സെക്‌സ് റാക്കറ്റിലെ പ്രധാന കണ്ണിയായ ശബരീരാജനെ വാട്‌സാപ്പ് മുഖേനയാണ് പെണ്‍കുട്ടി പരിജയപ്പെടുന്നത്. ഇരുവരും ഒരേ കോളേജിലെ വിദ്യാര്‍ത്ഥികളായിരുന്നു. പെണ്‍കുട്ടിയുടെ സഹോദരനും ഇയാളെ പരിചയമുണ്ട്. ഈ ബന്ധം മുതലെടുത്ത് ശബരീരാജന്‍ പെണ്‍കുട്ടിയുമായി വാട്‌സാപ്പ് വഴി ബന്ധം സ്ഥാപിച്ചു. സൗഹൃദം ദൃഢമായതോടെ സംസാരിക്കണമെന്നും പൊള്ളാച്ചിയിലെ ബസ് സ്റ്റാന്റിലേക്ക് വരണം എന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ച് പെണ്‍കുട്ടി ഫെബ്രുവരി 12ന് ബസ് സ്റ്റാന്റിലെത്തി. ബസ് സ്റ്റാന്റിലെത്തിയ ശബരി രാജന്‍ അടുത്തുള്ള ഹോട്ടലില്‍ ഭക്ഷണം കഴിക്കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ കാറില്‍ കയറ്റി. ഇയാള്‍ പറഞ്ഞ ഹോട്ടലും കടന്ന് വണ്ടി മുന്നോട്ട് പോയ ശേഷമാണ് പെണ്‍കുട്ടിക്ക് അപകടം മണത്തത്. ഇതോടെ പെണ്‍കുട്ടി ബഹളം വെച്ചു.
അതേ കുറിച്ച് അവള്‍ പറഞ്ഞ വാക്കുകള്‍
കാറിനകത്ത് അവര്‍ നാലു പേര്‍ ഉണ്ടായിരുന്നു. ഞാന്‍ ബഹളം വെച്ചതോടെ അവര്‍ എന്നെ മര്‍ദ്ദിക്കാന്‍ തുടങ്ങി. ഇതിനിടെ അവര്‍ ഞാനിട്ടിരുന്ന വസ്ത്രങ്ങള്‍ വലിച്ചു കീറി. എന്റെ കഴുത്തിലെ സ്വര്‍ണമാലയും ഇതിനിടയില്‍ അവര്‍ കൈക്കലാക്കി. ഞാന്‍ ഉറക്കെ കരഞ്ഞപ്പോള്‍ കാറില്‍ നിന്ന് എന്നെ റോഡിലേക്ക് തള്ളിയിട്ടു.
സംഭവങ്ങള്‍ അവിടെയും തീര്‍ന്നില്ല. ഈ സംഭവത്തിന് ദിവസങ്ങള്‍ക്ക് ശേഷം ശബരീ രാജന്‍ പെണ്‍കുട്ടിയ്ക്ക് മെസേജ് അയയ്ക്കാന്‍ ആരംഭിച്ചു. കാറില്‍ വെച്ചുള്ള ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പരസ്യപ്പെടുത്തുമെന്നായിരുന്നു പരാതി. ഇതോടെ പെണ്‍കുട്ടി സംഭവം വീട്ടിലറയിച്ചു. പെണ്‍കുട്ടിയുടെ സഹോദരനും സുഹൃത്തുക്കളും ശബരീ രാജനെയും സംഘത്തെയും പിടികൂടി മര്‍ദ്ദിച്ചു. ഇവരില്‍ നിന്ന് പിടികൂടിയ മൊബൈലില്‍ നിരവധി പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്ന ദൃശ്യങ്ങളുണ്ടായിരുന്നു. കുറഞ്ഞത് 100 വീഡിയോകളെങ്കിലും ഈ ഫോണിലുണ്ടായിരുന്നുവെന്നാണ് സഹോദരന്റെ വെളിപ്പെടുത്തല്‍. ഇവര്‍ ഫോണ്‍ സഹിതം പൊള്ളാച്ചി പൊലീസില്‍ പരാതി നല്‍കി.
അതിനിടെ മാധ്യമങ്ങള്‍ ഈ സംഘം ചിത്രീകരിച്ചെന്ന് കരുതുന്ന ചില വീഡിയോകള്‍ പുറത്തുവിട്ടിരുന്നു. നഗ്നയായി സഹായത്തിന് നിലവിളിക്കുന്ന പെണ്‍കുട്ടി ചുറ്റും നിന്ന് ആര്‍ത്തു ചിരിയ്ക്കുന്ന പ്രതികള്‍. ഉള്ളുലയ്ക്കുന്നതാണ് പുറത്ത് വരുന്ന ഓരോ ദൃശ്യങ്ങളും. ഈ ദൃശ്യങ്ങളില്‍ പ്രതികളില്‍ എല്ലാവരുടെയും മുഖം വ്യക്തവുമാണ്.
നാല് പേരാണ് റാക്കറ്റ് സംഘത്തിന്റെ നെടും തൂണ്‍. ഇവരിലൂടെ നിരവധി പേര്‍ക്ക് സംഘവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളായിരുന്നു പീഡനത്തിന് ഇരയായവരില്‍ ഭൂരിഭാഗവും.
ശബരീരാജന്‍ പെണ്‍കുട്ടികളെ പറഞ്ഞ് പറ്റിച്ചോ, പ്രണയം നടിച്ചോ ആളൊഴിഞ്ഞ സ്ഥലത്തോ ഹോട്ടല്‍ മുറിയിലോ എത്തിക്കുകയാണ് പതിവ്. പീഡനം ചിത്രീകരിക്കാനുള്ള സംവിധാനം ഹോട്ടല്‍ ഉടമകളുടെ സഹായത്തോടെ നേരത്തെ തയ്യാറാക്കിവെക്കും. ശേഷം പെണ്‍കുട്ടികളെ ബലം പ്രയോഗിച്ച് പീഡിപ്പിക്കും. ഈ വീഡിയോകള്‍ ഉപയോഗപ്പെടുത്തി പെണ്‍കുട്ടികളെ ബ്ലാക്ക് മെയില്‍ ചെയ്ത് വീണ്ടും പീഡിപ്പിക്കുന്നതാണ് സംഘത്തിന്റെ ശൈലി.
പ്രതികൂട്ടില്‍ പോലീസും
പരാതിയുമായി പെണ്‍കുട്ടിയും സഹോദരനും എത്തിയതു മുതല്‍ പോലീസ് സ്വീകരിക്കുന്നത് മെല്ലപ്പോക്ക് നയമാണെന്ന് ആരോപണം ഉണ്ട്. വെറും നാലുപേരുടെ വീഡിയോ മാത്രമെ തങ്ങള്‍ക്കു ലഭിച്ചുള്ളുവെന്നും ഇവര്‍ മാത്രമെ പീഡനത്തിന് ഇരയായിട്ടുള്ളുവെന്നുമാണ് പോലീസിന്റെ വാദം. കേസില്‍ പ്രതികളുടെ എണ്ണം വെട്ടിച്ചുരുക്കാനും പോലീസ് ശ്രമിച്ചു.
അന്വേഷണം സിബിസിഐഡിക്ക്
പോലീസിനു നേരെ ആരോപണങ്ങള്‍ ശക്തമായതോടെയാണ് അന്വേഷണം സിബിസിഐഡിക്ക് വിടാന്‍ തീരുമാനിക്കുന്നത്.