റിപ്പർ ജയാനന്ദൻ. Screengrab: Mathrubhumi News
കൊച്ചി: 2004-ലെ പോണേക്കര ഇരട്ടക്കൊലക്കേസില്‍ റിപ്പര്‍ ജയാനന്ദന് വിനയായത് ജയിലിലെ തുറന്നുപറച്ചില്‍. മറ്റുകേസുകളില്‍ ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നതിനിടെയാണ് കൊച്ചി പോണേക്കര ഇരട്ടക്കൊല കേസിനെക്കുറിച്ച് റിപ്പര്‍ ജയാനന്ദന്‍ സഹതടവുകാരനോട് മനസ്സുതുറന്നത്. ഇതോടെ വിവരം അന്വേഷണ ഉദ്യോഗസ്ഥരിലേക്കെത്തുകയും റിപ്പര്‍ ജയാനന്ദന്‍ കുടുങ്ങുകയുമായിരുന്നു.
2004 മെയ് 30-ാം തീയതിയാണ് പോണേക്കരയിലെ വീട്ടില്‍വെച്ച് 74-കാരിയും ഇവരുടെ ബന്ധുവായ 60-കാരനും അതിക്രൂരമായി കൊല്ലപ്പെട്ടത്. വയോധികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ബലാത്സംഗം ചെയ്തിരുന്നു. 60-കാരനെയും തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. വീട്ടില്‍നിന്ന് 44 പവന്റെ സ്വര്‍ണാഭരണങ്ങളും 15 ഗ്രാം വെള്ളിയും മോഷണംപോയതായും കണ്ടെത്തി.
കൊല്ലപ്പെട്ട രണ്ടുപേര്‍ക്കും മാരകമായി പരിക്കേറ്റിട്ടുണ്ടെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. 74-കാരിയുടെ തലയിലും മുഖത്തുമായി 12 മുറിവുകളുണ്ടായിരുന്നു. മൂക്ക് പൊട്ടിയനിലയിലായിരുന്നു. 60-കാരന്റെ തലയുടെ പിറകിലായി ഒമ്പത് മുറിവുകളും കണ്ടെത്തി. ഇരുവരുടെയും തലയ്‌ക്കേറ്റ മാരക മുറിവുകളാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കൊലപാതകത്തിന് ശേഷം 74-കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്നും കണ്ടെത്തി.
ആദ്യം ലോക്കല്‍ പോലീസ് അന്വേഷണം നടത്തിയ കേസില്‍ കാര്യമായ പുരോഗതിയില്ലാത്തതിനാല്‍ നാട്ടുകാരുടെ പ്രതിഷേധമുയര്‍ന്നു. ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ച് നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കിയതോടെ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. സമാനമായ കുറ്റകൃത്യങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ട റിപ്പര്‍ ജയാനന്ദനെ ക്രൈംബ്രാഞ്ച് സംഘം നേരത്തെ പലതവണ ചോദ്യംചെയ്തിരുന്നെങ്കിലും ഇയാള്‍ കുറ്റം സമ്മതിച്ചിരുന്നില്ല. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ജയാനന്ദന്‍ സഹതടവുകാരനോട് മനസ്സുതുറന്നതാണ് വഴിത്തിരിവായത്.

റിപ്പര്‍ ജയാനന്ദന്‍. ഫയല്‍ചിത്രം/മാതൃഭൂമി
തൃശ്ശൂരിലെ ഒരു കേസ് കോടതിയില്‍നിന്ന് വിട്ടുപോയതിന്റെ സന്തോഷത്തിലാണ് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍വെച്ച് ജയാനന്ദന്‍ മനസ്സുതുറന്നത്. അതീവ സുരക്ഷാസെല്ലില്‍ ജയാനന്ദനടക്കം മൂന്നുപേരാണുണ്ടായിരുന്നത്. തൃശ്ശൂരിലെ കോടതിയില്‍നിന്ന് കേസ് വിട്ടുപോയതിന്റെ സന്തോഷത്തില്‍ പോണേക്കരയിലെ കുറ്റകൃത്യത്തെക്കുറിച്ചും ജയാനന്ദന്‍ വെളിപ്പെടുത്തുകയായിരുന്നു. ഈ വിവരം അറിഞ്ഞതോടെ ഇയാള്‍ക്കെതിരേയുള്ള തെളിവുകള്‍ കണ്ടെത്താനായിരുന്നു അന്വേഷണസംഘത്തിന്റെ ശ്രമം.
സംഭവം നടന്ന ദിവസം രാത്രി കൊല്ലപ്പെട്ടവരുടെ അയല്‍വാസിയായ സ്ത്രീ റിപ്പര്‍ ജയാനന്ദനെ കണ്ടിരുന്നു. ഇതോടെ ക്രൈംബ്രാഞ്ച് സംഘം കോടതിയുടെ മേല്‍നോട്ടത്തില്‍ തിരിച്ചറിയല്‍ പരേഡ് നടത്തി. പരേഡില്‍ ഈ സ്ത്രീ റിപ്പര്‍ ജയാനന്ദനെ തിരിച്ചറിയുകയും ചെയ്തു. ഇതാണ് അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിലേക്ക് നയിച്ചത്. കേസില്‍ ഡി.എന്‍.എ. പ്രൊഫൈലിങ് അടക്കം നടത്തുന്നതിനുള്ള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്.
ആറ് സംഭവങ്ങളിലായി എട്ടുപേരെയാണ് റിപ്പര്‍ ജയാനന്ദന്‍ കൊലപ്പെടുത്തിയിട്ടുള്ളത്. 2003 മുതല്‍ 2006 വരെയുള്ള കാലയളവിലായിരുന്നു ഇതെല്ലാം. പുത്തന്‍വേലിക്കരയില്‍ ഒരു സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ റിപ്പര്‍ ജയാനന്ദന് വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ സുപ്രീംകോടതി പിന്നീട് വധശിക്ഷ റദ്ദാക്കുകയും മരണംവരെ തടവായി ശിക്ഷ കുറയ്ക്കുകയും ചെയ്തു. കോളിളക്കം സൃഷ്ടിച്ച മാള ഇരട്ടക്കൊലക്കേസിലും പെരിഞ്ഞനം ഇരട്ടക്കൊല കേസിലും ജയാനന്ദനായിരുന്നു പ്രതി. കൊലക്കേസുകള്‍ക്ക് പുറമേ നിരവധി കവര്‍ച്ചാക്കേസുകളും ഇയാളുടെ പേരിലുണ്ട്. ഇതില്‍ പല കേസുകളിലും ജയാനന്ദന്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
തടവ് അനുഭവിച്ചുവരുന്നതിനിടെ മൂന്ന് തവണയാണ് റിപ്പര്‍ ജയാനന്ദന്‍ ജയില്‍ചാടിയത്. 2007-ല്‍ വിയ്യൂര്‍ ജയിലില്‍നിന്നായിരുന്നു ആദ്യ ജയില്‍ചാട്ടം. പിന്നീട് 2010-ല്‍ കണ്ണൂരില്‍നിന്നും 2013-ല്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്നും ജയാനന്ദന്‍ ജയില്‍ചാടി. ഈ സംഭവങ്ങളിലെല്ലാം ഇയാളെ പിന്നീട് ശിക്ഷിച്ചു. നേരത്തെ ജയില്‍ചാട്ട ചരിത്രമുള്ളതിനാല്‍ അതീവസുരക്ഷയിലാണ് ജയാനന്ദനെ ജയിലില്‍ പാര്‍പ്പിച്ചുവരുന്നത്.
മോഷണത്തിനായി കൊലപാതകം, ലൈംഗികപീഡനവും...
റിപ്പര്‍ ജയാനന്ദന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയവരില്‍ മിക്കവരും വയോധികരായിരുന്നു. മോഷണത്തിനായി എന്തും ചെയ്യും എന്നതായിരുന്നു ജയാനന്ദന്റെ സ്വഭാവം. ഒരിക്കലും ആയുധങ്ങള്‍ കൈയില്‍ കൊണ്ടുനടന്നിരുന്നില്ല. വീട്ടില്‍നിന്നോ വീട്ടുപരിസരത്ത് നിന്നോ എടുക്കുന്ന കമ്പിപ്പാര, കമ്പിവടി, ചട്ടുകം തുടങ്ങിയവയൊക്കെയായിരുന്നു കൃത്യത്തിന് ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍. യാതൊരു തെളിവുകളും അവശേഷിപ്പിക്കാതെയായിരുന്നു കുറ്റകൃത്യങ്ങളെല്ലാം.

റിപ്പര്‍ ജയാനന്ദന്‍. ഫയല്‍ചിത്രം/മാതൃഭൂമി
കവര്‍ച്ചയ്ക്ക് കയറുന്ന വീട്ടില്‍ ആരെയങ്കിലും കണ്ടാലോ കവര്‍ച്ചയ്ക്ക് ശല്യമായി തോന്നിയാലോ അപ്പോള്‍ തന്നെ തീര്‍ക്കുന്നതായിരുന്നു രീതി. സ്ത്രീകളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ലൈംഗികമായി പീഡിപ്പിച്ച സംഭവങ്ങളുമുണ്ട്. ഒരു കേസില്‍ സ്വര്‍ണവള എടുക്കാനായി സ്ത്രീയുടെ കൈപ്പത്തി വെട്ടിമാറ്റുകയും ചെയ്തു.
രാത്രി പത്ത് മണിക്കും പുലര്‍ച്ചെ അഞ്ച് മണിക്കും ഇടയിലായിരുന്നു റിപ്പര്‍ ജയാനന്ദന്റെ ഓപ്പറേഷനുകളെല്ലാം. കൃത്യം നടത്തുന്നതിന് മുമ്പ് കൈകളില്‍ ഗ്ലൗസ് ധരിക്കുന്നത് പതിവായിരുന്നു. പോലീസ് നായ മണം പിടിക്കാതിരിക്കാന്‍ സ്ഥലത്ത് മഞ്ഞള്‍ പൊടി, മുളക് പൊടി തുടങ്ങിയവ വിതറുന്നതും മണ്ണെണ്ണ ഒഴിക്കുന്നതും റിപ്പറിന്റെ രീതിയായിരുന്നു.
Content Highlights: ripper jayanandan arrested in kochi edappally double murder case