പുനീതിന്റെ വിവാഹം കഴിഞ്ഞ് 8 മാസം, അച്ഛനെ വീരപ്പന്‍ തട്ടിക്കൊണ്ടുപോയി; ഒരിക്കലും സാക്ഷിപറയാതെ കുടുംബം


വീരപ്പനും രാജ്കുമാറും(ഇടത്ത്) രാജ്കുമാറും കുടുംബവും(വലത്ത്) ഫയൽചിത്രം

ന്നഡ സൂപ്പർ സ്റ്റാർ രാജ്കുമാറിനെ വീരപ്പന്‍ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ മകൻ പുനീത് രാജ്കുമാറും കുടുംബവും കടന്നുപോയത് ആശങ്കയും ദുഃഖവും നിറഞ്ഞ ദിവസങ്ങളിലൂടെ. അശ്വിനി രേവനാഥുമായുള്ള പുനിതീന്റെ വിവാഹം കഴിഞ്ഞ് എട്ട് മാസങ്ങള്‍ക്ക് ശേഷമായിരുന്നു രാജ്യത്തെയാകെ ഞെട്ടിച്ച രാജ്കുമാറിന്റെ തട്ടിക്കൊണ്ടുപോകല്‍. ജീവിതത്തില്‍ ഇനിയൊരിക്കലും പുനീതും കുടുംബവും ഓര്‍ക്കാനിഷ്ടപ്പെടാത്ത ദിവസങ്ങളായിരുന്നു പിന്നീട് കടന്നുപോയത്.

2000, ജൂലായ് 30-ാം തീയതിയാണ് നടന്‍ രാജ്കുമാര്‍, മരുമകന്‍ ഗോവിന്ദ് രാജ്, ബന്ധുവായ നാഗേഷ്, സഹസംവിധായകനായ നാഗപ്പ എന്നിവരെ വീരപ്പനും സംഘവും തട്ടിക്കൊണ്ടുപോയത്. തമിഴ്‌നാട്ടിലെ ഈറോഡ് ഗജനൂരില്‍നിന്നാണ് വീരപ്പനും സംഘവും രാജ്കുമാറിനെ ഉള്‍വനത്തിലേക്ക് കടത്തിക്കൊണ്ടുപോയത്. വിവരം പുറത്തറിഞ്ഞതോടെ രാജ്യത്തിന്റെ ശ്രദ്ധയൊന്നാകെ തമിഴ്‌നാട്ടിലേക്കായി. രാജ്കുമാറിന്റെ മോചനം നീണ്ടുപോയതോടെ സുപ്രീം കോടതി ഉള്‍പ്പെടെ വിഷയത്തില്‍ ഇടപെട്ടു. കരുണാനിധി സര്‍ക്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

വീരപ്പനില്‍നിന്ന് രാജ്കുമാറിന് നേരത്തെ ഭീഷണിയുണ്ടായിട്ടും ഗജനൂരിലെ വീടിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്താതിരുന്നത് തമിഴ്‌നാട് സര്‍ക്കാരിന്റെ വീഴ്ചയാണെന്നായിരുന്നു സുപ്രീം കോടതിയുടെ വിലയിരുത്തല്‍. ഒരിക്കലും മാപ്പ് നല്‍കാന്‍ കഴിയാത്ത വീഴ്ചയാണിതെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു.

1999-ല്‍ തന്നെ വീരപ്പനെ പിടികൂടാനായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. അന്നാണ് രാജ്കുമാറിനെ വീരപ്പന്‍ നോട്ടമിട്ടതായുള്ള ഇന്റലിജന്‍സ് വിവരങ്ങള്‍ പുറത്തുവന്നത്. ഇതിനുപിന്നാലെ 2000 ജൂലായില്‍ രാജ്കുമാറിനെ വീരപ്പനും സംഘവും നടനെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു. രാജ്കുമാറിനെ വീരപ്പന്‍ ലക്ഷ്യമിട്ടതായുള്ള കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടും തമിഴ്‌നാട് സര്‍ക്കാര്‍ ഒരുനടപടിയും സ്വീകരിച്ചില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് അന്ന് പറഞ്ഞത്.

രാജ്കുമാറിന്റെ മോചനം നീണ്ടതോടെ വലിയ രീതിയിലുള്ള വിവാദങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്. നടന്റെ ആരാധകര്‍ വന്‍ പ്രതിഷേധങ്ങളുമായി രംഗത്തെത്തി. ഇതോടെ പ്രത്യേക ദൂതന്മാര്‍ വഴി സര്‍ക്കാര്‍ വീരപ്പനുമായി ചര്‍ച്ചകള്‍ നടത്തി. നക്കീരന്‍ മാഗസിന്‍ എഡിറ്റര്‍ ആര്‍.ആര്‍. ഗോപാല്‍ ഉള്‍പ്പെടെയുള്ളവരാണ് രാജ്കുമാറിന്റെ മോചനത്തിനായുള്ള ചര്‍ച്ചകള്‍ക്ക് ഇടനിലക്കാരായത്. ഈ ചര്‍ച്ചകളൊന്നും ഫലം കണ്ടില്ല.

രാജ്കുമാറിന്റെ തടങ്കല്‍ജീവിതം ദിവസങ്ങള്‍ നീണ്ടുപോയതോടെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും നിരാശരായി. ഒടുവില്‍ തട്ടിക്കൊണ്ടുപോയി 108 ദിവസത്തിന് ശേഷമാണ് വീരപ്പന്‍ രാജ്കുമാറിനെ വിട്ടയച്ചത്. എന്നാല്‍ എങ്ങനെയാണ് നടന്റെ മോചനം സാധ്യമായതെന്ന കാര്യം ഇന്നും നിഗൂഢമായി തുടരുകയാണ്. കോടിക്കണക്കിന് രൂപ വീരപ്പന് മോചനദ്രവ്യമായി നല്‍കിയെന്ന് പിന്നീട് വെളിപ്പെടുത്തലുകളുണ്ടായെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗികമായി സ്ഥിരീകരണമില്ല. രാജ്കുമാറിന്റെ കുടുംബവും ഇതെല്ലാം നിഷേധിച്ചിരുന്നു.

രാജ്കുമാറിനെ വീരപ്പന്‍ മോചിപ്പിച്ചെങ്കിലും തട്ടിക്കൊണ്ടുപോയ കേസ് നിലനിന്നിരുന്നു. തമിഴ്‌നാട്ടിലെ കോടതിയില്‍ ഈ കേസിന്റെ വിചാരണ വര്‍ഷങ്ങളോളം നടക്കുകയും ചെയ്തു. എന്നാല്‍ രാജ്കുമാറിന്റെ കുടുംബത്തില്‍നിന്ന് ഒരാള്‍പോലും ഈ കേസില്‍ സാക്ഷി പറയാനായി കോടതിയില്‍ എത്തിയില്ല. രാജ്കുമാറിന്റെ കുടുംബത്തിന്റെ കൂട്ടായ തീരുമാനമായിരുന്നു അത്. ഒടുവില്‍ 2018 സെപ്റ്റംബറില്‍ രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒമ്പത് പ്രതികളെയും കോടതി വെറുതെ വിടുകയും ചെയ്തു.

രാജ്കുമാറിന്റെ കുടുംബം സാക്ഷിപറയാതിരുന്നതാണ് പ്രതികളെ വെറുതെ വിടാനിടയായ കാരണങ്ങളിലൊന്ന്. അതേസമയം, കേസിന്റെ വിചാരണയ്ക്കിടെ രാജ്കുമാറും വീരപ്പനും ഈ ലോകത്തുനിന്ന് വിടവാങ്ങിയിരുന്നു. 2004-ല്‍ പ്രത്യേക അന്വേഷണസംഘം വീരപ്പനെ ഏറ്റുമുട്ടലില്‍ വധിക്കുകയായിരരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 2006-ല്‍ രാജ്കുമാറും അന്തരിച്ചു.

Content Highlights: puneet rajkumar power star actor rajkumar abduction by veerappan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram