പാന്‍ട്രിയില്‍ ജോലി, ടിടിഇയുടെ യൂണിഫോം മോഷ്ടിച്ച് ഫൈന്‍ അടിച്ച് തുടക്കം; കോടികളുടെ തട്ടിപ്പ് ഇങ്ങനെ


സ്വന്തം ലേഖകന്‍

പിടിയിലായ ഷമീം. Photo: Mathrubhumi&AFP

കോഴിക്കോട്: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ പി.ഷമീം നേരത്തെയും സമാനമായ നിരവധി തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന് പോലീസ്. ഇയാള്‍ കോട്ടയത്ത് പിടിയിലായതറിഞ്ഞ് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് തട്ടിപ്പിനിരയായ നിരവധി പേരാണ് വിളിക്കുന്നതെന്നും പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യംചെയ്യുമെന്നും കോട്ടയം ഡിവൈ.എസ്.പി. ജെ.സന്തോഷ്‌കുമാര്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

റെയില്‍വേയില്‍ വിവിധ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്ത്‌ ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലാണ് കാഞ്ഞങ്ങാട്‌ കമ്മാടംകുളത്തിങ്കല്‍ വീട്ടില്‍ പി.ഷമീ(33)മിനെ കോട്ടയം പോലീസ് കഴിഞ്ഞദിവസം പിടികൂടിയത്. തിരുവനന്തപുരം പൂജപ്പുരയിലെ താമസസ്ഥലത്തെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ പിടികൂടി ചോദ്യംചെയ്തതോടെയാണ് നേരത്തെയും സമാനകേസില്‍ അറസ്റ്റിലായിട്ടുണ്ടെന്നും കോടിക്കണക്കിന് രൂപ തട്ടിയിട്ടുണ്ടെന്നും വ്യക്തമായത്.

2014 മുതല്‍ ഇത്തരത്തില്‍ ജോലി തട്ടിപ്പ് ആരംഭിച്ച പ്രതി ഇതുവരെ 200 കോടിയിലേറെ രൂപ തട്ടിയെടുത്തിട്ടുണ്ടാകുമെന്നാണ് പോലീസ് പറയുന്നത്. തിരുവനന്തപുരത്ത് 300-ലേറെ പേരില്‍നിന്ന് 150 കോടിയോളം രൂപയാണ് ഷമീം തട്ടിയത്. കോട്ടയത്തും നേരത്തെ സമാനരീതിയില്‍ ലക്ഷങ്ങള്‍ തട്ടിയിരുന്നു. ഏറ്റവും ഒടുവിലായി 27 പേരാണ് ഇയാള്‍ക്കെതിരേ പരാതി നല്‍കിയിരിക്കുന്നത്. കോട്ടയം, കുമരകം മേഖലയില്‍നിന്നുള്ളവരാണ് ഇവര്‍. ഏകദേശം 45 ലക്ഷത്തോളം രൂപ ഇവരില്‍നിന്ന് മാത്രം കൈക്കലാക്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

റെയില്‍വേയില്‍ ജോലി വാഗ്ദാനം, വ്യാജ ഐ.ഡി. കാര്‍ഡുകള്‍...

റെയില്‍വേയില്‍ ക്ലാര്‍ക്ക്, ടിക്കറ്റ് എക്‌സാമിനര്‍, ലോക്കോ പൈലറ്റ്, അസി. സ്റ്റേഷന്‍ മാസ്റ്റര്‍, നഴ്‌സ് തുടങ്ങിയ തസ്തികകളിലേക്ക് ജോലി വാഗ്ദാനം ചെയ്താണ് ഷമീം തട്ടിപ്പ് നടത്തിയിരുന്നത്. റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അംഗം, റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചീഫ് എക്‌സാമിനര്‍ എന്നീ പദവികളില്‍ പ്രവര്‍ത്തിക്കുന്നയാളാണെന്നാണ് സ്വയം പരിചയപ്പെടുത്താറുള്ളത്. ഇതിന് തെളിവായി റെയില്‍വേയുടെ പേരിലുള്ള ഫോട്ടോ പതിച്ച വ്യാജ ഐ.ഡി. കാര്‍ഡുകളും നിര്‍മിച്ചിരുന്നു. യാത്രയ്ക്കിടെയോ മറ്റോ പരിചയപ്പെടുന്നവരെയാണ് തട്ടിപ്പില്‍ വീഴ്ത്തുന്നത്. റെയില്‍വേയില്‍ ഒട്ടേറെ ജോലി ഒഴിവുണ്ടെന്നും ഇപ്പോള്‍ അപേക്ഷിച്ചാല്‍ അത് വാങ്ങിത്തരാമെന്നും വിശ്വസിപ്പിക്കും. പരിചയപ്പെടുന്നവര്‍ക്ക് തന്റെ ഫോണ്‍നമ്പറും നല്‍കും. ഷമീം പുഴക്കര, ഷാനു ഷാന്‍ തുടങ്ങിയ പേരുകളിലാണ് മറ്റുള്ളവരെ പരിചയപ്പെട്ടിരുന്നത്.

അപേക്ഷഫോം വാങ്ങുന്നതും അത് പൂരിപ്പിച്ച് കൈമാറുന്നതുമാണ് ഷമീമിന്റെ 'റിക്രൂട്ട്‌മെന്റി'ലെ ആദ്യഘട്ടം. സ്വന്തമായി നിര്‍മിച്ച വ്യാജ അപേക്ഷഫോമിന് നാലായിരം രൂപയായിരുന്നു ഈടാക്കിയിരുന്നത്. ഇയാളുടെ ജോലിവാഗ്ദാനത്തില്‍ വീണ് അപേക്ഷഫോം വാങ്ങുന്നവരെ പിന്നീട് വീണ്ടും ഫോണില്‍ ബന്ധപ്പെടും. കുറച്ചധികം ജോലി ഒഴിവുകളുണ്ടെന്നും അറിയാവുന്ന മറ്റുള്ളവരുണ്ടെങ്കില്‍ അവര്‍ക്ക് കൂടി ജോലി തരപ്പെടുത്തിനല്‍കാമെന്നും അറിയിക്കും. ഇത് വിശ്വസിക്കുന്നവര്‍ തങ്ങള്‍ക്ക് പരിചയമുള്ള കൂടുതല്‍പേരെ പ്രതിയ്ക്ക് പരിചയപ്പെടുത്തിനല്‍കും. തുടര്‍ന്ന് ഇവരില്‍നിന്നും അപേക്ഷഫോമിന്റെ പണം ഈടാക്കും. ഏകദേശം ഇരുപതോ അതിലധികമോ പേര്‍ തട്ടിപ്പില്‍ കുരുങ്ങിയെന്ന് കണ്ടാല്‍ അടുത്തഘട്ടത്തിലേക്ക് കടക്കും.

ഒ.എം.ആര്‍. ഷീറ്റ് നല്‍കി പരീക്ഷ, ബെംഗളൂരുവില്‍ മെഡിക്കല്‍ ടെസ്റ്റ്...

ഒ.എം.ആര്‍. ഷീറ്റ് നല്‍കി ഉദ്യോഗാര്‍ഥികള്‍ക്ക് പരീക്ഷ നടത്തുന്നതാണ് തട്ടിപ്പിന്റെ രണ്ടാംഘട്ടം. പ്രതി തന്നെ സ്വന്തമായി നിര്‍മിച്ച ഒ.എം.ആര്‍. ഷീറ്റുകളാണ് ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കുക. ബെംഗളൂരുവിലെയോ മറ്റുനഗരങ്ങളിലെയോ സ്വകാര്യ ഹോട്ടലിലോ മറ്റോ വെച്ചാകും പരീക്ഷ. ഉത്തരങ്ങളും ഇവര്‍ക്ക് നേരത്തെ നല്‍കും. ഈ ഘട്ടത്തില്‍ 20000 രൂപ മുതല്‍ 30000 രൂപ വരെ കൈക്കലാക്കും. പരീക്ഷ നടത്തി ദിവസങ്ങള്‍ കഴിഞ്ഞാല്‍ ഫലപ്രഖ്യാപനവും പ്രതി തന്നെ അറിയിക്കും. പരീക്ഷ പാസായെന്നും ഇനി മെഡിക്കല്‍ ടെസ്റ്റുണ്ടെന്നും ഉദ്യോഗാര്‍ഥികളോട് പറയും.

ബെംഗളൂരുവിലെ റെയില്‍വേ ആശുപത്രിയിലേക്കാണ് മെഡിക്കല്‍ ടെസ്റ്റിനായി ഉദ്യോഗാര്‍ഥികളെ കൂട്ടിക്കൊണ്ടുപോവുക. എന്നാല്‍ ആശുപത്രി പരിസരത്ത് ഉദ്യോഗാര്‍ഥികളെ നിര്‍ത്തിയശേഷം താന്‍ അകത്തുപോയി സര്‍ട്ടിഫിക്കറ്റുകളെല്ലാം ശരിയാക്കിവരാമെന്ന് പറയും. തുടര്‍ന്ന് നേരത്തെ കൈയില്‍ കരുതിയ വ്യാജ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാവര്‍ക്കും നല്‍കും. ബാക്കി പണവും ഈടാക്കും. ഇതിനുശേഷം സ്വന്തമായി നിര്‍മിച്ച വ്യാജ നിയമന ഉത്തരവുകളും കൈമാറും. ഇത് കൈപ്പറ്റി ജോലിക്ക് കയറാന്‍ പോകുമ്പോളാണ് തട്ടിപ്പിനിരയായെന്ന് ഉദ്യോഗാര്‍ഥികള്‍ക്ക് ബോധ്യപ്പെടുക. കോട്ടയത്തെ പുതിയ കേസില്‍ ഈ ഘട്ടം വരെ എത്തിയില്ലെന്നാണ് പോലീസ് പറയുന്നത്. നിയമന ഉത്തരവ് ലഭിക്കുന്നതിന് മുമ്പ് തന്നെ ചിലര്‍ക്ക് സംശയം തോന്നി പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

