പാലക്കാട്: ഒരേവീട്ടില്‍ ഒരേ സാഹചര്യത്തില്‍ നടന്ന രണ്ട് പെണ്‍കുട്ടികളുടെ മരണങ്ങള്‍. അസ്വാഭാവികത ഏറെയുണ്ടായിട്ടും ഒന്നും കണ്ടില്ലെന്ന് നടിച്ച പോലീസ്. കോടതിയില്‍ അമ്പേ പരാജയപ്പെട്ട പ്രോസിക്യൂഷന്‍. ഇതെല്ലാമാണ് വാളയാര്‍ കേസ്.
തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ കോടതി വെറുതെവിട്ടപ്പോഴാണ് വാളയാര്‍ കേസില്‍ പോലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ച സമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടപ്പെട്ടത്. ഒടുവില്‍ സര്‍ക്കാരിന്റെയും പെണ്‍കുട്ടികളുടെ അമ്മയുടെയും അപ്പീലുകള്‍ അംഗീകരിച്ച് പ്രതികളെ വെറുതെവിട്ട ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നു. കേസില്‍ പുനര്‍വിചാരണ നടത്താനും കോടതി ഉത്തരവിട്ടുണ്ട്.
2017 ജനുവരി 13-നാണ് വാളയാര്‍ അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. പെണ്‍കുട്ടി പീഡനത്തിനിരയായിട്ടുണ്ടാകാമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നെങ്കിലും പോലീസ് ഗൗരവത്തിലെടുത്തില്ല. അസ്വാഭാവിക മരണത്തിന് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം അവസാനിപ്പിച്ചു. എന്നാല്‍ അതേ വീടിന്റെ ഉത്തരത്തില്‍ 52 ദിവസങ്ങള്‍ക്ക് ശേഷം ഒമ്പതുവയസുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടതോടെ സംഭവം ചര്‍ച്ചയായി. മരിച്ച പെണ്‍കുട്ടി പീഡനത്തിനിരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെ അസ്വാഭാവിക മരണത്തിനൊപ്പം പോക്‌സോ കേസും രജിസ്റ്റര്‍ ചെയ്തു. പോലീസ് അന്വേഷണം തുടങ്ങി. ഇതിനിടെ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന സംശയവും ബലപ്പെട്ടു.
തുടക്കംമുതല്‍ പോലീസിന്റെ വീഴ്ചകളും കെടുകാര്യസ്ഥതയും വ്യക്തമായ കേസായിരുന്നു വാളയാറിലേത്. സംഭവം വിവാദമായപ്പോള്‍ കേസിന്റെ അന്വേഷണ ചുമതല മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. കേസില്‍ ആദ്യം അന്വേഷണം നടത്തിയ വാളയാര്‍ എസ്.ഐ. പി.സി. ചാക്കോ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടിയുമുണ്ടായി. 2017 മാര്‍ച്ച് ഒമ്പതിന് കേസിലെ പ്രതികളായ വി. മധു, ഷിബു എന്നിവരെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. തൊട്ടടുത്ത ദിവസം മറ്റുപ്രതികളായ എം. മധു. ചേര്‍ത്തല സ്വദേശി പ്രദീപ് കുമാര്‍ എന്നിവരെയും പിടികൂടി. ഒരു 16-കാരനും അറസ്റ്റിലായി.
2017 ജൂണ്‍ 22-നാണ് പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയാണെന്ന് രേഖപ്പെടുത്തിയ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. 16-കാരനെ ഒഴിവാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന് പോക്‌സോ, ആത്മഹത്യ പ്രേരണ, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തുടങ്ങിയ കുറ്റങ്ങളാണ് നാല് പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്നത്. എന്നാല്‍ വിചാരണയ്‌ക്കൊടുവില്‍ 2019 ഒക്ടോബര്‍ 15-ന് തെളിവുകളുടെ അഭാവത്തില്‍ മൂന്നാംപ്രതിയായ പ്രദീപ്കുമാറിനെ വിചാരണ കോടതി വെറുതെവിട്ടു. പിന്നാലെ ഒക്ടോബര്‍ 25-ന് മറ്റ് മൂന്ന് പ്രതികളെയും കോടതി വെറുതെവിട്ടു. ഇതോടെ സര്‍ക്കാരിനെതിരെയും പ്രോസിക്യൂഷനെതിരെയും പ്രതിഷേധം ശക്തമായി.
തെളിവുകളുടെ അഭാവവും പ്രോസിക്യൂഷന്റെ വീഴ്ചയുമായിരുന്നു പ്രതികളെ വെറുതെവിടാനിടയായ കാരണം. ഇതോടെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ലതാ ജയരാജിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റി. ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍മാന്‍ കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായതും വിവാദത്തിനിടയാക്കി. പ്രതിഷേധം ശക്തമായതോടെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കി. ഒടുവില്‍ 2019 നവംബറില്‍ പ്രതികളെ വെറുതെവിട്ടതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. പെണ്‍കുട്ടികളുടെ അമ്മയും അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചു. ഇത് രണ്ടും അംഗീകരിച്ചാണ് ഹൈക്കോടതി പ്രതികളെ വെറുതെവിട്ട ഉത്തരവ് റദ്ദാക്കിയത്. കേസിലെ മൂന്നാം പ്രതി പ്രദീപ് കുമാര്‍ മാസങ്ങള്‍ക്ക് മുമ്പ് ജീവനൊടുക്കിയിരുന്നു. ഇതോടെ ബാക്കി മൂന്ന് പ്രതികളുടെ കേസുകളാണ് ഹൈക്കോടതി പരിഗണിച്ചത്.
Content Highlights: walayar case what happened from 2017 january 13