കൂടത്തായിയിലെ ആ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ എത്തിയിരുന്നെങ്കില്‍


അഡ്വ എ.വി. വിമല്‍ കുമാര്‍

2 min read
Read later
Print
Share

കൂടത്തായി കൊലപാതക പരമ്പരയുടെ പശ്ചാത്തലത്തില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പ്രധാന്യം വ്യക്തമാക്കുന്ന ലേഖനം.

രിച്ചവരുടെ സംസാരഭാഷയാണ് പോസ്റ്റ്‌മോര്‍ട്ടം അഥവാ ഓട്ടോപ്‌സി.'സ്വയമേവ കാണുക' എന്നര്‍ത്ഥമുള്ള ഗ്രീക്ക് വാക്കായ 'ഒട്ടോപ്സിയ'യില്‍ നിന്നാണ് ഇംഗ്ലീഷിലെ ഒട്ടോപ്സി എന്ന വാക്കിന്റെ ഉത്ഭവം.

തനിക്കെന്താണ് സംഭവിച്ചത് എന്ന് മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിലൂടെ നമുക്ക് പറഞ്ഞു തരുന്നു. ഓട്ടോപ്‌സി നാല് രീതിയില്‍ ഉണ്ടെങ്കിലും പ്രധാനമായത് ഇവയാണ്. കൊലപാതകം, അപകടം, സംശയാസ്പദ സാഹചര്യങ്ങളിലെ മരണം എന്നിവ കണ്ടുപിടിക്കുന്നതിനുള്ള ഫോറന്‍സിക് ഒട്ടോപ്സി, ഒരു വ്യക്തിയുടെ മരണത്തിനു നിദാനമായ രോഗാവസ്ഥ കണ്ടുപിടിക്കുന്നതിനായുള്ള ക്ലിനിക്കല്‍ഒട്ടോപ്സി.

ഓട്ടോപ്‌സിയില്‍ മരണമുണ്ടായ സാഹചര്യത്തെ തരംതിരിക്കുന്നത് മൂന്നു രീതിയിലാണ്.

1 . സ്വാഭാവിക മരണം
2 . അസ്വാഭാവിക മരണം
. അപകടമരണം
. ആത്മഹത്യ
. കൊലപാതകം
3 . തരംതിരിക്കാനാവാത്ത മരണങ്ങള്‍

പരേതനെ തിരിച്ചറിഞ്ഞിട്ടില്ലെങ്കില്‍ അതിനു സഹായിക്കുന്ന കാര്യങ്ങള്‍ കണ്ടെത്തി രേഖപ്പെടുത്തുക എന്നത് ഓട്ടോപ്‌സിയുടെ ഒരു ലക്ഷ്യമാണ്. അസ്ഥികളുടെയും പല്ലുകളുടെയും മറ്റും മാറ്റങ്ങളില്‍ നിന്ന് പ്രായം, ശരീരം ഛിന്നഭിന്നമായിട്ടുണ്ടെങ്കില്‍ പോലും അസ്ഥികളില്‍ നിന്ന് ആളുടെ ഉയരം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഫോറന്‍സിക് സര്‍ജന് സാധിക്കും. പണ്ട് ചെയ്തിട്ടുള്ള ശസ്ത്രക്രിയകളുടെ തെളിവുകള്‍, പച്ച കുത്തിയതിന്റെയും മറ്റും വിവരണം, പുകവലി, മുറുക്ക് തുടങ്ങിയ ശീലങ്ങള്‍ എന്നിവയെല്ലാം ശരീരത്തില്‍ തെളിവുകള്‍ അവശേഷിപ്പിക്കും. ശരീരത്തിലെ തഴമ്പുകളില്‍ നിന്ന് ജോലി, മതവിശ്വാസം തുടങ്ങിയ കാര്യങ്ങളെപ്പറ്റിയും സൂചനകള്‍ ലഭിക്കും.

കൂടത്തായി മരണങ്ങളില്‍ ഇക്കാര്യത്തില്‍ ഉണ്ടായ പിഴവാണ് കുറ്റവാളി നിയമത്തിന്റെ മുന്നില്‍ നിന്നും ഇത്രയും കാലം മറഞ്ഞിരിക്കാന്‍ കാരണം.

ദുരൂഹ മരണങ്ങളില്‍ പോലീസിനെ കൂടാതെ ജനങ്ങളും ബന്ധുക്കളും ചില കാര്യങ്ങളില്‍ ജാഗ്രതകാണിക്കേണ്ടതാണ്.

അതിനെക്കുറിച്ച് പറയാം..

കൂടത്തായിക്കൊലയില്‍ ഏറ്റവും ആശ്ചര്യകരം റോയിയുടേത് ഒഴികെ ഒരു മൃതദേഹവും പോസ്റ്റ്‌മോര്‍ട്ടം ചെയ്തില്ല എന്നതാണ്. പ്രായമുള്ളവരുടെ കാര്യത്തില്‍ എന്ത് തന്നെ ന്യായീകരണം പറഞ്ഞാലും സിലിയുടേയും ഒന്നരവയസ്സുകാരിയായ കുട്ടിയുടെയും മരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതിരുന്നത് ഗുരുതരമായ പിഴവുതന്നെയാണ്. പോലീസിന്റെ ഭാഗത്തുനിന്നും ജാഗ്രതക്കുറവുണ്ടായി എന്നത് ഒരു വസ്തുതയാണ്.

ഇത്തരം മരണങ്ങളില്‍ പോലീസിന് മാത്രമല്ല ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും കൂടി ചില ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനുണ്ട്.

ഏതൊക്കെ സാഹചര്യങ്ങളില്‍ ആണ് ഒരു മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കേണ്ടത്?

1 . പോലീസിന് മരണത്തില്‍ സംശയം തോന്നുന്ന സാഹചര്യങ്ങളില്‍
2 . ബന്ധുക്കള്‍ക്ക് മരണത്തില്‍ സംശയം തോന്നുന്ന സാഹചര്യങ്ങളില്‍
3 . നാട്ടുകാര്‍ക്ക് മരണത്തില്‍ സംശയം തോന്നുന്ന സാഹചര്യങ്ങളില്‍
4 . മൃതദേഹം പരിശോധിക്കുന്ന ഡോക്ടര്‍ക്ക് മരണത്തില്‍ സംശയം തോന്നുമ്പോള്‍

ചുരുക്കത്തില്‍ മരണത്തില്‍ സംശയം തോന്നിയാല്‍ ആര്‍ക്കു വേണമെങ്കിലും അത് പോലീസിനോട് പരാതിയായി പറയാവുന്നതാണ്. പോസ്റ്റ്‌മോര്‍ട്ടം വേണോ വേണ്ടയോ എന്ന് നിശ്ച്ചയിക്കേണ്ട അധികാരം പോലീസില്‍ നിക്ഷിപ്തം ആണ്.

കൂടാതെ മൃതദേഹത്തിൽ നിറവ്യതാസം, മുറിവുകള്‍ എന്നിവ കണ്ടാലോ, ചില അസ്വാഭാവികതകൾ മരണത്തിൽ ഉണ്ടെന്നു തോന്നുമ്പോഴോ (ഉദാ : കുഴഞ്ഞു വീണു മരണം, മരണത്തിനു മുന്നേ ഛര്‍ദ്ദിക്കുക, വായില്‍ നിന്നും നുരയും പതയും വരിക) പോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെടാവുന്നതാണ് .

ഏതു മരണമായാലും സ്ഥലത്തെത്തുന്ന പോലീസുദ്യോഗസ്ഥന് മരിച്ച വ്യക്തിയേയോ കുടുബക്കാരേയോ പരിചയം കാണില്ല. അതുകൊണ്ട് മരിക്കുന്നതിന് മുന്‍പുള്ള അസാധാരണ ലക്ഷണങ്ങള്‍, മരിക്കുന്നതിന് മുന്നേ ഉള്ള സംഭവ വികാസങ്ങള്‍, ബന്ധുക്കളുടെ പരസ്പരവിരുദ്ധമായ മൊഴികൾ, പെരുമാറ്റം എല്ലാം പോലീസിനെ ധരിപ്പിക്കേണ്ടതാണ് .

ഓര്‍ക്കുക, നമ്മള്‍ കൊടുക്കുന്ന വിവരങ്ങളിലൂടെയാണ് പൊലീസിന് അന്വേഷണം മുന്നോട്ട് കൊണ്ടുപോകേണ്ടത്.

എല്ലാകാര്യത്തിലും പോലീസിനെ ഉത്തരവാദിത്തം ഏല്‍പ്പിക്കാതെ ബന്ധുക്കളും നാട്ടുകാരും കുറേ കൂടി ജാഗരൂകരായാല്‍ കൂടത്തായികള്‍ ഒഴിവാക്കാന്‍ സാധിക്കും.

ലേഖകന്‍: എ.വി. വിമല്‍കുമാര്‍ (കേരള ഹൈക്കോടതി അഭിഭാഷകന്‍, ലെക്‌സ് എക്‌സ്‌പെര്‍ട്ട്‌സ് ഗ്ലോബല്‍ അഡ്വക്കേറ്റ്‌സ് ആന്‍ഡ് അറ്റോര്‍ണീസ്, കൊച്ചി

Content Highlight: What is a postmortem and why is it important

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram