ഒരു മൈക്രോഗ്രാം, രണ്ട് ദിവസം നീളുന്ന ലഹരി; മാരക സിന്തറ്റിക്ക് ലഹരിയില്‍ മയങ്ങുന്ന കേരളം


കെ.പി. നിജീഷ് കുമാര്‍

പ്രതീകാത്മകചിത്രം|മാതൃഭൂമി

കോഴിക്കോട്: വലിച്ച് പുകയ്ക്കുന്ന കാലത്തിന് ഇടവേളയിട്ടിട്ടുണ്ട് ന്യൂജന്‍ സംഘങ്ങള്‍. മേലാകെ കുത്തിവെച്ച് പാട് വീഴ്ത്തി ലഹരി നുണയുന്ന പഴയ കാലവും പുതിയ പരീക്ഷണത്തിലാണ്‌. പകരക്കാരായി സാധനങ്ങള്‍ സുലഭമായി. പല പേരുകളില്‍, പല നിറങ്ങളില്‍, കാഴ്ചയില്‍ സുന്ദരനായി. കോവിഡ് കാലത്തും തളരാതെ വളര്‍ന്നു നാട്ടിലെ മയക്ക് മരുന്ന് വ്യാപാരം. ഒപ്പം കൂടാന്‍ ആളുകളുംകൂടി. സിന്തറ്റിക് ലഹരികളെന്ന് പേരിട്ട് പോലീസും എക്സൈസും ഇതിന്റെ പുറകിലുണ്ടെങ്കിലും ലഹരി നുകര്‍ന്ന് തളരുകയാണ് നമ്മുടെ യുവജനങ്ങള്‍.

കഴിഞ്ഞ ഏപ്രില്‍ 19-ന് ആണ് മുന്നൂറ് കോടിയുടെ നിരോധിത മയക്ക് മരുന്നുകളുമായി അറബിക്കടലില്‍ നിന്ന് മത്സ്യബന്ധന ബോട്ട് നാവിക സേന പിടികൂടുന്നത്. കേരളത്തിലെ യുവജനങ്ങളെ ലക്ഷ്യമിട്ട് പാകിസ്താനിലെ മക്രാനില്‍നിന്നാണ് ഇവ കേരളത്തിലെത്തിയതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. പിടിച്ചെടുത്തവയെല്ലാം അതിമാരകമായ ലഹരി വസ്തുക്കള്‍. 30 കോടിയുടെ ഹെറോയിനുമായി കോഴിക്കോട് വിമാനത്താവളത്തില്‍ വെച്ച് സാംബിയന്‍ യുവതിയെ പിടികൂടിയ വാര്‍ത്തയും ഈ ദിവസങ്ങളില്‍ നമ്മള്‍ കേട്ടു.

വെറും ഒരു മൈക്രോഗ്രാം ഉപയോഗിച്ചാല്‍ പോലും 48 മണിക്കൂറോളം ഉന്മാദാവസ്ഥ സമ്മാനിക്കുന്ന എം.ഡി.എം.എ പോലുള്ള മാരക മയക്കുമരുന്നുകളുമായി എങ്ങനെയാണ് വിദ്യാസമ്പന്നരെന്ന് പറയുന്ന കൊച്ചു കേരളത്തിലെ യുവജനങ്ങള്‍ ഇത്ര വലിയ രീതിയില്‍ ഇഷ്ടത്തിലായത്? മുമ്പ് പല രീതിയിലുള്ള ഗുളികകളും ഇന്‍ഞ്ചക്ഷനും കഞ്ചാവുമാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ എം.ഡി.എം.എയിലേക്കും ഹെറോയിനിലേക്കും കൂടുതല്‍ ആളുകള്‍ ലഹരിതേടി പോവുന്നുവെന്ന് എക്സൈസ് വകുപ്പ് നല്‍കുന്ന കണക്കുകള്‍ പറയുന്നു.

പിടികൂടുന്നവയുടെയെല്ലാം എണ്ണം ദിവസം തോറും വര്‍ധിക്കുതോറും മയക്ക് മരുന്ന് വേട്ടകള്‍ തീരാത്ത വാര്‍ത്തയാകുന്നത് എന്തുകൊണ്ടാണ്. സ്ത്രീകളടക്കമുള്ളവര്‍ മയക്ക് മരുന്നു കടത്ത് സംഘങ്ങളുടെ പ്രധാന കണ്ണികളാവുന്നതും എങ്ങനെയാണ്. മാതൃഭൂമി ഡോട്ട് കോം പരിശോധിക്കുന്നു.

ആദ്യം കണക്ക് നോക്കാം

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 2385.1 ഗ്രാം എം.ഡി.എം.എയാണ് എക്സൈസ് മാത്രം പിടിച്ചെടുത്തത്. പോലീസ് പിടിച്ചെടുത്തതിന് പുറമെയാണിത്. ഇതില്‍ തന്നെ ഏറ്റവും കൂടുതല്‍ എറണാകുളം ജില്ലയിലാണ്. 1423.6 ഗ്രാമാണ് എറണാകുളത്ത് നിന്നും ഒരു വര്‍ഷത്തിനിടെ പിടിച്ചത്. കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത്. 437.66 ഗ്രാം. മലപ്പുറം മൂന്നാം സ്ഥാനത്താണ് 229.29 ഗ്രാം. ഒരു മൈക്രോം ഗ്രാം ഉപയോഗിച്ചാല്‍ പോലും രണ്ട് ദിവസത്തോളം ലഹരി നീണ്ട് നില്‍ക്കുന്ന മാരക മയക്കുമരുന്നാണിതെന്ന് നമ്മള്‍ മറന്ന് പോവുകയുമരുത്.

mdma drugs
ഫയല്‍ചിത്രം/എ.എന്‍.ഐ.

ഹെറോയിനിന്റെ കണക്കും ഞെട്ടിക്കുന്നതാണ്. ഒരു വര്‍ഷത്തിനിടെ മാത്രം 12492 ഗ്രാം ഹെറോയിനാണ് എക്സൈസ് പിടിച്ചത്. ഇവിടേയും എറണാകുളം ജില്ല തന്നെയാണ് മുന്നിലുള്ളത്. 5740 ഗ്രാം ഹെറോയിനാണ് എറണാകുളത്ത് നിന്ന് ഒരു വര്‍ഷത്തിനിടെ പിടിച്ചെടുത്തത്. രണ്ടാം സ്ഥാനത്ത് കോഴിക്കോടാണ്. 3094 ഗ്രാം ഹെറോയിനാണ് കോഴിക്കോട് നിന്ന് പിടിച്ചെടുത്തത്. തൃശ്ശൂരില്‍ നിന്ന് 1610.4 ഗ്രാമും, പാലക്കാട് നിന്ന് 1027 ഗ്രാമും പിടിച്ചെടുത്തു.

കടല്‍ കടന്നെത്തുന്നു സുരക്ഷിതമായി

നാല് മാസത്തിനിടെ മൂന്നാംതവണയാണ് അറബിക്കടലില്‍ നിന്ന് ആയുധങ്ങളും മയക്കുമരുന്നും നിരോധിത വസ്തുക്കളുമായി ബോട്ടുകള്‍ പിടികൂടുന്നത്. ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിനടുത്തു സംശയകരമായി കണ്ട മൂന്നു ബോട്ടുകളില്‍നിന്ന് അഞ്ച് എ കെ. 47 തോക്കുകളും 300 കിലോ ഹെറോയിനും പിടികൂടിയത് മാര്‍ച്ച് മാസമാണ്. ഇതേ മാസം തന്നെയാണ് കോസ്റ്റ്ഗാര്‍ഡ് നടത്തിയ പരിശോധനയില്‍ മിനിക്കോയിയില്‍നിന്ന് നിരോധിത വസ്തുക്കളുമായി മൂന്നു ശ്രീലങ്കന്‍ ബോട്ടുകളും പിടികൂടിയത്. ഇവയുടെയെല്ലാം ലക്ഷ്യസ്ഥാനം കേരളതീരമാകാമെന്ന സംശയത്തിലാണ് പോലീസ്.

ദിവസങ്ങള്‍ക്ക് മുമ്പ് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് 21,000 കോടി രൂപയുടെ ഹെറോയിന്‍ പിടിച്ചെടുത്ത സംഭവവമുണ്ടായി. ആകാശ-കരമാര്‍ഗമുള്ള ആയുധ-മയക്കുമരുന്നു കടത്ത് ദുഷ്‌കരമായതിനാലാണ് കടല്‍മാര്‍ഗമുള്ള സാധ്യതകള്‍ തേടുന്നതെന്നാണ് നാവികസേനയുടെ വിലയിരുത്തല്‍. ലക്ഷദ്വീപ്, മാലദ്വീപ് എന്നിവയിലൂടെ പോകുന്ന കപ്പലുകളിലാണ് ആദ്യം മയക്കുമരുന്ന് കടത്തുക. പിന്നീട് മീന്‍പിടുത്തബോട്ടുകളിലേക്ക് കൈമാറും. ഇവ മത്സ്യത്തിന്റെ മറവില്‍ വിവിധ
തുറമുഖങ്ങളില്‍ ഇറക്കി കാരിയര്‍മാര്‍ ഏറ്റുവാങ്ങുന്നതാണ് രീതി.

കപ്പലില്‍ എത്തിക്കുന്ന മയക്കുമരുന്നും ആയുധങ്ങളും പുറംകടലില്‍ മീന്‍പിടിത്ത ബോട്ടുകള്‍ക്കു കൈമാറുകയും മീനുകള്‍ക്കൊപ്പം ഒളിപ്പിച്ച് ഇവ വിവിധതീരങ്ങളില്‍ കൊണ്ടുവന്നിറക്കുന്നതായുമാണ് സംശയിക്കുന്നത്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ശേഖരണത്തിനായാണ് മയക്കുമരുന്ന് കച്ചവടമെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്.

മാക്സ് ജെല്ലി എക്സ്റ്റസി അഥവാ എം.ഡി.എം.എ

അന്താരാഷ്ട്ര വിപണിയില്‍ ഏറെ ആവശ്യക്കാരുള്ള വീര്യമേറിയ മയക്കുമരുന്നാണ് 'മാക്സ് ജെല്ലി എക്സ്റ്റസി എന്ന റിയപ്പെടുന്ന എം.ഡി.എം.എ. ഈ ഇനത്തില്‍പ്പെട്ട വെറും 10 ഗ്രാം മയക്കുമരുന്ന് പോലും കൈവശം വെയ്ക്കുന്നത് 20 വര്‍ഷം വരെ കഠിന തടവ് കിട്ടാവുന്ന കുറ്റമാണ്.

ഏറ്റവും വിഷമുള്ള മാക്സ് ജെല്ലി ഫിഷിന്റെ പ്രതീകാത്മകമായാണ് 'മാക്സ് ജെല്ലി എക്സ്റ്റസി' എന്നറിയപ്പെടുന്നത്. വെറും ഒരു മൈക്രോ ഗ്രാം മാത്രം ഉപയോഗിച്ചാല്‍ 48 മണിക്കൂറോളം ഉന്മാദാവസ്ഥയിലെത്തും. അളവും ഉപയോഗക്രമവും പാളിയാല്‍ 48 മണിക്കൂറിനുള്ളില്‍ മരണവും സംഭവിക്കാന്‍ കാരണമാകുമെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. സിന്തറ്റിക് ഡ്രഗ്‌സ് വിഭാഗത്തില്‍പ്പെടുന്ന എം.ഡി.എം.എ. ചികിത്സാരംഗത്ത് വരെ ഉപയോഗിക്കുന്നതിനു സ്വീകാര്യത ലഭിച്ചിട്ടില്ല. നിശാപാര്‍ട്ടികളില്‍ പങ്കെടുക്കുന്നവരാണ് ഇവ കൂടുതലായി ഉപയോഗിക്കുന്നത്. കുറഞ്ഞ അളവിലുള്ള ഉപയോഗം നാല് മുതല്‍ ആറ് മണിക്കൂര്‍ വരെ ലഹരി നില്‍ക്കുന്നതു കാരണം സംഗീതമേളകളിലും നൃത്തപരിപാടികളിലും ഈ ലഹരിമരുന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.

ഗോവ, ബെംഗളൂരു, ചെന്നൈ കേന്ദ്രീകരിച്ചാണ് സിന്തറ്റിക്ക് ലഹരിമരുന്നുകളെല്ലാം തന്നെ കേരളത്തിലേക്ക് എത്തുന്നത്. ഇവിടങ്ങളില്‍ നിന്ന് ചെറിയ തുകക്ക് വലിയ അളവില്‍ ലഹരിമരുന്ന് വാങ്ങി കേരളത്തിലേക്ക് കൊണ്ട് വന്ന് വന്‍വിലയ്ക്ക് വില്‍പന നടത്തുകയാണ് ചെയ്യുന്നത്. പെണ്‍കുട്ടികളടക്കം ഇത്തരം ലഹരി മാഫിയ സംഘത്തിലെ കാരിയര്‍മാരായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പോലീസും എക്സൈസും പറയുന്നത്. ഇവയുടെ ചെറിയ അളവിലുള്ള ഉപയോഗം തന്നെ ഹൃദ്രോഗം, ഓര്‍മക്കുറവ്, വിഷാദരോഗം, പരിഭ്രാന്തി, മനോനില തകരാറിലാകല്‍, കാഴ്ചക്കുറവ് എന്നിവയ്ക്കിടയാക്കുമെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു.

കഞ്ചാവ് കടത്തിന് സ്ത്രീകളെയും കാരിയര്‍മാരാക്കുന്നു

കോവിഡ് കാലത്തിന് ശേഷമാണ് സത്രീകളെ വലിയ തോതില്‍ കഞ്ചാവ് കടത്തിനും മയക്ക് മരുന്ന് കടത്തിനുമായി ഉപയോഗപ്പെടുത്തുന്നത് കൂടുതല്‍ കണ്ടു തുടങ്ങുന്നതെന്ന് അധികൃതര്‍ പറയുന്നു. ഭാര്യാ ഭര്‍ത്താക്കന്‍മാരെന്ന വ്യാജേന മുറിയെടുക്കുകയും അത് വഴി കഞ്ചാവ് വില്‍പ്പനയും കടത്തും സജീവമാക്കുകയുമാണ്. ഒപ്പം അനാശാസ്യ പ്രവര്‍ത്തനവും നടക്കും. പതിനെട്ട് വയസ്സ് കഴിഞ്ഞാല്‍ പിന്നെ ഹോട്ടലുകളില്‍ റെയ്ഡിനും മറ്റും പോലീസ് എത്തില്ലെന്നതാണ് സ്ത്രീകളെ കൂടുതല്‍ ഇറക്കാന്‍ കാരണം.

3484 കിലോഗ്രാം കഞ്ചാവാണ് ഒരു വര്‍ഷം കൊണ്ട് മാത്രം കേരളത്തില്‍ നിന്ന് എക്സൈസ് പിടികൂടിയത്. ഇതില്‍ ഭൂരിഭാഗം കേസുകളിലും സ്ത്രീകള്‍ പെടുന്നുമുണ്ട്. സ്ത്രീകളുമായി യാത്ര ചെയ്യുമ്പോള്‍ അത്ര പെട്ടെന്ന് പോലീസ് പിടികൂടാനുള്ള സാധ്യതയില്ലാത്തതും ഇവരെ കൂടുതല്‍ ഉപയോഗിക്കുന്നതിന് കാരണമാകുന്നുവെന്ന് പോലീസും പറയുന്നു.

arrest
കോഴിക്കോട് കുന്ദമംഗലത്ത് കഞ്ചാവുമായി പിടിയിലായ ബ്യൂട്ടീഷ്യനായ തൃശ്ശൂര്‍ സ്വദേശി ലീനയും പാലക്കാട് സ്വദേശി സനലും

കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി മുതലാക്കിയാണ് പലരേയും കടത്തിനെത്തിക്കുന്നത്. അടുത്തിടെ കാറില്‍ കഞ്ചാവ് കടത്തുകയായിരുന്ന ബ്യൂട്ടീഷനായ യുവതിയും യുവാവും കോഴിക്കോട് പിടിയിലായിരുന്നു. കാക്കനാട്ടെ വിവാദമായ ലഹരിമരുന്ന് കേസിലും സ്ത്രീകളും പ്രതികളായുണ്ട്. വയനാട്ടില്‍ ടെക്കി യുവതി ഉള്‍പ്പെടെയുള്ളവരാണ് എം.ഡി.എം.എ. കടത്തുന്നതിനിടെ പിടിയിലായത്.

എവിടെ നശിപ്പിക്കും പിടിച്ചെടുത്തവ

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ വിവിധ ലഹരിമരുന്ന് കേസുകളിലായി പിടികൂടിയ തൊണ്ടിമുതലുകളുടെ മതിപ്പുവില 1500 കോടി രൂപകവിയുമെന്നാണ് എക്സൈസ് നല്‍കുന്ന വിവരം. പോലീസിന്റെ സഹായത്തോടെയാണ് ഇവ സൂക്ഷിക്കുന്നത്. സായുധ ക്യാമ്പുകളില്‍ പ്രത്യേക സ്‌ട്രോങ് റൂമുകള്‍ സജ്ജീകരിച്ച് പ്രത്യേക വിജ്ഞാപനമിറക്കും.

കഞ്ചാവ്-5870 കിലോ, ഹാഷിഷ്-166 കിലോ, ബ്രൗണ്‍ഷുഗര്‍-750 ഗ്രാം, ഹെറോയിന്‍- 601 ഗ്രാം, എം.ഡി.എം.എ-31 കിലോ, എല്‍.എസ്.ടി-26.87 ഗ്രാം, മാജിക് മഷ്‌റൂം-164 ഗ്രാം, കൊഡീന്‍ 21 ലിറ്റര്‍ തുടങ്ങിയവ എക്‌സൈസ് സൂക്ഷിക്കുന്നുണ്ട്. ട്രമഡോള്‍ അടങ്ങിയ സ്പാസ്‌മോ പ്രോക്‌സിവോണ്‍ പ്ലസിന്റെ 47,486 ഗുളികകളാണ് എക്‌സൈസിന്റെ കൈവശമുള്ളത്. 25,112 നൈട്രോസെപ്പാം ഗുളിഗകളും 103.21 ഗ്രാം അല്‍ഡപ്രസോളവും പിടികൂടിയിരുന്നു. ആംഫീറ്റമിന്‍(345 ഗ്രാം), ലോറാസെപ്പാം (646 ഗുളികകള്‍) കൊക്കെയിന്‍ (12 ഗ്രാം) എന്നിവയും ഗോഡൗണിലുണ്ട്.

ആവിയാകുന്ന എല്‍.എസ്.ഡി

അന്തരീക്ഷ ഊഷ്മാവില്‍ തുറന്നിരുന്നാല്‍ ആവിയായിപ്പോകാനിടയുള്ള മയക്കുമരുന്നാണ് എല്‍.എസ്.ഡി. കോടതി സാക്ഷ്യപ്പെടുത്തിയ ശേഷമാണ് ഇവ പരിശോധനയ്ക്ക് അയക്കുന്നത്. കോടതി നടപടികള്‍ക്കിടെ ഇവ ചൂടേറ്റ് ആവിയാവിപ്പോകാനിടയുണ്ട്. സ്‌ട്രോങ് റൂമികളിലെ ഉയര്‍ന്ന ചൂടും എല്‍.എസ്.ഡിയെ അപ്രത്യക്ഷമാക്കും.

എല്‍.എസ്.ഡി സ്റ്റാമ്പുകള്‍ പിടികൂടിയ ഒട്ടേറെ കേസുകളുണ്ട്. എന്നാല്‍ ഇവ മയക്കുമരുന്നാണെന്ന് തെളിയിക്കാന്‍ പറ്റിയ ലാബ് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ല. നടപടിക്കിടെ മയക്കുമരുന്ന് അന്തരീക്ഷത്തില്‍ ലയിച്ച് പോകുന്നതാണ് ഇതിന് കാരണമെന്നാണ് നിഗമനം. കോവിഡ് കാലത്തിന് മുമ്പ് എല്‍.എസ്.ഡിയുടെ ഉപയോഗം വലിയ രീതിയില്‍ കൂടിയിരുന്നുവെങ്കിലും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇതിന്റെ ഉപയോഗം കുറഞ്ഞിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. 2.9522 ഗ്രാം എല്‍.എസ്.ഡി. സ്റ്റാമ്പുകളാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എക്സൈസ് പിടിച്ചെടുത്തത്. ഇതില്‍ ഏറ്റവും കൂടതല്‍ കോഴിക്കോടാണ്. 1.36 ഗ്രാം സ്റ്റാമ്പുകളാണ് കോഴിക്കോട് നിന്ന് പിടിച്ചെടുത്തത്.

Content Highlights: synthetic drugs and new gen drugs usage in kerala shocking report

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram