'ലേഡി അല്‍ ഖായിദ'; യു.എസിന്റെ ഭീകരവനിത, എബോള വൈറസും ആയുധമാക്കാന്‍ പദ്ധതി


Photo: AFP & AP

പാക്‌ ഭീകരവനിതയായ ആഫിയ സിദ്ദിഖിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് കഴിഞ്ഞദിവസം ടെക്‌സസില്‍ നാലുപേരെ തോക്കുധാരി ബന്ദിയാക്കിയത്. നഗരത്തിലെ ജൂതപ്പള്ളിയിലാണ് ബ്രിട്ടീഷ് പൗരനായ മാലിക് ഫൈസല്‍ അക്രം നാലുപേരെ മണിക്കൂറുകളോളം തടഞ്ഞുവെച്ചത്. ഒടുവില്‍ പത്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് എഫ്.ബി.ഐ ഉദ്യോഗസ്ഥര്‍ ഇവരെ മോചിപ്പിച്ചത്. അക്രമിയായ മാലിക് ഫൈസല്‍ കൊല്ലപ്പെടുകയും ചെയ്തു.

ടെക്‌സസിലെ ബന്ദിയാക്കലിന് പിന്നാലെയാണ് ആഫിയ സിദ്ദിഖി എന്ന പേര് വീണ്ടും ചര്‍ച്ചയാകുന്നത്. ടെക്‌സസ് സംഭവം വാര്‍ത്തയായതിന് പിന്നാലെ പലരും ചോദിച്ച ചോദ്യമായിരുന്നു ആരാണ് ആഫിയ സിദ്ദിഖി.

പാകിസ്താനി ന്യൂറോ സയന്റിസ്റ്റായ ആഫിയ സിദ്ദിഖി ഭീകരവനിതയാണെന്നാണ് യു.എസ്. പറയുന്നത്. നിലവില്‍ 86 വര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ചുവരികയാണ് ആഫിയ.

aafia siddiqui
Photo: AP

പാകിസ്താനാണ് സ്വദേശമെങ്കിലും യു.എസിലായിരുന്നു ആഫിയയുടെ വിദ്യാഭ്യാസം. ബ്രാന്‍ഡൈസ് സര്‍വകലാശാലയിലെയും മാസച്ചൂസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെയും പഠനത്തിന് ശേഷം ന്യൂറോ സയന്റിസ്റ്റായി ജോലി ആരംഭിച്ചു. സെപ്റ്റംബര്‍ 11-ലെ ഭീകരാക്രമണത്തിന് പിന്നാലെയാണ് ആഫിയ സിദ്ദിഖി യു.എസ്. അന്വേഷണ ഉദ്യോഗസ്ഥരുടെ നിരീക്ഷണവലയത്തിലാകുന്നത്.

2004-ല്‍ അല്‍ ഖായിദ ഭീകരവാദികളുടെ പട്ടികയില്‍ ആഫിയയും ഇടംപിടിച്ചു. ആ പട്ടികയിലെ ഒരോയൊരു വനിതയും ആഫിയയായിരുന്നു. ആഫിയ സിദ്ദിഖിയ്ക്ക് അല്‍ ഖായിദയുമായി ബന്ധമുണ്ടെന്ന് എഫ്.ബി.ഐ 2004-ല്‍ നടത്തിയ ഒരു വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. വരുംമാസങ്ങളില്‍ അല്‍ ഖായിദ വിവിധയിടങ്ങളില്‍ നടത്താന്‍ ലക്ഷ്യമിട്ട ആക്രമണങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിനിടെയാണ് ആഫിയയുടെ ബന്ധവും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയത്.

സെപ്റ്റംബര്‍ 11-ലെ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരിലൊരാളായ ഖാലിദ് ഷെയ്ഖ് മുഹമ്മദുമായി ആഫിയക്ക് ബന്ധമുണ്ടെന്നാണ് മറ്റൊരു പ്രധാന ആരോപണം. ഖാലിദിന്റെ പ്രത്യേക ദൂതനായി പ്രവര്‍ത്തിച്ചിരുന്ന ആഫിയ, ഇയാളുടെ സഹോദരപുത്രനായ അമ്മാര്‍ അല്‍-ബലൂച്ചിയെയാണ് രണ്ടാമത് വിവാഹം കഴിച്ചത്. ആഫിയയുടെ ഭര്‍ത്താവായ അമ്മാര്‍ നിലവില്‍ ഗ്വാണ്ടനാമോ ജയിലിലാണ്. സെപ്റ്റംബര്‍ 11-ലെ ഭീകരാക്രമണത്തില്‍ പങ്കാളികളായവര്‍ക്ക് പണം കൈമാറിയെന്ന കുറ്റമാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം ആഫിയയും ഭര്‍ത്താവും യു.എസില്‍നിന്ന് പാകിസ്താനിലേക്ക് മടങ്ങിയിരുന്നു. പിന്നീട് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ യുവതി, താലിബാനെ സഹായിക്കാനായി അഫ്ഗാന്‍ അതിര്‍ത്തിയിലേക്ക് പോകുകയായിരുന്നു. ഇതിനുപിന്നാലെയാണ് അമ്മാര്‍ അല്‍-ബലൂച്ചിയെ വിവാഹം കഴിക്കുന്നത്.

ലേഡി അല്‍ ഖായിദ

'ലേഡി അല്‍ ഖായിദ' എന്ന പേരിലാണ് ആഫിയ അറിയപ്പെട്ടിരുന്നത്. 2008-ല്‍ അഫ്ഗാനിസ്ഥാനില്‍വെച്ച് പിടിയിലായി. ചില നിര്‍ണായക രേഖകളുമായാണ് ആഫിയയെ പിടികൂടിയതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വാദം. ബോംബുനിര്‍മാണത്തെക്കുറിച്ചും ആണവായുധങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്ന ചില കുറിപ്പുകളും യു.എസില്‍ ആക്രമണം നടത്തേണ്ട സ്ഥലങ്ങളുടെ പട്ടികയും പാക് വനിതയില്‍നിന്ന് കണ്ടെടുത്തായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. എബോള വൈറസിനെ എങ്ങനെ ജൈവായുധമാക്കി മാറ്റാം എന്നതടക്കമുള്ള കുറിപ്പുകളും ഇവരുടെ കൈവശമുണ്ടായിരുന്നു. പിടികൂടുന്നതിനിടെ സയനൈഡും യുവതിയുടെ പക്കലുണ്ടായിരുന്നതായാണ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍.

aafia siddiqui
Photo: AP

ഇതിനുപിന്നാലെയാണ് യു.എസ്. സൈനികരെ ആഫിയ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ചതായുള്ള വിവരങ്ങളും പുറത്തുവന്നത്. അഫ്ഗാനില്‍ പിടിയിലായി ചോദ്യംചെയ്യലിനിടെ യുവതി ഒരു സൈനികനില്‍നിന്ന് തോക്ക് തട്ടിപ്പറിച്ചെന്നും വെടിയുതിര്‍ത്തെന്നുമാണ് യു.എസ്. ഉദ്യോഗസ്ഥര്‍ പറയുന്നത്. ഈ കുറ്റത്തിന് 2010-ല്‍ കോടതി ആഫിയയെ 86 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. കോടതിയിലെ വാദത്തിനിടെ ആഫിയക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പ്രതിഭാഗം അഭിഭാഷകര്‍ വാദിച്ചിരുന്നു. എന്നാല്‍ ഈ വാദം കേട്ട ആഫിയ തന്നെ 'താന്‍ ഭ്രാന്തിയല്ലെന്ന്' കോടതിയില്‍ പറഞ്ഞു. അഭിഭാഷകരുടെ വാദത്തിനോട് യോജിക്കുന്നില്ലെന്നും പ്രതി കോടതിയില്‍ പറഞ്ഞിരുന്നു.

പാകിസ്താനിലെ പ്രതിഷേധം..

അതേസമയം, ആഫിയയെ ശിക്ഷിച്ച യു.എസ്. കോടതി നടപടി പാകിസ്താനില്‍ വലിയ പ്രതിഷേധങ്ങള്‍ക്കാണ് തിരികൊളുത്തിയത്. പാകിസ്താനിലെ പലയിടങ്ങളിലും ആഫിയയെ പിന്തുണച്ച് പ്രകടനങ്ങള്‍ നടന്നു. യു.എസ്. നടപടിയെ പാക് മാധ്യമങ്ങള്‍ രൂക്ഷമായി വിമര്‍ശിച്ചു. ആഫിയ നിരപരാധിയാണെന്നായിരുന്നു ഇവരുടെയെല്ലാം വാദം. ആഫിയയുടെ ജയില്‍മോചനത്തിനായുള്ള പ്രചരണങ്ങളും ശക്തമായി. അന്നത്തെ പാക് പ്രധാനമന്ത്രിയായിരുന്ന യൂസഫ് റാസാ ഗിലാനി 'രാജ്യത്തിന്റെ പുത്രി' എന്നാണ് ആഫിയയെ വിശേഷിപ്പിച്ചത്.

ആഫിയ ജയിലില്‍ തന്നെ...

ആഫിയ സിദ്ദിഖിയെ കള്ളക്കേസില്‍ കുടുക്കിയതാണെന്നാണ് ഇവരെ പിന്തുണയ്ക്കുന്നവരുടെ വാദം. ആഫിയ രാഷ്ട്രീയ തടവുകാരിയാണെന്നും വ്യാജമായ തെളിവുകളാണ് ഇവര്‍ക്കെതിരേ ഹാജരാക്കിയതെന്നും പിന്തുണയ്ക്കുന്നവര്‍ പറയുന്നു. ഇതിനിടെ, ടെക്‌സസിലെ ഫോര്‍ട്ട് വര്‍ത്ത് ഫെഡറല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചുവരുന്നതിനിടെ ആഫിയ ആക്രമിക്കപ്പെട്ട സംഭവവുമുണ്ടായി. ജയിലിലെ മറ്റൊരു അന്തേവാസിയാണ് കാപ്പി കുടിക്കുന്ന മഗ് ഉപയോഗിച്ച് യുവതിയെ ആക്രമിച്ചത്. ചൂടുവെള്ളം ആഫിയയുടെ മുഖത്തേക്ക് ഒഴിക്കുകയും ചെയ്തു. മറ്റൊരു യുവതി ആഫിയയെ ചവിട്ടിയതായും മര്‍ദിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

aafia siddiqui
Photo: AFP

ആഫിയയുടെ മോചനം ആവശ്യപ്പെട്ടാണ് കഴിഞ്ഞദിവസം ടെക്‌സസിലെ ജൂതപ്പള്ളിയില്‍ നാലുപേരെ ബ്രിട്ടീഷ് പൗരന്‍ ബന്ദിയാക്കിയത്. എന്നാല്‍ ഇത്തരം അക്രമങ്ങളെ ശക്തമായി അപലപിക്കുകയാണെന്നാണ് ആഫിയയുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന ഫൈസാന്‍ സയീദ് കഴിഞ്ഞദിവസം പ്രതികരിച്ചത്. അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ് കൗണ്‍സിലിന്റെ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ കൂടിയാണ് ഫൈസാന്‍. ആഫിയയുടെ മോചനത്തിന് വേണ്ടിയുള്ള പരിശ്രമങ്ങളെ തുരങ്കംവെയ്ക്കുന്നതാണ് ഇത്തരം പ്രവൃത്തികളെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നേരത്തെ, ആഫിയയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചില ഭീകരവാദികളും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു. സിറിയയില്‍നിന്ന് പരിശീലനം ലഭിച്ച ഒഹിയോ സ്വദേശി അബ്ദുറഹ്‌മാന്‍ ഷെയ്ഖ് മൊഹമൂദാണ് ആഫിയ കഴിയുന്ന ജയില്‍ ആക്രമിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തിരുന്നത്. ഇയാള്‍ പിടിയിലാവുകയും ഇയാളെ പിന്നീട് 22 വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു.

Content Highlights: who is aafia siddiqui the pakistan woman now in us jail

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram