
പ്രതീകാത്മക ചിത്രം|മാതൃഭൂമി
മംഗളൂരു: മംഗളൂരു നഗരം... കേരളത്തോട് തൊട്ടുരുമ്മി നില്ക്കുന്ന വിശാലമായ വിദ്യാഭ്യാസ ഹബ്ബ്... നഗരപരിധിയില്‍ മാത്രം എട്ട് മെഡിക്കല്‍ കോളേജുകളും അന്‍പതോളം കോളേജുകളും ഉള്ള സ്ഥലം. വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കുമായി മലയാളികള്‍ എന്നും എപ്പോഴും ആശ്രയിക്കുന്നിടം.
മെഡിക്കല്‍ കോളേജുകളിലുള്‍പ്പെടെ ഇരുപതിനായിരത്തിലേറെ മലയാളി വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ടിവിടെ. കേരളത്തിലെ എല്ലാ ജില്ലകളില്‍നിന്നുമുള്ള പ്രാതിനിധ്യവുമുണ്ട്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍നിന്ന് വരുന്ന വിദ്യാര്‍ഥികളില്‍ ചിലര്‍ക്ക് ചെകുത്താന്റെ സ്വഭാവമാണെന്നാണ് ഇപ്പോള്‍ ഇവിടെയുള്ളവരടക്കം പറയുന്നത്. അതിനു കാരണമായ, മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന, അവര്‍ ഉണ്ടാക്കുന്ന അനിഷ്ടസംഭവങ്ങള്‍ മംഗളൂരുവില്‍ പതിവാകുന്നു.
രണ്ടാഴ്ചക്കുള്ളില്‍ മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ട രണ്ട് ക്രിമിനല്‍ കേസുകളാണ് മംഗളൂരു പോലീസ് രജിസ്റ്റര്‍ചെയ്തത്. രണ്ടുകേസുകളിലുമായി 15 മലയാളി വിദ്യാര്‍ഥികള്‍ റിമാന്‍ഡിലായി. ഇതില്‍ 11 പേര് കഞ്ചാവ് ഉപയോഗിക്കുന്നവരുമാണെന്ന് പോലീസ് സാക്ഷ്യപ്പെടുത്തുന്നു. ഹോസ്റ്റലിന് പുറത്ത് വാടകവീടുകളിലും അപ്പാര്‍ട്ട്മെന്റുകളിലും താമസിക്കുന്ന മലയാളി വിദ്യാര്‍ഥികളുടെ മുറിയില്‍നിന്ന് ലഹരിവസ്തുക്കള്‍ കണ്ടെടുത്ത സംഭവങ്ങളുമുണ്ട്. കഴിഞ്ഞദിവസം ജെപ്പു ഗുജ്ജരക്കരെയിലെ കോളേജ് ഹോസ്റ്റലിനരികില്‍ മലയാളി വിദ്യാര്‍ഥികള്‍ തുടങ്ങിവെച്ച അടി പ്രദേശത്ത് വലിയ സംഘര്‍ഷത്തിലേക്കെത്തി. അതുമായി ബന്ധപ്പെട്ട് എട്ട് മലയാളി വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു.
പ്രദേശത്ത് മനസ്സമാധാനത്തോടെ ജീവിക്കാനാകില്ലെന്ന് പറഞ്ഞ് നാട്ടുകാര്‍ ഹോസ്റ്റല്‍ ഒഴിയണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത് വലിയ വാര്‍ത്തയുമായി. മംഗളൂരുവില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും മലയാളികളാണ്. അവരില്‍ ചിലര്‍ പരസ്പരം ഏറ്റുമുട്ടുന്നതും വധശ്രമക്കേസുകളില്‍ ഉള്‍പ്പെടുന്നതും റാഗ് ചെയ്യുന്നതുമെല്ലാം ആശ്ചര്യത്തോടെ നോക്കിനില്‍ക്കുകയാണ് തദ്ദേശീയരായ വിദ്യാര്‍ഥികളും ജനങ്ങളും അധികൃതരും. കുറച്ച് മലയാളി വിദ്യാര്‍ഥികളുടെ ഇത്തരം പ്രവൃത്തികള്‍ മൊത്തം മലയാളി വിദ്യാര്‍ഥികളെയാണ് ബാധിക്കുന്നതെന്ന് പോലീസ് രേഖകളില്‍ ക്രിമിനലുകളായി രേഖപ്പെടുത്തപ്പെട്ട ഇവരാരും അറിയുന്നുമില്ല.
മംഗളൂരുവിന്റെ പ്രത്യേക സാമൂഹിക പശ്ചാത്തലം വെച്ച് മലയാളി വിദ്യാര്‍ഥികള്‍ ഇരകളാക്കപ്പെടുന്ന സംഭവവും ഉണ്ട്. സദാചാര ഗുണ്ടായിസം ഇവിടെ മലയാളി വിദ്യാര്‍ഥികള്‍ക്കുനേരെ നടക്കുന്നു. മലയാളിയായ ആണും പെണ്ണും ഒരുമിച്ച് ബൈക്കിലോ കാറിലോ പോയാല്‍ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. ഒരുമാസത്തിനിടെ മംഗളൂരു നഗരത്തില്‍ ഇത്തരം മൂന്ന് സദാചാര ഗുണ്ടായിസ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഈ മൂന്നുകേസുകളിലും ഇരകള്‍ മലയാളി വിദ്യാര്‍ഥികളായിരുന്നു.
മലയാളി വിദ്യാര്‍ഥികളെ പ്രത്യേകം പരിഗണിക്കുന്നത് ആലോചിക്കും
മലയാളി വിദ്യാര്‍ഥികള്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്നത് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അവരെ പ്രത്യേകം പരിഗണിക്കുന്ന കാര്യം മംഗളൂരു പോലീസ് ആലോചിക്കുന്നുണ്ട്. ഉന്നതാധികാരികളുമായി ചര്‍ച്ചചെയ്ത് ഇക്കാര്യത്തില്‍ ഉടനൊരു തീരുമാനമുണ്ടാകും. കലാകായിക മത്സരങ്ങളിലേക്ക് അവരുടെ ശ്രദ്ധ വഴിതിരിച്ചുവിടാനുള്ള തീരുമാനവും മംഗളൂരു പോലീസിനുണ്ട്. രക്ഷിതാക്കളുടെ ശ്രദ്ധക്കുറവാണ് വിദ്യാര്‍ഥികളെ വഷളാക്കുന്നത്. മാതാപിതാക്കള്‍ അടുത്തില്ല. അവര്‍ കാര്യങ്ങള്‍ അന്വേഷിക്കുന്നില്ല. വിദ്യാര്‍ഥികള്‍ വഴിതെറ്റാന്‍ ഇതൊരു കാരണമാണ്. റാഗിങ്, ലഹരി ഉപയോഗം എന്നിവയ്ക്കെതിരേ ശക്തമായ ബോധവത്കരണം നടത്താനാണ് പോലീസ് ഉദ്ദേശിക്കുന്നത്. തുടക്കമെന്നനിലയില്‍ ശ്രീദേവി കോളേജില്‍ 300 കുട്ടികള്‍ക്കായി ബോധവത്കരണ ക്ലാസെടുത്തു. അത് ഏല്ലാ കോളേജുകളിലും നടപ്പാക്കും. കോളേജ് അധികൃതര്‍ക്കും വിദ്യാര്‍ഥികളുടെ കാര്യത്തില്‍ ഉത്തരവാദിത്വമുണ്ട്. തുടക്കത്തിലേ വിദ്യാര്‍ഥികളിലെ പ്രശ്നങ്ങള്‍ കണ്ടെത്താനാവണം. .
--എന്‍. ശശികുമാര്‍, മംഗളൂരു സിറ്റി പോലീസ് കമ്മിഷണര്‍
രക്ഷിതാക്കള്‍ നിരന്തരം ഇടപെടണം
മാസത്തില്‍ ഒരു തവണയെങ്കിലും രക്ഷിതാക്കള്‍ കോളേജില്‍വന്ന് മക്കളുടെ കാര്യങ്ങള്‍ അന്വേഷിച്ചാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. കോളേജ് ഹോസ്റ്റലുകളില്‍ മാത്രം താമസിച്ച് പഠിക്കാന്‍ വിദ്യാര്‍ഥികളോട് പറയുക. ഹോസ്റ്റലിലാകുമ്പോള് കോളേജിന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയരായി നില്ക്കാന് അവര്‍ നിര്‍ബന്ധിതരാകും. റാഗിങ് പോലുള്ള കാര്യങ്ങള്‍ ഇല്ലാതാക്കാന്‍ കോളേജുകളില്‍ അച്ചടക്കസമിതികളുണ്ട്. ആ സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം. പ്രശ്നക്കാരായ വിദ്യാര്‍ഥികളെ കണ്ടെത്താന്‍ ക്ലാസ് ലീഡര്‍മാരെ നിയമിക്കണം. വിദ്യാര്‍ഥികളുടെ സ്വഭാവവും അവരുടെ പ്രശ്നങ്ങളും മനസ്സിലാക്കാന്‍ ഇത് ഉപകാരപ്പെടും.
--ഡോ. പി. വിജയ്, പ്രിന്‍സിപ്പല്‍, ശ്രീദേവി കോളേജ് ഓഫ് ഫിസിയോ െതറാപ്പി, മംഗളൂരു
മലയാളി വിദ്യാര്‍ഥികള്‍ കേസുകളില്‍പ്പെടുന്നത് സങ്കടകരം
കേരളത്തില്‍നിന്ന് ഉന്നതവിദ്യാഭ്യാസത്തിനായി മംഗളൂരുവില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ പലതരം ക്രിമിനല്‍ കേസുകളില്‍ പ്രതികളാവുന്ന വാര്‍ത്ത കേള്‍ക്കുന്നത് സങ്കടകരമാണ്. പഠനത്തിലും പഠ്യേതരവിഷയങ്ങളിലും ഉന്നതനിലവാരം പുലര്‍ത്തുന്ന മലയാളി കുട്ടികള്‍ ലഹരിക്ക് അടിമകളായി റാഗിങ്ങിലും ക്രിമിനല്‍ക്കേസിലും പെടുന്നത് ഇവിടത്തെ കോളേജുകളിലും ജനങ്ങള്‍ക്കിടയിലും മലയാളികളെക്കുറിച്ച് മോശം അഭിപ്രായമുണ്ടാക്കിയിട്ടുണ്ട്. ആയിരക്കണക്കിന് വിദ്യാര്‍ഥികളില്‍ ചുരുക്കം ചിലര്‍ ചെയ്യുന്ന പ്രവൃത്തികൊണ്ട് നാട്ടില്‍നിന്നും വരുന്ന എല്ലാ കുട്ടികളെയും ഇതേ കണ്ണില്‍ കാണുന്ന ഒരു പ്രവണതയാണിപ്പോള്‍. രക്ഷിതാക്കളുടെ നിയന്ത്രണത്തില്‍ കഴിഞ്ഞിരുന്ന കുട്ടികള്‍ നാടും വീടും വിട്ട് മറുനാട്ടിലെത്തി, ഇവിടെ ആവശ്യത്തിലധികം സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളാണിത്. പഠിക്കുന്ന സ്ഥാപനത്തില്‍ ഇടയ്ക്കിടെ കുട്ടികള്‍ക്ക് കൗണ്‍സലിങ് നടത്താനുള്ള സൗകര്യം ഒരുക്കണം. ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്ത വിദ്യാര്‍ഥികളാണ് അറസ്റ്റിലാകുന്നത്. നേര്‍വഴി കാണിക്കാനുള്ള നടപടി കോളേജ് അധികൃതരും പോലീസും രക്ഷിതാക്കളും ചേര്‍ന്നെടുക്കണം.
--ഡാലിയ ദീപക് കണ്ണോത്ത്,രക്ഷിതാവ്, വനിതാവിഭാഗം കണ്‍വീനര്‍, മംഗളൂരു കേരള സമാജം