ന്യൂഡല്‍ഹി: 'എന്നെ കൊല്ലരുതേ, എന്റെ മക്കളെ എനിക്ക് അത്രയേറേ ഇഷ്ടമാണ്, പ്ലീസ്' ഗുരുഗ്രാമില്‍ ഒക്ടോബര്‍ 27ന് കൊല്ലപ്പെട്ട ദീപിക ചൗഹാന്‍ കൊല്ലപ്പെടുന്നതിന് തൊട്ടുമുന്‍പ് ഭര്‍ത്താവിനോട് കരഞ്ഞുപറഞ്ഞ വാക്കുകളാണിത്. പക്ഷേ, കാമുകിയെ മാത്രം മനസില്‍കൊണ്ടുനടന്ന വിക്രം ചൗഹാന്‍ എന്ന മുപ്പത്തിയഞ്ചുകാരന്‍ അതൊന്നും വകവയ്ക്കാതെ ഭാര്യയെ എട്ടാംനിലയില്‍നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി.
കര്‍വാചൗത്ത് ദിവസം ഗുരുഗ്രാമിനെ ഞെട്ടിച്ച ദീപിക ചൗഹാന്‍ വധക്കേസില്‍ പിടിയിലായപ്പോഴാണ് ഭര്‍ത്താവ് വിക്രം ചൗഹാന്‍ ഇക്കാര്യങ്ങള്‍ പോലീസിനോട് വെളിപ്പെടുത്തിയത്. കൊലപാതകം നടന്ന് രണ്ടാഴ്ച പിന്നിടുമ്പോള്‍ വിക്രമിന്റെ കാമുകിയും അയല്‍വാസിയുമായ ഷെഫാലി ബാസിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ നിര്‍ദേശപ്രകാരമാണ് വിക്രം ചൗഹാന്‍ തന്റെ രണ്ടുകുട്ടികളെ നൊന്തുപെറ്റ ദീപികയെ നിഷ്‌ക്കരുണം ഇല്ലാതാക്കിയത്.
ഗുരുഗ്രാമിലെ അന്‍സാല്‍ വാലിവ്യൂ സൊസൈറ്റിയില്‍ താമസിക്കാനെത്തിയതോടെയാണ് വിക്രമും ഷെഫാലിയും അടുപ്പത്തിലാകുന്നത്. സ്വകാര്യ കമ്പനിയിലെ സീനിയര്‍ എക്‌സിക്യൂട്ടിവായ വിക്രമും ബാങ്ക് ഉദ്യോഗസ്ഥയായ ദീപികയും ഷെഫാലിയുടെ ഫ്‌ളാറ്റ് വാങ്ങിയതോടെയാണ് പരസ്പരം പരിചയപ്പെടുന്നത്. അന്‍സാല്‍ വാലിവ്യൂ സൊസൈറ്റിയില്‍ രണ്ട് ഫ്‌ളാറ്റുകളുണ്ടായിരുന്ന ഷെഫാലി ബാസിന്‍ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം വിക്രമിന്റെ തൊട്ടടുത്ത് തന്നെയാണ് താമസിച്ചിരുന്നത്. ഇതിനിടെ വിക്രമും ഷെഫാലിയും തമ്മില്‍ കൂടുതല്‍ അടുക്കുകയും ഈ ബന്ധം പ്രണയമായി വളരുകയും ചെയ്തു.
സ്വതന്ത്ര എഴുത്തുകാരിയായിരുന്ന ഷെഫാലിയും വിക്രമും സൊസൈറ്റിക്ക് പുറത്തുവച്ച് പലതവണ കണ്ടുമുട്ടി. ഏറേസമയം ഇരുവരും ഒരുമിച്ച് ചിലവഴിച്ചു. കഴിഞ്ഞ ഏപ്രിലില്‍ ഷെഫാലിയും വിക്രമും രഹസ്യമായി ലഡാക്ക് ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തി. ഭാര്യയും ഭര്‍ത്താവുമെന്ന വ്യാജേനയാണ് ഇവര്‍ ഹോട്ടലുകളില്‍ തങ്ങിയത്. പരസ്പരം പ്രണയത്തിലായിരുന്നെങ്കിലും സൊസൈറ്റിയില്‍ ഇരുവരും നല്ല അയല്‍വാസികളായാണ് പെരുമാറിയത്. ഇവരുടെ കുടുംബങ്ങള്‍ വൈകുന്നേരങ്ങളില്‍ ഒത്തുകൂടുന്നതും കുട്ടികള്‍ ഒരുമിച്ച് കളിക്കുന്നതും ഫ്‌ളാറ്റിലെ പതിവ് കാഴ്ചയായിരുന്നു.
പങ്കാളിയില്‍നിന്ന് എല്ലാം ഒളിച്ചുവെച്ച് ബന്ധം തുടര്‍ന്നുപോകുന്നതിനിടെയാണ് ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ ദീപികയ്ക്ക് സംശയം തോന്നിതുടങ്ങിയത്. ഇതിനിടെ നിലവിലെ വിവാഹബന്ധം വേര്‍പ്പെടുത്താന്‍ ഷെഫാലിയും വിക്രമിനെ നിര്‍ബന്ധിച്ചിരുന്നു. ഭര്‍ത്താവുമായി വലിയ സ്വരചേര്‍ച്ചയിലല്ലാതിരുന്ന ഷെഫാലി ദാമ്പത്യബന്ധം വേര്‍പ്പെടുത്താനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി. എന്നാല്‍ വിക്രമിന് അതൊന്നും എളുപ്പമായിരുന്നില്ല. വിവാഹബന്ധം വേര്‍പ്പെടുത്തണമെന്ന് വിക്രം ഭാര്യയോട് നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും ദീപിക വഴങ്ങിയില്ല. നാലുവയസുള്ള മകളെയും അഞ്ച് മാസം പ്രായമുള്ള മകനെയും ഓര്‍ത്ത് എല്ലാം പരിഹരിച്ച് ഒരുമിച്ച് ജീവിക്കാമെന്നായിരുന്നു ദീപികയുടെ തീരുമാനം. ഇതിനായി വീട്ടുകാരെയും വിക്രമിന്റെ മാതാപിതാക്കളെയും ദീപിക സമീപിച്ചിരുന്നു. ഇതോടെ ദാമ്പത്യബന്ധം വേര്‍പ്പെടുത്താനുള്ള നീക്കം എളുപ്പമല്ലെന്ന് വിക്രമിന് ബോധ്യമായി. പക്ഷേ, കാമുകിയായ ഷെഫാലിക്ക് അപ്പോഴേക്കും ക്ഷമനശിച്ചിരുന്നു. എത്രയും പെട്ടെന്ന് ദീപികയെ ഒഴിവാക്കണമെന്നായിരുന്നു ഷെഫാലിയുടെ ആവശ്യം. വിവാഹബന്ധം വേര്‍പ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അവളെ ഇല്ലാതാക്കണമെന്നും ഷെഫാലി വിക്രമിനോട് പറഞ്ഞു.
ഷെഫാലിയുടെ ആ വാക്കുകളാണ് പിന്നീട് കൊലപാതകത്തിലേക്ക് നയിച്ചത്. കൃത്യം നടത്താനായി ഭാര്യ തനിക്കുവേണ്ടി വ്രതമനുഷ്ഠിച്ച ദിവസംതന്നെ തിരഞ്ഞെടുത്തു. എട്ടാംനിലയിലെ ഫ്‌ളാറ്റില്‍നിന്ന് ഭാര്യയെ തള്ളിയിട്ട് കൊലപ്പെടുത്താനായിരുന്നു പദ്ധതി. ഇങ്ങനെ കൃത്യം നടത്തിയാല്‍ ബാല്‍ക്കണിയില്‍നിന്ന് വീണ് മരിച്ചതാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താമെന്നും ഇയാള്‍ വിശ്വസിച്ചു. തുടര്‍ന്ന് ഒക്ടോബര്‍ 27ന് രാത്രി ഭാര്യയുമായി വഴക്കിട്ട് ബാല്‍ക്കണിയിലെത്തി. ഇവിടെവച്ച് ഭാര്യയെ താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ദീപികയുടെ മരണം കൊലപാതകമാണെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ഇതോടെ വിക്രം ചൗഹാന് കുരുക്കുമുറുക്കി. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. കൊലപാതകത്തിന് പ്രേരിപ്പിച്ചതിനും സഹായം നല്‍കിയതിനും കാമുകി ഷെഫാലിയും കഴിഞ്ഞദിവസം അറസ്റ്റിലായി. ദീപികയുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും നിരന്തരമായ പോരാട്ടമാണ് ദീപിക കൊലക്കേസിന്റെ ചുരുളഴിച്ചത്. ജസ്റ്റിസ് ഫോര്‍ ദീപികസിങ് ചൗഹാന്‍ എന്ന പേരില്‍ സോഷ്യല്‍മീഡിയ ക്യാമ്പയിനിങും ഇവര്‍ നടത്തിയിരുന്നു.
Content Highlights: story behind gurgram deepika singh chauhan murder case, husband vikram and lover shefali arrested