പത്താംക്ലാസ് വിദ്യാഭ്യാസം, പാന്‍ട്രിയില്‍ ജോലി...

2012-13 കാലത്ത് ട്രെയിനിലെ പാന്‍ട്രി കാറില്‍ ജോലിചെയ്തത് മാത്രമാണ് ഷമീമിന്റെ റെയില്‍വേയുമായുള്ള 'ബന്ധം'. മംഗള എക്‌സ്പ്രസിലെയും മറ്റു ട്രെയിനുകളിലെയും പാന്‍ട്രി കാറിലായിരുന്നു ജോലി. ഈ സമയത്ത് ഒരു ടി.ടി.ഇ.യുടെ യൂണിഫോം അടിച്ചുമാറ്റി, അത് ധരിച്ച് യാത്രക്കാരുടെ ടിക്കറ്റ് പരിശോധിച്ചതിന് ഇയാള്‍ക്കെതിരേ കേസെടുത്തിരുന്നു. രാത്രി ഉറങ്ങിപ്പോയ ടി.ടി.ഇ.യുടെ യൂണിഫോമാണ് പാന്‍ട്രി കാറില്‍ ജോലിചെയ്തിരുന്ന ഷമീം മോഷ്ടിച്ചത്. തുടര്‍ന്ന് ഈ യൂണിഫോം ധരിച്ച് ട്രയിനിലെ യാത്രക്കാരുടെ ടിക്കറ്റ് പരിശോധിക്കുകയും പലര്‍ക്കും ഫൈന്‍ അടിക്കുകയും ചെയ്തു. ഈ സംഭവത്തില്‍ സേലം റെയില്‍വേ പോലീസ് ഇയാളെ പിടികൂടിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

2014-ലാണ് റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ് ആരംഭിക്കുന്നത്. തിരുവനന്തപുരത്തുനിന്ന് മാത്രം 150 കോടിയോളം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. 2014,2016,2018 തുടങ്ങിയ വര്‍ഷങ്ങളില്‍ ജോലി തട്ടിപ്പ് കേസില്‍ ഷമീം അറസ്റ്റിലായിരുന്നു. എന്നാല്‍ ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും ഇതേ തട്ടിപ്പ് തുടരുകയായിരുന്നു.

ബെംഗളൂരുവില്‍ ആഡംബര ഫ്‌ളാറ്റുകളും ഡാന്‍സ് ബാറുകളും...

തട്ടിപ്പിലൂടെ കൈക്കലാക്കിയ പണം ആഡംബര ജീവിതത്തിനായി വിനിയോഗിച്ചെന്നാണ് പ്രതി പോലീസിന് നല്‍കിയ മൊഴി. ബെംഗളൂരുവില്‍ ആഡംബര ഫ്‌ളാറ്റുകളും പബ്ബുകളും ഡാന്‍സ് ബാറുകളും വിലയ്ക്ക് വാങ്ങിയിട്ടുണ്ടെന്നും പ്രതി പോലീസിനോട് പറഞ്ഞു. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നാണ് ഡിവൈ.എസ്.പി. ജെ. സന്തോഷ് കുമാര്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞത്. ഇനിയൊരാളും ഇത്തരം തട്ടിപ്പില്‍ കുടുങ്ങാതിരിക്കാനാണ് പോലീസിന്റെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വര്‍ണക്കടത്ത് കേസിലും പ്രതി...

നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലും ഷമീം പ്രതിയാണെന്നാണ് പോലീസ് നല്‍കുന്നവിവരം. 37 കിലോ സ്വര്‍ണം കടത്തിയതിനാണ് ഇയാള്‍ പിടിയിലായത്. ഈ കേസ് നിലവില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിച്ചുവരികയാണ്. ഹവാല ഇടപാടുകളിലും ഇയാള്‍ക്ക് പങ്കുണ്ടെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Content Highlights: man arrested in kottayam for railway job fraud case police reveals more details

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram