എനിക്കൊരു കുഞ്ഞുണ്ട്, മെറിന്റെ അവസാനവാക്കുകള്‍; കുത്തിവീഴ്ത്തി, ഹംപിന് മുകളിലൂടെന്ന പോലെ കാറോടിച്ച് കയറ്റി


2 min read
Read later
Print
Share

-

ന്യൂയോർക്ക്: ഫ്ളോറിഡ കോറൽ സ്പ്രിങ്സിലെ ബ്രോവാഡ് ഹെൽത്ത് സെന്ററിൽ മെറിന്റെ അവസാന ദിവസമായിരുന്നു തിങ്കളാഴ്ച. ഫ്ളോറിഡയിൽനിന്ന് മാറിതാമസിക്കാൻ തീരുമാനിച്ച മെറിൻ ജോയ് നേരത്തെ തന്നെ ജോലിയിൽനിന്ന് പിരിയാനുള്ള നോട്ടീസ് നൽകിയിരുന്നു. പുതിയ നഗരത്തിൽ പുതിയൊരു ജീവിതം തുടങ്ങാനുള്ള എല്ലാ തയ്യാറെടപ്പുകളും പൂർത്തിയാക്കി. പക്ഷേ, ചൊവ്വാഴ്ച രാവിലെ ഡ്യൂട്ടി കഴിഞ്ഞ് പുറത്തിറങ്ങിയ മെറിൻ എന്നെന്നേക്കുമായി യാത്ര പറഞ്ഞു. 26-കാരിയായ ആ മാലാഖയെ കുത്തിവീഴ്ത്തി കാറിടിപ്പിച്ച് കൊലപ്പെടുത്തിയതാകട്ടെ ഭർത്താവും.

നഴ്സായ മെറിനും ഭർത്താവ് ഫിലിപ്പിനുമിടയിൽ ഏറെനാളായി ദാമ്പത്യപ്രശ്നങ്ങളുണ്ടെന്നാണ് റിപ്പോർട്ട്. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം.

രാവിലെ ആശുപത്രിയിൽനിന്ന് പുറത്തിറങ്ങിയ മെറിനെ 34-കാരനായ ഫിലിപ്പ് മാത്യു കത്തി കൊണ്ട് കുത്തിവീഴ്ത്തുകയായിരുന്നു. ഒട്ടേറെ തവണ കുത്തേറ്റ മെറിൻ പിടഞ്ഞുവീണു. എന്നിട്ടും ക്രൂരത മതിയാക്കാതെ ഫിലിപ്പ് മെറിന്റെ ശരീരത്തിന് മുകളിലൂടെ കാർ ഓടിച്ചുകയറ്റി. പിന്നാലെ ഇയാൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു.

മെറിന്റെ വേർപാടിൽ ഹൃദയം തകരുന്ന വേദനയുണ്ടെന്നായിരുന്നു ബ്രോവാർഡ് ആശുപത്രിയുടെ പ്രതികരണം. 'അവർ ഞങ്ങളുടെ കുടുംബാംഗമായിരുന്നു. ഈ നിമിഷം ഞങ്ങളുടെ വികാരങ്ങളെ വിവരിക്കാൻ വാക്കുകളില്ല. അവരുടെ കുടുംബത്തിന്റെ തീരാവേദനയിൽ പങ്കുചേരുന്നു'- ആശുപത്രി പുറത്തിറക്കിയ അനുശോചന കുറിപ്പിലെ വാക്കുകളാണിത്.

കഴിഞ്ഞ രണ്ട് വർഷമായി ബ്രോവാർഡ് ആശുപത്രിയിലാണ് മെറിൻ ജോലി ചെയ്യുന്നത്. ഭർത്താവുമായുള്ള പ്രശ്നങ്ങളെ തുടർന്നാണ് മെറിൻ കോറൽ സ്പ്രിങ്സിൽനിന്ന് താംപയിലേക്ക് താമസം മാറാൻ തീരുമാനിച്ചതെന്നായിരുന്നു സുഹൃത്തുക്കളുടെ പ്രതികരണം.

'ആശുപത്രിയിലെ നാലാംനിലയിൽ കോവിഡ് രോഗികളുടെ വാർഡിലായിരുന്നു അവൾ ജോലിചെയ്തിരുന്നത്. ഒരു ഹംപിന് മുകളിലൂടെ കയറ്റുന്നത് പോലെയാണ് ഫിലിപ്പ് മെറിന്റെ ദേഹത്ത് കൂടെ കാർ ഓടിച്ചുകയറ്റിയത്. ചോരയിൽ കുളിച്ചുകിടന്ന അവളുടെ അടുത്തേക്ക് ഞങ്ങൾ സഹപ്രവർത്തകർ ഓടിയെത്തി. എനിക്കൊരു കുഞ്ഞുണ്ടെന്ന് മാത്രമാണ് അവൾ അവസാനമായി കരഞ്ഞുപറഞ്ഞത്'- സഹപ്രവർത്തക പറഞ്ഞു.

കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട ഫിലിപ്പിന്റെ കാറിന്റെ നമ്പർ ആശുപത്രിയിലെ സുരക്ഷാജീവനക്കാരൻ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തി. കൊലപാതകത്തിന് ശേഷം കത്തി കൊണ്ട് മുറിവേൽപ്പിച്ച് ജീവനൊടുക്കാൻ ശ്രമിച്ച ഫിലിപ്പ് മാത്യുവും നിലവിൽ ആശുപത്രിയിലാണ്. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തിയതായി പോലീസ് പറഞ്ഞു.

Content Highlights:merin joy malayali nurse murder in florida usa


Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram