
പുരാവസ്തുവായി അവകാശപ്പെടുന്ന രാജസിംഹാസനത്തിൽ മോൻസൺ മാവുങ്കൽ, മോൻസൺ മാവുങ്കലിന്റെ കലൂരിലെ വീട്ടിലെ ആഡംബര കാറുകൾ
കൊച്ചി: യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്ത മുപ്പത് വെള്ളിക്കാശില്‍ രണ്ടെണ്ണം കൈയിലുണ്ട്. കൂടെ മോശയുടെ അംശവടി, യേശുദേവന്റെ തിരുവസ്ത്രത്തിന്റെ അംശം, ടിപ്പു സുല്‍ത്താന്റെ സിംഹാസനം, മൈസൂര്‍ കൊട്ടാരത്തിന്റെ ആധാരം, രവിവര്‍മയുടെയും ഡാവിഞ്ചിയുടെയും ഒപ്പോടുകൂടിയ അവര്‍ വരച്ച യഥാര്‍ഥ ചിത്രങ്ങള്‍... മോണ്സണ് മാവുങ്കലിന്റെ കൈവശമുള്ള വസ്തുക്കളുടെ പട്ടിക വളരെ വലുതാണ്.
എന്നാല്‍, ഇവയില്‍ സത്യം എന്തെങ്കിലുമുണ്ടോ എന്ന് സൂക്ഷ്മാന്വേഷണത്തിലൂടെ കണ്ടെത്തേണ്ടിവരും. പിടിച്ചെടുത്ത പല വസ്തുക്കളും തിരുവനന്തപുരത്തെ ആശാരിയാണ് നിര്‍മിച്ചു നല്‍കിയതാണെന്ന് ക്രൈംബ്രാഞ്ച് എസ്.പി. എം.ജെ. സോജന് പറഞ്ഞു. മോണ്‍സന്റെ വെബ്സൈറ്റില്‍ ആളെക്കുറിച്ചും പുരാവസ്തുക്കളെക്കുറിച്ചുമൊക്കെ വിശദമായി പറയുന്നുണ്ട്. കോസ്മോസ് ഗ്രൂപ്പ്, കലിംഗ ഫൗണ്ടേഷന് എന്നീ പേരുകളിലുള്ള സ്ഥാപനങ്ങളുടേതായിട്ടാണ് വെബ്സൈറ്റ്. വിപുലമായ ഗാലറിയില്‍ പുരാവസ്തുക്കളുടേതുള്പ്പെടെ ഒട്ടേറെ ചിത്രങ്ങളും.
തെലുങ്ക് സിനിമയിലെ അഭിനേതാവാണെന്നും പറയുന്നുണ്ട്. സിനിമാ രംഗങ്ങളുടേതുപോലുള്ള നിരവധി ചിത്രങ്ങളുമുണ്ട്. യൂട്യൂബ് ചാനലിലൂടെയും ചില മാധ്യമങ്ങളിലൂടെയും മോണ്സന് വിവരങ്ങളെല്ലാം ജനങ്ങളിലേക്ക് എത്തിച്ചിട്ടുമുണ്ട്. അപൂര്‍വമായ പുരാവസ്തുക്കള്‍ തേടിയിറങ്ങുന്ന പലരും ആദ്യം എത്തുന്നത് മോണ്‍സന്റെ വീട്ടിലാണ്. പലതും കാണിച്ച് ഇവരെ വീഴ്ത്തും.
നൂറോളം രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ലേലംചെയ്തെടുത്ത പുരാതന വസ്തുക്കളാണിവയെന്നാണ് മോന്സണ് അവകാശപ്പെട്ടിരുന്നത്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍ ഇയാള്‍ക്കെതിരേ ഒരു പരാതിയും എത്തിയിട്ടില്ല. വസ്തുക്കള്‍ക്ക് മൂല്യവും പഴക്കവും ഇയാള്‍ സ്വയമേ ഇടുകയായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. പുരാവസ്തുക്കളെന്ന് അവകാശപ്പെടുന്നവ മോഷണം പോകാതിരിക്കാന്‍ വിദേശനായ്ക്കളെയും വളര്‍ത്തിയിരുന്നു. ലക്ഷങ്ങള്‍ വിലവരുന്ന നായ്ക്കള്‍ എന്നായിരുന്നു ഇയാള്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍, അത്രയും വിലയൊന്നും ഈ നായ്ക്കള്‍ക്ക് ഇല്ലെന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നത്. കൂടെ മ്യൂസിയത്തിന്റെ കാവലിന് കറുത്തവസ്ത്രം ധരിച്ച അംഗരക്ഷകരും.
കൊച്ചി കലൂരിലെ വീട് മ്യൂസിയമാക്കി മാറ്റിയിരിക്കുകയാണ്. ഇവിടെ കയറിച്ചെല്ലുന്നവരെ കാത്തിരിക്കുന്നത് ചുമര്‍ച്ചിത്രങ്ങളുടെ ശേഖരമാണ്. കവാടത്തില്‍ ബൈബിളിന്റെയും ഭഗവദ്ഗീതയുടെയും ഖുറാന്റെയും ചിത്രങ്ങള്‍. മ്യൂസിയത്തിനകത്ത് അത്യാധുനിക ആഡംബര കാറായ പോര്‍ഷെ മുതല്‍ 30-ഓളം കാറുകള്‍. ലോകത്തിന്റെ പല ഇടങ്ങളില്‍ നിന്നുള്ളതെന്ന് അവകാശപ്പെടുന്ന വിവിധ മതങ്ങളുടെ പുണ്യഗ്രന്ഥങ്ങള്‍ മോന്സണ് മാവുങ്കലിന്റെ മ്യൂസിയത്തിലുണ്ട്. ചെറിയ മോതിരത്തിനുള്ളില്‍ സൂക്ഷിച്ചിരിക്കുന്ന ഖുറാന് മുതല്‍ ഒരു മുറിയുടെ വലുപ്പമുള്ള ഖുറാന് വരെ ഇവിടെയുണ്ട്.
സ്വര്‍ണത്തിലും പഞ്ചലോഹത്തിലും പച്ചമരുന്നിലയിലെല്ലാം ആലേഖനം ചെയ്ത പുണ്യഗ്രന്ഥങ്ങള്‍. രാജ്യത്തെ ആദ്യ ടെലിഫോണും ഫാനും മൈസൂര്‍ രാജാവില്‍നിന്ന് സമ്മാനമായി ലഭിച്ച പുരാതന ക്ലോക്കും പക്കലുണ്ടെന്നും അവകാശപ്പെട്ടിരുന്നു. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഇരുമ്പ് സീല്‍, 4500 വര്‍ഷം പഴക്കമുള്ള കല്ലില്‍ തീര്‍ത്ത ദാരുശില്പം, ശ്രീനാരായണ ഗുരുവിന്റെ ഊന്നുവടി, 650 കിലോ പഞ്ചലോഹം കൊണ്ടുണ്ടാക്കിയ ലോകത്തിലെ ഏറ്റവും വലിയ നന്ദി ശില്പം, തിരുവിതാംകൂര്‍ രാജാവിന്റെ ഇരിപ്പിടം, 30 കോടി രൂപ വിലവരുന്ന വാച്ച് എന്നിങ്ങനെ എണ്ണിയാല്‍ തീരാത്ത വ്യാജവസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചായിരുന്നു ആളുകളെ പറ്റിച്ചിരുന്നത്.
മോന്‍സണൊപ്പം അത്യുന്നതരും
പോലീസിലെ നിരവധി ഉന്നതോദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികളിലെ ഉന്നത നേതാക്കള്‍ക്കും സിനിമാ താരങ്ങള്‍ക്കുമെല്ലാം മോന്‍സണുമായി വളരെ അടുത്ത ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. അതിസമ്പന്നരുമുണ്ട് സൗഹൃദപ്പട്ടികയില്‍. ഹോളിസ്റ്റിക് മെഡിസിനില്‍ ഡോക്ടറേറ്റുണ്ട് എന്നും ഇയാള്‍ പ്രചരിപ്പിച്ചിരുന്നു. ഒട്ടേറെ മൊബൈല്‍ നമ്പറുകള്‍ ഉപയോഗിക്കുമായിരുന്നു. മോന്സണ് മാവുങ്കിലിന്റെ വീടിനകത്ത് പലയിടത്തും ക്യാമറകളുണ്ട്. വീടിനകത്ത് കയറിയാല്‍ അംഗരക്ഷകരെയും നായ്ക്കളെയും മറികടന്ന് പുറത്തിറങ്ങാന്‍ എളുപ്പമല്ല. സമൂഹത്തില്‍ വളരെ ഉന്നതസ്ഥാനത്തുള്ള പലര്‍ക്കുമൊപ്പം മോന്സണ് അടുപ്പത്തോടെ നില്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം പുറത്തുവന്നിട്ടുണ്ട്. മോന്‍സന്റെ തട്ടിപ്പില്‍ വീണ് പണം നഷ്ടമായിട്ടും പലരും പരാതിനല്കാന് തയ്യാറായിരുന്നില്ല. കണക്കില്‍പ്പെടാത്ത പണമാണ് നല്‍കിയിരുന്നത് എന്നതിനാലാണ് പരാതിപ്പെടാന്‍ മടിച്ചിരുന്നതെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.
ചേര്‍ത്തലയില്‍ സ്വന്തം നാട്ടിലെ പള്ളിയില്‍ പെരുന്നാളിന് മെഗാ ഷോ നടത്തിയിരുന്നു. ചലച്ചിത്ര താരങ്ങളുടെ നൃത്തവും ഗാനമേളയുമൊക്കെ ഉണ്ടായിരുന്നു അന്ന്. ചേര്‍ത്തലയില്‍ 'കോസ്മോസ് ഗ്രൂപ്പ്' എന്ന പേരില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന സ്ഥാപനമാണ് മോന്സണ് ആദ്യം നടത്തിയിരുന്നത്. ഇതില്‍ നിന്ന് പുരാവസ്തു വില്‍പ്പനയിലേക്ക് മാറിയതെങ്ങനെ എന്ന് നാട്ടുകാര്‍ക്ക് അറിയില്ല. പ്രവാസി മലയാളികള്‍ വാഗമണില്‍ കഴിഞ്ഞമാസം നടത്തിയ പരിപാടിയില്‍ മോന്‍സണെ ക്ഷണിച്ചിരുന്നു. ഈ പരിപാടിക്ക് 50 ലക്ഷം രൂപ സംഭാവന നല്‍കിയത് പ്രവാസികളെത്തന്നെ ഞെട്ടിച്ചിരുന്നു.
ഒപ്പംനിന്ന് കുരുങ്ങി പോലീസ്
മോന്സണ് പോലീസിലെ പല ഉന്നതര്‍ക്കുമൊപ്പം നില്ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഡി.ജി.പി. ആയിരുന്ന ലോക്നാഥ് ബെഹ്റ, എ.ഡി.ജി.പി മനോജ് എബ്രഹാം എന്നിവരുള്ള ചിത്രവും ഇക്കൂട്ടത്തിലുണ്ട്. മോന്‍സന്റെ പക്കലുള്ള പുരാവസ്തുക്കള്‍ കാണാന്‍ ഇവരെ എത്തിച്ചതാണെന്ന് കരുതുന്നു. ഇവര്‍ക്ക് മോന്‍സണുമായി ബന്ധമൊന്നുമില്ലെങ്കില്‍ പോലും ഈ ചിത്രങ്ങള്‍ തന്റെ സ്വാധീനം വ്യക്തമാക്കാന്‍ മോന്സണ് ഉപയോഗിച്ചിട്ടുണ്ടാവാമെന്നത് അന്വേഷണത്തില്‍ പോലീസിനുതന്നെ കുരുക്കായേക്കും.കൊച്ചി പോലീസ് കമ്മിഷണറായിരുന്ന ഒരു ഉദ്യോഗസ്ഥന് മോന്‍സണുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഉന്നത ഉദ്യോഗസ്ഥരുമായി തട്ടിപ്പുകാരന് പരിചയമുള്ളതിനാലാണ് പരാതികള്‍ എല്ലാം ഒതുക്കിയതെന്നാണ് പരാതിക്കാരുടെ ആക്ഷേപം. സിറ്റി പോലീസിലെ ചില ഉദ്യോഗസ്ഥരുടെ പേരിലും പരാതിക്കാര്‍ മാധ്യമങ്ങളിലൂടെ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. പരാതികള്‍ ഒതുക്കിയത് ഐ.ജി. റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു. ഐ.ജി.യുമായി മികച്ച ബന്ധമായിരുന്നു മോന്സണ് ഉണ്ടായിരുന്നത്. ഐ.ജി. നേരിട്ട് ഇടപെടുന്നതിനാല്‍ തന്നെ എഫ്.ഐ.ആര്. ഇടാന്‍ താഴെയുള്ള ഉദ്യോഗസ്ഥരെല്ലാം മടിക്കുകയും ചെയ്തു. പോലീസ് അന്വേഷണം നടക്കില്ലെന്നായതോടെ കേസ് ക്രൈംബ്രാഞ്ചിന് നേരിട്ട് കൈമാറുകയായിരുന്നു. പോലീസിലെതന്നെ ചില ഉദ്യോഗസ്ഥരും മോന്‍സണിന്റെ തട്ടിപ്പിനിരയായതാണ് വിവരം.
പോലീസ് അനങ്ങിയില്ല, ഒടുവില്‍ ക്രൈംബ്രാഞ്ച്
ആലപ്പുഴയില്‍ മോന്സണ് മാവുങ്കലിനെതിരേ പലവട്ടം പലരും പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിരുന്നില്ല. പോലീസിലെ ചില ഉന്നതരുടെ ഇടപെടലായിരുന്നു കാരണം. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെ അടിയന്തരമായി നടപടിയെടുക്കാന്‍ പോലീസ് മേധാവി ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കുകയായിരുന്നു.
സെന്‍ട്രല്‍ ഇന്റലിജന്‍സ് അന്വേഷണം
മോന്സണ് മാവുങ്കലിന്റെ പുരാവസ്തുശേഖരത്തെ കുറിച്ച് ഒരു വൈദികന് പത്രത്തില്‍ ലേഖനം എഴുതിയിരുന്നു. വാര്‍ത്ത വന്നതിനു പിന്നാലെ സെന്‍ട്രല്‍ ഇന്റലിജന്‍സ് വൈദികനില്‍ നിന്ന് വിവരം തേടുകയും ചെയ്തു.
Content Highlights: monson mavunkal arrested for looting money