
Photo: www.facebook.com|monson.mavunkal
മോൺസൻ മാവുങ്കല്‍ എന്ന ചേര്ത്തലക്കാരന് പുരാവസ്തുക്കളുടെ പേരില്‍ നടത്തിയ തട്ടിപ്പിന്റെ കഥകള്‍ കേട്ട് അമ്പരന്നിരിക്കുകയാണ് മലയാളികള്‍. യേശുവിനെ ഒറ്റുക്കൊടുത്ത വെള്ളിക്കാശും പ്രവാചകന് മുഹമ്മദ് നബി കൈകൊണ്ട് നിര്‍മിച്ചെന്ന് പറയുന്ന വിളക്കും കൃഷ്ണൻ വെണ്ണ കഴിച്ച കുടവും തന്റെ കൈവശമുണ്ടെന്നാണ് മോൺസൻ മാവുങ്കല്‍ അവകാശപ്പെട്ടിരുന്നത്. ഇത്തരത്തിലുള്ള ഒട്ടേറെ പുരാവസ്തുക്കളുടെ പേരില്‍ കോടിക്കണക്കിന് രൂപയാണ് ഇയാള്‍ പലരില്‍നിന്നും തട്ടിയത്. പുരാവസ്തു വിറ്റ വകയില്‍ കോടിക്കണക്കിന് രൂപ വിദേശത്തുനിന്ന് വരാനുണ്ടെന്നും ഇത് ഫെമ (ഫോറിന് എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്) പ്രകാരം തടഞ്ഞുവെച്ചിരിക്കുകയാണെന്നുമാണ് ഇടപാടുകാരോട് പറഞ്ഞിരുന്നത്. ഈ പണം ലഭിക്കുന്നതിന് പിഴ അടക്കണമെന്നും അതിനുവേണ്ടി പണം നല്‍കണമെന്നും പറഞ്ഞു. വിശ്വസിപ്പിക്കാനായി വ്യാജമായി നിര്‍മിച്ച ബാങ്ക് രേഖകളും കാണിച്ചുനല്‍കി. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും സിനിമാതാരങ്ങള്‍ക്കും ഒപ്പമെടുത്ത ചിത്രങ്ങളും തട്ടിപ്പിന് ഉപയോഗിച്ചു. ഇതെല്ലാം വിശ്വസിച്ചവര്‍ക്ക് കോടികള്‍ നഷ്ടപ്പെടുകയും ചെയ്തു.
ചേര്‍ത്തലയിലെ സാധാരണ കുടുംബത്തില്‍ ജനിച്ച മോൺസൻ സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം പോളി ഡിപ്ലോമ നേടിയെന്നാണ് വിവരം. വൈദികപഠനത്തിനായി സെമിനാരിയില്‍ ചേര്‍ന്നെങ്കിലും ഒരുവര്‍ഷത്തിനുള്ളില്‍ പഠനം ഉപേക്ഷിച്ചു. പിന്നീട് ഇടവക പള്ളിയില്‍ കപ്യാരായി. ഇതിനിടെയായിരുന്നു വിവാഹം. വിവാഹത്തിനുശേഷം ഇടുക്കിയിലേക്ക് പോയതോടെയാണ് മോൺസന്റെ ജീവിതം അടിമുടി മാറുന്നത്. ഇടുക്കിയിലെ രാജകുമാരിയില്‍ നിന്നായിരുന്നു തട്ടിപ്പിന്റെ തുടക്കം. സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ തുടങ്ങിയവ തമിഴ്നാട് അതിര്‍ത്തിയിലെത്തിച്ച് വില്പന നടത്തുന്ന ജോലിയായിരുന്നു ആദ്യം. ഇതിന്റെപേരില്‍ ഒട്ടേറെപ്പേരെ സാമ്പത്തികത്തട്ടിപ്പിനിരയാക്കി. പിന്നീട് ചേര്‍ത്തലയില്‍ മടങ്ങിയെത്തി. ഇതിനിടെ മോൺസൻ അടിമുടി മാറിയിരുന്നു. ഡോക്ടറായും പുരാവസ്തു ബിസിനസുകാരനുമായാണ് നാട്ടുകാര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. പല പ്രമുഖരുമായി അടുപ്പംസ്ഥാപിച്ച് ഇവരോടൊപ്പം ചിത്രങ്ങള്‍ പകര്‍ത്തി അത് തട്ടിപ്പിന് ഉപയോഗിക്കുകയും ചെയ്തു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ചലച്ചിത്ര പ്രവര്‍ത്തകരും രാഷ്ട്രീയനേതാക്കളുമെല്ലാം മോൺസന്റെ വലയില്വീഴുകയും ചെയ്തു.
മോൺസന്റെ അറസ്റ്റിന് പിന്നാലെ ഇയാളുടെ പഴയ വീഡിയോകളും ചിത്രങ്ങളുമെല്ലാം സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സിനിമാ നടന് ബാലയ്ക്കൊപ്പമുള്ള അഭിമുഖവും ചില യൂട്യൂബര്‍മാര്‍ നടത്തിയ അഭിമുഖങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. തന്റെ പുരാവസ്തുശേഖരത്തിന്റെ മഹിമയെക്കുറിച്ച് വിനയത്തോടെ സംസാരിക്കുന്ന മോൺസനാണ് ഈ വീഡിയോകളിലുള്ളത്.
പ്രവാചകന് മുഹമ്മദ് നബി കൈ കൊണ്ട് മണ്ണ് കുഴച്ചുണ്ടാക്കിയ വിളക്ക് തന്റെ കൈവശമുണ്ടെന്നാണ് ഒരു വീഡിയോയില്‍ മോൺസൻ അവകാശപ്പെടുന്നത്. ഒലീവ് ഓയില്‍ ഒഴിച്ച് കത്തിക്കുന്ന വിളക്ക് പ്രവാചകന് സ്വന്തമായി ഉണ്ടാക്കിയതാണെന്നാണ് അവകാശവാദം. ഈ വിളക്ക് മക്ക-മദീനയില്‍നിന്ന് വന്നതാണെന്നും പ്രവാചകന് ഉപയോഗിച്ചതാണെന്നും പറയുന്നു. വിളക്ക് കത്തിച്ചാല്‍ മണിക്കൂറുകളോളം കത്തിനില്ക്കുമെന്നും എന്നാല്‍ ഇതിനെ വിശുദ്ധവസ്തുവായി കാണരുതെന്നും മോൺസൻ അഭ്യര്‍ഥിക്കുന്നുണ്ട്. ഈ വിളക്ക് തന്റെ കൈയിലെത്തിയിട്ട് 30 വര്‍ഷമായെന്നും മോൺസൻ പറയുന്നു. ഔറംഗസീബിന്റെ മോതിരം, മോതിരത്തിനുള്ളില്‍ എഴുതിയ ഖുര്‍ആന്‍ തുടങ്ങിയവയും മോന്‍സണിന്റെ ശേഖരത്തിലുണ്ടെന്നും വീഡിയോയിലുണ്ട്.
അതിനിടെ, മോൺസന്റെ അറസ്റ്റിന് പിന്നാലെ ഇയാളുടെ തട്ടിപ്പുരീതികള്‍ സാമൂഹികമാധ്യമങ്ങളിലും വലിയ ചര്‍ച്ചയായിട്ടുണ്ട്. മോന്‍സണിന്റെ പുരാവസ്തു ശേഖരത്തെ പരിഹസിച്ചുള്ള നിരവധി ട്രോളുകളാണ് പല സാമൂഹികമാധ്യമ ഗ്രൂപ്പുകളിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പലതരത്തിലുള്ള തട്ടിപ്പിനും തലവെയ്ക്കുന്ന മലയാളികളെ ഒരേസമയം ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന ട്രോളുകളാണിത്.
തങ്കപ്പനാശാരിയുടെ സിംഹാസനം...

മുന്‍ ഡി.ജി.പി. ലോക്നാഥ് ബെഹ്റ മോൺസന്റെ വീട്ടിലെ സിംഹാസനത്തില്‍ ഇരിക്കുന്ന ചിത്രം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. വാളേന്തി നില്ക്കുന്ന എ.ഡി.ജി.പി. മനോജ് എബ്രഹാം ഈ ചിത്രത്തിലുണ്ടായിരുന്നു. ഇത് ട്രോളന്മാര് ശരിക്കും ആഘോഷിച്ചു. ടിപ്പുവിന്റെ സിംഹാസനമാണെന്നും കരുതി താനിരിക്കുന്ന കസേരയില്‍ ഇരിക്കുന്ന ലോക്നാഥ് ബെഹറയെ കണ്ട് ചിരിക്കുന്ന തങ്കപ്പനാശാരി എന്ന പേരിലാണ് ചില ട്രോളുകള്‍. എ.ഡി.ജി.പി.യുടെ കൈയിലുള്ളത് ആശാരിയുടെ വീട്ടിലെ മീന്‍വെട്ടുന്ന കത്തിയാണെന്നും ട്രോളന്മാര് പറയുന്നു.






മോന്സണ് സര്, എത്ര കുലീനതയുള്ള മനുഷ്യന്
മോന്‍സണിന്റെ നുണക്കഥകളെല്ലാം വിശ്വസിച്ച് അദ്ദേഹത്തിന്റെ സ്വീകരണമേറ്റുവാങ്ങിയ പോലീസുകാരെയും രാഷ്ട്രീയക്കാരെയും ഉന്നംവെച്ചുള്ള ട്രോളുകള്‍ക്കും പഞ്ഞമില്ല.



ലുട്ടാപ്പിയുടെ കുന്തം മാത്രം മോൺസൻ കൊണ്ടുപോയില്ല...
മോന്‍സണിന്റെ കൈയില്‍ പുഷ്പകവിമാനത്തിന്റെ കഷണവും മായാവിയുടെ മാന്ത്രികവടിയുമെല്ലാം ഉണ്ടെന്നാണ് ട്രോളുകളില്‍ പറയുന്നത്. ഭാഗ്യത്തിന് തന്റെ കുന്തം മാത്രം മോന്സണ് കൊണ്ടുപോയില്ലെന്ന് ആശ്വസിക്കുന്ന ലുട്ടാപ്പിയെയും ട്രോളുകളില്‍ കാണാം.

