നാല് മാസത്തിനുള്ളില്‍ ഒരു വീട്ടിലെ മൂന്നുപേരും ഒരേ രോഗലക്ഷണങ്ങളോടെ മരണപ്പെടുന്നു. പിന്നീട് പടന്നക്കരയിലെ വീട്ടില്‍ അവശേഷിച്ചത് സൗമ്യ മാത്രം. അപൂര്‍വരോഗമായിരിക്കും മൂന്നുപേരുടെയും മരണത്തിന് കാരണമെന്ന സംശയം പിന്നീട് കൊലപാതകത്തിലേക്ക് വിരല്‍ചൂണ്ടിയതോടെ പുറത്തുവന്നത് സൗമ്യയുടെ സൗമ്യതയില്ലാത്ത ക്രൂരത. സ്വന്തം മകളെയും മാതാപിതാക്കളെയും വിഷം നല്‍കി കൊലപ്പെടുത്തിയതാണെന്ന് സൗമ്യ പോലീസിനോട് സമ്മതിച്ചപ്പോള്‍, അമ്മയും മകളുമായ യുവതിക്ക് ഇങ്ങനെ ചെയ്യാനാകുമോ എന്നതായിരുന്നു ഏവരുടെയും സംശയം. പക്ഷേ, കാമുകനുമായി ഒരുമിച്ചു ജീവിക്കാനുള്ള ആഗ്രഹത്തിനുമുന്നില്‍ സ്വന്തം മകളും മാതാപിതാക്കളും തടസമാകുമെന്ന് കണ്ടപ്പോള്‍ ഇവരെ ഇല്ലാതാക്കാന്‍ തന്നെയായിരുന്നു സൗമ്യയുടെ തീരുമാനം. അതും ആര്‍ക്കും സംശയം തോന്നാത്തവിധത്തില്‍.
എലിവിഷത്തില്‍ ഉപയോഗിക്കുന്ന അലുമിനിയം ഫോസ്‌ഫൈഡാണ് സൗമ്യ മൂന്നുപേര്‍ക്കും ഭക്ഷണത്തില്‍ കലര്‍ത്തിക്കെുടുത്തത്. 2012 സെപ്റ്റംബറില്‍ സൗമ്യയുടെ ഇളയമകള്‍ കീര്‍ത്തന കടുത്ത ഛര്‍ദ്ദിയെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. പിന്നീട് ആറുവര്‍ഷങ്ങള്‍ക്ക് ശേഷം 2018 ജനുവരിയില്‍ മൂത്തമകള്‍ ഐശ്വര്യയെയും ഛര്‍ദ്ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സക്കിടെ മംഗളൂരുവിലെ ആശുപത്രിയില്‍ വച്ച് ഐശ്വര്യ മരണപ്പെട്ടു. ഇതിനുപിന്നാലെയാണ് സൗമ്യയുടെ അമ്മ കമലയെയും സമാനരോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. 2018 മാര്‍ച്ചിലായിരുന്നു ഇത്. മൂന്നുദിവസത്തിന് ശേഷം കമലയും മരണപ്പെട്ടു. രണ്ട് മരണങ്ങളുടെ ഞെട്ടലില്‍ നിന്ന് മോചിതരാകും മുമ്പേ 2018 ഏപ്രിലില്‍ സൗമ്യയുടെ പിതാവ് കുഞ്ഞിക്കണ്ണനും മരണപ്പെട്ടു. ഇതോടെയാണ് പിണറായിയിലെ ദുരൂഹമരണങ്ങള്‍ സംബന്ധിച്ച് നാട്ടുകാരില്‍ സംശയം ജനിച്ചത്.
എന്നാല്‍ നാട്ടുകാരുടെ സംശയങ്ങളെയെല്ലാം അപൂര്‍വരോഗമാണെന്ന പ്രചരണത്തിലേക്ക് തള്ളിവിടുകയാണ് സൗമ്യ ചെയ്തത്. വീട്ടിലെ കിണര്‍വെള്ളത്തില്‍ വിഷാംശം ഉണ്ടെന്നായിരുന്നു സൗമ്യയുടെ പ്രചരണം. പക്ഷേ, വിദഗ്ധസംഘത്തിന്റെ പരിശോധനയില്‍ കിണറിലെ വെള്ളത്തിന് പ്രശ്‌നമൊന്നും ഇല്ലെന്ന് കണ്ടെത്തി. ഇതോടെ തനിക്ക് ഛര്‍ദിയാണെന്നും, ശാരീരിക അസ്വാസ്ഥ്യം ഉണ്ടെന്നും പറഞ്ഞ് സൗമ്യയും ആശുപത്രിയില്‍ ചികിത്സതേടി. എന്നാല്‍ ഈസമയം പോലീസും ക്രൈംബ്രാഞ്ച് സംഘവും സൗമ്യയുടെ ഇതുവരെയുള്ള ജീവിതത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുകയായിരുന്നു.
സൗമ്യയുടെ വഴിവിട്ട ജീവിതവും ഒട്ടേറെ പുരുഷന്മാരുമായുള്ള ബന്ധവും പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. സൗമ്യയുടെ അഞ്ച് മൊബൈല്‍ ഫോണുകളില്‍ നിന്ന് ലഭിച്ചത് ഒട്ടേറെ വീഡിയോകളും ചിത്രങ്ങളും. ഇതോടെ സൗമ്യയുടെ കൈകള്‍ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് ഉറപ്പിച്ചു. തലശേരി റസ്റ്റ്ഹൗസില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ സൗമ്യയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. കാമുകനുമായി ജീവിക്കാന്‍ വേണ്ടി മൂവരെയും കൊലപ്പെടുത്തിയെന്നും, അലുമിനിയം ഫോസ്‌ഫൈഡ് ഭക്ഷണത്തില്‍ കലര്‍ത്തിയെന്നും കുറ്റസമ്മതം. തന്നെ കാമുകനോടൊപ്പം മുറിയില്‍ കണ്ടതാണ് ഐശ്വര്യയെ കൊല്ലാന്‍ കാരണമായതെന്നും, മാതാവും പിതാവും തന്റെ ജീവിതത്തിന് തടസമാകുമെന്നതിനാല്‍ അവരെ ഇല്ലാതാക്കിയെന്നുമായിരുന്നു സൗമ്യ പോലീസിനോട് പറഞ്ഞത്.
കമലയുടെ കൊലപാതകക്കേസിലാണ് സൗമ്യയ്‌ക്കെതിരെ പോലീസ് ആദ്യം കുറ്റപത്രം സമര്‍പ്പിച്ചത്. മറ്റുരണ്ട് കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് സൗമ്യയെ ഓഗസ്റ്റ് 24ന് കണ്ണൂര്‍ വനിതാ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ സെല്ലില്‍ നിന്നും പുറത്തിറങ്ങിയ സൗമ്യ, ജയില്‍വളപ്പിലെ കശുമാവില്‍ സാരി ഉപയോഗിച്ച് തൂങ്ങിമരിക്കുകയായിരുന്നു. സിനിമാക്കഥയെ വെല്ലുന്നരീതിയില്‍ കൊലപാതകം ആസൂത്രണം ചെയ്ത സൗമ്യ ജീവനൊടുക്കിയതോടെ, ഏറെ കോളിളക്കം സൃഷ്ടിച്ച പിണറായി കൂട്ടക്കൊലക്കേസിന്റെ തുടര്‍നടപടികളും അവസാനിക്കുകയാണ്.
Content Highlights: pinarayi murder case accused soumya commits suicide