Image: AFPPhoto Twitter. Noorullah SHIRZADA
കാബൂള്‍: പിറന്നുവീണ കുഞ്ഞുങ്ങളുടെ കരച്ചിലുകളും മാതാപിതാക്കളുടെ സന്തോഷങ്ങളും നിറഞ്ഞിരുന്ന ഇടമായിരുന്നു കാബൂളിലെ ബര്‍ച്ചി നാഷണല്‍ ആശുപത്രിയിലെ പ്രസവ വാര്‍ഡ്. പക്ഷേ, ഇന്നവിടം ഒരു ചോരക്കളമാണ്. ആശുപത്രിയിലേക്ക് ഇരച്ചെത്തിയ ഭീകരര്‍ സ്ത്രീകളും നവജാത ശിശുക്കളും നഴ്‌സുമാരും കുട്ടികളും അടക്കം 24 പേരെയാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്.
ആശുപത്രിയിലെ പ്രസവ വാര്‍ഡ് മാത്രം ലക്ഷ്യമിട്ടാണ് ഭീകരര്‍ ആക്രമണം നടത്തിയതെന്നാണ് അധികൃതര്‍ പറയുന്നത്. എല്ലാം കൃത്യമായി കണക്കുക്കൂട്ടിയായിരുന്നു അവരുടെ വരവ്. പ്രസവ വാര്‍ഡിലേക്ക് എത്തിയ ആയുധധാരികള്‍ അമ്മമാര്‍ക്ക് നേരെയാണ് തുരുതുരാ വെടിയുതിര്‍ത്തത്. കിടക്കകളില്‍ വിശ്രമിക്കുകയായിരുന്നവര്‍ക്ക് നേരെയും വെടിയുതിര്‍ത്തു. അവര്‍ അമ്മമാരെ കൊല്ലാനായാണ് വന്നത്- മെഡിസിന്‍സ് സാന്‍സ് ഫ്രണ്ടിയേഴ്‌സ്(എംഎസ്ഫ്) പ്രോഗ്രാംസ് മേധാവിയായ ബോന്നോട്ട് പറഞ്ഞു.
ആയുധധാരികളായ മൂന്ന് പേരാണ് 55 കിടക്കകളുള്ള ആശുപത്രിയിലെ പ്രസവവാര്‍ഡില്‍ വെടിവെപ്പ് നടത്തിയത്. സംഭവസമയത്ത് 26 അമ്മമാരും പ്രസവത്തിനായി പ്രവേശിപ്പിച്ച സ്ത്രീകളും വാര്‍ഡിലുണ്ടായിരുന്നു. ആക്രമണം കണ്ട് പത്ത് പേര്‍ സുരക്ഷിതമായി മുറികളില്‍ ഓടിയൊളിച്ചു. പക്ഷേ, ബാക്കിയുള്ളവര്‍ക്ക് രക്ഷപ്പെടാനായില്ല. പലരും വെടിയേറ്റ് വീണു. ഭൂമിയിലേക്ക് പിറന്നുവീണ് രണ്ട് മണിക്കൂര്‍ മാത്രം പിന്നിട്ട ആമിനയ്ക്കും ആക്രമണത്തില്‍ വെടിയേറ്റു. ആമിനയുടെ കാലിനാണ് വെടിവെപ്പില്‍ പരിക്കേറ്റത്. ആമിനയുടെ മാതാവ് ബീബി നാസിയ അടക്കമുള്ള എട്ട് അമ്മമാരും വെടിവെപ്പില്‍ കൊല്ലപ്പെട്ടു. പ്രസവമുറിയിലുണ്ടായിരുന്ന മൂന്ന് അമ്മമാരുടെയും അവരുടെ നവജാത ശിശുക്കളുടെയും ജീവന്‍ പൊലിഞ്ഞു.
ഏകദേശം നാല് മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിലാണ് അഫ്ഗാന്‍ സുരക്ഷാസേന ഐ.എസ്. ഭീകരരെ വധിച്ചത്. ഈ സമയമത്രയും നിരവധിപേരാണ് ആശുപത്രിക്കുള്ളില്‍ മരണം മുന്നില്‍ക്കണ്ട് കഴിഞ്ഞത്. ഭീകരരും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലും വെടിവെപ്പും തുടരുമ്പോഴും ആശുപത്രിയില്‍ ഒരു കുഞ്ഞ് ജനിച്ചെന്നായിരുന്നു ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ട നഴ്‌സിന്റെ വെളിപ്പെടുത്തല്‍. ഭീകരരുടെ കണ്ണില്‍പ്പെടാതെ ആശുപത്രിയിലെ ഒരു മുറിക്കുള്ളില്‍ വെടിയൊച്ചകള്‍ക്ക് നടുവിലേക്കാണ് ആ കുഞ്ഞ് പിറന്നുവീണത്. ടോയ്‌ലെറ്റ് പേപ്പറുകളും കൈയിലുണ്ടായിരുന്ന തുണികളും ഉപയോഗിച്ച് നഴ്‌സുമാര്‍ ആ പ്രസവമെടുത്തു. വെറും കൈകള്‍ കൊണ്ട് പൊക്കിള്‍കൊടി മുറിച്ചുമാറ്റി. തങ്ങളുടെ തലയിലുണ്ടായിരുന്ന തുണി കൊണ്ടാണ് ആ കുഞ്ഞിനെ പൊതിഞ്ഞ് സംരക്ഷിച്ചതെന്നും നഴ്‌സ് പറഞ്ഞു.
പലവിധത്തിലുള്ള ഭീകരാക്രമണങ്ങള്‍ക്ക് ഈ രാജ്യം സാക്ഷ്യംവഹിച്ചതാണ്. പക്ഷേ, ചൊവ്വാഴ്ച ഇവിടെ സംഭവിച്ചത് വാക്കുകള്‍ക്കതീതമായ സംഭവമാണെന്നായിരുന്നു എം.എസ്.എഫ്. മേധാവിയായ ബോന്നോട്ടിന്റെ പ്രതികരണം. ചുമരുകളില്‍ തറച്ചിരിക്കുന്ന വെടിയുണ്ടകള്‍, ചോര തളംകെട്ടി നില്‍ക്കുന്ന മുറികള്‍, കത്തിക്കരിഞ്ഞ വാഹനങ്ങള്‍, ഇത് ശരിക്കും ഞെട്ടലുണ്ടാക്കുന്നു- അദ്ദേഹം പറഞ്ഞു.
നിരവധി തവണ ഭീകരാക്രമണങ്ങളുണ്ടായ പ്രദേശമാണെങ്കിലും ആശുപത്രിയിലെ മാതൃ-ശിശു സംരക്ഷണ വാര്‍ഡ് ലക്ഷ്യമാക്കി ഒരു ആക്രമണമുണ്ടാകുമെന്ന് ആരും വിചാരിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: terrorist attack in afghanistan hospital against mothers and new born babies