വൈഗ അത്രയും പ്രിയപ്പെട്ടവള്‍, സംഭവിച്ചത് എന്ത്? സനുമോഹന്റെ ഒളിച്ചുകളിയില്‍ കുഴങ്ങിയത് പോലീസ്


4 min read
Read later
Print
Share

File Photo

കൊച്ചി: ഒരു മാസത്തോളം പോലീസിനെ കബളിപ്പിച്ച് മുങ്ങിനടന്ന സനുമോഹന്‍ ഒടുവില്‍ പിടിയില്‍. കേരളക്കരയെ നടുക്കിയ, വൈഗ എന്ന 13-കാരിയുടെ മരണത്തിലെ ദുരൂഹതയ്ക്ക് ഇതോടെ വിരാമമാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. മകളെ സനുമോഹന്‍ തന്നെ കൊലപ്പെടുത്തിയതാണോ, അതോ മറ്റെന്തെങ്കിലും സംഭവിച്ചോ എന്നൊക്കെയുള്ള നിരവധി ചോദ്യങ്ങള്‍ക്കാണ് അന്വേഷണസംഘം ഇനി ഉത്തരം കണ്ടെത്തേണ്ടത്. സനുമോഹനെ വിശദമായി ചോദ്യംചെയ്യുന്നതിലൂടെ ഇക്കാര്യങ്ങളിലെല്ലാം വ്യക്തതവരും.

മാര്‍ച്ച് 21-നാണ് ആലപ്പുഴയിലെ ഭാര്യവീട്ടില്‍നിന്ന് മടങ്ങിയ സനുമോഹനെയും മകള്‍ വൈഗ(13)യെയും ദുരൂഹസാഹചര്യത്തില്‍ കാണാതായത്. കൊച്ചി കങ്ങേരിപ്പടിയിലെ ഫ്‌ളാറ്റിലെത്തിയ സനുവിനെക്കുറിച്ചും മകളെക്കുറിച്ചും പിന്നീട് വിവരമൊന്നും ലഭിച്ചില്ല. ഫ്‌ളാറ്റില്‍നിന്ന് കാറില്‍ മകളുമായി യാത്രതിരിച്ചെന്ന വിവരം ലഭിച്ചതോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

മാര്‍ച്ച് 22-ന് മുട്ടാര്‍ പുഴയില്‍നിന്ന് വൈഗയുടെ മൃതദേഹം കണ്ടെത്തിയെങ്കിലും സനു മോഹന്‍ 'അപ്രത്യക്ഷനായി' തുടരുകയായിരുന്നു. ഇതോടെ സംഭവത്തിലെ ദുരൂഹതയും വര്‍ധിച്ചു.

സനുമോഹനും പുഴയില്‍ ചാടിയിരിക്കാം എന്ന നിഗമനത്തില്‍ ആദ്യദിവസങ്ങളില്‍ പോലീസും അഗ്നിരക്ഷാസേനയും പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഇതിനിടെ സനുവിന്റെ കാറിനെക്കുറിച്ചും ഒരു വിവരവും ലഭിക്കാതായതോടെ ദുരൂഹത മണത്തു. തുടര്‍ന്ന് കാര്‍ എവിടേക്ക് പോയെന്ന് കണ്ടെത്താനായിരുന്നു പോലീസിന്റെ ശ്രമം. കൊച്ചിയിലെ വിവിധ സിസിടിവി ക്യാമറകള്‍ പരിശോധിച്ചെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. അവസാനം കാര്‍ വാളയാര്‍ കടന്നതായി സൂചിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ നിര്‍ണായകമായത്.

kochi vyga death

സനുമോഹന്‍ തമിഴ്‌നാട്ടിലേക്ക് കടന്നിട്ടുണ്ടാകുമെന്ന നിഗമനത്തില്‍ തമിഴ്‌നാട്ടിലെ വിവിധയിടങ്ങളില്‍ പോലീസ് സംഘം അന്വേഷണം നടത്തിയെങ്കിലും കാര്യമായ വിവരമൊന്നും ലഭിച്ചില്ല. ഇതിനിടെ, സനുവിന്റെ മുന്‍കാല ജീവിതത്തെക്കുറിച്ച് സംശയാസ്പദമായ പലവിവരങ്ങളും അന്വേഷണസംഘത്തിന് ലഭിച്ചു. മഹാരാഷ്ട്രയില്‍ നിരവധി കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടയാളാണ് സനുമോഹനെന്നും മഹാരാഷ്ട്ര പോലീസ് ഇയാളെ തിരയുകയാണെന്നും വിവരം ലഭിച്ചതോടെ വൈഗയുടെ മരണവും പിതാവായ സനുമോഹന്റെ തിരോധാനവും തികച്ചും ആസൂത്രിതമാണെന്ന് പോലീസ് ഉറപ്പിച്ചു.

കൊച്ചിയില്‍ താമസം ആരംഭിച്ചത് അഞ്ച് വര്‍ഷം മുമ്പ്...

ഏറെക്കാലമായി സ്വന്തം കുടുംബവുമായി ഒരു ബന്ധവുമില്ലാതിരുന്ന സനു മോഹന്‍ ആറു മാസമായി ബന്ധുക്കളുമായി അടുപ്പം കാണിച്ചിരുന്നു. പുണെയില്‍നിന്ന് അഞ്ച് വര്‍ഷം മുമ്പ് കൊച്ചിയിലെത്തി താമസം തുടങ്ങിയെങ്കിലും അന്നൊന്നും കുടുംബവുമായി ബന്ധപ്പെടാന്‍ ഒരു താത്പര്യവും കാണിച്ചിരുന്നില്ല. എന്നാല്‍ അടുത്തയിടെ ഓണത്തിനുള്‍പ്പെടെ പല തവണ ഭാര്യയെയും മകളെയും കൂട്ടി ബന്ധുവീടുകളിലെത്തിയിരുന്നു. സനു അടുത്തകാലത്തായി അസ്വസ്ഥനായിരുന്നുവെന്ന് മറ്റൊരു ബന്ധു സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളുള്‍പ്പെടെ ഭാര്യയോടും കുടുംബത്തോടും ഇയാള്‍ പലതും മറച്ചുവെച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.

മകള്‍ വൈഗയെ അഭിനയരംഗത്ത് എത്തിക്കാന്‍ സനു ആഗ്രഹിച്ചതായും അന്വേഷണത്തില്‍ വ്യക്തമായിരുന്നു. വൈഗയെ സിനിമ-പരസ്യ മേഖലകളില്‍ എത്തിക്കാന്‍ സനു മോഹന്‍ താത്പര്യപ്പെട്ടതായാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഇതിനായി പ്രമുഖ സംവിധായകനുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായും വ്യക്തമായിട്ടുണ്ട്.

ദുരൂഹത നിറഞ്ഞ കൊച്ചി ജീവിതം, ഫ്‌ളാറ്റിലെ അസോസിയേഷന്‍ ഭാരവാഹി

ഏറെ ദുരൂഹതനിറഞ്ഞതായിരുന്നു സനുമോഹന്റെ കൊച്ചിയിലെ ജീവിതം. ഭാര്യ അറിയാതെ ആഭരണങ്ങള്‍ പണയപ്പെടുത്തി ഏകദേശം 11 ലക്ഷം രൂപയാണ് ഇയാള്‍ വായ്പയെടുത്തിരുന്നത്. ഭാര്യയുടെ പേരിലുള്ള ഫ്‌ളാറ്റ് ആരുമറിയാതെ സ്വകാര്യവ്യക്തിക്ക് പണയത്തിന് നല്‍കുകയും ചെയ്തു.

ഫ്‌ളാറ്റില്‍ റസിഡന്റ്‌സ് അസോസിയേഷന്‍ രൂപവത്കരിച്ചതു തന്നെ സനു മോഹന്‍ മുന്നിട്ടിറങ്ങിയാണ്. അങ്ങനെ അസോസിയേഷന്റെ സ്ഥാപക സെക്രട്ടറിയുമായി. എല്ലാവരോടും നല്ല രീതിയില്‍ പെരുമാറുകയും ഇടപെടുകയും ചെയ്തിരുന്ന സനു മോഹന്‍ ഇവിടെയുള്ളവരുടെ വിശ്വാസം ആര്‍ജിച്ചെടുത്തു.

അഞ്ചുവര്‍ഷം മുമ്പാണ് സനു മോഹന്‍ ഭാര്യയുടെ പേരില്‍ ഫ്‌ളാറ്റെടുത്തത്. ഒരു മുറിയും ഹാളും അടുക്കളയുമുള്‍പ്പടെയുള്ള ചെറിയ ഫ്‌ളാറ്റായിരുന്നു ഇത്. തുടക്കത്തില്‍ എല്ലാവരോടും ആകര്‍ഷകമായ രീതിയില്‍ ഇടപെട്ടിരുന്ന സനു മോഹന്‍ പിന്നീട് ഫ്‌ളാറ്റിലുള്ളവരോടും കടം വാങ്ങിയതായി ചിലര്‍ വ്യക്തമാക്കുന്നു. ബിസിനസ് ആവശ്യം ചൂണ്ടിക്കാട്ടിയാണ് കടം വാങ്ങിയിരുന്നത്. ചിലര്‍ക്ക് പകരം ചെക്ക് നല്‍കിയെങ്കിലും ചെക്ക് മടങ്ങിയപ്പോള്‍ പലരിലും സംശയം ജനിച്ചു.

ആഴ്ചകള്‍ക്ക് മുന്‍പ് ഇടിമിന്നലേറ്റ് ഫ്‌ളാറ്റിലെ സി.സി.ടി.വി. ക്യാമറ തകരാറിലായിരുന്നു. എന്നാല്‍, ഫ്‌ളാറ്റ് അസോസിയേഷന്‍ സെക്രട്ടറിയായിട്ടും സനു മോഹന്‍ തകരാര്‍ പരിഹരിക്കാന്‍ ശ്രമിച്ചില്ലത്രെ. നിലവിലെ സാഹചര്യവുമായി കൂട്ടിവായിക്കുമ്പോള്‍ ക്യാമറ തകരാര്‍ പരിഹരിക്കാതിരുന്നത് മനഃപൂര്‍വമായിരുന്നോ എന്ന സംശയവും ചിലര്‍ക്കുണ്ട്.

കങ്ങേരിപ്പടിയിലെ ഫ്‌ളാറ്റിനുള്ളില്‍ നിന്നും ഭാര്യയുടെ സ്‌കൂട്ടറിന്റെ പെട്ടിയില്‍ നിന്നും നിരവധി ഓണ്‍ലൈന്‍ ചൂതാട്ടത്തിന്റെ രേഖകളും ലോട്ടറികളുടെ ശേഖരവും പോലീസിന് ലഭിച്ചിരുന്നു. ഇതോടെ സാമ്പത്തിക ഇടപാടുകള്‍ തന്നെയാണ് ഇത്തരമൊരു തിരോധാനത്തിന് പിന്നിലെന്ന് പോലീസും സംശയിച്ചു.

വൈഗയുടേത് മുങ്ങിമരണം, ഫ്‌ളാറ്റില്‍ രക്തക്കറ

സനുവിന്റെ തിരോധാനം ഒരുവശത്ത് നില്‍ക്കവേ മറുവശത്ത് മകള്‍ വൈഗയുടെ മരണവുമായി ബന്ധപ്പെട്ട സംശയങ്ങളും ദുരൂഹതകളും വര്‍ധിക്കുകയായിരുന്നു. വൈഗയുടേത് മുങ്ങിമരണമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചെങ്കിലും പുഴയില്‍ വീണതാണോ പുഴയിലേക്ക് എറിഞ്ഞതാണോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതയില്ല. മാത്രമല്ല, സംഭവദിവസം വൈഗയെ അബോധാവസ്ഥയിലാണ് സനുമോഹന്‍ കാറില്‍ കയറ്റി കൊണ്ടുപോയെന്ന വിവരവും നിര്‍ണായകമായി.

vyga death

വൈഗയുടെ ശരീരത്തില്‍ വിഷാംശമോ മറ്റോ ആദ്യഘട്ട പരിശോധനയില്‍ കണ്ടെത്താനായിരുന്നില്ല. ശരീരത്തില്‍ പീഡനമേറ്റിട്ടില്ലെന്നും വ്യക്തമായി. ഏറ്റവുമൊടുവില്‍ ആന്തരാവയവങ്ങളുടെ പരിശോധനഫലം പുറത്തുവന്നതോടെയാണ് നിര്‍ണായകമായ വിവരം ലഭിച്ചത്. വൈഗയുടെ ആന്തരാവയവങ്ങളില്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യമുണ്ടെന്നായിരുന്നു പരിശോധനഫലം. ഇതോടെ മയക്കികിടത്തിയാണ് വൈഗയെ ഫ്‌ളാറ്റില്‍നിന്ന് കൊണ്ടുപോയതെന്ന സംശയവും വര്‍ധിച്ചു. വൈഗയുടെ മരണത്തിന് പിന്നാലെ ഫ്‌ളാറ്റില്‍ നടത്തിയ പരിശോധനയില്‍ ചില രക്തക്കറകള്‍ പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് വൈഗയുടേതല്ലെന്ന് പിന്നീട് സ്ഥിരീകരിച്ചു.

നിരവധി ചോദ്യങ്ങള്‍, ഉത്തരം തരേണ്ടത് സനുമോഹന്‍

വൈഗയ്ക്ക് എന്താണ് സംഭവിച്ചത്? അപായപ്പെടുത്തിയതാണെങ്കില്‍ എന്തിന് വേണ്ടി? സാമ്പത്തിക ഇടപാടുകള്‍ എന്തെല്ലാം? തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്കാണ് സനുമോഹന്‍ ഇനി ഉത്തരം പറയേണ്ടത്. സാമ്പത്തിക ഇടപാടുകള്‍ക്ക് പുറമേ മറ്റുപല കാര്യങ്ങളിലും പോലീസിന് പലവിധ സംശയങ്ങളുമുണ്ട്. വിശദമായ ചോദ്യംചെയ്യലിലൂടെ ഇതിനെല്ലാം ഉത്തരം കണ്ടെത്താനാവുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.

കര്‍ണാടകയില്‍ അറസ്റ്റിലായ സനുമോഹനെ ഞായറാഴ്ച രാത്രിയോടെയാണ് തിങ്കളാഴ്ച രാവിലെയോ കൊച്ചിയില്‍ എത്തിച്ചതിന് ശേഷമായിരിക്കും വിശദമായ ചോദ്യംചെയ്യലും മറ്റുള്ള നടപടികളും ഉണ്ടാവുക.

വൈഗ അത്രയും പ്രിയപ്പെട്ടവള്‍

പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വൈഗയെ കുറിച്ച് ഫ്‌ളാറ്റിലുള്ളവര്‍ക്ക് പറയാനുള്ളത് നല്ല നല്ല ഓര്‍മകള്‍ മാത്രം. എപ്പോഴും കളിച്ചും ചിരിച്ചും ഒരു പൂമ്പാറ്റയെപ്പോലെ ഫ്‌ളാറ്റ് അങ്കണത്തില്‍ ആ 13 വയസ്സുകാരി ഓടിനടന്നിരുന്നു. ഫ്‌ളാറ്റിലുള്ളവരുമായി നല്ല അടുപ്പം സൂക്ഷിച്ചിരുന്ന വൈഗ, പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഒരുപോലെ മിടുക്കിയുമായിരുന്നു.

ആ മിടുക്കിക്കുട്ടിയെ പിതാവ് സനു അപായപ്പെടുത്തിയതാണോ, ആണെങ്കില്‍ എന്തിന്...? ഇങ്ങനെയുള്ള ചോദ്യങ്ങളാണ് കങ്ങേരിപ്പടിയിലെ ഫ്‌ളാറ്റിലുള്ളവര്‍ക്കുമുള്ളത്.

Content Highlights: vyga death and sanu mohan missing finally police arrested sanu and finding answers

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
kodanad estate

4 min

കൊലപാതകങ്ങള്‍,കവര്‍ച്ച;വൈദ്യുതി വിച്ഛേദിക്കാന്‍ ഉന്നത ഇടപെടല്‍?കോടനാട് എസ്റ്റേറ്റിലെ ദുരൂഹത നീങ്ങുമോ

Sep 5, 2021


mathrubhumi

2 min

പോള്‍മുത്തൂറ്റ് വധവും വിവാദങ്ങളില്‍ കത്തിനിന്ന 'എസ്' കത്തിയും

Sep 5, 2019