തിരുവനന്തപുരം:വാളയാര്‍ പെണ്‍കുട്ടികളുടെ അസ്വാഭാവിക മരണത്തില്‍ ആദ്യം കേസന്വേഷിച്ച എസ്.ഐ.ക്കെതിരേ നടപടി വേണമെന്ന് റിട്ട. ജില്ലാ ജഡ്ജി പി.കെ. ഹനീഫ കമ്മിഷന്റെ ശുപാര്‍ശ. ആ എസ്.ഐ.യെ ഇത്തരത്തിലുള്ള ഒരു കേസിന്റെയും അന്വേഷണം ഏല്‍പ്പിക്കരുതെന്നും കമ്മിഷന്‍ ശുപാര്‍ശ ചെയ്തു. നേരിട്ടുള്ളതും ശാസ്ത്രീയവുമായ എല്ലാ തെളിവുകളും ഇല്ലാതാക്കിയ എസ്.ഐ. ആണ് പ്രധാന കുറ്റക്കാരനെന്നു ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും സൂചനയുണ്ട്.
ഗുരുതരവീഴ്ച വരുത്തിയ പ്രോസിക്യൂട്ടര്‍മാരെ ഇനി അത്തരം തസ്തികയിലേക്ക് പരിഗണിക്കരുതെന്നും റിപ്പോര്‍ട്ടിലുണ്ടെന്നാണു വിവരം. കേസന്വേഷിച്ച ഡിവൈ.എസ്.പി. സോജന്റെ നേതൃത്വത്തിലുള്ള സംഘത്തിന് ബോധപൂര്‍വമായ പാളിച്ചകളുണ്ടായിട്ടില്ല. ഈ സംഘം അന്വേഷിച്ചുകണ്ടെത്തിയ പല കാര്യങ്ങളും സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് കോടതിയുടെ മുന്നിലെത്തിക്കാനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസ് ആദ്യമന്വേഷിച്ച വാളയാര്‍ എസ്.ഐ. പി.സി. ചാക്കോയ്‌ക്കെതിരേ രൂക്ഷവിമര്‍ശനം. ആദ്യത്തെ പെണ്‍കുട്ടി മരിച്ച് 51 ദിവസങ്ങള്‍ക്കുശേഷമാണ് രണ്ടാം കുട്ടി മരിച്ചത്. ഇതിനിടയ്ക്ക് രണ്ടാം പെണ്‍കുട്ടി മൊഴി നല്‍കാന്‍ തയ്യാറായിരുന്നെങ്കിലും മൊഴിയെടുക്കാനോ ചോദ്യംചെയ്യാനോ എസ്.ഐ. ശ്രമിച്ചില്ല.
രണ്ടാം പെണ്‍കുട്ടിയും ലൈംഗികമായി ഉപദ്രവിക്കപ്പെട്ടിട്ടുണ്ടാകാമെന്ന് ഉദ്യോഗസ്ഥന്‍തന്നെ പറയുന്നെങ്കിലും അക്കാര്യം ചൈല്‍ഡ് ലൈന്‍ ഉള്‍പ്പെടെയുള്ളവരെ അറിയിച്ചില്ല. രണ്ടാം കുട്ടിയുടെ മൊഴിയെടുക്കാത്തതാണ് കേസിലെ ഏറ്റവും വലിയ പാളിച്ച.
ആദ്യത്തെ പെണ്‍കുട്ടി മരിച്ചശേഷം ആ കുട്ടിയുടെ വസ്ത്രങ്ങള്‍ കസ്റ്റഡിയിലെടുത്തില്ല. ഇതു പിന്നീട് ബന്ധുക്കള്‍ കത്തിച്ചുകളഞ്ഞു. കുട്ടിയുടെ അമ്മ 2017 ജനുവരി 16-ന് മൊഴികൊടുത്തിരുന്നെങ്കിലും എസ്.ഐ. രേഖപ്പെടുത്തിയില്ല. വിശ്വസിക്കാന്‍ പറ്റാത്തതുകൊണ്ടെന്നാണു കാരണം പറഞ്ഞത്.
അടുത്ത മൂന്നുദിവസം അന്വേഷിച്ച പ്രേമാനന്ദന്‍ എന്ന ഉദ്യോഗസ്ഥനെതിരേ പരാമര്‍ശങ്ങളില്ല. തുടര്‍ന്ന് അന്വേഷിച്ച ഡിവൈ.എസ്.പി. സോജന്റെപേരില്‍ കുറ്റകരമായ പാളിച്ചകളൊന്നുമുണ്ടായിട്ടില്ലെന്നാണ് കമ്മിഷന്‍ നിരീക്ഷണം.
പ്രോസിക്യൂട്ടര്‍മാര്‍ അലംഭാവം കാട്ടി
കേസിലെ രണ്ടു പ്രതികള്‍ക്കെതിരേ നല്ല തെളിവുണ്ടായിട്ടും പ്രോസിക്യൂട്ടര്‍മാര്‍ അവരെ വിസ്തരിച്ച് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയില്ല. കുട്ടികളുടെ മാതാപിതാക്കള്‍ പരാതി കൊടുക്കാത്തത് ഉപദ്രവിച്ച രണ്ടുപേര്‍ ബന്ധുക്കളായതിനാലും കുട്ടിയുടെ ഭാവിയെ കരുതിയുമാണെന്ന് സി.ഐ. നല്‍കിയ മൊഴിയിലുണ്ട്. എന്നാല്‍, മാതാപിതാക്കളെയോ സി.ഐ.യെയോ വിസ്തരിച്ചപ്പോള്‍ പ്രോസിക്യൂഷന്‍ ഈ മൊഴികള്‍ കോടതിയില്‍ കൊണ്ടുവന്നില്ല.
പ്രതികളില്‍ രണ്ടുപേര്‍ ആദ്യത്തെ കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടെന്ന് എസ്.ഐ. ചാക്കോയോട് അമ്മ പറഞ്ഞിരുന്നെങ്കിലും അത് രേഖപ്പെടുത്തിയില്ല. തുടര്‍ന്ന് വനിതാ കോണ്‍സ്റ്റബിള്‍ ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിയെങ്കിലും ഈ മൊഴി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയില്ല. പ്രോസിക്യൂട്ടര്‍മാര്‍ കേസ് വേണ്ടരീതിയില്‍ പഠിച്ചില്ല. സാക്ഷികളെ പഠിപ്പിച്ചില്ല.
ഇക്കാര്യം ബോധ്യമായ അന്വേഷണോദ്യോഗസ്ഥന്‍ അടച്ചിട്ട കോടതിയില്‍ സാക്ഷികളെ വിസ്തരിക്കുമ്പോള്‍ തന്നെക്കൂടി അനുവദിക്കാന്‍ അപേക്ഷ നല്‍കണമെന്ന് പ്രോസിക്യൂട്ടറെ അറിയിച്ചെങ്കിലും നിയമപരമായി സാധ്യമല്ലെന്നു പറഞ്ഞ് പ്രോസിക്യൂട്ടര്‍ തള്ളി.
ഡിവൈ.എസ്.പി. നേരിട്ട് കോടതിയില്‍ അപേക്ഷ നല്‍കിയപ്പോള്‍ തന്റെ അനുവാദത്തോടെയല്ല അപേക്ഷ നല്‍കിയതെന്ന് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് കോടതി അപേക്ഷ തള്ളി. ഇത്തരത്തില്‍ ഗൗരവമായ പാളിച്ചകള്‍ പ്രോസിക്യൂഷന് ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കമ്മിഷന്റെ ശുപാര്‍ശകള്‍
വിവാദമായ കേസുകള്‍ വാദിക്കുന്ന പ്രോസിക്യൂട്ടര്‍മാര്‍ക്ക് പരിശീലനം നല്‍കണം. മികച്ച പരിശീലനം ലഭിച്ച പോലീസുകാരെ മാത്രമേ ഇത്തരം കേസുകള്‍ അന്വേഷിക്കാന്‍ നിയോഗിക്കാവൂ. കുറ്റപത്രം നല്‍കുമ്പോള്‍ മികച്ച ക്രിമിനല്‍ അഭിഭാഷകരെയോ ഉയര്‍ന്ന പോലീസുദ്യോഗസ്ഥരെയോ കാണിച്ച് വിശകലനം ചെയ്യാനുള്ള സ്വാതന്ത്ര്യം അന്വേഷണോദ്യോഗസ്ഥനു നല്‍കണം.
Content Highlights: Walayar case; pk haneefa commission inquiry