ഡോ. സോന | ഫോട്ടോ: മാതൃഭൂമി
തൃശ്ശൂര്‍: കുട്ടനെല്ലൂരില്‍ വനിതാ ഡോക്ടറെ യുവാവ് കുത്തിവീഴ്ത്തിയത് ബന്ധുക്കളുടെ മുന്നിലിട്ട്. സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ വനിതാ ഡോക്ടറും കുടുംബവും പോലീസില്‍ പരാതി നല്‍കിയതാണ് ആക്രമണത്തിലേക്ക് നയിച്ചത്.
സുഹൃത്തായ മഹേഷിനെതിരേ ഡോ. സോനയും ബന്ധുക്കളും പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇക്കാര്യമറിഞ്ഞാണ് ചൊവ്വാഴ്ച വൈകിട്ടോടെ മഹേഷ് ദന്താശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് സോനയുമായി തര്‍ക്കമുണ്ടാവുകയും കൈയില്‍ കരുതിയിരുന്ന കത്തി കൊണ്ട് സോനയെ കുത്തിവീഴ്ത്തുകയുമായിരുന്നു.
മൂവാറ്റുപുഴ സ്വദേശിയായ ഡോ. സോന കുട്ടനെല്ലൂരില്‍ 'ദി ഡെന്റിസ്റ്റ്' എന്ന ദന്താശുപത്രി നടത്തിവരികയാണ്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞിരുന്ന സോന രണ്ടുവര്‍ഷമായി സുഹൃത്തും പാവറട്ടി സ്വദേശിയുമായ മഹേഷിനൊപ്പം കുരിയാച്ചിറയിലെ ഫ്ളാറ്റിലായിരുന്നു താമസം.
അടുത്തിടെ ഇരുവര്‍ക്കുമിടയില്‍ സാമ്പത്തിക ഇടപാടുകളെച്ചൊല്ലി തര്‍ക്കം ഉടലെടുത്തിരുന്നു. പ്രശ്നങ്ങള്‍ രൂക്ഷമായതോടെ സോനയും ബന്ധുക്കളും നേരിട്ടെത്തി മഹേഷിനെതിരേ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു.
പോലീസില്‍ പരാതി നല്‍കിയതിന് ശേഷം സോനയും ബന്ധുക്കളും ചൊവ്വാഴ്ച ദന്താശുപത്രിയില്‍ തിരികെയെത്തി. വൈകിട്ട് നാല് മണിയോടെ മഹേഷും കാറില്‍ ഇവിടേക്കെത്തി. തുടര്‍ന്ന് വീണ്ടും തര്‍ക്കമുണ്ടാവുകയും ഇതിനിടെ സോനയെ ആക്രമിക്കുകയുമായിരുന്നു. ഉദരഭാഗത്തും കാലിലും ആഴത്തിലുള്ള മുറിവേറ്റ സോനയെ ഉടന്‍തന്നെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ മരിച്ചു.
സോനയെ കുത്തിവീഴ്ത്തിയ ശേഷം മഹേഷ് കാറില്‍ തന്നെ രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന് ശേഷം ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ച ഒല്ലൂര്‍ പോലീസ് മഹേഷിന്റെ കാര്‍ കണ്ടെടുത്തിരുന്നു. എന്നാല്‍ ഇത്രയും ദിവസമായിട്ടും പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
Content Highlights:thrissur kuttanellur the dentist dental clinic owner doctor sona murder