
Photo: facebook.com|anandgiriyoga
അഖിലഭാരതീയ അഖാഡ പരിഷത്ത് അധ്യക്ഷന്‍ മഹന്ത് നരേന്ദ്രഗിരിയുടെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ശിഷ്യന് ആനന്ദ് ഗിരി അറസ്റ്റിലായെന്ന വാര്‍ത്ത ഞെട്ടലോടെയാണ് വിശ്വാസിസമൂഹം കേട്ടത്. തന്റെ അരുമശിഷ്യന് കാരണമാണ് താന്‍ ജീവനൊടുക്കുന്നതെന്നാണ് നരേന്ദ്രഗിരിയുടെ മുറിയില്‍നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. എന്നാല്‍ നരേന്ദ്രഗിരി ജീവനൊടുക്കില്ലെന്നും തനിക്കെതിരേ ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമാണ് ആനന്ദ് ഗിരിയുടെ വാദം.
നരേന്ദ്രഗിരിയുടെ മരണത്തില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് ആനന്ദ് ഗിരിയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയ ആനന്ദ് ഗിരിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് ഏകദേശം 12 മണിക്കൂറോളമാണ് പോലീസ് സംഘം ആനന്ദ് ഗിരിയെ ചോദ്യംചെയ്തത്. എന്നാല്‍ നരേന്ദ്രഗിരി ഒരിക്കലും ജീവനൊടുക്കില്ലെന്നും ഇത് തനിക്കെതിരായ ഗൂഢാലോചനയാണെന്നുമുള്ള വാദത്തില്‍ ഇദ്ദേഹം ഉറച്ചുനില്‍ക്കുന്നതായാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
ആരാണ് ആനന്ദ് ഗിരി...
38-കാരനായ ആനന്ദ് ഗിരി യോഗ ഗുരുവെന്ന നിലയിലാണ് പ്രശസ്തി നേടിയത്. ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ഇദ്ദേഹത്തിന് ഒട്ടേറെ അനുയായികളുണ്ട്. സാമൂഹികമാധ്യമങ്ങളിലും സജീവമാണ്. ആനന്ദ് ഗിരിയുടെ പല യോഗ വീഡിയോകളും വൈറലായിട്ടുമുണ്ട്.

രാജസ്ഥാനിലെ ഭീല്‍വാരയില്‍ ഒരു സാധാരണ കുടുംബത്തിലായിരുന്നു ആനന്ദ് ഗിരിയുടെ ജനനം. 12-ാം വയസ്സില്‍ ആനന്ദ് ഹരിദ്വാറിലെ ഗുരുകുലത്തില്‍ ചേര്‍ന്നു. ഇവിടെനിന്നാണ് മഹന്ത് നരേന്ദ്രഗിരി ആനന്ദിനെ ബഘംബരി മഠത്തിലേക്ക് കൂട്ടിക്കൊണ്ടുവരുന്നത്. 12-ാം വയസ്സില്‍ ബഘംബരി മഠത്തിലെത്തിയ ആനന്ദ് ഗിരി വര്‍ഷങ്ങള്‍ക്കകം ഗുരുവിന്റെ പ്രിയപ്പെട്ട ശിഷ്യനായി. മറ്റു ശിഷ്യന്മാരെക്കാളേറെ ഗുരു മഹന്ത് നരേന്ദ്രഗിരിക്ക് അടുപ്പമുണ്ടായിരുന്നതും ആനന്ദിനോടായിരുന്നു. തന്റെ അനന്തരാവകാശിയാക്കാന്‍ ആനന്ദിനെ ഗുരു പരിഗണിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ആഡംബര ജീവിതം, വിവാദങ്ങളും...
നരേന്ദ്രഗിരിയുടെ അരുമശിഷ്യനായിരിക്കെ തന്നെ ആനന്ദ് ഗിരി പല വിവാദങ്ങളിലും പ്രശ്നങ്ങളിലും ഉള്‍പ്പെട്ടു. മഠത്തിലെ ശക്തനായി വളര്‍ന്നതിനൊപ്പം ആനന്ദിന്റെ ആഡംബരജീവിതവും ചര്‍ച്ചയായി. ഇതിനെതിരേ പലകോണുകളില്‍നിന്ന് വിമര്‍ശനമുയര്‍ന്നെങ്കിലും നരേന്ദ്രഗിരി ശിഷ്യനെ കൈവിട്ടിരുന്നില്ല.

പതിവായി വിദേശയാത്രകള്‍ നടത്തിയിരുന്ന ആനന്ദിന് ഇവിടങ്ങളിലെല്ലാം അനുയായികളുമുണ്ടായിരുന്നു. ഫെയ്സ്ബുക്ക് പേജില്‍ മാത്രം 86000-ലേറെ പേരാണ് ആനന്ദിനെ പിന്തുടരുന്നത്. ഫെയ്സ്ബുക്ക് ലൈവിലൂടെയും യോഗ വീഡിയോകളിലൂടെയും ഫോളോവേഴ്സുമായി സംവദിക്കുകയും ചെയ്തു.
ബ്രിസ്ബെന്, പാരിസ്, ബെര്‍ലിന്‍, ഓക് ലാന്‍ഡ്, ലണ്ടന്‍ തുടങ്ങിയ വിദേശനഗരങ്ങളില്നിന്നുള്ള ചിത്രങ്ങളും ആനന്ദ് ഗിരി ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. സ്കൈ ഡൈവിങ്, റിവര്‍ റാഫ്റ്റിങ് വീഡിയോകളും ഈഫല്‍ ടവറിന് മുന്നില്‍നിന്നുള്ള ദൃശ്യങ്ങളും ഫെയ്സ്ബുക്ക് പേജില്‍ കാണാം.
ജര്‍മന്‍ ഫെഡറല്‍ പാര്‍ലമെന്റായ ബുണ്ടെസ്ടാഗിന്റെ പ്രധാന്യത്തെക്കുറിച്ചും ഓസ്ട്രേലിയയുടെ ചരിത്രത്തെക്കുറിച്ചും വിശദീകരിക്കുന്ന വീഡിയോകളും ഫെയ്സ്ബുക്കിലുണ്ട്. ഇതിനിടെ, വിമാനയാത്രയ്ക്കിടെ ബിസിനസ് ക്ലാസില്‍ മദ്യം നിറച്ച ഗ്ലാസിന് മുന്നില്‍നിന്നെടുത്ത ചിത്രവും വിവാദമായിരുന്നു.

ആഡംബരജീവിതം ഏറെ ഇഷ്ടപ്പെട്ടിരുന്ന ആനന്ദ് ഗിരിക്ക് ആഡംബര കാറുകളും സൂപ്പര്‍ ബൈക്കുകളും എന്നും പ്രിയമായിരുന്നു. ആഡംബര വാഹനങ്ങളില്‍നിന്നുള്ള ഒട്ടേറെ ചിത്രങ്ങളും അദ്ദേഹം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
2019 മെയ് മാസത്തില്‍ ആനന്ദിനെ സിഡ്നി പോലീസ് അറസ്റ്റ് ചെയ്തത് വാര്‍ത്തയായിരുന്നു. മോശമായി പെരുമാറിയതിന് രണ്ട് യുവതികളാണ് ആനന്ദ് ഗിരിക്കെതിരേ പരാതി നല്‍കിയിരുന്നത്. 2016-ലും 2018-ലും നല്കിയ ഈ പരാതികളിലാണ് യോഗ ഗുരു പോലീസിന്റെ പിടിയിലായത്. പിന്നീട് ഈ കേസില്‍ കോടതി അദ്ദേഹത്തെ വെറുതെവിടുകയും ചെയ്തു.
നരേന്ദ്രഗിരിയുമായി ഇടയുന്നു...
ഈ വര്ഷമാദ്യത്തോടെയാണ് ആനന്ദ് ഗിരിയും നരേന്ദ്രഗിരിയും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചിലുണ്ടാകുന്നത്. അഖാഡ പരിഷത്തിന്റെ ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട് നരേന്ദ്രഗിരിക്കെതിരേ ആനന്ദ് ഗിരി ചില ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഭൂമി വില്‍പ്പനയില്‍ ഗുരു തട്ടിപ്പ് നടത്തിയെന്നായിരുന്നു ശിഷ്യന്റെ ആരോപണം. ഇതേച്ചൊല്ലി ഗുരുവും പ്രിയപ്പെട്ട ശിഷ്യനും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍വീണു. പിന്നീട് മറ്റുചിലര്‍ ഇടപെട്ടാണ് ഈ പ്രശ്നങ്ങള്‍ പരിഹരിച്ചത്. ഒടുവില്‍ നരേന്ദ്രഗിരി ഗുരുവിനോട് മാപ്പ് ചോദിക്കുകയും ചെയ്തു.
ശിഷ്യന്റെ ക്ഷാമപണം സ്വീകരിച്ചതോടെ അദ്ദേഹത്തിന് മഠത്തില്‍ പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്കും നരേന്ദ്രഗിരി പിന്‍വലിച്ചു. ഹനുമാന് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിലുള്ള വിലക്കും നീക്കി. എന്നാല്‍ ഇതിനെല്ലാം പിന്നാലെയാണ് മഹന്ത് നരേന്ദ്രഗിരിയെ മഠത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യാക്കുറിപ്പ്....
നരേന്ദ്രഗിരിയുടെ മുറിയില്‍നിന്ന് ആത്മഹത്യാക്കുറിപ്പും മരിക്കുന്നതിന് മുമ്പ് അദ്ദേഹം റെക്കോഡ് ചെയ്ത വീഡിയോക്ലിപ്പും പോലീസ് കണ്ടെടുത്തിരുന്നു. ആനന്ദ് ഗിരിയുടെയും മറ്റ് രണ്ട് ശിഷ്യന്മാരുടെയും പേരുകളാണ് ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ചിരുന്നത്. ആനന്ദ് ഗിരി സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതായും തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭയന്നിരുന്നതായും കുറിപ്പിലുണ്ടായിരുന്നു. അതേസമയം, ഈ കുറിപ്പും ആരോപണങ്ങളുമെല്ലാം തനിക്കെതിരേയുള്ള ഗൂഢാലോചനയാണെന്നാണ് ആനന്ദ് ഗിരിയുടെ വാദം. വളരെ ചുരുക്കം കാര്യങ്ങള്‍ മാത്രം എഴുതുന്ന ഗുരു ഒരിക്കലും സ്വന്തം കൈപ്പടയില്‍ ഏഴ് പേജുള്ള ആത്മഹത്യാക്കുറിപ്പ് എഴുതിയെന്നത് വിശ്വസിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേസില്‍ ഏറെ ദുരൂഹതകള്‍ ബാക്കിനില്‍ക്കുന്നതിനാല്‍ വിശദമായ അന്വേഷണം നടത്തുമെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.
Content Highlights: who is anand giri mahant narendra giri death