കൊല്ലം ജില്ലയില്‍ കഴിഞ്ഞയാഴ്ച നടന്ന ഒരു സംഭവമാണ്. കുണ്ടറ കുഴിമതിക്കാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടി അതേ സ്‌കൂളിലെ പത്താം ക്ലാസുകാരിയുടെ അശ്ലീല ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചു. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കപ്പെട്ടതോടെ പെണ്‍കുട്ടി ജീവിതം മതിയാക്കാനും ശ്രമിച്ചു.
ജീവിതത്തിലേക്ക് തിരിച്ചുവന്ന പെണ്‍കുട്ടിക്ക് നീതി കിട്ടണമെന്ന ആവശ്യമായിരുന്നു ബന്ധുക്കള്‍ക്ക്. തങ്ങള്‍ക്ക് സംഭവത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നായി സ്‌കൂള്‍ അധികൃതര്‍. ഇന്റര്‍നെറ്റിലൂടെ എല്ലാം വിരല്‍ത്തുമ്പില്‍ ലഭിക്കുന്ന ഇക്കാലത്ത് പ്രായപൂര്‍ത്തിയാകാത്ത പത്താം ക്ലാസുകാരിയുടെ നഗ്നചിത്രങ്ങളാണ് ഇവിടെ പ്രചരിപ്പിച്ചിരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ എന്തു കൊണ്ട് ആവര്‍ത്തിക്കപ്പെടുന്നു? പെണ്‍കുട്ടിക്ക് നീതി കിട്ടണമെന്ന ആവശ്യവുമായി ബന്ധുക്കള്‍ പോലീസ് സ്‌റ്റേഷനും കോടതിയും കയറിയിറങ്ങുന്നു. തെറ്റ് ആരുടെ ഭാഗത്താണ്?
മനുഷ്യ ജീവിതത്തെ ഏറ്റവും ആയാസകരമാക്കാന്‍ ഇന്റര്‍നെറ്റിനു കഴിയുമ്പോഴും തെറ്റായ അറിവുകളും തെറ്റിദ്ധാരണകളും അശ്ലീലവുമൊക്കെ വിളമ്പാനുള്ള എളുപ്പവഴിയായി ചിലര്‍ ഇതിനെ ഉപയോഗിക്കാറുണ്ട്. ഏതൊരു ലഹരിയും പോലെ അശ്ലീല ചിത്രങ്ങളും ഇന്റര്‍നെറ്റിന്റെയും ഫേസ്ബുക്കിന്റെയും വാട്സ് ആപിന്റെയുമൊക്കെ അനിയന്ത്രിതമായ ഉപയോഗവും വിധേയത്വമുണ്ടാക്കാന്‍ പര്യാപ്തമാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പലപ്പോഴും സ്വയം നിയന്ത്രണത്തിനപ്പുറത്തേക്ക് പോവുന്ന ഇത്തരം പെരുമാറ്റങ്ങള്‍ വ്യക്തിയുടെ മാനസികാരോഗ്യത്തെ കാര്യമായി ബാധിക്കുന്നു. കുടുംബാന്തരീക്ഷം നല്ലതാണെങ്കില്‍ കുട്ടികള്‍ ഇത്തരം കെണികളില്‍ ചെന്നുചാടില്ലെന്ന് ഓര്‍മിപ്പിക്കുകയാണ് ഇവിടെ.
'പെണ്‍കുട്ടിക്ക് മാനസിക സംഘര്‍ഷമുണ്ടാക്കുന്ന രീതിയിലാണ് പോലീസുകാര്‍ സംസാരിച്ചത്. നീ ഇങ്ങനെ ചെയ്യാന്‍ പോയിട്ടല്ലേ എന്നാണ് പോലീസുകാര്‍ അവളോട് ചോദിച്ചത്. പെണ്‍കുട്ടിയുടെ ഫോട്ടോ അവന്റെ കൈയിലുണ്ടായിരുന്നു. ഒന്നില്‍ക്കൂടുതല്‍ തവണ അവന്‍ പെണ്‍കുട്ടിയെ ബ്ലാക്ക്‌മെയില്‍ ചെയ്തു. ഫോട്ടോ ഡിലീറ്റ് ചെയ്യാന്‍ പെണ്‍കുട്ടി ആവശ്യപ്പെട്ടു. അവന്‍ പറയുന്ന സ്ഥലത്ത് വന്നാല്‍ ഫോട്ടോ ഡിലീറ്റ് ചെയ്യാമെന്ന് പറഞ്ഞു. അവന്‍ പറഞ്ഞതു പ്രകാരം ചെന്ന കുട്ടിയെ സ്‌കൂളില്‍ വെച്ച് അവന്‍ പീഡിപ്പിച്ചു. എന്നിട്ടും ഫോട്ടോ ഡിലീറ്റ് ചെയ്യാതെ അവന്റെ സുഹൃത്തുക്കള്‍ക്കു കൂടി വഴങ്ങിക്കൊടുക്കാനാണ് അവന്‍ ആവശ്യപ്പെട്ടത്. വഴങ്ങിയില്ലെങ്കില്‍ ഫോട്ടോ ഇന്‍ര്‍നെറ്റില്‍ പരസ്യപ്പെടുത്തുമെന്ന് അവന്‍ പെണ്‍കുട്ടിയോട് പറഞ്ഞു. പെണ്‍കുട്ടിയില്‍ നിന്ന് അനുകൂല പെരുമാറ്റം ഇല്ലാതായപ്പോള്‍ പറഞ്ഞതുപോലെ തന്നെ പ്രവര്‍ത്തിച്ചു. നാട്ടുകാരും കുടുംബക്കാരുമെല്ലാം ഈ ദൃശ്യങ്ങള്‍ കണ്ടു. ഇത്രയും ക്രൂരമായ ചിന്താഗതിയുള്ള ഒരുത്തനെ 'കുറ്റാരോപിതനായ കുട്ടി' എന്ന് വിശേഷിപ്പിക്കാമോ?' പെണ്‍കുട്ടിയുടെ ബന്ധു ചോദിക്കുന്നു.
പെണ്‍കുട്ടിക്ക് നീതി കിട്ടണമെന്ന ആവശ്യമാണ് വീട്ടുകാര്‍ ഉന്നയിക്കുന്നത്. "കൊട്ടാരക്കരയിലുള്ള വനിതാ കമ്മീഷന്റെ ഓഫീസില്‍ ചെന്നപ്പോള്‍ പരാതി സ്വീകരിക്കാന്‍ തയ്യാറായില്ല. അവര്‍ ഞങ്ങളോട് സൈബര്‍ സെല്ലില്‍ ബന്ധപ്പെടാന്‍ പറഞ്ഞു. സൈബര്‍ സെല്ലില്‍ നിന്ന് പോലീസ് സ്‌റ്റേഷനില്‍ ബന്ധപ്പെടാന്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് പരാതി ഫാക്‌സ് വഴി അയച്ചുകൊടുത്തു. ചൈല്‍ഡ്‌ലൈനില്‍ ബന്ധപ്പെട്ടപ്പോള്‍ രണ്ടുപേര്‍ വീട്ടിലേക്കു വന്നു പെണ്‍കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കി. കൗണ്‍സലിങ്ങിന് ഹാജരാകാന്‍ പറഞ്ഞു. അതും ഞങ്ങള്‍ ചെയ്തു. സ്‌കൂളധികൃതരെ കണ്ടപ്പോള്‍ അവര്‍ക്ക് ഇതിനെപ്പറ്റി ഒന്നും പറയാനില്ല. നിങ്ങള്‍ നിയമത്തിന്റെ വഴിയില്‍ നീങ്ങണമെന്നാണ് അവര്‍ പറയുന്നത്. സ്‌കൂള്‍ അധികൃതരുടെ ഭാഗത്തും ഒരുപാട് വീഴ്ചകളുണ്ട്. ഹയര്‍ സെക്കണ്ടറിയില്‍ പഠിക്കുന്ന ഒരു കുട്ടി പത്താംക്ലാസുകാരിയെ പീഡിപ്പിക്കുന്നതെങ്ങനെയാണ്? അവന്‍ എങ്ങനെ സ്‌കൂളിലെത്തി? സ്‌കൂളിലെ സുരക്ഷാവീഴ്ചയെക്കുറിച്ച് അധികൃതര്‍ ഒന്നും പറയുന്നില്ല". പെണ്‍കുട്ടിയുടെ ബന്ധു വെളിപ്പെടുത്തുന്നു
പോലീസ് പറയുന്നത്
'പ്രതിയായ പയ്യനെ അറസ്റ്റ് ചെയ്ത് ജുവനൈല്‍ ജസ്റ്റിസ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ പടം ഇന്റനെറ്റില്‍ പ്രചരിപ്പിച്ചത് ജാമ്യമില്ലാ വകുപ്പാണ്. പീഡിപ്പിക്കപ്പെട്ട കാര്യം പെണ്‍കുട്ടി പോലീസ് സ്‌റ്റേഷനില്‍ തന്ന പരാതിയില്‍ ഇല്ലായിരുന്നു. കോടതിയില്‍ ഹാജരാക്കിയപ്പോളാണ് മൂന്ന് പ്രാവശ്യം പീഡിപ്പിക്കപ്പെട്ടതായി പറയുന്നത്.' പീഡനം നടന്നോ ഇല്ലയോ എന്ന കാര്യത്തില്‍ സംശയം പ്രകടിപ്പിക്കുകയാണ് പോലീസ്.
"കുടുംബത്തിലെ സാഹചര്യമാണ് കുട്ടികളെ വഴിതെറ്റിക്കുന്നത്. കൊല്ലം ജില്ലയിലെ മലയോര മേഖലകളില്‍ സംഭവിക്കുന്ന പീഡനക്കേസുകളില്‍ വെറും 10 % പീഡന വിവരങ്ങള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുള്ളു. 90 % കേസുകളും പുറത്ത് പറയാറില്ല. ഗ്രാജ്വേറ്റും പോസ്റ്റ് ഗ്രാജ്വേറ്റുമെല്ലാമുള്ള പോലീസുകാര്‍ പലപ്പോഴും പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികളോട് ദയയില്ലാതെ പെരുമാറാറുണ്ട്. പ്രതിക്ക് 18 വയസ് പൂര്‍ത്തിയാകാത്തതുകൊണ്ട് ഈ സംഭവത്തില്‍ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം മാത്രമേ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുകയുള്ളു."
കൊല്ലം ജില്ലയില്‍ പലയിടങ്ങളിലായി പ്രവര്‍ത്തിച്ച പോലീസ് ഉദ്യോഗസ്ഥനായ എം. കൃഷ്ണഭദ്രന്‍ തന്റെ അനുഭവത്തില്‍നിന്ന് പറയുന്നു.
മാനസികവും സാമൂഹികവുമായ കാരണങ്ങള്‍ ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലുണ്ടെന്നാണ് കണ്‍സള്‍ട്ടന്റ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ സുജിത് ബാബു പറയുന്നത്.
'പ്രതിയായ പയ്യന്റെ മാനസിക പ്രശ്‌നങ്ങള്‍ നമ്മള്‍ കണക്കിലെടുക്കണം. അതേസമയം ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ പുറംലോകം അറിയില്ലെന്നുള്ള ചിന്താഗതികൂടി ആണ്‍കുട്ടികള്‍ക്കുണ്ട്. ലൈംഗിക പീഡനത്തിനിരയായ വിവരം വെളിപ്പെടുത്താന്‍ പെണ്‍കുട്ടികള്‍ തയ്യാറാകില്ലെന്ന മുന്‍ധാരണയാണ് ഇതിനു പിന്നില്‍.
കണ്ടക്ട് ഡിസോര്‍ഡര്‍ എന്ന മറ്റൊരു പെരുമാറ്റ വൈകല്യം കൂടി ഇതിനു പിന്നിലുണ്ട്. ചെറുപ്പം മുതലേ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ സാധ്യതയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ടാകാം. ആരോടും സഹാനുഭൂതിയില്ലാതെ പെരുമാറുക, വൃദ്ധന്‍മാര്‍, പട്ടി, പൂച്ച എന്നിവയെ ഉപദ്രവിക്കുക എന്നിവ ചിലരുടെ സ്വഭാവമാണ്. ഇതുകൂടാതെ ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്ന കുട്ടികള്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള സാധ്യതയുണ്ട.
കൗമാരകാലത്ത് കുട്ടികളില്‍ ലൈംഗികകാര്യങ്ങളില്‍ തെറ്റിദ്ധാരണകള്‍ രൂപപ്പെടുന്നുണ്ട്. ആക്രമണത്തിലൂടെയുള്ള ലൈംഗിതകത സ്ത്രീകള്‍ ആസ്വദിക്കുന്നുവെന്ന തെറ്റിദ്ധാരണയും അവര്‍ക്കുണ്ട്. കൗമാരകാലം ആകാംക്ഷയുടെ കാലഘട്ടം കൂടിയാണ്. ലൈംഗികതയില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ മനസ് ആഗ്രഹിക്കുന്ന സമയമാണ് കൗമാരപ്രായം. യാഥാര്‍ഥ്യബോധത്തോടെയുള്ള അറിവ് ഇക്കാര്യത്തില്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഈ പ്രായത്തില്‍ തങ്ങളുടെ ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ മാറ്റങ്ങള്‍ കുട്ടികള്‍ തിരിച്ചറിയണം. കൂടുതല്‍ വൈകാരികമായി ചിന്തിക്കുമ്പോള്‍ കുട്ടികള്‍ ഇത്തരം കാര്യങ്ങളില്‍ ചെന്നുചാടും.
POCSO നിയമപ്രകാരമുള്ള സംരക്ഷണം തങ്ങള്‍ക്ക് കിട്ടുമെന്ന ബോധം പീഡനത്തിനിരയാക്കപ്പെട്ട കുട്ടികള്‍ക്കുണ്ടാകണം. നിയമസഹായം തേടാന്‍ അവര്‍ മുന്നോട്ട് വരണം. കുടുംബത്തില്‍ മോശമായ അനുഭവമുണ്ടായാല്‍ സ്വന്തം മാതാപിതാക്കളോട് പറയാനുള്ള സാഹചര്യമുണ്ടാകണം. എന്തും കുട്ടികള്‍ക്ക് വീട്ടില്‍ തുറന്നു പറയാന്‍ പറ്റുമെങ്കില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുകയില്ല.
പീഡനത്തിനിരയായ കുട്ടികളെ രക്ഷിതാക്കള്‍ മുന്‍വിധിയോടെ സമീപിക്കരുത്. കഴിവതും കുട്ടികളോട് സംസാരിക്കുക. അവരെക്കൊണ്ട് സംസാരിപ്പിക്കുക. കൗമാര കാലഘട്ടത്തിലെ ശാരീരിക-മാനസിക മാറ്റങ്ങളെക്കുറിച്ച് കുട്ടികള്‍ ബോധവാന്‍മാരായിരിക്കണം.
എന്താണ് സൗഹൃദം? പലപ്പോളും അതിരുവിടുന്ന സൗഹൃദമാണ് ഇത്തരം സംഭവങ്ങള്‍ സൃഷ്ടിക്കുന്നത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മിലുള്ള സൗഹൃദം ഏതറ്റം വരെ പോകാമെന്നുമുള്ള തിരിച്ചറിവ് കുട്ടികള്‍ക്കുണ്ടാകണമെന്നതാണ് ഏറ്റവും പ്രധാനം.
Content Higlights: Child abuse, Sexual Crime, POCSO Case, Child Rape, Girl, Boy, Suicide Attempt, Pornography, Internet, Police, Porn, Revenge, Kollam, Kundara, Psychology, Addict, Arrest, Juvenile