പണ്ടേ 'മരിച്ചു', ആ കാറില്‍ വീണ്ടും 'കത്തിച്ചാമ്പലായി'; 'മോസ്റ്റ് വാണ്ടഡ്' കുറുപ്പ്


നന്ദു ശേഖർ

-

സുകുമാരക്കുറുപ്പ്, പിടികിട്ടാപ്പുള്ളി എന്ന വാക്കിന്റെ പര്യായമായി മാറിയ പേര്. 37 വർഷങ്ങൾക്കിപ്പുറവും കേരളം ഏറ്റവും കൂടുതൽ ചർച്ച ചെയ്ത പേരുകളിലൊന്നാകും സുകുമാരക്കുറുപ്പിന്റേത്. രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സേനകളിലൊന്നായ കേരളാ പോലീസിന് ഏറ്റവുമധികം വെല്ലുവിളിയുയർത്തിയ കൊടുംക്രിമിനലാണ് സുകുമാരക്കുറുപ്പ്. ഇന്റർപോളിന്റെയും ഇന്ത്യൻ പോലീസിന്റെയും 'മോസ്റ്റ് വാണ്ടഡ്' ലിസ്റ്റിലുള്ള സുകുമാരക്കുറുപ്പ് എന്നും മലയാളികൾക്ക് 'ഹോട്ട് ടോപ്പിക്കാണ്'. ​ദുൽക്കർ സൽമാൻ നായകനായി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന കുറുപ്പ് എന്ന സിനിമ പ്രഖ്യാപിച്ചതോടെയാണ് വീണ്ടും സുകുമാരക്കുറുപ്പും ചാക്കോ വധക്കേസും വീണ്ടും സജീവ ചർച്ചാ വിഷയമാകുന്നത്.

ചാക്കോ വധക്കേസ്

Sukumara Kurup Movie Chacko's son wife Interview Opens about life after tragedy
കൊല്ലപ്പെട്ട ചാക്കോ

1984 ജനുവരി 22 പുലർച്ചെ മാവേലിക്കര-ചെങ്ങന്നൂർ റോഡിന് സമീപമുള്ള വയലിൽ ഒരു കാർ കത്തുന്നത് കണ്ടാണ് സമീപവാസികൾ പോലീസിനെ വിവരമറിയിക്കുന്നത്. പോലീസ് ഉടനെ സ്ഥലത്തെത്തി നാട്ടുകാരുടെ കൂടെ സഹായത്തോടെ തീ അണച്ചു. നേരം പുലർന്നപ്പോഴാണ് ആ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഒരു മൃതദേഹമുള്ളതായി പോലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. രാജ്യത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തിൽ തന്നെ സ്ഥാനംപിടിച്ച ഒരു സുപ്രധാന കേസന്വേഷണത്തിന്റെ തുടക്കമായിരുന്നു അത്. സംഭവസ്ഥലത്ത് ആദ്യമെത്തിയവരിലൊരാളായ പോലീസ് ഉദ്യോഗസ്ഥൻ ഡിവെെഎസ്പി ഹരിദാസ് ആയിരുന്നു പിന്നീട് സംഭവത്തിന്റെ ചുരുളുകളഴിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത്.

സംഭവസ്ഥലത്തെത്തിയ ഡിവെെഎസ്പി ഹരിദാസിന് ആദ്യംമുതൽ തന്നെ ചില അസ്വാഭാവികതകൾ തോന്നിയിരുന്നു. കുറ്റകൃത്യം നടന്ന പരിസരത്ത് തീപ്പെട്ടിക്കൂടും കയ്യുറയും പെട്രോളിന്റെ നനവും ശ്രദ്ധയിൽപ്പെട്ടതോടെ തുടക്കം മുതൽ തന്നെ കൊലപാതകമാണെന്ന നിഗമനത്തിൽ അദ്ദേഹം എത്തിയിരുന്നു. പിന്നീട് കാർ ഒരു ഭാസ്കരപിള്ളയുടേതാണെന്നും ഉപയോഗിച്ചിരുന്നത് ബന്ധുവായ സുകുമാരക്കുറുപ്പാണെന്നും കണ്ടെത്തി.

പ്രാഥമികാന്വേഷണത്തിൽ സുകുമാരക്കുറുപ്പ് എന്നയാളാണ് മരിച്ചതെന്ന നിഗമനത്തിൽ പോലീസ് എത്തിച്ചേർന്നു. എന്നാൽ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തതോടെ മരിച്ച വ്യക്തി സുകുമാരക്കുറുപ്പല്ലെന്ന് കണ്ടെത്തി. മാത്രമല്ല തീപിടിത്തത്തിൽ കൊല്ലപ്പെട്ടിട്ടും മരിച്ചയാളുടെ ശ്വസകോശത്തിൽ കരിയുടെയോ പുകയുടെയോ ഒരു അംശവും ഉണ്ടായിരുന്നില്ല. ഇത് ഡോക്ടറിൽ സംശയമുണ്ടാക്കുകയും ഡിവെെഎസ്പി ഹരിദാസിനോട് അത് പങ്കുവെക്കുകയും ചെയ്തു. മരിച്ചയാളുടെ വയറ്റിൽ വിഷാംശം കണ്ടെത്തിയതും ദുരൂഹത കൂട്ടി. ഇതോടെ ഇയാളെ കൊലപ്പെടുത്തിയ ശേഷം കാറിൽ ഇരുത്തി കത്തിച്ചതാകാമെന്ന നിഗമനത്തിൽ പോലീസ് എത്തി.

കാറിന്റെ ഉടമസ്ഥൻ എന്ന നിലയിൽ പോലീസ് കസ്റ്റഡിയിലെടുത്ത ഭാസ്‌ക്കരപിള്ള ആദ്യം മുതൽ തന്നെ സംശയത്തിന്റെ നിഴലിലായിരുന്നു. അയാളുടെ ശരീരത്തിൽ കണ്ട ചില പൊള്ളലുകളും പെരുമാറ്റത്തിലെ അസ്വാഭാവികതയും അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം ഇരട്ടിപ്പിച്ചു. മാത്രമല്ല ഒരു മരണം നടന്ന വീടുകളിലേത് പോലെയായിരുന്നില്ല സുകുമാരക്കുറുപ്പിന്റെ വീട്ടിലുള്ളവരുടെ പെരുമാറ്റം എന്നതും പോലീസ് ശ്രദ്ധിച്ചിരുന്നു. ഭാസ്‌കരപിള്ളയെ വിശദമായി ചോദ്യം ചെയ്തതിൽ നിന്ന് കൊല്ലപ്പെട്ടത് സുകുമാരക്കുറുപ്പ് ആണെന്ന നിഗമനത്തിലെത്തി. എന്നാൽ ആ കണ്ടെത്തലിന് അധികം ആയുസ്സുണ്ടായിരുന്നില്ല.

സംഭവം നടന്ന് രണ്ട് ദിവസത്തിനു ശേഷം ആലപ്പുഴയിലെ ഹരിപ്പാട് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യപ്പെട്ട ഒരു മാൻ മിസ്സിംഗ് കേസ് സംഭവത്തിന്റെ ആകെ ചിത്രം മാറ്റിമറിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സത്യങ്ങൾ ഓരോന്നായി വെളിപ്പെട്ടു. കൊല്ലപ്പെട്ടത് ഫിലിം റെപ്രസെന്റേറ്റീവ് ആയിരുന്ന ചാക്കോയാണെന്ന് തെളിഞ്ഞു. പിന്നീട് ഭാസ്കരപിള്ളയെ വിശദമായി ചോദ്യം ചെയ്തിട്ടും ഒന്നിനുപുറകെ ഒന്നായി കള്ളങ്ങൾ മാത്രം പറഞ്ഞുകൊണ്ടേയിരുന്നു. എന്നാൽ പോലീസിന്റെ തെളിവുനിരത്തിയുള്ള ചോദ്യം ചെയ്യലിന് മുന്നിൽ അയാൾക്ക് പിടിച്ചുനിൽക്കാനാകുമായിരുന്നില്ല. ഒടുവിൽ ഭാസ്കരപിള്ളയുടെ കുറ്റസമ്മതം വന്നു. തന്റെയും സഹായികളായ ഷാഹു ,പൊന്നപ്പൻ എന്നിവരുടെയും സഹായത്തോടെ സുകുമാരക്കുറുപ്പ് ആസൂത്രണം ചെയ്തതാണ് കൊലപാതകമെന്ന് ഭാസ്കരപിള്ള പോലീസിനോട് സമ്മതിച്ചു.

ഭാസ്‌ക്കരപിള്ള, ഷാഹു ,പൊന്നപ്പൻ എന്നിവരുടെ സഹായത്തോടെ യാതൊരു മുൻപരിചയമില്ലാത്ത, പേരുപോലും അറിയാത്ത ചാക്കോ എന്ന ഫിലിം റെപ്രസെന്റേറ്റിവിനെ സുകുമാരക്കുറുപ്പ് എന്തിന് കൊല്ലണം? അതിന് പൊലീസ് കണ്ടെത്തിയ ഉത്തരമാണ് 37 വർഷത്തിനിപ്പുറവും കേരളത്തിൽ ചർച്ച ചെയ്യപ്പെടുന്ന, കേരള മനസ്സാക്ഷിയെ ‍ഞെട്ടിച്ച, അന്നോളം കേട്ടുകേൾവിയില്ലാത്ത ഒരു സംഭവത്തിന്റെ ചുരുളഴിച്ചതും ഇന്നും മറഞ്ഞിരിക്കുന്ന സുകുമാരക്കുറുപ്പ് എന്ന ഇന്ത്യൻ പോലീസിന്റെയും ഇന്റർപോളിന്റെയും മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള കൊടും ക്രിമിനലിന്റെപിടികിട്ടാപ്പുള്ളി സ്റ്റാറ്റസിന്റെ തുടക്കവും.

പോലീസ് ഭാഷ്യം

Sukumara Kurup Movie Chacko's son wife Interview Opens about life after tragedy
സുകുമാരക്കുറുപ്പ്

കത്തിയ കാറിന് സമീപത്ത് നിന്ന് കണ്ടെത്തിയ കെെയുറയാണ് ചാക്കോയുടെ കൊലപാതകത്തിലേക്കും സുകുമാരക്കുറുപ്പിലേക്കുമുളള അന്വേഷണത്തിൽ നിർണായകമായത്. നഴ്‌സായ ഭാര്യയുമൊത്ത് അബുദാബിയിലായിരുന്നു സുകുമാരക്കുറുപ്പിന്റെ താമസം. താരതമന്യേ നല്ല ജോലിയുണ്ടായിരുന്നെങ്കിലും കുറുക്കുവഴിയിൽ എങ്ങനെ പണക്കാരനാകാമെന്നായിരുന്നു കുറുപ്പിന്റെ ചിന്ത. അബുദാബിയിലായിരുന്നപ്പോൾ മൂന്ന് ലക്ഷത്തോളം ദിർഹം വരുന്ന ഒരു ഇൻഷുറൻസ് പോളിസി സുകുമാരക്കുറുപ്പ് എടുത്തിരുന്നു. പിന്നീടാണ് ആ ഇൻഷുറൻസ് തുക ലഭിക്കാനുള്ള ആലോചനകളും കേരളത്തെ ഞെട്ടിച്ച കൊലപാതകവും അരങ്ങേറുന്നത്.

താൻ മരിച്ചുവെന്ന് ഇൻഷുറൻസ് കമ്പനിയെ വിശ്വസിപ്പിച്ച് ഭാര്യയ്ക്ക് ഇൻഷുറൻസ് തുക ലഭിക്കണം. ഇതായിരുന്നു കുറുപ്പിന്റെ ലക്ഷ്യം. പണം ലഭിച്ച ശേഷം മറ്റെവിടെയെങ്കിലും പോയി ആർഭാടപൂർവം ജീവിക്കണം. ഇതായിരുന്നു സുകുമാരക്കുറുപ്പിന്റെ പദ്ധതി. തന്റെ ശരീരവുമായി സാമ്യമുള്ള മൃതദേഹം ഏതെങ്കിലും മോർച്ചറിയിൽ നിന്ന് തട്ടിയെടുത്ത് കാറിലിട്ട് കത്തിച്ച് മരിച്ചത് താനാണെന്ന് വരുത്തി തീർത്ത് ഇൻഷുറൻസ് തട്ടിയെടുക്കാനായിരുന്നു ആദ്യത്തെ പദ്ധതി. സഹോ​ദരീ ഭർത്താവായ ഭാസ്‌കരപിളള, ഡ്രൈവർ പൊന്നപ്പൻ, അബുദാബിയിൽ കൂടെ ജോലി ചെയ്തിരുന്ന വിശ്വസ്തനായ ഷാഹു എന്നിവരായിരുന്നു ഇതിൽ സുകുമാരക്കുറുപ്പിന്റെ കൂട്ടുപ്രതികൾ.

1984 ജനുവരി 21ന് ആലപ്പുഴ മെഡിക്കൽ കോളെജിൽ എത്തി മൃതദേഹം സംഘടിപ്പിക്കാൻ സംഘം ശ്രമിച്ചു. എന്നാൽ അത് വിജയിച്ചില്ല. തുടർന്നാണ് തന്റെ രൂപസാദൃശ്യമുളള ഒരാളെ കണ്ടെത്തി കൊലപ്പെടുത്താനുള്ള ക്രൂരകൃത്യം നടത്താൻ കുറുപ്പ് തീരുമാനിക്കുന്നത്.

രണ്ട് കാറുകളിലായി ആലപ്പുഴ ദേശീയപാതയിലൂടെ ആളെതേടി ഇവർ ആ രാത്രി ഏറെ ​ദൂരം സഞ്ചരിച്ചു. എന്നാൽ കുറുപ്പുമായി സാമ്യമുള്ളയാളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. അങ്ങനെ തിരികെ വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് ഒരാൾ അവരുടെ കാറിനു നേരേ കൈ കാണിച്ച് ലിഫ്റ്റ് അഭ്യർത്ഥിക്കുന്നത് സംഘം കാണുന്നത്. കൊല്ലപ്പെട്ട ചാക്കോ ആയിരുന്നു അത്. വീട്ടിലേക്കു പോകാൻ ഒരു വാഹനം കാത്തുനില്ക്കുകയായിരുന്നു ഫിലിം റെപ്രസെന്റേറ്റീവ് ആയ ചാക്കോ. അയാൾക്ക് സുകുമാരക്കുറുപ്പുമായി ശാരീരിക സാമ്യമുണ്ടെന്ന് തോന്നിയ പ്രതികൾ കുറുപ്പിന്റെ കാറിൽ ചാക്കോയ്ക്ക് ലിഫ്റ്റ് നല്കി. യാത്രയ്ക്കിടെ ചാക്കോയ്ക്ക് മദ്യം നൽകാൻ ഇവർ ശ്രമിച്ചു. പക്ഷേ, അയാൾ അത് നിരസിച്ചു. പക്ഷേ, നിരന്തരമായി നിർബന്ധിച്ച് അവർ ചാക്കോയെക്കൊണ്ട് ഈതർ കലർത്തിയ മദ്യം കുടിപ്പിച്ചു. മയക്കത്തിലേക്ക് വീണതോടെ ഭാസ്കരപിള്ള ചാക്കോയുടെ കഴുത്ത് ഒരു ടവ്വൽ കൊണ്ട് ബലമായി മുറുക്കുകയും മരിച്ചെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.

പിന്നീട് അവർ കുറുപ്പിന്റെ ഭാര്യവീട്ടിലേക്ക് പോയി. ചാക്കോയുടെ മൃതദേഹം അവിടെ ഒരു മുറിയിലേക്ക് മാറ്റിയശേഷം, അവർ സുകുമാരക്കുറുപ്പിന്റെ വസ്ത്രങ്ങൾ ആ ശരീരത്തിൽ ധരിപ്പിച്ചു. തുടർന്ന് അവർ മൃതദേഹം കുറുപ്പിന്റെ കാറിന്റെ ഡിക്കിയിലാക്കി കാർ കത്തിക്കാൻ പറ്റിയ സ്ഥലം അന്വേഷിച്ച് യാത്ര തിരിച്ചു. പറ്റിയ സ്ഥലം കണ്ടെത്തി അവർ ചാക്കോയുടെ ശരീരം കാറിന്റെ ഡ്രൈവിങ് സീറ്റിൽ ഇരുത്തിയ ശേഷം കാർ സമീപമുള്ള വയലിലേക്ക് ഇറക്കിവിട്ടു. പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തു. തീ ആളിപ്പടർന്നതോടെ ഒന്നും രണ്ടും പ്രതികൾക്ക് പൊള്ളലേറ്റിരുന്നു. സംഭവസ്ഥലത്തുനിന്നും രക്ഷപ്പെടുമ്പോൾ ഇവരുടെ കെെയിൽ നിന്ന് താഴെ വീണ ഗ്ലൗസാണ് പിന്നീട് നിർണായക തെളിവായി മാറിയത്.

തുടർനടപടികൾ

bhaskara pilla sukumara kurup
ഭാസ്‌കരപിളള

സംഭവം നടന്ന സ്ഥലത്ത് നിന്ന് ലഭിച്ച കെെയുറയാണ് പൊലീസിന് കിട്ടിയ ആദ്യതെളിവ്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദുരൂഹതകൾ ഓരോന്നായി മറനീക്കി പുറത്തുവന്നത്. സുകുമാരക്കുറുപ്പിനൊപ്പം അബുദാബിയിൽ ജോലി ചെയ്തിരുന്ന ഷാഹുവിനെ പൊലീസ് ചോദ്യം ചെയ്തതോടെയാണ് ഗൂഢാലോചനയുടെ കൃത്യമായ രൂപം പുറത്തുവന്നത്. തുടർന്ന് ഷാഹു മാപ്പുസാക്ഷിയാകുകയും പ്രോസിക്യൂഷന്റെ ഒന്നാം ദൃക്‌സാക്ഷിയായി കോടതിയിൽ തെളിവും നൽകി. ഭാസ്‌കരപിളളയായിരുന്നു കേസിലെ ഒന്നാംപ്രതി. ഡ്രൈവർ പൊന്നപ്പന്‍ രണ്ടാംപ്രതിയുമായി. രണ്ട് പ്രതികളെയും പിന്നീട് ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചു.

ചാക്കോ വധക്കേസിലെ സുകുമാരക്കുറുപ്പിന്റെ പങ്ക് വെളിപ്പെട്ട അന്ന് മുതൽ കേരളാ പോലീസ് അയാൾക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഐപിസി 120ബി, 302, 201, 202, 404, 34 എന്നീ വകുപ്പുകളാണ് സുകുമാരക്കുറുപ്പിനെതിരെ ചുമത്തിയിട്ടുള്ളത്. 1989 മാർച്ച് രണ്ടിന് മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒരു അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 16/1989 നമ്പരിലുള്ള ആ വാറണ്ട് ഇന്ത്യയിലെ കുറ്റകൃത്യങ്ങളുടെ ചരിത്രത്തിലെ ലോങ്പെൻഡിങ് വാറണ്ടായി പിന്നീട് മാറി. മാവേലിക്കര പൊലീസ് ക്രൈം നമ്പർ 22/84 ആയി രജിസ്റ്റർ ചെയ്ത കേസിലെ മൂന്നാം പ്രതി ചെങ്ങന്നൂർ താലൂക്കിൽ ചെറിയനാട് വില്ലേജിൽ പുത്തൻവീട്ടിൽ ശിവരാമക്കുറുപ്പ് മകൻ സുകു എന്നും സുകുമാരക്കുറുപ്പ് എന്നും വിളിക്കുന്ന സുകുമാരനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണ് വാറണ്ടിൽ കോടതി നിർദേശിച്ചിരിക്കുന്നത്.

പണ്ടേ 'മരിച്ച' കുറുപ്പ്

ചാക്കോ വധക്കേസിലാണ് ആദ്യം പ്രതിയാകുന്നതെങ്കിലും രേഖപ്പെടുത്താതെ പോയ മറ്റൊരു കുറ്റകൃത്യംകൂടി സുകുമാരക്കുറുപ്പിന്റേതായുണ്ട്. ഗോപാലകൃഷ്ണക്കുറുപ്പെന്ന സൈനികൻ സുകുമാരക്കുറുപ്പെന്ന പ്രവാസിയായ സംഭവത്തിന് പിന്നിലെ കഥയാണത്. പ്രീഡിഗ്രി തോറ്റ ശേഷം ഉപജീവനമാർഗംതേടി ഗോപാലകൃഷ്ണക്കുറുപ്പ് വ്യോമസേനയിൽ ചേർന്നിരുന്നു. എന്നാൽ, സൈനികജീവിതത്തിലെ ചിട്ടകളുമായി ഒന്നിച്ചു പോകാൻ കഴിയാത്ത കുറുപ്പ് നാട്ടിൽ മടങ്ങിയെത്തി. താൻ മരിച്ചുവെന്നു രേഖയുണ്ടാക്കി വ്യോമസേനയ്ക്കു നൽകിയ ശേഷമാണ് സുകുമാരക്കുറുപ്പ് എന്ന പേരിൽ പാസ്പോർട്ടെടുത്ത് ഗൾഫിലേക്കു മുങ്ങിയത്. വ്യാജപാസ്പോർട്ടെടുക്കാനുള്ള വഴികളറിയാവുന്നതും വിദേശബന്ധങ്ങളും കാരണം ചാക്കോയുടെ വധത്തിനു ശേഷം കുറുപ്പ് വിദേശത്തേക്കു കടന്നുവെന്നാണ് കേസിനെക്കുറിച്ച് ആഴത്തിൽ പഠിച്ച കുറ്റാന്വേഷണവിദഗ്ധരിൽ ഏറെപ്പേരും വിശ്വസിക്കുന്നത്. കുറുപ്പ് ജീവിച്ചിരിപ്പില്ല എന്നു വിശ്വസിക്കുന്നവരുമുണ്ട്.

​ദുൽക്കറിന്റെ സുകുമാരക്കുറുപ്പ്

സുകുമാരക്കുറുപ്പിന്റെ ജീവിതം ആസ്പദമാക്കി ​ദുൽക്കർ സൽമാൻ അഭിനയിക്കുന്ന കുറുപ്പ് എന്ന ചിത്രത്തിന്റെ പ്രഖ്യാപനത്തോടെയാണ് സുകുമാരക്കുറുപ്പ് വീണ്ടും കേരളത്തിന്റെ ഹോട്ട് ടോപ്പിക്ക് ആകുന്നത്. ദുൽഖർ ആദ്യമായി അഭിനയിച്ച 'സെക്കന്റ് ഷോ' എന്ന ചിത്രത്തിന്റെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ഇതിന് പിന്നാലെ തന്നെ വിവാദങ്ങളുമുണ്ടായി. കൊല്ലപ്പെട്ട ചാക്കോയുടെ കുടുംബം ഇതിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു.

Sukumara Kurup Movie Chacko's son wife Interview Opens about life after tragedy
കുറുപ്പ് ചിത്രത്തിൽ ദുൽഖർ

ഇതിന് പിന്നാലെ ഒരു കൊലപാതകിയെ ​ഗ്ലോറിഫെെ ചെയ്ത് കാണിക്കുന്നത് ശരിയല്ലെന്ന് ഒരു പക്ഷവും സിനിമയെ സിനിമയായി കാണണമെന്ന് മറ്റൊരു പക്ഷവുമായി തിരിഞ്ഞ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ റിലീസിന് മുൻപ് തന്നെ അണിയറപ്രവർത്തകർ ചാക്കോയുടെ കുടുംബത്തെ ചിത്രം കാണിക്കുകയും വിവാദങ്ങൾക്ക് മറുപടി കൊടുക്കുകയും ചെയ്തിരുന്നു. ചിത്രം 2021 നവംബർ 12ന് തീയേറ്ററുകളിലെത്തും.

കുറുപ്പ് സിനിമയെപ്പറ്റി ചാക്കോയുടെ മകന് പറയാനുള്ളത്

അപ്പന്റെ കൊലപാതകിയുടെ പേരിൽ സിനിമ വരുന്നുവെന്ന വാർത്ത വന്നപ്പോൾ മുതൽ താനും കുടുംബവും ടെൻഷനിലായിരുന്നുവെന്ന് കൊല്ലപ്പെട്ട ചാക്കോയുടെ മകൻ ജിതിൻ ചാക്കോ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. കേസ് കൊടുക്കുന്നതിനെപ്പറ്റി ചിന്തിക്കുന്ന സമയത്താണ് സിനിമയുടെ സംവിധായകൻ ശ്രീനാഥിന്റെ വിളിയെത്തുന്നത്. ഒരിക്കലും മരിച്ചുപോയ അപ്പനെയോ കുടുംബത്തിനോ ​വേദനയുണ്ടാക്കുന്ന കാര്യങ്ങൾ സിനിമയിലുണ്ടാകില്ലെന്ന് ശ്രീനാഥ് ഉറപ്പുനൽകി. ഒരു തരത്തിലും സുകുമാരക്കുറുപ്പെന്ന ക്രിമിനലിനെ ന്യായീകരിക്കുകയോ ​​​ഗ്ലോറിഫെെ ചെയ്യുകയോ ചെയ്യില്ലെന്നും സംവിധായകൻ പറഞ്ഞിരുന്നു.

Kuruppu Chako Family
ചാക്കോയുടെ ഭാര്യ ശാന്തമ്മയും മകൻ ജിതിനും

എന്നാൽ തങ്ങൾക്ക് അത് ബോധ്യപ്പെടുത്തി തരണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് ഒരു വർഷം മുൻപ് തന്നെ പൂർത്തിയാകാത്ത സിനിമയുടെ ഭാ​ഗങ്ങൾ തങ്ങളെ അണിയറപ്രവർത്തകർ കാണിച്ചിരുന്നതായി ജിതിൻ പറയുന്നു. പിന്നീട് കുറച്ചു നാൾ മുൻപ് സിനിമ പൂർത്തിയായ ശേഷം ജിതിനെയും അമ്മയേയും ചിത്രത്തിന്റെ പ്രിവ്യു കാണിച്ചിരുന്നു. ഇത് കണ്ടു കഴിഞ്ഞപ്പോൾ അന്ന് നടന്ന സംഭവവികാസങ്ങളെക്കുറിച്ച് കൂടുതലറിയാൻ സിനിമ സഹായിച്ചെന്നും ജിതിൻ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. സിനിമ കണ്ട് കഴിഞ്ഞപ്പോൾ തങ്ങൾക്കുണ്ടായിരുന്ന ടെൻഷനെല്ലാം മാറിയെന്നും ജിതിൻ പറയുന്നു.

മറ്റ് ചിത്രങ്ങൾ

1984ൽ പുറത്തിറങ്ങിയ എൻഎച്ച് 47 എന്ന ചിത്രം സുകുമാരക്കുറുപ്പിന്റെ ജീവിതം അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ബേബിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിൽ ടി.ജി രവിയാണ് സുകുമാരക്കുറുപ്പായി വേഷമിട്ടത്. കേരളത്തിന്റെ അഭിമാനമായ അടൂർ ഗോപാലകൃഷ്ണനൻ സംവിധാനം ചെയ്ത് 2016-ൽ പുറത്തിറങ്ങിയ 'പിന്നെയും' എന്ന സിനിമയിലും ചാക്കോ വധക്കേസിനെ അനുസ്മരിപ്പിക്കുന്ന കഥാപശ്ചാത്തലമാണുള്ളത്. ദിലീപും കാവ്യമാധവനുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നത്.

Content Highlights: when sukumarakurup and chacko case gets hot topic in kerala again

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram