കാലില്‍ ചോരക്കറ, റെയില്‍വേ സ്‌റ്റേഷനില്‍ പുകവലിച്ചു; ഭാര്യയെ കൊന്ന് നാടുവിടാനിരിക്കെ കുടുങ്ങി


കൊലപാതകം നടന്ന ക്വാർട്ടേഴ്‌സിന് മുന്നിൽ തടിച്ചുകൂടിയവർ. ഇൻസെറ്റിൽ കൊല്ലപ്പെട്ട ഉഷയും അറസ്റ്റിലായ അശോകനും

പെര്‍ളടുക്കം(കാസര്‍കോട്): 'ഉഷയെ അശോകന്‍ വെട്ടിക്കൊന്നു. തിരിച്ചറിയാനാകാത്ത വിധം കഷണങ്ങളാക്കി പായയില്‍ കെട്ടി മുറിയില്‍ ഉപേക്ഷിച്ചു. നാടുവിട്ട അയാള്‍ കാസര്‍കോട്ട് പിടിയിലായി'- നടുക്കുന്ന കൊലപാതകവിവരമറിഞ്ഞാണ് പെര്‍ളടുക്കത്തുകാര്‍ തിങ്കളാഴ്ച ഉണര്‍ന്നത്. പുലര്‍ച്ചെ ആറോടെയാണ് സംഭവം നാടറിയുന്നത്.

Read Also: ഉറങ്ങികിടന്ന ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു, വെട്ടിനുറുക്കി പായയില്‍ കെട്ടി; ഭര്‍ത്താവ് പിടിയില്‍...

ശബരിമലദര്‍ശനത്തിന് മാലയിട്ടിരിക്കുകയായിരുന്നു അശോകന്‍. വൃശ്ചികം ഒന്നുമുതല്‍ തൊട്ടടുത്തുള്ള അയ്യപ്പഭജനമന്ദിരത്തില്‍ മറ്റു ഭക്തരോടൊപ്പം പുലര്‍ച്ചെ മുടങ്ങാതെ ശരണജപത്തിനെത്താറുണ്ട്. നേരം വൈകിയിട്ടും തിങ്കളാഴ്ച അശോകന്‍ അയ്യപ്പഭജനമന്ദിരത്തില്‍ എത്തിയില്ല. മറ്റുള്ളവര്‍ ഫോണ്‍വിളിച്ചപ്പോള്‍ എടുത്തതുമില്ല. ഉഷയും ഫോണെടുത്തില്ല. തുടര്‍ന്ന് സുഹൃത്തുക്കള്‍ ക്വാര്‍ട്ടേഴ്‌സിലെത്തി. മുറിയുടെ വാതില്‍ താക്കോലിട്ട് പൂട്ടിയിരിക്കുകയായിരുന്നു. ഫോണ്‍ വിളിച്ചപ്പോള്‍ രണ്ടുപേരുടേയും ഫോണ്‍ മുറിക്കകത്തുനിന്ന് ബെല്ലടിക്കുന്നുണ്ടായിരുന്നു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് ക്വാര്‍ട്ടേഴ്‌സ് ഉടമയെത്തി മറ്റൊരു താക്കോലുപയോഗിച്ച് വാതില്‍ തുറന്നപ്പോള്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച.

ചുമരിനപ്പുറമുള്ളവര്‍പോലും അറിഞ്ഞില്ല

ബേഡഡുക്ക പഞ്ചായത്ത് ഒന്നാംവാര്‍ഡ് വാതില്‍ നമ്പര്‍-494 മുറിയില്‍ ഉഷയെ വെട്ടിനുറുക്കിയപ്പോള്‍ തൊട്ടടുത്ത മുറികളില്‍ താമസിക്കുന്നവര്‍ പോലും അറിഞ്ഞില്ല. പൊയിനാച്ചി-പെര്‍ളടുക്കം റോഡരികില്‍നിന്ന് 25 മീറ്ററോളം ദൂരമേയുള്ളൂ ഒറ്റനില ക്വാര്‍ട്ടേഴ്‌സിലേക്ക്. കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് നാല് മുറികളുണ്ട്. അശോകനും ഉഷയും രണ്ടുവര്‍ഷമായി ഇവിടെ താമസിക്കുന്നു. കിഴക്കേ അറ്റത്തുള്ള മുറിയാണ് ഇവരുടേത്. എല്ലാ മുറികളിലും ആള്‍താമസമുണ്ട്. ഒച്ചയൊന്നും കേട്ടിരുന്നില്ലെന്നാണ് അടുത്ത മുറിയിലുള്ളവര്‍ പറയുന്നത്.

കൃത്യത്തിനുശേഷം മുറി വൃത്തിയാക്കി

ഇടുങ്ങിയ കിടപ്പുമുറി, റോഡിലേക്ക് കാഴ്ച ലഭിക്കുന്നതിന് ഇരു പാളികളില്‍ ചില്ലുജനാലയുള്ള ചെറിയ ഹാള്‍, അടുക്കള എന്നിവയാണ് ഇവര്‍ താമസിച്ച ക്വാര്‍ട്ടേഴ്‌സിനുള്ളത്. കിടപ്പുമുറിയിലാണ് ദേഹമാസകലം വെട്ടിനുറുക്കിയ നിലയില്‍ പായയില്‍ കെട്ടിയ മൃതദേഹം കിടന്നിരുന്നത്. നിലത്തും ചുമരുകളിലും പതിച്ച ചോരക്കറ തുടച്ച് വൃത്തിയാക്കിയാണ് പ്രതി പുറത്തിറങ്ങി മുറി പൂട്ടിയത്.

രക്തക്കറ പുരണ്ട നാല് കത്തികള്‍ അടുക്കളയില്‍നിന്ന് പോലീസ് കണ്ടെത്തി. മൃതദേഹം കഷ്ണങ്ങളാക്കി ചുമന്നുകൊണ്ടുപോയി കരിച്ചേരി പുഴയില്‍ തള്ളാനായിരുന്നു പ്രതിയുടെ ഉദ്ദേശ്യമെന്നും ഭാരക്കൂടുതല്‍ കാരണം ശ്രമം ഉപേക്ഷിക്കുകയായിരുന്നെന്നും ബേഡകം പോലീസ് പറഞ്ഞു.

'ഭര്‍ത്താവ് സ്വാമിയാണ്, നേരത്തേ ചെന്ന് ഭക്ഷണം ഉണ്ടാക്കണം'

ഭര്‍ത്താവ് ശബരിമലയ്ക്കുപോകാന്‍ മാലയിട്ടിരിക്കുകയാണെന്നതിനാല്‍ നേരത്തേ ചെന്ന് ഭക്ഷണമുണ്ടാക്കി നല്‍കണമെന്ന് ബന്ധുക്കളോട് പറഞ്ഞാണ് ഞായറാഴ്ച ഉച്ചയോടെ ഉഷ ഉദുമ ബേവൂരിലെ തറവാട്ടില്‍നിന്ന് പെര്‍ളടുക്കത്തേക്ക് തിരിച്ചത്. അതിനാല്‍ സംഭവം വിശ്വസിക്കാനാകാത്തവിധം തകര്‍ന്നിരിക്കുകയാണ് ഉഷയുടെ തലക്ലായിലുള്ള വീട്ടുകാര്‍. പുതിയത് കൊടുക്കല്‍, മേല്‍മാട് സമര്‍പ്പണം എന്നീ ചടങ്ങുകളില്‍ പങ്കെടുക്കാനായിരുന്നു ബേവൂരില്‍ എത്തിയത്. പെര്‍ളടുക്കത്ത് തിരിച്ചെത്തിയശേഷം അടുക്കള ഭാഗത്ത് അലക്കിയിട്ട വസ്ത്രങ്ങള്‍ ചൂണ്ടിക്കാട്ടി സമീപമുറികളില്‍ താമസിക്കുന്ന സ്ത്രീകളും വിലപിക്കുന്നു.

പറയത്തക്ക തര്‍ക്കങ്ങളൊന്നും ഇവര്‍ തമ്മില്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് ഉഷയുടെ ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. കോവിഡ് വ്യാപനത്തിനുമുന്‍പ് ആറുവര്‍ഷം ദേളി അപ്‌സര പബ്ലിക് സ്‌കൂള്‍ ബസില്‍ ആയയായിരുന്നു ഉഷ. ബീഡിതെറുപ്പ് ജോലിയും ഉണ്ടായിരുന്നു. 22 വര്‍ഷം മുന്‍പായിരുന്നു അശോകനും ഉഷയും വിവാഹിതരായത്. മകന്‍ ആദിഷ് (21) രണ്ടുമാസം മുന്‍പാണ് ഗള്‍ഫില്‍ പോയത്. ബേക്കല്‍ ഡിവൈ.എസ്.പി. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഫൊറന്‍സിക് സംഘവും വിരലടയാള വിദഗ്ധസംഘവും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ബേഡകം ഇന്‍സ്‌പെക്ടര്‍ ടി.ദാമോദരനാണ് അന്വേഷണ ചുമതല.

റെയില്‍വേ സ്റ്റേഷനില്‍ പുകവലിച്ചതിന് പിടിച്ചു; ചോദ്യംചെയ്യലില്‍ കുടുങ്ങി

പെര്‍ളടുക്കം: തിങ്കളാഴ്ച രാവിലെ ഏഴുമണി. കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ ഒന്നാംനമ്പര്‍ പ്‌ളാറ്റ്‌ഫോമിന്റെ തെക്കുഭാഗത്തുള്ള നടപ്പാലത്തിനടുത്തുനില്‍ക്കുന്ന ഒരാള്‍ പുകവലിക്കുന്നു. റെയില്‍വേ പോലീസിലെ എം.വി.പ്രകാശന്‍, ഗംഗാധരന്‍ പഴയപെരിങ്ങേത്ത്, ചിത്ര എന്നിവര്‍ ഇയാളെ ചോദ്യംചെയ്തു. പരസ്പരവിരുദ്ധവും സംശയം ജനിപ്പിക്കുന്നതുമായ മറുപടി. അയ്യപ്പഭക്തന്റെ വേഷമാണെങ്കിലും പുലര്‍ച്ചെ കുളിച്ച്, ശരണം വിളിയിലേര്‍പ്പെട്ടതിന്റെയോ ചന്ദനക്കുറിയും ഭസ്മവും അണിഞ്ഞതിന്റെയൊ ലക്ഷണമില്ല. കൈവശം 26,000 രൂപ. കൈനഖങ്ങള്‍ക്കിടയിലും കാലിലും ചോരക്കറ. താന്‍ പെര്‍ളടുക്കത്താണ് താമസമെന്നും ഇവിടെ ക്ഷേത്രത്തില്‍ വന്നതാണെന്നും അയാള്‍ പോലീസിന് മറുപടി നല്‍കി. പെര്‍ളടുക്കം സ്വദേശിയും ആദൂര്‍ സ്റ്റേഷനിലെ പോലീസ് ഓഫീസറുമായ അശോകനെ റെയില്‍വേ പോലീസ് ബന്ധപ്പെട്ടു. അപ്പോഴാണ് അറിയുന്നത് ഭാര്യയെ വെട്ടിനുറുക്കിയ പ്രതിയാണ് മുന്നിലെന്ന്. തുടര്‍ന്ന് റെയില്‍വേ പോലീസ് അശോകനെ ബേഡകം പോലീസിന് കൈമാറുകയായിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram