തൃശൂരിലെ 'നിധി' ഉടമ മുങ്ങി; മോണ്‍സണുമായി അടുത്ത ബന്ധം, പുരാവസ്തു വില്‍പനയില്‍ ഇടനിലക്കാരന്‍


മോൺസൻ മാവുങ്കൽ| Photo: facebook.com|DrMonsonMavunkal

തൃശ്ശൂര്‍: മോണ്‍സണ്‍ മാവുങ്കലിന്റെ വ്യാജ പുരാവസ്തുക്കള്‍ വിദേശത്ത് കച്ചവടം നടത്താന്‍ കൂട്ടുനിന്ന തൃശ്ശൂരിലെ ധനകാര്യസ്ഥാപന ഉടമ സ്ഥലംവിട്ടു. കേസില്‍ ഇയാളെ ചോദ്യംചെയ്യാനിരിക്കെയാണിത്. മോണ്‍സണ് തട്ടിപ്പിലൂടെ കിട്ടിയ പണത്തിന്റെ ഒരുഭാഗം ഇയാള്‍ക്കും ലഭിച്ചിട്ടുണ്ടെന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിഗമനം. മോണ്‍സണ്‍ മാവുങ്കലുമായി അടുത്തബന്ധമുള്ള ഇയാള്‍ക്ക് നടത്തറയില്‍ തൃശ്ശൂര്‍ റോഡില്‍ 'നിധി' എന്ന ധനകാര്യസ്ഥാപനമുണ്ട്. ഇത് ഉദ്ഘാടനം നിര്‍വഹിച്ചത് മോണ്‍സണായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

നോട്ടുനിരോധനക്കാലത്ത് നിരോധിച്ച നോട്ട് മാറ്റുന്നതിനിടെ ഇയാളെ ആലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തതാണ്. സുപ്രീംകോടതി ജഡ്ജി ചമഞ്ഞ് തൃശ്ശൂരില്‍ തട്ടിപ്പുനടത്തുകയും പിന്നീട് വ്യാജ ഇറീഡിയം വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലാവുകയും ചെയ്ത ബാലകൃഷ്ണമേനോന്റെ കൂട്ടാളിയായിരുന്നു ഇയാളെന്ന സൂചനയുമുണ്ട്. ഇയാളുമായി ചേര്‍ന്നാണ് മോണ്‍സണ്‍ പുതിയ ഇരകളെ കണ്ടെത്തിയതെന്നാണ് സംശയം.

പുരാവസ്തുക്കള്‍ എന്ന പേരില്‍ മോണ്‍സണ്‍ മാവുങ്കല്‍ വിറ്റിരുന്ന വസ്തുക്കള്‍ വിദേശത്ത് വില്‍ക്കാനുള്ള ചുമതലയും ഇയാള്‍ക്കായിരുന്നു. രണ്ടുദിവസംമുന്‍പ് മൂകാംബികയിലേക്കെന്നു പറഞ്ഞ് പോയതാണെന്നും എന്നു വരുമെന്ന് അറിയില്ലെന്നുമാണ് സ്ഥാപനത്തിലെ ജീവനക്കാര്‍ പറഞ്ഞത്. രഹസ്യാന്വേഷണവിഭാഗം ഇയാളുടെ വീടും സ്ഥാപനങ്ങളും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

പോലീസ് ബന്ധങ്ങളില്‍ ഇന്റലിജന്‍സ് പരിശോധന

മോന്‍സണ്‍ മാവുങ്കലിന്റെ പോലീസ് ബന്ധങ്ങളില്‍ ഇന്റലിജന്‍സ് വിഭാഗം പരിശോധന ആരംഭിച്ചു. മോണ്‍സന്റെ സൗഹൃദവലയത്തില്‍ ഉയര്‍ന്ന പോലീസുദ്യോഗസ്ഥര്‍ ഉള്‍?െപ്പടെയുള്ളവര്‍ എങ്ങനെയെത്തിയെന്ന അന്വേഷണമാണ് നടത്തുന്നത്. മോന്‍സണെക്കുറിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിട്ടും ഇയാള്‍ പോലീസ് ആസ്ഥാനത്തെത്തിയതിലും പുതിയ പോലീസ് മേധാവിയെ സന്ദര്‍ശിച്ചതിലും ദുരൂഹത കാണുന്നുണ്ട്. എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ജോലി ചെയ്തിരുന്ന ഏതാനും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും അന്വേഷിക്കും.

ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെക്കൂടി ഉള്‍പ്പെടുത്താനും ആലോചനയുണ്ട്. ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണമുണ്ടാകുമെന്നാണ് കരുതുന്നത്. ഉന്നതതല അന്വേഷണം സംബന്ധിച്ച് അടുത്തദിവസങ്ങളില്‍ സര്‍ക്കാര്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. പോലീസ് മേധാവി അനില്‍കാന്ത് ബുധനാഴ്ച പുരാവസ്തു കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുതിര്‍ന്ന പോലീസുദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. പ്രവാസി ബന്ധമുള്ള സ്ത്രീ കൊച്ചിയില്‍ രണ്ടുവര്‍ഷംമുമ്പ് നടന്ന പോലീസിന്റെ സൈബര്‍ സുരക്ഷാ ശില്പശാലയില്‍ പങ്കെടുത്തത് എങ്ങനെയെന്നും പരിശോധിക്കുന്നുണ്ട്.

മോന്‍സണ്‍ 70 ലക്ഷം കബളിപ്പിച്ചെന്ന് ശില്പി

തിരുവനന്തപുരം: ശില്പങ്ങള്‍ വാങ്ങിയശേഷം മോണ്‍സണ്‍ പണം നല്‍കാതെ കബളിപ്പിച്ചെന്ന ശില്പിയുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്തു. കോവളത്ത് കരകൗശലനിര്‍മാണശാല നടത്തിയിരുന്ന തിരുവനന്തപുരം സ്വദേശി സുരേഷാണ് പരാതി നല്‍കിയത്. 70 ലക്ഷം രൂപ കിട്ടാനുണ്ടെന്ന് സുരേഷ് പറയുന്നു. 2018-ലാണ് ശില്പങ്ങള്‍ ആവശ്യപ്പെട്ട് മോണ്‍സണ്‍ സമീപിച്ചത്. ഫോണില്‍ വിളിച്ച് പരിചയപ്പെട്ടശേഷം ശില്പങ്ങളുടെ ചിത്രങ്ങള്‍ ആവശ്യപ്പെട്ടു. മോണ്‍സന്റെ ജോലിക്കാരാണ് ശില്പങ്ങള്‍ കൊണ്ടുപോകാനെത്തിയത്. വില കുറഞ്ഞ വൈറ്റ്വുഡ്ഡില്‍ നിര്‍മിച്ച എട്ടു ശില്പങ്ങളാണ് നല്‍കിയത്.

ഏഴുലക്ഷം രൂപ പ്രതിഫലമായി നല്‍കി. ബാക്കി തുകയ്ക്കുവേണ്ടി പലതവണ മോണ്‍സണെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ശില്പങ്ങള്‍ ഉപയോഗിച്ച് മോണ്‍സണ്‍ കബളിപ്പിച്ച കാര്യം അറിയില്ലെന്ന് സുരേഷ് പറഞ്ഞു. പുതിയ ശില്പങ്ങളാണ് നല്‍കിയത്. ഇതില്‍ മോണ്‍സണ്‍ നിറം മാറ്റിയതായി കണ്ടിരുന്നു. ശില്പങ്ങള്‍ കൈമാറിയശേഷം അത്തരം കാര്യങ്ങളില്‍ ഇടപെടാറില്ലെന്ന് സുരേഷ് പറഞ്ഞു. ബുധനാഴ്ച ക്രൈംബ്രാഞ്ച് തിരുവനന്തപുരം ഓഫീസില്‍ വിളിച്ചുവരുത്തി ശില്പിയുടെ മൊഴിയെടുത്തിരുന്നു.

Content Highlights: Monson Mavunkal and Kerala fake antique scam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram