പാമ്പിനെ കൊണ്ട് കടിപ്പിച്ചും ഷോക്കടിപ്പിച്ചും ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താക്കന്മാര്‍; 2020-ല്‍ കേരളം നടുങ്ങിയ കൊലപാതകങ്ങള്‍


4 min read
Read later
Print
Share

ചിത്രം: ഉത്രയും ഭർത്താവ് സൂരജും(ഇടത്ത് മുകളിൽ) ഹഖ് മുഹമ്മദ്, മിഥിലാജ്(മുകളിൽ വലത്ത്). അരുണും ശാഖാകുമാരിയും(ഇടത്ത് താഴെ) ഡോ. സോന, സിപിഎം ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപ്, കണ്ണൂരിൽ കുഞ്ഞിനെ കൊലപ്പെടുത്തിയ ശരണ്യ.

പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഭാര്യയെ കൊലപ്പെടുത്തിയ സൂരജ്, ശ്വാസംമുട്ടിച്ച് ബോധംകെടുത്തിയ ശേഷം ഭാര്യയെ ഷോക്കടിപ്പിച്ച് കൊന്ന അരുൺ, ഇതുവരെ കാണാത്തരീതിയിലുള്ള കൊലപാതകങ്ങൾക്കാണ് പോയവർഷം കേരളം സാക്ഷിയായത്. ഇതിനൊപ്പം രാഷ്ട്രീയ കൊലപാതകങ്ങളും പാലക്കാട്ടെ ദുരഭിമാനക്കൊലയും മലയാളികളെ നടുക്കി. കണ്ണൂരിൽ ഒന്നര വയസ്സുകാരനെ അമ്മ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയെന്ന വാർത്തയും ഉള്ളുപിടഞ്ഞാണ് മലയാളികൾ വായിച്ചത്. 2020-ൽ കേരളത്തെ നടുക്കിയ കൊലപാതകങ്ങളിലൂടെ...


ഉത്ര വധക്കേസ്

രണ്ടാമതും പാമ്പ് കടിയേറ്റ യുവതി മരിച്ചെന്ന വാർത്ത ദിവസങ്ങൾക്കുള്ളിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. അഞ്ചൽ ഏറം വെള്ളിശ്ശേരി വീട്ടിൽ ഉത്രയെ(25) മെയ് ഏഴിനാണ് ഏറത്തെ സ്വന്തം വീട്ടിൽ പാമ്പ് കടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. അടൂരിലെ ഭർതൃവീട്ടിൽനിന്ന് പാമ്പ് കടിയേറ്റതിന് പിന്നാലെ ചികിത്സയുടെ ഭാഗമായാണ് ഉത്ര സ്വന്തം വീട്ടിലെത്തിയത്.

എന്നാൽ ഉത്രയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചതോടെ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ഉത്ര കിടന്നിരുന്ന എസിയുള്ള മുറിയുടെ ജനലുകൾ ഭർത്താവ് സൂരജ് തുറന്നിട്ടതും രാത്രിയിൽ ഉത്രയ്ക്ക് മാത്രം ജ്യൂസ് നൽകിയതും സംശയത്തിനിടയാക്കി. സൂരജ് നേരത്തെ പാമ്പുകളെ കൈകാര്യം ചെയ്തിരുന്നതും ദുരൂഹത വർധിപ്പിച്ചു. സൂരജിനെ കസ്റ്റഡിയിലെടുത്തു. മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനൊടുവിൽ മെയ് 24-ന് സൂരജ് കുറ്റംസമ്മതിച്ചു. സൂരജിന് പാമ്പിനെ നൽകിയ പാമ്പ് പിടിത്തക്കാരൻ സുരേഷും പിടിയിലായി. സ്വത്ത് ലക്ഷ്യമിട്ടാണ് ഉത്രയെ വിവാഹം കഴിച്ചതെന്നും പിന്നീട് ഭാര്യയെ ഒഴിവാക്കാനാണ് കൊലപാതകം നടത്തിയതെന്നും സൂരജ് സമ്മതിച്ചു.

കേസിൽ തല്ലിക്കൊന്ന പാമ്പിന്റെ ജഡം പുറത്തെടുത്ത് ഡി.എൻ.എ. പരിശോധന അടക്കം നടത്തി. നിലവിൽ ഉത്ര വധക്കേസിന്റെ വിചാരണ കോടതിയിൽ പുരോഗമിക്കുകയാണ്. ഗാർഹിക പീഡനക്കേസിൽ പിന്നീട് സൂരജിന്റെ മാതാപിതാക്കളെയും സഹോദരിയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കുഞ്ഞിനെ കടലിൽ എറിഞ്ഞുകൊന്ന ശരണ്യ

2020 ഫെബ്രുവരി 16-നാണ് കണ്ണൂരിലെ ശരണ്യ-പ്രണവ് ദമ്പതിമാരുടെ ഒന്നര വയസ്സുള്ള മകൻ വിയാന്റെ മൃതദേഹം തയ്യിൽ കടപ്പുറത്ത് കണ്ടെത്തിയത്. ഉറങ്ങികിടന്ന കുഞ്ഞിനെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. എന്നാൽ സംഭവം കൊലപാതകമാണെന്ന് മണിക്കൂറുകൾക്കുള്ളിൽ തെളിഞ്ഞു. മാതാവ് ശരണ്യ കുഞ്ഞിനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയാണെന്ന് ശാസ്ത്രീയ തെളിവുകളടക്കം കണ്ടെത്തി പോലീസിന് തെളിയിക്കാനായി. ശരണ്യയുടെ കാമുകൻ കണ്ണൂർ വാരം സ്വദേശി നിധിനെയും പോലീസ് പിടികൂടി.

വെഞ്ഞാറമൂട് ഇരട്ടക്കൊല

വെഞ്ഞാറമൂട്ടിൽ രണ്ട് ഡി.വൈ.എഫ്.ഐ. പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയെന്ന വാർത്ത കേട്ടാണ് ഇത്തവണത്തെ തിരുവോണം പിറന്നത്. ഉത്രാടദിവസം രാത്രി 11.10-നാണ് വെഞ്ഞാറമൂട് തേമ്പാമൂട് കവലയിൽവെച്ച് ഡി.വൈ.എഫ്.ഐ. പ്രവർത്തകരായ ഹക്ക് മുഹമ്മദ്, മിഥിലാജ് എന്നിവരെ അതിക്രൂരമായി വെട്ടിക്കൊന്നത്. സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകരടക്കം ഒമ്പത് പ്രതികളാണുള്ളത്. ലോക്സഭ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനിടെയുണ്ടായ സംഘർഷങ്ങളുടെ തുടർച്ചയാണ് ഇരട്ടക്കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ കുറ്റപത്രം. കേസിൽ ഉന്നതതല ഗൂഢാലോചനയില്ലെന്നും പ്രതികൾ തമ്മിൽ പലതവണ ഗൂഢാലോചന നടത്തിയെന്നും കൊലപാതകം ആസൂത്രണം ചെയ്തെന്നും കുറ്റപത്രത്തിൽ പറയുന്നു.

തൃശ്ശൂരിൽ ചോരക്കളി

ഒക്ടോബർ ഒന്ന് മുതൽ 12-ാം തീയതി വരെ എട്ട് കൊലപാതകങ്ങളാണ് തൃശ്ശൂരിൽ നടന്നത്. കഞ്ചാവ് കേസിലെ പ്രതിയായ ഷമീറിന്റെ കസ്റ്റഡി മരണവും കുരിയിച്ചിറയിൽ സുഹൃത്തിന്റെ കുത്തേറ്റ് മരിച്ച ഡോ. സോനയുടെ മരണവും ഇതിലുൾപ്പെടുന്നു. ഒക്ടോബർ നാലിനാണ് സി.പി.എം. പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപിനെ കുന്നംകുളത്ത് വെട്ടിക്കൊന്നത്.

ഒക്ടോബർ ആറിന് രാജേഷ് എന്ന 48-കാരനെ സുഹൃത്തായ അരുൺ കൊലപ്പെടുത്തി. ഭക്ഷണം പാകം ചെയ്യുന്നതിലെ തർക്കമായിരുന്നു കൊലപാതകത്തിനുള്ള കാരണം. ഒക്ടോബർ ഏഴിന് പഴയന്നൂരിൽ പോക്സോ കേസ് പ്രതിയായ സതീഷിനെ സുഹൃത്ത് കുത്തിക്കൊന്നു.

പ്രഭാത സവാരിക്കിടെ കുത്തേറ്റ ഒല്ലൂർ സ്വദേശി ശശി ഒക്ടോബർ ഒമ്പതിനാണ് മരിച്ചത്. വളർത്തുനായയെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ബന്ധു അടക്കമുള്ളവരാണ് ശശിയെ ആക്രമിച്ചത്. ഒക്ടോബർ 12-ന് കഞ്ചാവ് കേസിലെ പ്രതിയായ ഒറ്റപ്പാലം സ്വദേശി റഫീഖിനെ പഴന്നൂരിലെ വാടകവീട്ടിൽവെച്ച് വെട്ടിക്കൊലപ്പെടുത്തി.

ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടൽ, കൊലപാതകങ്ങളും

തൃശ്ശൂരിൽ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയിൽ മാസങ്ങൾക്കിടെ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. 2020 ജൂലായിലാണ് അന്തിക്കാട് സ്വദേശി ആദർശിനെ ഒരു സംഘം ചായക്കടയിൽനിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നത്. മാസങ്ങൾക്ക് ശേഷം ഒക്ടോബറിൽ ഇതിന്റെ പ്രതികാരവും അരങ്ങേറി. ആദർശ് വധക്കേസിലെ പ്രതിയായ നിധിലിനെ കാറിടിപ്പിച്ച ശേഷം പുറത്തിറക്കി വെട്ടിക്കൊല്ലുകയായിരുന്നു.

ചോര മണക്കുന്ന ചന്ദനക്കാടുകൾ

2020 ഓഗസ്റ്റ് 21-ന് രാത്രിയിലാണ് മറയൂർ കാന്തല്ലൂരിൽ ചന്ദ്രിക(32) എന്ന ആദിവാസി യുവതിയെ വെടിവെച്ച് കൊന്നത്. യുവതിയുടെ ബന്ധുക്കളായ മൂന്ന് പേരായിരുന്നു പ്രതികൾ. ചന്ദനം കടത്തിയ വിവരം അധികൃതരെ അറിയിച്ചതായിരുന്നു കൊലപാതകത്തിന് കാരണം. ട്രൈബൽ വാച്ചർമാരെ ലക്ഷ്യമിട്ടെത്തിയ പ്രതികൾ, അവരെ കാണിച്ചുകൊടുക്കാതിരുന്ന ചന്ദ്രികയെ വെടിവെച്ച് കൊന്നു.

ശാഖയെ കൊലപ്പെടുത്തിയത് ഭർത്താവ്

2020 വിടപറയാൻ ദിവസങ്ങൾ ബാക്കിനിൽക്കെയാണ് കാരക്കോണം സ്വദേശി ശാഖാകുമാരി കൊല്ലപ്പെട്ടത്. 51-കാരിയായ ശാഖാകുമാരിയെ 28-കാരനായ ഭർത്താവ് അരുണാണ് ശ്വാസംമുട്ടിച്ച് ബോധംകെടുത്തിയ ശേഷം ഷോക്കടിപ്പിച്ച് കൊന്നത്. സ്വത്ത് ലക്ഷ്യമിട്ട് ശാഖയെ വിവാഹം കഴിച്ച അരുൺ, പ്രായക്കൂടുതലുള്ള ഭാര്യയെ ജീവിതത്തിൽനിന്ന് ഒഴിവാക്കാനാണ് കൊലപാതകം ആസൂത്രണം ചെയ്തത്. പ്രതി നിലവിൽ റിമാൻഡിലാണ്.

കാസർകോട്ടെ ഔഫ് അബ്ദുൾറഹ്മാൻ വധം

2020 ഡിസംബർ 23-ന് രാത്രിയിലാണ് കാഞ്ഞങ്ങാട് കല്ലൂരാവിയിൽ ഡി.വൈ.എഫ്.ഐ. പ്രവർത്തകനായ ഔഫ് അബ്ദുൾറഹ്മാൻ കൊല്ലപ്പെട്ടത്. തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ രാഷ്ട്രീയ സംഘർഷങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ മുസ്ലീംലീഗ് പ്രവർത്തകരടക്കമുള്ള പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

പാലക്കാട്ടെ ദുരഭിമാനക്കൊല

കോട്ടയത്തെ കെവിനും അരീക്കോട്ടെ ആതിരയുമെല്ലാം കേരളത്തിൽ ദുരഭിമാനക്കൊലയുടെ ഇരകളാണ്. ആ പട്ടികയിലേക്കാണ് പാലക്കാട് തേങ്കുറിശ്ശിയിലെ അനീഷിന്റെ പേരും കൂട്ടിചേർത്തത്. ഡിസംബർ അവസാനവാരമാണ് അനീഷിനെ ഭാര്യാപിതാവും ഭാര്യയുടെ അമ്മാവനും ചേർന്ന് റോഡിലിട്ട് കുത്തിക്കൊന്നത്. വ്യത്യസ്ത ജാതിയിലുള്ള ഹരിതയെ അനീഷ് വിവാഹം കഴിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. വിവാഹം കഴിഞ്ഞതിന് ശേഷം അനീഷിനെയും ഹരിതയെയും പ്രതികൾ ഭീഷണിപ്പെടുത്തിയെന്ന വിവരവും പുറംലോകമറിഞ്ഞു. സംഭവത്തിൽ അനീഷിന്റെ ഭാര്യ ഹരിതയുടെ പിതാവ് പ്രഭുകുമാർ, അമ്മാവൻ സുരേഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ഐസ്ക്രീമിൽ വിഷം കലർത്തി സഹോദരിയെ കൊലപ്പെടുത്തി

കാസർകോട് ബളാൽ അരിയങ്കലിലെ ആൻമേരി എന്ന 16-കാരിയുടെ മരണം കൊലപാതകമാണെന്ന് ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. സ്വന്തം സഹോദരനായ ആൽബിനാണ് ഐസ്ക്രീമിൽ വിഷം കലർത്തി ആൻമേരിയെ കൊലപ്പെടുത്തിയത്. ദിവസങ്ങളോളം ആശുപത്രിയിൽ അവശനിലയിൽ കഴിഞ്ഞ ആൻമേരി ഓഗസ്റ്റ് അഞ്ചിന് മരിച്ചു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഐസ്ക്രീമിൽ വിഷം കലർത്തിയുള്ള കൊലപാതകമാണെന്ന് തെളിഞ്ഞത്. ഐസ്ക്രീം കഴിച്ച പിതാവ് ബെന്നിയും ഗുരുതരാവസ്ഥയിലായിരുന്നു.

റംസിയുടെയും അർച്ചനയുടെയും ആത്മഹത്യകൾ...

കൊലപാതകമല്ലെങ്കിലും അതിന് തുല്യമായ രണ്ട് ആത്മഹത്യകളും കഴിഞ്ഞവർഷം കേരളത്തിൽ ഏറെ ചർച്ചയായി. പ്രതിശ്രുത വരൻ വിവാഹത്തിൽനിന്ന് പിന്മാറിയതിനെ തുടർന്ന് കൊട്ടിയം സ്വദേശി റംസിയാണ് ജീവനൊടുക്കിയത്. വർഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവിലാണ് ഹാരിസ് എന്ന യുവാവുമായി റംസിയുടെ വിവാഹം ഉറപ്പിച്ചത്. എന്നാൽ പണവും മറ്റും സ്വന്തമാക്കിയ ശേഷം ഹാരിസ് വിവാഹത്തിൽനിന്ന് പിന്മാറി. ഇതോടെ റംസി ജീവനൊടുക്കി. റംസിയുടെ മരണത്തിന് പിന്നാലെ ഹാരിസുമായും ഹാരിസിന്റെ മാതാവുമായുള്ള ഫോൺസംഭാഷണങ്ങൾ പുറത്തുവന്നു. തുടർന്ന് പോലീസ് ഹാരിസിനെ അറസ്റ്റ് ചെയ്തു. ഹാരിസിന്റെ സഹോദരന്റെ ഭാര്യയും സീരിയൽനടിയുമായ ലക്ഷ്മി പ്രമോദിനെതിരെയും കേസിൽ ആരോപണമുണ്ട്.

റംസിയുടെ മരണത്തിന് പിന്നാലെയാണ് കായംകുളം പെരുമ്പള്ളിയിൽ നഴ്സിങ് വിദ്യാർഥിനിയായിരുന്ന അർച്ചനയും ജീവനൊടുക്കിയത്. സ്ത്രീധന തുക കുറവാണെന്ന് പറഞ്ഞ് കാമുകൻ വിവാഹത്തിൽനിന്ന് പിന്മാറിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.

Content Highlights:major murders that happened in kerala in 2020

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

' രണ്ടുപേരും ഞങ്ങള്‍ക്കൊപ്പം ജീവിക്കുന്നു' ; കൃപേഷിന്റെയും ശരതിന്റെയും സ്മരണയില്‍ കല്യോട്...

Feb 17, 2020


mathrubhumi

2 min

'കൊല്ലരുതേ, എനിക്ക് മക്കളെ അത്രയേറെ ഇഷ്ടമാണ്' ഭര്‍ത്താവ് കൊലപ്പെടുത്തും മുമ്പ് ദീപിക കരഞ്ഞുപറഞ്ഞു

Nov 14, 2018