'അവന്റെ കണ്ണുകളില്‍ അനക്കം'; അമ്മ കെട്ടിത്തൂക്കിയ കുഞ്ഞിനെ രക്ഷിച്ചത് പോലീസുകാരന്റെ ഇടപെടല്‍


അഫീഫ് മുസ്തഫ

പ്രജോഷ് | Photo: Special Arrangement|Mathrubhumi

മ്മ കെട്ടിത്തൂക്കി കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ടരവയസ്സുകാരന് ജീവിന്‍ തിരിച്ചുകിട്ടിയത് പോലീസുകാരന്റെ സമയോചിതമായ ഇടപെടലിലൂടെ. പാലക്കാട് ചെര്‍പ്പുള്ളശ്ശേരി കുറ്റാനശ്ശേരി കാരയില്‍വീട്ടില്‍ ജ്യോതിഷ് കുമാറിന്റെ മകനാണ് മരണംമുന്നില്‍ക്കണ്ട നിമിഷങ്ങളില്‍നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. മുണ്ടൂര്‍ ഔട്ട്‌പോസ്റ്റില്‍ ജോലിചെയ്യുന്ന പോലീസുദ്യോഗസ്ഥനായ നാട്ടുകല്‍ പാലോട് സി.പ്രജോഷാണ് കുട്ടിയെ രക്ഷിച്ചത്. കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ട കുട്ടിയെ താഴെയിറക്കി കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കിയതോടെയാണ് അപകടനിലതരണം ചെയ്തത്. പ്രഥമശുശ്രൂഷയ്ക്ക് ശേഷം കുട്ടിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ഡിസംബര്‍ 13, തിങ്കളാഴ്ചയാണ് കുറ്റാനശ്ശേരിയില്‍ നാടിനെ നടുക്കിയ സംഭവമുണ്ടായത്. ജ്യോതിഷ്‌കുമാറിന്റെ ഭാര്യ ജയന്തി(24) രണ്ടര വയസ്സുള്ള മകനെ സാരിയില്‍ കെട്ടിത്തൂക്കിയ ശേഷം വീട്ടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു. സംഭവസമയം ജയന്തിയുടെ വീടിന്റെ തൊട്ടടുത്തുള്ള ഭാര്യവീട്ടിലായിരുന്നു പോലീസുദ്യോഗസ്ഥനായ പ്രജോഷ്. വിവരമറിഞ്ഞ് ഓടിയെത്തിയ പ്രജോഷ് വാതില്‍ ചവിട്ടിപ്പൊളിച്ച് വീടിനകത്ത് കയറിയപ്പോളാണ് ജയന്തിയെയും കുഞ്ഞിനെയും തൂങ്ങിയനിലയില്‍ കണ്ടത്. എന്നാല്‍ കുഞ്ഞിന് അനക്കമുണ്ടെന്ന് കണ്ടതോടെ കെട്ടഴിച്ച് താഴെയിറക്കുകയും കൃത്രിമശ്വാസം നല്‍കി അപകടനില ഒഴിവാക്കുകയുമായിരുന്നു. സര്‍വീസില്‍ കയറി ആറുവര്‍ഷമായിട്ടും ജീവിതത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവത്തിന് ദൃക്‌സാക്ഷിയാകുന്നതെന്നായിരുന്നു പ്രജോഷിന്റെ പ്രതികരണം. രണ്ടുദിവസം മുമ്പ് നടന്ന ആ സംഭവത്തെക്കുറിച്ച് പ്രജോഷ് മാതൃഭൂമി ഡോട്ട് കോമിനോട് പറയുന്നു...

അന്ന് കുഞ്ഞിന്റെ 28, ഭാര്യവീട്ടിലെ ചടങ്ങിനെത്തി...

നാട്ടുകല്‍ പാലോട് സ്വദേശിയായ പ്രജോഷ് കുഞ്ഞിന്റെ 28 ചടങ്ങില്‍ പങ്കെടുക്കാനായാണ് തിങ്കളാഴ്ച കുറ്റാനശ്ശേരിയിലെ ഭാര്യവീട്ടിലെത്തുന്നത്. പ്രജോഷിനൊപ്പം കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. ഭാര്യവീടിന്റെ തൊട്ടടുത്ത് താമസിക്കുന്ന ജയന്തിയും രണ്ടരവയസ്സുള്ള അവരുടെ മകനും അന്ന് നടന്ന ചടങ്ങില്‍ പങ്കെടുത്തതായും പ്രജോഷ് പറഞ്ഞു.

Read Also: രണ്ടര വയസ്സുകാരനെ കെട്ടിത്തൂക്കി അമ്മ തൂങ്ങിമരിച്ചു, മകനെ പോലീസുദ്യോഗസ്ഥന്‍ രക്ഷപ്പെടുത്തി..

'അവന്‍ അന്ന് മുറ്റത്തൊക്കെ ഓടിക്കളിക്കുന്നത് കണ്ടതാണ്. ഞങ്ങളുടെകൂടെയാണ് അവരും ഭക്ഷണം കഴിച്ചത്. ചടങ്ങ് കഴിഞ്ഞ് ഭാര്യവീട്ടില്‍നിന്ന് തിരിച്ചുവരാനിരിക്കെ എന്റെ മൂത്തമകള്‍ എന്നോടൊപ്പം വരണമെന്ന് വാശിപിടിച്ചു. അങ്ങനെ മൂന്നര വയസ്സുള്ള അവളെയും കൂട്ടി എന്റെ വീട്ടിലേക്ക് പോന്നു. വൈകിട്ട് മകളെ തിരികെ ഭാര്യവീട്ടില്‍ കൊണ്ടുവിടാനാണ് വീണ്ടും കുറ്റാനശ്ശേരിയിലേക്ക് പോയത്. അവിടെയെത്തി ചായ കുടിച്ച് വിശ്രമിക്കുന്നതിനിടെയാണ് ഈ സംഭവങ്ങളുണ്ടായത്'.

അടുത്തവീട്ടിലെ ജയന്തി വാതില്‍ തുറക്കുന്നില്ലെന്ന് ഭാര്യയുടെ അമ്മയാണ് എന്നോട് വന്നുപറഞ്ഞത്. കേട്ടപാടെ ഞാന്‍ അവിടേക്ക് പോയി. ഏകദേശം 200 മീറ്റര്‍ അപ്പുറത്താണ് ജയന്തിയുടെ വീട്. അവിടെ എത്തിയപ്പോള്‍ ജയന്തിയുടെ ഭര്‍തൃമാതാവ് വീടിന് ചുറ്റും നിലവിളിച്ച് കൊണ്ട് ഓടുന്നതാണ് കണ്ടത്. വീടിന്റെ വാതില്‍ അകത്തുനിന്ന് കുറ്റിയിട്ടനിലയിലായിരുന്നു. മുട്ടിവിളിച്ചിട്ടൊന്നും പ്രതികരണമുണ്ടായിരുന്നില്ല. അയല്‍ക്കാര്‍ ജയന്തിയുടെ മൊബൈല്‍ഫോണിലേക്ക് വിളിച്ചപ്പോള്‍ വീടിനകത്തുനിന്ന് ഫോണ്‍ റിങ് ചെയ്യുന്നത് കേട്ടു. ഇതിനിടെ ജയന്തിയുടെ ഭര്‍ത്താവ് ജ്യോതിഷും സ്ഥലത്തെത്തി.

Jayanthi

ജയന്തി

ഏറെനേരമായിട്ടും വാതില്‍ തുറക്കാതിരുന്നതോടെ എനിക്കെന്തോ പന്തികേട് തോന്നി. ഒന്നുകില്‍ വല്ല തലകറക്കവും വന്ന് വീണുകിടക്കുന്നുണ്ടാകാം, അല്ലെങ്കില്‍ മറ്റെന്തെങ്കിലും അത്യാഹിതം സംഭവിച്ചിട്ടുണ്ടാകുമെന്നും തോന്നി. തുടര്‍ന്ന് വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നു. ഉത്തരത്തില്‍ സാരിയില്‍ തൂങ്ങിനില്‍ക്കുന്ന ജയന്തിയെയും തൊട്ടടുത്ത് മറ്റൊരു സാരിയില്‍ തൂങ്ങിനില്‍ക്കുന്ന രണ്ടരവയസ്സുകാരനെയുമാണ് കണ്ടത്. യുവതിയെ കണ്ടപ്പോള്‍ തന്നെ മരിച്ചതായി തോന്നിയിരുന്നു. എന്നാല്‍ കുഞ്ഞിന്റെ കണ്ണ് അനങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടു. ജീവനുണ്ടെന്ന് തോന്നി. അതോടെ കെട്ടഴിച്ച് കുഞ്ഞിനെ താഴെയിറക്കി കിടത്തി. കൃത്രിമശ്വാസോച്ഛ്വാസം നല്‍കി. മുപ്പത് സെക്കന്റ് കഴിഞ്ഞ് വീണ്ടും കൃത്രിമശ്വാസം നല്‍കാമെന്ന് കരുതി ഇരിക്കുന്നതിനിടെ കുഞ്ഞ് കരയാന്‍ തുടങ്ങി. അതോടെ എല്ലാം ഓകെയാണെന്ന് മനസിലായി. വെള്ളം വേണോയെന്ന് ചോദിച്ചപ്പോള്‍ വേണമെന്ന് പറയുകയും വെള്ളം വാങ്ങികുടിക്കുകയും ചെയ്തു. ഉടന്‍തന്നെ വാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.'

നിലവില്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് രണ്ടരവയസ്സുകാരന്‍. അപകടനില തരണം ചെയ്ത കുട്ടിയെ ഇപ്പോള്‍ മുറിയിലേക്ക് മാറ്റിയെന്നും അവനുമായി വീഡിയോകോളില്‍ സംസാരിച്ചെന്നും പ്രജോഷ് പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram