ഹാര്‍ഡ് ഡിസ്‌ക് മറന്ന് സൈജുവിന് പിന്നാലെ പോലീസ്; നമ്പര്‍ 18-ല്‍ മിണ്ടാട്ടമില്ല, ഉന്നതരെ രക്ഷിക്കാനോ?


അൻസി കബീറും അഞ്ജന ഷാജനും

കൊച്ചി: മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ നിര്‍ണായകമായ ഹാര്‍ഡ് ഡിസ്‌കിലെ അന്വേഷണം നിലച്ചു. അപകടത്തില്‍ ഫോര്‍ട്ട്കൊച്ചി നമ്പര്‍ 18 ഹോട്ടലില്‍ നടന്ന സംഭവങ്ങളുടെ പങ്ക് സംബന്ധിച്ച കേസ് നിലനില്‍ക്കണമെങ്കില്‍ സി.സി.ടി.വി. ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌കിലെ തെളിവുകള്‍ ലഭിക്കണം. എന്നാല്‍, ഇത് കിട്ടില്ലെന്നുറപ്പിച്ച പോലെയാണ് അന്വേഷണം.

അപകടമരണ ദിവസം നിരവധി ഉന്നതര്‍ നമ്പര്‍ 18 ഹോട്ടലില്‍ വന്നതായിട്ടാണ് വിവരം. എന്നാല്‍, ഇക്കാര്യം അന്വേഷിക്കാന്‍ ആദ്യം മുതലേ പോലീസിന് താത്പര്യമില്ലായിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥന് പങ്കുണ്ടെന്ന് രൂക്ഷ വിമര്‍ശനം വന്നതോടെയാണ് ഹോട്ടലിലെ സി.സി.ടി.വി. ദൃശ്യങ്ങളടങ്ങുന്ന ഹാര്‍ഡ് ഡിസ്‌കിനായി ദിവസങ്ങള്‍ക്കു ശേഷം പരിശോധന പോലും തുടങ്ങിയത്. ഇപ്പോള്‍ അന്വേഷണം മോഡലുകളുടെ കാറിനെ പിന്തുടര്‍ന്ന സൈജു തങ്കച്ചനില്‍ കേന്ദ്രീകരിച്ചു മാത്രമാണ്. ഹോട്ടലും ഹോട്ടലുടമയും മറ്റ് ഉന്നതരും ഒഴിവായിക്കഴിഞ്ഞു. സൈജു നടത്തിയ ലഹരി പാര്‍ട്ടികളെ കുറിച്ചും ഇയാളുടെ ഇടപാടുകളെ കുറിച്ചുമുള്ള അന്വേഷണത്തിലേക്ക് നീങ്ങിയതോടെ നമ്പര്‍ 18 ഹോട്ടലിലെ സംഭവങ്ങളെ സംബന്ധിച്ചുള്ള അന്വേഷണം ഏതാണ്ട് അവസാനിച്ചു.

ഹോട്ടലുടമ റോയി വയലാട്ടിനെയും ജീവനക്കാരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, ഹാര്‍ഡ് ഡിസ്‌ക് കായലില്‍ എറിഞ്ഞെന്ന ഇവരുടെ മൊഴി പോലീസ് വിശ്വാസത്തിലെടുക്കുകയും മൂന്നു ദിവസം തിരച്ചില്‍ നടത്തി ഒന്നും കിട്ടിയില്ല എന്ന് രേഖപ്പെടുത്തി ആ വിഷയം അവസാനിപ്പിക്കുകയും ചെയ്തു. ഇതിനിടെ ഹാര്‍ഡ് ഡിസ്‌ക് ഉപേക്ഷിച്ചത് കായലില്‍ തന്നെയാണെന്നും ഇത് ഒഴുക്കില്‍പ്പെട്ടു പോയെന്നും തെളിയിക്കും വിധം ഒരു കഥയും പോലീസ് പുറത്തുവിട്ടു.

മത്സ്യത്തൊഴിലാളിക്ക് ഹാര്‍ഡ് ഡിസ്‌ക് വലയില്‍ കുരുങ്ങി കിട്ടിയെന്നും ഇത് ഇവിടെത്തന്നെ ഉപേക്ഷിച്ചുവെന്നുമായിരുന്നു ഈ കഥ. ഹാര്‍ഡ് ഡിസ്‌ക് പിന്നീടുള്ള തിരച്ചിലില്‍ കിട്ടാതെയായതോടെ ഇത് നഷ്ടമായി എന്ന നിഗമനത്തില്‍ പരിശോധന അവസാനിപ്പിച്ച് പോലീസ് മടങ്ങി. ഇതോടെ ഹാര്‍ഡ് ഡിസ്‌കിലെ ഉന്നതര്‍ സുരക്ഷിതരായി. ഹാര്‍ഡ് ഡിസ്‌ക് മറ്റെവിടെയെങ്കിലും ഒളിപ്പിച്ചുവോ എന്ന തലത്തില്‍ പോലും അന്വേഷണം നടക്കുന്നില്ല.

സൈജുവിന്റെ സാന്നിധ്യമുള്ള മറ്റ് ഹോട്ടലുകളിലെയും റിസോര്‍ട്ടുകളിലെയും ഫ്‌ലാറ്റുകളിലെയും എല്ലാം പാര്‍ട്ടികളില്‍ പങ്കെടുത്തവരെക്കുറിച്ച് പോലീസ് പേര് സഹിതം കസ്റ്റഡി അപേക്ഷയില്‍ വിവരിക്കുന്നുണ്ട്.

മാത്രമല്ല നമ്പര്‍ 18 ഹോട്ടലില്‍ മുമ്പ് നടന്ന പാര്‍ട്ടിയില്‍ ആരെല്ലാം പങ്കെടുത്തു എന്നുമുണ്ട്. എന്നാല്‍, അപകടം നടന്ന ഒക്ടോബര്‍ 31-ന് രാത്രി നമ്പര്‍ 18 ഹോട്ടലില്‍ സംഭവിച്ചതിനെ കുറിച്ച് സൈജു, റോയി വയലാട്ട് എന്നിവര്‍ക്ക് അപ്പുറത്തേക്ക് മറ്റൊരാളിലേക്കും അന്വേഷണം നടക്കുന്നില്ല.

സൈജു തങ്കച്ചനെതിരേ തട്ടിപ്പ് കേസ്

കൊച്ചി: പ്രതി സൈജു തങ്കച്ചന്‍ 18.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലും പ്രതി. ഹീര കണ്‍സ്ട്രക്ഷന്‍ കമ്പനിയെ വഞ്ചിച്ച് പണം തട്ടിയതായാണ് കേസ്. ഇന്റീരിയര്‍ ഡിസൈനറായ സൈജു, ഹീര കണ്‍സ്ട്രക്ഷന്റെ രണ്ട് അപ്പാര്‍ട്ട്മെന്റിലേക്ക് ഇന്റീരിയര്‍ വസ്തുക്കള്‍ വാങ്ങി നല്‍കാമെന്നു പറഞ്ഞാണ് പണം തട്ടിയത്. 2016-ലാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം കവടിയാറില്‍ പണിയുന്ന അപ്പാര്‍ട്ട്മെന്റ് നിര്‍മാണത്തിന്റെ കാര്യം പറഞ്ഞാണ് പണം വാങ്ങിയത്. ഇന്റീരിയര്‍ വസ്തുക്കള്‍ തന്റെ വര്‍ക്ഷോപ്പില്‍ നിര്‍മിക്കുന്നതിന്റെ ചിത്രവും ഇയാള്‍ വിശ്വാസ്യത നേടിയെടുക്കാന്‍ അയച്ചു നല്‍കി. ഇതോടെ സൈജുവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചു നല്‍കുകയായിരുന്നു.

പറഞ്ഞ തീയതി കഴിഞ്ഞും സാധനങ്ങള്‍ കൈമാറാതെ വന്നതോടെ തിരുവനന്തപുരം മ്യൂസിയം പോലീസില്‍ ഹീര കണ്‍സ്ട്രക്ഷന്‍സ് പരാതി നല്‍കുകയായിരുന്നു.

അന്വേഷണത്തില്‍ വര്‍ക്ഷോപ്പില്‍ നിന്നെന്നു പറഞ്ഞ് അയച്ചു നല്‍കിയ ചിത്രങ്ങള്‍ വ്യാജമാണെന്ന് കണ്ടെത്തി. കാക്കനാട്ടെ അപ്പാര്‍ട്ട്മെന്റുകളിലേക്ക് ഇന്റീരിയര്‍ വസ്തുക്കള്‍ വാങ്ങി നല്‍കാമെന്നു പറഞ്ഞ് ഇയാള്‍ പലരെയും വഞ്ചിച്ചിട്ടുള്ളതായും വിവരം ലഭിച്ചിട്ടുണ്ട്.

മോഡലുകളെ തടഞ്ഞതിന് കേസുകള്‍

കൊച്ചി: മോഡലിങ്, ഇവന്റ് മാനേജ്‌മെന്റ് രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളെ തെറ്റിദ്ധരിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി ഹോട്ടല്‍ മുറികളില്‍ തടഞ്ഞുെവച്ച കുറ്റത്തിന് എറണാകുളത്ത് ആറു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു.

സിനിമ, സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളെ മാഫിയ സംഘങ്ങള്‍ ബ്ലാക്ക് മെയില്‍ ചെയ്ത് നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന് പരാതിയുണ്ടായിരുന്നു.

ഇതില്‍ കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് സംസ്ഥാന പോലീസ് മേധാവിയില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. തൃക്കാക്കര പോലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. പൊതുപ്രവര്‍ത്തകനായ അഡ്വ. ദേവദാസാണ് പരാതി നല്‍കിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram