സെമിനാരിയിലെ പഠനം നിര്‍ത്തി കപ്യാരായി, വിവാഹം കഴിഞ്ഞ് ഇടുക്കിയിലേക്ക്; തിരിച്ചുവരവ് 'ഡോക്ടറായി'


Photo: facebook.com|monson.mavunkal

ചേര്‍ത്തല: സംസ്ഥാനത്തെ ഞെട്ടിച്ച തട്ടിപ്പുനടത്തിയ മോന്‍സണ്‍ മാവുങ്കല്‍ ദുരൂഹതകള്‍ നിറഞ്ഞ കച്ചവടങ്ങള്‍ക്കിറങ്ങും മുന്‍പു പലവഴികള്‍ നോക്കിയിരുന്നു. ടെക്നിക്കല്‍ സ്‌കൂളിലെ പഠനത്തിനുശേഷം വൈദികപഠനത്തിന് സെമിനാരിയില്‍ ചേര്‍ന്നെങ്കിലും ഒരുവര്‍ഷം പൂര്‍ത്തിയാകുന്നതിനു മുന്‍പ് ഉപേക്ഷിച്ചു.

തുടര്‍ന്ന് ഇടവക പള്ളിയില്‍ കപ്യാരായി. ഇതിനിടെയായിരുന്നു വിവാഹവും. മോന്‍സണിന്റെ വിവാഹവും ഏറെ ചര്‍ച്ചയായിരുന്നു. വിവാഹശേഷം ഏറെക്കാലം ഇടുക്കിയിലായിരുന്നു. തുടര്‍ന്നാണ് ഡോക്ടറായും പുരാവസ്തു ബിസിനസുകാരനായും രംഗത്തു വന്നത്. ഏതാനും വര്‍ഷം മുന്‍പാണു ചേര്‍ത്തല വല്ലയില്‍ ക്ഷേത്രത്തിനു സമീപത്തായി കുടുംബ ഭൂമിയില്‍ വീടുനിര്‍മിച്ചത്.

ബിസിനസ് സാമ്രാജ്യം ചേര്‍ത്തലയില്‍നിന്ന്

ഇടുക്കിയില്‍നിന്നുള്ള വരവിനുശേഷം വലിയ കച്ചവടങ്ങളുടെ തുടക്കം ചേര്‍ത്തലയില്‍നിന്നായിരുന്നു. സൗന്ദര്യ വര്‍ധക ഉത്പന്നനിര്‍മാണ സ്ഥാപനത്തിന്റെ പേരിലായിരുന്നു ഇടപാടുകള്‍. ചേര്‍ത്തലയിലെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായും ഇടനിലക്കാരായും ചേര്‍ത്തലക്കാരായ പലരും ഉണ്ടെന്ന വിവരം ക്രൈംബ്രാഞ്ചിനു ലഭിച്ചിട്ടുണ്ട്. അന്തരിച്ച പ്രമുഖ അഭിഭാഷകന്റെ മകന്‍, യുവ ആയുര്‍വേദ ഡോക്ടര്‍, പ്രമുഖ വ്യാപാരി എന്നിവര്‍ ഇയാളുടെ ഇടപാടുകളില്‍ പങ്കാളികളാണെന്നാണ് അറിയുന്നത്. ഇവര്‍ അന്വേഷണസംഘത്തിന്റെ നീരിക്ഷണത്തിലാണ്.

കാറില്‍ എംബസിയുടെ ചിഹ്നവും നോട്ടെണ്ണല്‍ യന്ത്രവും

എറണാകുളം കലൂരിലെ സ്വന്തം മ്യൂസിയത്തില്‍ 30-ലേറെ കാറുകള്‍ സൂക്ഷിച്ചിരുന്ന മോന്‍സണ്‍ പ്രധാനമായും ഉപയോഗിച്ചിരുന്നത് അമേരിക്കന്‍ കമ്പനിയുടെ ഡോഡ്ജ് കാറാണ്. ഒരു കോടിയോളം രൂപ വിലമതിക്കുന്ന ഈ കാറാണ് സാമ്പത്തിക ഇടപാടുകള്‍ക്കെല്ലാം പോകുമ്പോള്‍ ഉപയോഗിച്ചിരുന്നത്. നോട്ടെണ്ണല്‍ യന്ത്രം ഈ കാറിനകത്ത് സൂക്ഷിച്ചിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.

വിദേശ എംബസിയുടെ പ്രതിനിധികള്‍ സഞ്ചരിക്കുന്ന വാഹനമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ചില നമ്പറുകളും മോന്‍സണ്‍ ഇറക്കിയിരുന്നു. വിദേശ എംബസിയുടെ ലോഗോ കാറില്‍ പതിപ്പിച്ചിരുന്നതായും ക്രൈംബ്രാഞ്ച് കണ്ടെത്തി.

മോണ്‍സണ്‍ തന്റെ വിലയേറിയ നായയെ വളര്‍ത്തിയതും കാറിനുള്ളില്‍ത്തന്നെ. സെയ്ന്റ് ബെര്‍ണാര്‍ഡ് എന്ന വിദേശയിനം നായയെയാണ് കാറില്‍ എ.സി.യിട്ട് വളര്‍ത്തിയിരുന്നത്. കാറിനുള്ളില്‍തന്നെ നായയ്ക്കായി ഒരു കൂടും തയ്യാറാക്കിയിരുന്നു.

പുതിയ തട്ടിപ്പ് ഖത്തര്‍ മ്യൂസിയത്തിന്റെ പേരില്‍

തൃശ്ശൂര്‍ സ്വദേശിയുമായി ചേര്‍ന്നു ഖത്തറില്‍ പുരാവസ്തു മ്യൂസിയത്തിലേക്ക് 15,000 കോടി രൂപയുടെ 93 വസ്തുക്കള്‍ വാങ്ങാന്‍ പദ്ധതിയിട്ടുവെന്ന പേരിലാണ് പുതിയ തട്ടിപ്പിന് കളം ഒരുക്കിയത്. ഇതിനായുള്ള രേഖകള്‍ മോന്‍സണ്‍ വാട്സാപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്തു. ഖത്തറിലെ രാജകുടുംബത്തിന്റെ പേരും ദുര്‍വിനിയോഗം ചെയ്താണ് പുതിയ തട്ടിപ്പിനൊരുങ്ങിയത്. ഈ തട്ടിപ്പിലേക്ക് എത്തും മുമ്പ് മോന്‍സണ്‍ അകത്തായി.

പോലീസുദ്യോഗസ്ഥര്‍ക്കെതിരേ ഇന്റലിജന്‍സ് അന്വേഷണം

കൊച്ചി: മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ടതായി സംശയിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ ഇന്റലിജന്‍സ് അന്വേഷണം. ഇവരുമായി മോണ്‍സനുണ്ടായ ബന്ധങ്ങളുടെ വിവരങ്ങള്‍ ഇന്റലിജന്‍സ് തേടും. മോന്‍സനെതിരായ പരാതികളില്‍ നടപടിയെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ അച്ചടക്കനടപടിയും വകുപ്പുതല അന്വേഷണവും ഉണ്ടാകും.

ബീറ്റ് ബുക്കിനുപിന്നില്‍ ആര്

മോന്‍സന്റെ വീടിനുമുന്നില്‍ എങ്ങനെ പോലീസിന്റെ ബീറ്റ് ബുക്ക് (പട്ടാ ബുക്ക്) എത്തി എന്നതാണ് സംശയിക്കുന്ന മറ്റൊരുകാര്യം. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് ബീറ്റ് ബുക്ക് ഇവിടെ സ്ഥാപിച്ചതാണോ എന്നാണ് സംശയം. രാത്രി പട്രോളിങ്ങില്‍ പോലീസിന്റെ സാന്നിധ്യം ഉറപ്പുവരുത്തുകയാണ് ബീറ്റ് ബുക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. പോലീസ് നിശ്ചിതസമയങ്ങളില്‍ ഇതില്‍ ഒപ്പുവെക്കുകയാണ് ചെയ്യുന്നത്. കോടികള്‍ വിലമതിപ്പുള്ള പുരാവസ്തുക്കള്‍ തന്റെ വീട്ടിലുണ്ടെന്ന് അറിയിച്ചാണ് മോണ്‍സണ്‍ ബീറ്റ് ബുക്ക് ഇവിടെ വെപ്പിച്ചതെന്നാണ് കരുതുന്നത്.

എന്നിരുന്നാലും ബീറ്റ് ബുക്ക് വന്നതിനെക്കുറിച്ച് കൊച്ചി സിറ്റി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോന്‍സണ്‍ പിടിയിലായശേഷം ബീറ്റ് ബുക്ക് ഇവിടെനിന്ന് അപ്രത്യക്ഷമായിട്ടുണ്ട്.

തട്ടിപ്പ് തിരിച്ചറിഞ്ഞതും പരാതിക്കാര്‍ക്ക് തുണയായതും സുഹൃത്തായ യുവതി

മോന്‍സന്റെ തട്ടിപ്പുകള്‍ തിരിച്ചറിഞ്ഞതും ഇരയായവരെ ഒരുമിച്ചുകൂട്ടി നിയമനടപടികള്‍ക്ക് മുന്നിട്ടിറങ്ങിയതും ആദ്യം സുഹൃത്തായിരുന്ന യുവതി. പ്രവാസി ഫെഡറേഷന്‍ രക്ഷാധികാരി എന്നനിലയിലാണ് മോന്‍സണ്‍ ബന്ധങ്ങള്‍ വളര്‍ത്തിയെടുത്തത്. ഈ സൗഹൃദങ്ങള്‍ മുതലാക്കി എടുത്ത ചിത്രങ്ങളുപയോഗിച്ചാണ് മറ്റുള്ളവരെ തന്റെ ബിസിനസിലേക്ക് ആകര്‍ഷിക്കുന്നത്.

പ്രവാസി മലയാളി ഫെഡറേഷന്റെ ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്ററായ കൊച്ചി സ്വദേശിനിയുമായി ഇത്തരത്തിലാണ് ഇയാള്‍ സൗഹൃദം സ്ഥാപിച്ചത്. ഉന്നതരാഷ്ട്രീയക്കാരോടും പോലീസ് ഉദ്യോഗസ്ഥരോടും അടുത്തബന്ധം പുലര്‍ത്തുന്ന ആളാണ് ഈ യുവതി. ലോക കേരള സഭ ഉള്‍പ്പെടെയുള്ള സര്‍ക്കാരിന്റെ പരിപാടികളിലും ഇവര്‍ പ്രതിനിധിയായി പങ്കെടുത്തിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പമുള്ള ചിത്രങ്ങളും അവരുമായി ബന്ധപ്പെട്ട വാര്‍ത്തകളും സാമൂഹിക മാധ്യമങ്ങള്‍ വഴി യുവതി പങ്കുവെച്ചിട്ടുണ്ട്.

മോന്‍സന്റെ തട്ടിപ്പ് ഇവര്‍ മനസ്സിലാക്കിയതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. അപകടംമണത്ത യുവതി ഇയാള്‍ക്കെതിരേ തിരിഞ്ഞു. മോണ്‍സന്റെ തട്ടിപ്പിനെപ്പറ്റി സുഹൃത്തുക്കള്‍ക്ക് ഇവര്‍ മുന്നറിയിപ്പുനല്‍കി. ദിവസങ്ങള്‍ക്കുള്ളില്‍ മോണ്‍സണ്‍ അറസ്റ്റിലാകുമെന്ന വിവരവും ഇവര്‍ സുഹൃത്തുക്കളുമായി പങ്കുവെച്ചിരുന്നു.

കൂടുതല്‍ പരാതികള്‍: കാപ്പിത്തോട്ടം നല്‍കാമെന്നു പറഞ്ഞുള്ള തട്ടിപ്പില്‍ വീണ്ടും അറസ്റ്റ്

തൃപ്പൂണിത്തുറ: മധ്യപ്രദേശ് സര്‍ക്കാരിന്റെ കീഴില്‍ വയനാട്ടിലുള്ള 500 ഏക്കര്‍ കാപ്പിത്തോട്ടം ലീസിന് വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞും മോണ്‍സണ്‍ വന്‍ തട്ടിപ്പ് നടത്തിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. ഈ കേസിലും ഇയാളെ അറസ്റ്റുചെയ്തു. കാക്കനാടുള്ള ജയിലിലെത്തിയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റ് രേഖപ്പെടുത്തിയത്.

പത്തനംതിട്ട സ്വദേശി രാജീവില്‍നിന്ന് 1.62 കോടി രൂപ തട്ടിയെടുത്തതായുള്ള പരാതിയിലാണ് നടപടി. വയനാട്ടില്‍ മധ്യപ്രദേശ് സര്‍ക്കാരിന് 500 ഏക്കര്‍ കാപ്പിത്തോട്ടം ഉണ്ട്. ഒരു മധ്യപ്രദേശ് വനിതയുടേതായിരുന്ന ഈ സ്ഥലം അവര്‍ മരണപ്പെട്ടപ്പോള്‍ അവകാശികള്‍ ഇല്ലാത്തതിനാല്‍ മധ്യപ്രദേശ് സര്‍ക്കാരില്‍ വന്നുചേര്‍ന്നതാണ്. ഈ സ്ഥലം ലീസിന് വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞാണ് രാജീവില്‍നിന്ന് മോന്‍സണ്‍ 1.62 കോടി രൂപ തട്ടിയതെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മുംബൈ ബന്ധം

മുംബൈയില്‍ ഒട്ടേറെ സുഹൃത്തുക്കളുണ്ട് എന്നാണ് പരാതിക്കാരോട് മോന്‍സണ്‍ പറഞ്ഞിരുന്നത്. ഇവിടെ ഒരാളെ വെടിവെച്ചുകൊന്ന് മെട്രോയുടെ പില്ലറില്‍ കൊണ്ടിട്ടെന്നതടക്കമുള്ള ചില കഥകളും ഇയാള്‍ പരാതിക്കാരോട് പറഞ്ഞിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram