‍ന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയസമയത്ത് പകര്‍ത്തിയ ചിത്രങ്ങള്‍ പരിശോധിച്ചു. ഹുക്കില്‍ മുണ്ട് കുരുക്കിയ രീതി അപ്പോഴാണ് അന്വേഷണസംഘത്തിന്റെ കണ്ണിലുടക്കിയത്. സാധാരണ ആത്മഹത്യ ചെയ്യാറുള്ള രീതിയിലായിരുന്നില്ല ആ കുരുക്ക്. ഇതോടെ മറ്റൊരാള്‍ കെട്ടിത്തൂക്കിയതാണെന്ന സംശയവും ബലപ്പെട്ടു.

മൊഴികള്‍, അന്വേഷണം...

യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ ദിവസം കാമുകന്റെ വീട്ടില്‍ നടന്ന കാര്യങ്ങളെക്കുറിച്ചായിരുന്നു പിന്നീട് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം. അന്നേദിവസം രാവിലെ 9.15-ഓടെ കാമുകന്റെ പിതാവും മകനും ഒരു ഓട്ടോയില്‍ പൊന്‍കുന്നത്തേക്ക് പോയിരുന്നു. സമീപവാസിയായ ഒരാളുടെ ഓട്ടോയിലാണ് പിതാവ് പൊന്‍കുന്നത്തേക്ക് പോയത്. ഇയാള്‍ മുഖേന ഓട്ടോ ഡ്രൈവറായ കാമുകന് ഹരിപ്പാട്ടേക്ക് ഓട്ടം കിട്ടിയിരുന്നു. രാവിലെ 10.15-ന് കാമുകന്‍ വീട്ടില്‍നിന്ന് ഹരിപ്പാട്ടേക്ക് ഓട്ടോയുമായി പോയി. ഈ സമയത്ത് ഇവരെ കൂടാതെ തടിക്കച്ചവടക്കാരനും നാട്ടുകാരനുമായ നസീറും ഈ വീട്ടിലുണ്ടായിരുന്നു.

കാമുകന്റെ പുരയിടത്തിലെ തെങ്ങും മഹാഗണിയും നോക്കാനായാണ് നസീര്‍ രാവിലെ എത്തിയത്. പൊന്‍കുന്നത്തേക്ക് പോകുന്നതിനാല്‍ നസീറിനോട് വൈകിട്ട് വരാന്‍ പിതാവ് ആവശ്യപ്പെട്ടു. ഇത് കേട്ടിട്ടും തടിയുടെ അളവ് നോക്കാനെന്ന് പറഞ്ഞ് നസീര്‍ പറമ്പിലേക്ക് പോയി. ഈ സമയം പിതാവ് വീട്ടില്‍നിന്ന് പൊന്‍കുന്നത്തേക്ക് പോവുകയും ചെയ്തു. പിന്നാലെ ഓട്ടോഡ്രൈവറായ കാമുകനും വീട്ടില്‍നിന്നിറങ്ങി. ഈ നേരത്തും നസീര്‍ പറമ്പിലുണ്ടായിരുന്നു. പിതാവിനോട് സംസാരിച്ചാലേ തടിക്കച്ചവടത്തിന്റെ കാര്യം നടക്കുകയുള്ളൂവെന്നും അദ്ദേഹം വീട്ടിലുള്ളപ്പോള്‍ വരുന്നതാണ് നല്ലതെന്നും കാമുകന്‍ നസീറിനോട് പറഞ്ഞു. ശേഷം ഓട്ടോയുമായി ഹരിപ്പാട്ടേക്ക് പോവുകയും ചെയ്തു. ഏതാനുംസമയത്തിന് ശേഷം രണ്ട് കിലോമീറ്റര്‍ അപ്പുറത്തുവെച്ച് നസീര്‍ തന്റെ ഓട്ടോയെ കടന്നുപോയതായും കാമുകന്‍ മൊഴി നല്‍കിയിരുന്നു. വീട്ടില്‍നിന്നിറങ്ങി ചുരുങ്ങിയസമയം കൊണ്ട് നസീറിനെ കാമുകന്‍ റോഡില്‍വെച്ച് കണ്ടതിനാല്‍ തുടക്കത്തില്‍ ഇയാളിലേക്ക് സംശയം നീണ്ടതേയില്ല.

സംശയങ്ങള്‍, സാമ്പിളുകളുടെ പരിശോധന...

കാമുകനും അയാളുടെ പിതാവും ഒഴികെ യുവതി വീട്ടില്‍ ഒറ്റയ്ക്കാണെന്ന് അറിയാവുന്ന ബാക്കിയുള്ളവരെ കേന്ദ്രീകരിച്ചായിരുന്നു പിന്നീടുള്ള അന്വേഷണം. തടി നോക്കാന്‍ വന്ന നസീര്‍, പിതാവ് പൊന്‍കുന്നത്തേക്ക് പോയ ഓട്ടോയുടെ ഡ്രൈവര്‍, കാമുകന്റെ കുടുംബവുമായി തര്‍ക്കങ്ങളുണ്ടായിരുന്ന അയല്‍ക്കാരിലൊരാള്‍, ഇയാളുടെ മകന്‍ എന്നിവരെയാണ് ക്രൈംബ്രാഞ്ച് സംഘം ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതിനൊപ്പം ശാസ്ത്രീയമായ പരിശോധനയും അന്വേഷണവും ഒരുവശത്ത് നടക്കുന്നുണ്ടായിരുന്നു.

യുവതിയുടെ ശരീരത്തില്‍ 53 മുറിവുകളുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നത്. സ്വകാര്യഭാഗങ്ങളിലും കൈകാലുകളിലുമായിരുന്നു ഈ മുറിവുകള്‍. അതിനാല്‍ ബലപ്രയോഗം നടന്നിട്ടുണ്ടെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. ഇതിനിടെ, യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍നിന്ന് ശേഖരിച്ച സാമ്പിളുകളും പരിശോധിച്ചു. ഇതിലൊന്നില്‍ പുരുഷബീജത്തിന്റെ സാന്നിധ്യം കണ്ടെത്തി. തുടര്‍ന്ന് കാമുകന്റെയും പിതാവിന്റെയും രക്തസാമ്പിളുകള്‍ ശേഖരിച്ചു. ലാബില്‍ നടത്തിയ പരിശോധനയില്‍ പുരുഷബീജം കാമുകന്റേതാണെന്നും കണ്ടെത്തി. യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍നിന്ന് ശേഖരിച്ച മറ്റൊരു സാമ്പിള്‍ ആവശ്യമായ അളവില്ലാത്തതിനാല്‍ കൃത്യമായി പരിശോധിക്കാനുമായില്ല.

കാമുകന് മദ്യക്കച്ചവടവും മറ്റും ഉണ്ടായിരുന്നതിനാല്‍ ഇയാളുടെ പശ്ചാത്തലത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് സംഘം വിശദമായി അന്വേഷിച്ചിരുന്നു. ഒരുഘട്ടത്തില്‍ ഇയാള്‍ യുവതിയെ മര്‍ദിച്ച് കൊലപ്പെടുത്തിയതാണോയെന്ന സംശയവുമുണ്ടായി. എന്നാല്‍ യുവതിയുടെ നഖത്തിനിടയില്‍നിന്ന് ശേഖരിച്ച ഡി.എന്‍.എ. സാമ്പിള്‍ പരിശോധിച്ചതോടെ കേസില്‍ അപ്രതീക്ഷിത ട്വിസ്റ്റുണ്ടാവുകയായിരുന്നു.

നഖത്തിനിടയിലെ ഡി.എന്‍.എ, കാമുകന്റേതല്ല...

യുവതിയുടെ നഖത്തിനിടയില്‍നിന്ന് ശേഖരിച്ച ഡി.എന്‍.എ. സാമ്പിളുകളില്‍ ഒന്ന് കാമുകന്റെ സാമ്പിളുമായി ചേരുന്നതായിരുന്നു. എന്നാല്‍ മറ്റൊരു സാമ്പിള്‍ കാമുകന്റെയോ പിതാവിന്റെയോ സാമ്പിളുമായി ചേരുന്നതായിരുന്നില്ല. ഇതോടെ കെമിക്കല്‍ ലാബിലെ ഉദ്യോഗസ്ഥര്‍ ക്രൈംബ്രാഞ്ചിനെ വിവരമറിയിച്ചു. സംശയമുള്ള കൂടുതല്‍പേരുടെ രക്തസാമ്പിളുകള്‍ ശേഖരിക്കാനും നിര്‍ദേശം നല്‍കി.

ലാബില്‍നിന്ന് വിവരം ലഭിച്ചതോടെ സംശയത്തിലുള്ളവരുടെ രക്തസാമ്പിളുകള്‍ അന്വേഷണസംഘം ശേഖരിച്ചു. തടിക്കച്ചവടക്കാരനായ നസീര്‍, കാമുകന്റെ പിതാവ് പൊന്‍കുന്നത്തേക്ക് പോയ ഓട്ടോയുടെ ഡ്രൈവര്‍ തുടങ്ങിയവരുടെ സാമ്പിളുകളാണ് ശേഖരിച്ചത്. ഇവയെല്ലാം പരിശോധനയ്ക്ക് അയച്ചതോടെ യുവതിയുടെ നഖത്തിനിടയിലെ ഡി.എന്‍.എ. നസീറിന്റേതാണെന്ന് കണ്ടെത്തി. ഇതോടെ നസീറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു.

ചോദ്യംചെയ്യലിന്റെ ആദ്യഘട്ടത്തില്‍ അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു നസീറിന്റെ ശ്രമം. മദ്യം വാങ്ങാനാണ് യുവതിയുടെ കാമുകന്റെ വീട്ടില്‍ പോയതെന്നും ബൈക്കില്‍നിന്നിറങ്ങിയില്ലെന്നും അപ്പോള്‍ തന്നെ തിരിച്ചുവന്നെന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ അന്നേദിവസം നസീറിനെ വീട്ടില്‍ കണ്ടവരുടെ മൊഴികള്‍ നിരത്തിയപ്പോള്‍ ഇയാള്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. തുടര്‍ന്ന് പ്രതി കുറ്റംസമ്മതിക്കുകയായിരുന്നു.

അതിക്രൂരമായ ബലാത്സംഗം, കെട്ടിത്തൂക്കി കൊന്നു...

കാമുകനും പിതാവും പോയതോടെ വീട്ടില്‍ യുവതി മാത്രമാണുള്ളതെന്ന് നസീര്‍ മനസിലാക്കിയിരുന്നു. പറമ്പില്‍നിന്ന് വീട്ടിലേക്ക് കയറിവന്ന ഇയാള്‍ മുന്‍വാതില്‍ അടഞ്ഞുകിടക്കുന്നത് കണ്ട് അടുക്കളഭാഗത്തേക്ക് പോയി. അടുക്കളഭാഗത്തെ വാതിലിലൂടെ വീട്ടിനുള്ളില്‍ കയറി യുവതിയെ കടന്നുപിടിച്ചു. യുവതി ചെറുത്തുനിന്നതോടെ പിടിവലിയായി. തുടര്‍ന്ന് യുവതിയെ കട്ടിലിലേക്ക് തള്ളിയിട്ടു. കട്ടിലില്‍ തലയിടിച്ച് യുവതി ബോധരഹിതയായി. പിന്നാലെ യുവതിയുടെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി അതിക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.

സ്വകാര്യഭാഗങ്ങളിലടക്കം ക്രൂരമായാണ് ഇയാള്‍ അതിക്രമം കാട്ടിയത്. പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കി. ബലാത്സംഗത്തിന് ശേഷവും ബോധം വീണ്ടെടുക്കാതായതോടെ യുവതി മരിച്ചെന്ന് പ്രതി കരുതി. തുടര്‍ന്ന് മുറിയിലുണ്ടായിരുന്ന തുണി ഉപയോഗിച്ച് യുവതിയെ കെട്ടിത്തൂക്കുകയായിരുന്നു. ഈ സമയത്താണ് യുവതിയുടെ മരണം സംഭവിച്ചത്.

സംഭവം ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാനാണ് പ്രതി ലക്ഷ്യമിട്ടത്. അതിനായി ആദ്യം ബക്കറ്റ് വെച്ചു. തുണി ഹുക്കില്‍ കെട്ടി കുരുക്കുണ്ടാക്കി. തുടര്‍ന്ന് കട്ടിലില്‍ ബോധരഹിതയായി കിടന്നിരുന്ന യുവതിയെ താങ്ങിയെടുത്ത് ബക്കറ്റിന് മുകളില്‍ നിര്‍ത്തി കുരുക്കില്‍ കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

വേഷംമാറി ക്രൈംബ്രാഞ്ച് സംഘം, ഇന്‍ജക്ഷന്‍ പേടിയാണെന്ന് നസീര്‍...

കേസില്‍ നസീര്‍ ഉള്‍പ്പെടെയുള്ളവര്‍ സംശയനിഴലിലായതിന് പിന്നാലെ ക്രൈംബ്രാഞ്ച് സംഘം ഇവരെയെല്ലാം രഹസ്യമായി നിരീക്ഷിച്ചിരുന്നു. കാമുകന്റെ വീടും പരിസരവും കേന്ദ്രീകരിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ രഹസ്യമായ അന്വേഷണങ്ങള്‍ നടത്തി. വേഷംമാറിയെത്തിയായിരുന്നു ക്രൈംബ്രാഞ്ചിന്റെ അന്വേഷണം. ഇതിനിടെ, രക്തസാമ്പിള്‍ ശേഖരിക്കണമെന്ന് പറഞ്ഞപ്പോള്‍ നസീറിന്റെ പെരുമാറ്റത്തിലുണ്ടായ ചില അസ്വാഭാവിതകളും സംശയത്തിന് ആക്കംകൂട്ടി. സാമ്പിള്‍ ശേഖരിക്കണമെന്ന് പറഞ്ഞപ്പോള്‍ ഇന്‍ജക്ഷന്‍ പേടിയാണെന്ന് ഉള്‍പ്പെടെയുള്ള നിസാരകാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറാനായിരുന്നു നസീറിന്റെ ശ്രമം.

കാമുകന് വിനയായത് ഭയം, നസീര്‍ സന്തോഷിച്ചു...

യുവതി മരിച്ചതിന് പിന്നാലെ താനും പിതാവും കേസില്‍ പ്രതികളാകുമോയെന്ന് കാമുകന്‍ ഭയന്നിരുന്നു. ഇതാണ് ഇരുവര്‍ക്കും വിനയായതെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

ഇവര്‍ക്കെതിരേ യുവതിയുടെ പിതാവ് തുടക്കംമുതലേ പരാതി ഉന്നയിച്ചിരുന്നു. ഇതോടെ കാമുകനും എതിര്‍പ്രചാരണങ്ങള്‍ നടത്തി. നസീറുംഇതിന് കൂട്ടുപിടിച്ചു. ലോക്കല്‍ പോലീസ് കാമുകനെ ചോദ്യംചെയ്യുകയും ചെയ്തു. ഇതെല്ലാം കണ്ടതോടെ അന്വേഷണം ഒരിക്കലും തന്നിലേക്ക് വരില്ലെന്നായിരുന്നു പ്രതിയായ നസീറിന്റെ വിശ്വാസം. എന്നാല്‍ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ നസീറിന്റെ ഒളിച്ചുകളി അവസാനിക്കുകയായിരുന്നു.

നിലവില്‍ തിരുവനന്തപുരം കണ്‍ട്രോള്‍ റൂം എ.സി.പി.യും നേരത്തെ പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി.യുമായിരുന്ന ആര്‍. പ്രതാപന്‍ നായരാണ് അന്വേഷണത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ചത്. അതതു കാലത്തെ ഡിവൈ.എസ്.പി. മാരായ ആര്‍.സുധാകരന്‍പിള്ള, വി.ജെ.ജോഫി, ജെ.ഉമേഷ്‌കുമാര്‍, എസ്.ഐ.മാരായ സുജാതന്‍പിള്ള, അനില്‍കുമാര്‍, ശ്യാംലാല്‍, എ.എസ്.ഐ. അന്‍സുദീന്‍, എസ്.സി.പി.ഒ. മാരായ സന്തോഷ്, യൂസുഫ് കുട്ടി തുടങ്ങിയവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പത്തനംതിട്ട എസ്.പി. ആര്‍.നിശാന്തിനിയുടെ പ്രത്യേക താത്പര്യവും അന്വേഷണത്തിന് വേഗംകൂട്ടി.

Content Highlights: woman brutally raped and killed in kottangal pathanamthitta

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram