സുകാശ് ചന്ദ്രശേഖർ, ലീന മരിയ പോൾ
ചെന്നൈ: സാമ്പത്തികത്തട്ടിപ്പു കേസില്‍ ജയിലില്‍ കഴിയുന്ന സുകാശ് ചന്ദ്രശേഖറിന് സഹായിയായി പ്രവര്‍ത്തിച്ചത് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍.ബി.എല്‍. ബാങ്കിന്റെ വൈസ് പ്രസിഡന്റായ കോമള്‍ പോഡറാണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
ഒട്ടേറെ വഞ്ചനക്കേസുകളില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന സുകാശ് ചന്ദ്രശേഖറിന് തട്ടിപ്പ് നടത്താന്‍ എല്ലാ സഹായവും ചെയ്തു നല്‍കിയ കോമള്‍ പോഡറിനെ ഡല്‍ഹി പോലീസ് ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് അറസ്റ്റുചെയ്തിരുന്നു.
സുകാശ് ചന്ദ്രശേഖറിന് മൊബൈല്‍ഫോണിലൂടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഉന്നതരുമായി ബന്ധപ്പെട്ട് 200 കോടി രൂപയുടെ തട്ടിപ്പ് നടത്താന്‍ സഹായിച്ചത് കോമള്‍ പോഡര്‍ ഉള്‍പ്പെടെ മൂന്നുപേരാണെന്ന് ഡല്‍ഹി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.ജയിലില്‍നിന്നാണ് വിളിക്കുന്നതെന്ന് തിരിച്ചറിയാത്ത വിധമാണ് ഉന്നതോദ്യോഗസ്ഥരെയും രാഷ്ട്രീയനേതാക്കളെയും വിളിച്ച് കബളിപ്പിച്ചിരുന്നതെന്നും ഡല്‍ഹി പോലീസ് പറഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇ.ഡി. അന്വേഷണം നടത്തി വരുകയാണ്. ഡല്‍ഹിയിലെ രോഹിണി ജയിലിലാണ് സുകാശ് ചന്ദ്രശേഖര്‍ ഇപ്പോഴുള്ളത്.
കോമള്‍ പോഡറിന്റെ ചെന്നൈയിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ രണ്ടുകിലോ സ്വര്‍ണവും 82.5 ലക്ഷം രൂപയും ആഡംബര വസ്തുക്കളും പിടിച്ചെടുത്തിരുന്നു. നടി ലീന മരിയ പോളിന്റെ ഭര്‍ത്താവാണ് സുകാശ്.
സുകാശിന്റേത് അത്യാഡംബര ജീവിതം
ചെന്നൈ: കോടികളുടെ വഞ്ചനക്കേസുകളില്‍ പ്രതിയായ സുകാശ് ചന്ദ്രശേഖര്‍ നയിച്ചത് ചലച്ചിത്രതാരങ്ങളെ വെല്ലുന്ന ജീവിതം. ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിലെ ബംഗ്ലാവില്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നടത്തിയ റെയ്ഡിലാണ് സുകാശിന്റെ ആഡംബരജീവിതത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ കണ്ടത്.
കരകൗശല വസ്തുക്കളുടെ ഭംഗിക്കായി മാത്രം സ്ഥാപിച്ച വര്‍ണത്തിളക്കമുള്ള ലൈറ്റുകള്‍, ശില്പങ്ങള്‍, പെയിന്റിങ്ങുകള്‍ തുടങ്ങി ലക്ഷങ്ങള്‍ വിലവരുന്ന ആഡംബര വസ്തുക്കളാണ് സുകാശിന്റെ വീട് അലങ്കരിച്ചിരുന്നതെന്ന് റെയ്ഡ് നടത്തിയ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ പറയുന്നു. മുറിയുടെ മധ്യത്തിലായി നിര്‍ത്തിയിട്ടിരിക്കുന്ന തിളങ്ങുന്ന റേസ് കാറാണ് ആശ്ചര്യപ്പെടത്തുന്ന മറ്റൊന്ന്. ചലച്ചിത്ര താരങ്ങളുടെ വീട്ടില്‍പ്പോലും ഇത്രയും ആഡംബരമുണ്ടാവില്ലെന്ന് ഇ.ഡി. ഉദ്യോഗസ്ഥര്‍ പറയുന്നു.
ഹാളിലെ തിളക്കമുള്ള കാര്‍ റേസിങ് മത്സരങ്ങളില്‍ പങ്കെടുത്തതാണ്. കാറില്‍ മേഴ്സിഡസ്-ബെന്‍സ് 300 എസ്.എല്‍.ആര്‍.722 എന്ന് ആലേഖനം ചെയ്തിട്ടുണ്ട്. 1955-ല്‍ ഇറ്റലിയില്‍ നടന്ന മില്ലെ മിഗിലെ കാറോട്ട മത്സരത്തില്‍ ഇതുപയോഗിച്ചിരുന്നു. പ്രശസ്ത ശില്പ കലാകാരനായ സുബോധ് ഗുപ്തയാണ് ബംഗ്ലാവിന്റെ ഒന്നാം നില രൂപകല്പന ചെയ്തത്. സുബോധ് ഗുപ്ത 'മൂന്ന് പശുക്കള്‍' എന്ന ശില്പവും ഒരുക്കിയിട്ടുണ്ട്. സ്വര്‍ണത്തകിടുകൊണ്ട് നിര്‍മിച്ച സൈക്കിളിലൊരുക്കിയ പാല്‍പ്പാത്രങ്ങളും വീട്ടിലെ ആഡംബരങ്ങളില്‍പ്പെടുന്നു.
ഇത്തരത്തില്‍ വിലയിരുത്താന്‍ കഴിയാത്ത തരത്തിലുള്ള തുകയാണ് ബംഗ്ലാവിന് ചെലവഴിച്ചിരിക്കുന്നതെന്ന് ഇ.ഡി. വൃത്തങ്ങള്‍ പറഞ്ഞു. സുകാശ് ചന്ദ്രശേഖര്‍ ജയിലില്‍നിന്ന് ഉന്നത വ്യക്തികളുമായി ഫോണില്‍ ബന്ധപ്പെട്ട് നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ 200 കോടി രൂപയുടെ തട്ടിപ്പ് കണ്ടെത്തിയ കേസിലാണ് ഇ.ഡി. റെയ്ഡ് നടത്തിയത്. കഴിഞ്ഞ നാല് ദിവസമായി ഇ.ഡി. ചെന്നൈയിലെ സുകാശ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ആസ്തികളെക്കുറിച്ചറിയാന്‍ അദ്ദേഹവുമായി ബന്ധപ്പെട്ടയാളുകളെ ചോദ്യം ചെയ്തിരുന്നു.
തിങ്കളാഴ്ച സുകാശിന്റെ ഈസ്റ്റ് കോസ്റ്റ് റോഡിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 16 ആഡംബര കാറുകളും സ്വര്‍ണവും പണവും പിടിച്ചെടുത്തിയിരുന്നു. സുകാശിന്റെ വീട്ടില്‍ ആരൊക്കെ വന്നുപോയെന്ന് അറിയാനായി വീട്ടിലെ സി.സി.ടി.വി.കള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു വരികയാണ്.