ഒടുങ്ങാത്ത പ്രണയപ്പക, നോവായി കുഞ്ഞുങ്ങള്‍; അരുംകൊലകളില്‍ നടുങ്ങിയ കേരളം


12 min read
Read later
Print
Share

കോതമംഗലത്ത് കൊല്ലപ്പെട്ട മാനസ, എറണാകുളത്ത് കൊല്ലപ്പെട്ട വൈഗ, ആലപ്പുഴയിൽ കൊല്ലപ്പെട്ട കെ.എസ്.ഷാൻ, രഞ്ജിത് ശ്രീനിവാസൻ.

പിതാവിന്റെ കൈകളാല്‍ കൊല്ലപ്പെട്ട 11 വയസ്സുകാരി വൈഗ, ജനിച്ചയുടന്‍ അമ്മ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച കുഞ്ഞ്, പ്രണയപ്പകയില്‍ ജീവന്‍ പൊലിഞ്ഞ മാനസയും സൂര്യഗായത്രിയും കൃഷ്ണപ്രിയയും. ചോരക്കൊതി മാറാത്ത രാഷ്ട്രീയ പോര്‍വിളികളുടെ ഇരകളായ പി.ബി. സന്ദീപ്കുമാറും ഷാനും രഞ്ജിത് ശ്രീനിവാസും. പോയവര്‍ഷവും മനസ് മരവിപ്പിക്കുന്ന നിരവധി കുറ്റകൃത്യങ്ങള്‍ക്കാണ് കേരളം സാക്ഷ്യംവഹിച്ചത്. അരുംകൊലകളുടെ വാര്‍ത്തകള്‍ കേട്ട് മലയാളി നടുങ്ങി. കേരളത്തെ നടുക്കിയ ആ കൊടുംക്രൂരതകളിലൂടെ....

പ്രണയപകയില്‍ പൊലിഞ്ഞ ജീവനുകള്‍...

പോയവര്‍ഷവും പ്രണയപകയുടെ പേരില്‍ ക്രൂരമായ കൊലപാതകങ്ങള്‍ക്ക് കേരളം സാക്ഷ്യംവഹിച്ചു. സൗഹൃദം നിരസിച്ചാലുടന്‍ ജീവനെടുക്കുകയെന്ന ക്രൂരമനസിന്റെ പ്രതിഫലനങ്ങളായിരുന്നു ഇവിടെയെല്ലാം കണ്ടത്. പ്രണയപകയുടെ പേരില്‍ നാല് അരുംകൊലകളാണ് കേരളത്തില്‍ നടന്നത്.

മാനസയെ വെടിവെച്ച് കൊലപ്പെടുത്തി

ജൂലായ് 30-ാം തീയതി വൈകിട്ടാണ് കോതമംഗലത്ത് ബി.ഡി.എസ്. വിദ്യാര്‍ഥിയായിരുന്ന മാനസയെ രഖില്‍ എന്ന യുവാവ് വെടിവെച്ച് കൊലപ്പെടുത്തിയത്. സൗഹൃദം നിരസിച്ചതിന്റെ പേരിലായിരുന്നു കൊലപാതകം. മാനസ പേയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലെത്തി കൈയില്‍ കരുതിയ തോക്ക് ഉപയോഗിച്ച് വെടിവെച്ച് കൊല്ലുകയായിരുന്നു. കൃത്യം നടത്തിയ ശേഷം രഖില്‍ സ്വയം നിറയൊഴിച്ച് മരിക്കുകയും ചെയ്തു.

manasa murder case
മാനസ,രഖില്‍

സംഭവത്തില്‍ രഖിലിന് തോക്ക് ലഭിച്ചതിനെക്കുറിച്ചും അത് നല്‍കിയവരെക്കുറിച്ചും വിശദമായ അന്വേഷണമാണ് പോലീസ് നടത്തിയത്. ബിഹാറില്‍നിന്നാണ് തോക്ക് സംഘടിപ്പിച്ചതെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അന്വേഷണം അവിടേക്കും വ്യാപിപ്പിച്ചു. തോക്ക് നല്‍കിയ ബിഹാര്‍ സ്വദേശിയും രഖിലിന്റെ സുഹൃത്തും കേസില്‍ പ്രതികളായി.

കോളേജ് ക്യാമ്പസില്‍ കഴുത്തറുത്ത് കൊന്നു

2021 ഒക്ടോബര്‍ ഒന്നാം തീയതി രാവിലെ പാലാ സെന്റ് തോമസ് കോളേജില്‍വെച്ചാണ് തലയോറപ്പറമ്പ് സ്വദേശിനി നിഥിനയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

Pala College Murder
അഭിഷേക് / കൊലചെയ്യാനായി ഉപയോഗിച്ച പേപ്പർ കട്ടർ/ നിഥിന| ഫോട്ടോ: മാതൃഭൂമി

ഫുഡ് ടെക്നോളജി വിദ്യാര്‍ഥിനിയായ നിഥിനയെ പരീക്ഷയ്ക്കായി കോളേജില്‍ വന്നപ്പോഴാണ് സഹപാഠിയായ അഭിഷേകിന്റെ കൊലക്കത്തിക്കിരയായത്. പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച് കോളേജ് ക്യാമ്പസിനുള്ളില്‍വെച്ചാണ് അഭിഷേക് നിഥിനയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. കേസില്‍ അഭിഷേകിനെ പോലീസ് കൈയോടെ പിടികൂടി.

അച്ഛന്റെ കടയ്ക്ക് തീയിട്ടു, പെണ്‍കുട്ടിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു

പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരിലാണ് പെരിന്തല്‍മണ്ണ ഏലംകുളം സ്വദേശി ദൃശ്യയുടെയും ജീവന്‍ പൊലിഞ്ഞത്. പ്ലസ്ടുവില്‍ ദൃശ്യയ്ക്കൊപ്പം സ്‌കൂളില്‍ പഠിച്ചിരുന്ന വിനീഷായിരുന്നു കൊടുംക്രൂരതയ്ക്ക് പിന്നില്‍. പ്രണയാഭ്യര്‍ഥനയുമായി ഇയാള്‍ പലതവണ ദൃശ്യയെ ശല്യംചെയ്തിരുന്നു. ശല്യം തുടര്‍ന്നപ്പോള്‍ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് ഇരുവീട്ടുകാരെയും വിളിപ്പിച്ച് യുവാവിനെ താക്കീത് നല്‍കി വിട്ടയച്ചു. ഈ സംഭവത്തിന് പിന്നാലെയായിരുന്നു വിനീഷിന്റെ പ്രതികാര കൊലപാതകം.

Perinthalmanna Drishya murder
പ്രതി വിനീഷ് വിനോദ്, കൊല്ലപ്പെട്ട ദൃശ്യ | ഫോട്ടോ: മാതൃഭൂമി

കൃത്യം നടത്തിയതിന്റെ തലേദിവസം ദൃശ്യയുടെ അച്ഛന്റെ വ്യാപാരസ്ഥാപനം വിനീഷ് തീയിട്ട് നശിപ്പിച്ചിരുന്നു. പെരിന്തല്‍മണ്ണ ടൗണിലെ വ്യാപാരസ്ഥാപനമാണ് അര്‍ധരാത്രിയില്‍ അഗ്‌നിക്കിരയാക്കിയത്. ശേഷം ദൃശ്യയുടെ വീടിന് സമീപമെത്തി ഒളിച്ചിരുന്ന പ്രതി, രാവിലെ അവസരം കിട്ടിയപ്പോള്‍ വീടിനകത്തുകയറി. തുടര്‍ന്ന് ദൃശ്യയുടെ മുറിയിലെത്തി പെണ്‍കുട്ടിയെ കുത്തിവീഴ്ത്തുകയായിരുന്നു. ദൃശ്യയുടെ സഹോദരിക്കും ആക്രമണത്തില്‍ പരിക്കേറ്റു.

നൊമ്പരമായി സൂര്യഗായത്രി...

2021 ഓഗസ്റ്റ് 30-നാണ് തിരുവനന്തപുരം നെടുമങ്ങാട്ടെ വീട്ടില്‍വെച്ച് സൂര്യഗായത്രിയെ കുത്തിക്കൊലപ്പെടുത്തിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അരുണ്‍ മുന്‍വൈരാഗ്യത്തെ തുടര്‍ന്നാണ് സൂര്യയെ കൊലപ്പെടുത്തിയത്. നേരത്തെ അരുണും സൂര്യയും തമ്മില്‍ പ്രണയത്തിലായിരുന്നു. പിന്നീട് ഇരുവരും വേറെ വിവാഹിതരായി. അടുത്തിടെ സൂര്യഗായത്രി ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കൊലപാതകം നടന്നത്.

suryagayathri murder case
അരുണുമായി പോലീസ് തെളിവെടുപ്പ് നടത്തുന്നു(ഇടത്ത്) കൊല്ലപ്പെട്ട സൂര്യഗായത്രി(വലത്ത്)

സൂര്യയുടെ ശാരീരികവൈകല്യമുള്ള മാതാപിതാക്കള്‍ക്കും അരുണിന്റെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. കൃത്യം നടത്തിയ ശേഷം സമീപത്തെ വീടിന്റെ ടെറസില്‍ ഒളിക്കാന്‍ ശ്രമിച്ച പ്രതിയെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ലോട്ടറി കച്ചവടം ചെയ്ത് ഉപജീവനം നടത്തിയിരുന്ന സൂര്യയായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. അരുണിന്റെ കൊടുംക്രൂരതയില്‍ ഒരു കുടുംബത്തിന്റെ അത്താണിയാണ് നഷ്ടപ്പെട്ടത്.

ഒടുവില്‍ തിക്കോടിയിലെ കൃഷ്ണപ്രിയയും...

സൗഹൃദം നിരസിച്ചതിന്റെ പേരിലാണ് കോഴിക്കോട് തിക്കോടിയിലെ കൃഷ്ണപ്രിയയ്ക്കും ജീവന്‍ നഷ്ടമായത്. തിക്കോടി സ്വദേശിയായ നന്ദകുമാറാണ് കൃഷ്ണപ്രിയയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്നത്. കൃത്യം നടത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച നന്ദകുമാറും പിന്നീട് മരിച്ചു.

കൃഷ്ണപ്രിയ
കൃഷ്ണപ്രിയ, നന്ദകുമാര്‍

തിക്കോടി പഞ്ചായത്തില്‍ താത്കാലിക ജീവനക്കാരിയായിരുന്നു എം.സി.എ ബിരുദധാരിയായ കൃഷ്ണപ്രിയ. ജോലി ലഭിച്ച് അഞ്ചാംദിവസമായിരുന്നു ക്രൂരമായ കൊലപാതകം. രാവിലെ പഞ്ചായത്ത് ഓഫീസിലേക്ക് എത്തിയ കൃഷ്ണപ്രിയയെ പ്രതി തടഞ്ഞുനിര്‍ത്തുകയും പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലുകയുമായിരുന്നു. ഡിസംബര്‍ 17-നായിരുന്നു സംഭവം.

ചോരക്കൊതി മാറാത്ത രാഷ്ട്രീയപോര്‍വിളികള്‍...

പാനൂര്‍ മന്‍സൂര്‍ കൊലക്കേസ്

2021-ലെ നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസമാണ് കണ്ണൂര്‍ പാനൂരില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകനായ മന്‍സൂര്‍ കൊല്ലപ്പെട്ടത്. രാഷ്ട്രീയ വിരോധം മൂലം മന്‍സൂറിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് കേസ്.

Mansoor
കൊല്ലപ്പെട്ട മന്‍സൂര്‍

സിപിഎം പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. കേസില്‍ പ്രതിയായിരുന്ന സി.പി.എം. പ്രവര്‍ത്തകന്‍ രതീഷ് പിന്നീട് ആത്മഹത്യ ചെയ്തതും ഏറെ വിവാദങ്ങള്‍ക്കിടയാക്കി.

പാലക്കാട് സഞ്ജിത്ത് വധം...

2021 നവംബര്‍ 15-നാണ് ആര്‍.എസ്.എസ്. നേതാവായ സഞ്ജിത്ത് കൊല്ലപ്പെട്ടത്. പാലക്കാട് മമ്പറത്ത് ഭാര്യയ്ക്കൊപ്പം ബൈക്കില്‍ വരികയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു.

sanjith
സഞ്ജിത്

ഭാര്യയുടെ കണ്‍മുന്നിലിട്ടായിരുന്നു ക്രൂരമായ കൊലപാതകം. സംഭവത്തില്‍ പോപ്പുലര്‍ഫ്രണ്ട്-എസ്.ഡി.പി.ഐ. പ്രവര്‍ത്തകരാണ് പ്രതികള്‍. ഇതുവരെ ആറുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

തിരുവല്ലയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊന്നു

ഡിസംബര്‍ രണ്ടാം തീയതിയാണ് തിരുവല്ല പെരിങ്ങരയിലെ സിപിഎം ലോക്കല്‍ സെക്രട്ടറി പി.ബി. സന്ദീപ് കുമാറിനെ ഒരുസംഘം വെട്ടിക്കൊന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സന്ദീപിനെ ബൈക്കുകളിലെത്തിയ സംഘം പിന്തുടര്‍ന്നെത്തി ആക്രമിക്കുകയായിരുന്നു.

sandeep murder case thiruvalla
സന്ദീപിന്റെ മൃതദേഹത്തില്‍ ഭാര്യ സുനിത ചുംബനം നല്‍കുന്നു.

യുവമോര്‍ച്ച പ്രവര്‍ത്തകനായിരുന്ന ഒന്നാം പ്രതി ജിഷ്ണുവിന് സന്ദീപിനോടുള്ള രാഷ്ട്രീയ, വ്യക്തിവിരോധമാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു പോലീസിന്റെ എഫ്.ഐ.ആര്‍. കൊലപാതകത്തില്‍ പങ്കെടുത്ത ജിഷ്ണുവിന്റ കൂട്ടാളികളെയും പോലീസ് പിടികൂടിയിരുന്നു.

മണിക്കൂറുകളുടെ ഇടവേളയില്‍ രണ്ട് കൊലപാതകങ്ങള്‍, കേരളം നടുങ്ങി

ഡിസംബര്‍ 18-ന് രാത്രിയിലും ഡിസംബര്‍ 19-ന് പുലര്‍ച്ചെയുമായി രണ്ട് കൊലപാതകങ്ങളാണ് ആലപ്പുഴയില്‍ അരങ്ങേറിയത്. മണിക്കൂറുകളുടെ ഇടവേളയില്‍ നടന്ന രണ്ട് ക്രൂരകൊലപാതകങ്ങളില്‍ അക്ഷരാര്‍ത്ഥത്തില്‍ കേരളം നടുങ്ങി.

ഡിസംബര്‍ 18-ന് രാത്രി ഏഴ് മണിയോടെയാണ് എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാന് ആലപ്പുഴ മണ്ണഞ്ചേരിയില്‍വെച്ച് വെട്ടേല്‍ക്കുന്നത്. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഷാനിനെ കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തിയ ശേഷം വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാന്‍ എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അര്‍ധരാത്രിയോടെ മരിച്ചു.

alappuzha sdpi bjp murder
ഷാന്‍, രഞ്ജിത് ശ്രീനിവാസന്‍

ഷാനിന്റെ മരണവിവരം പുറത്തറിഞ്ഞ് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് ആലപ്പുഴ വെള്ളക്കിണറില്‍ ബിജെപി നേതാവും ഒ.ബി.സി. മോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. പുലര്‍ച്ചെ ബൈക്കുകളിലെത്തിയ അക്രമിസംഘം രഞ്ജിത്തിനെ വീട്ടില്‍ക്കയറി വെട്ടിക്കൊല്ലുകയായിരുന്നു. ഭാര്യയുടെയും അമ്മയുടെയും കണ്‍മുന്നിലായിരുന്നു കൊലപാതകം.

ബി.ജെ.പി-ആര്‍.എസ്.എസ്. പ്രവര്‍ത്തകരെയാണ് ഷാന്‍ വധക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ രഞ്ജിത് വധക്കേസിലും പിടിയിലായി. രണ്ട് കേസുകളിലും കൃത്യമായ ആസൂത്രണം നടന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍. കേസില്‍ കൂടുതല്‍ പ്രതികളെ പിടികൂടാനുള്ള തിരച്ചിലും അന്വേഷണവും ഇപ്പോഴും തുടരുകയാണ്.

ഗുണ്ടാ ആക്രമണങ്ങള്‍, പോത്തന്‍കോട്ടെ കൊലപാതകം....

സംസ്ഥാനത്തിന്റെ പലയിടത്തും ഒട്ടേറെ ഗുണ്ടാആക്രമണങ്ങളാണ് 2021-ല്‍ റിപ്പോര്‍ട്ട് ചെയ്തത്. ലഹരി ഉപയോഗിച്ച് കൊടുംക്രൂരതകള്‍ കാട്ടുന്ന യുവാക്കളെയും പലയിടത്തും കണ്ടു. ഇതിലേറെ ഞെട്ടിപ്പിച്ചതായിരുന്നു പോത്തന്‍കോട്ടെ സുധീഷ് വധം. ക്രിമിനല്‍ കേസ് പ്രതിയായ സുധീഷിനെ തിരഞ്ഞെത്തിയ ഗുണ്ടാസംഘം പോത്തന്‍കോട് കല്ലൂരില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സ്ത്രീകളെയും കുട്ടികളെയും വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തി.

thiruvananthapuram pothencode murder
യുവാവിനെ കൊലപ്പെടുത്തിയ സംഘം വെട്ടിമാറ്റിയ കാലുമായി ബൈക്കില്‍ പോകുന്ന സിസിടിവി ദൃശ്യം.

ഒടുവില്‍ ഗുണ്ടാസംഘത്തില്‍നിന്ന് രക്ഷപ്പെടാന്‍ ഒരു വീട്ടില്‍ ഓടിക്കയറിയ സുധീഷിനെ പിന്തുടര്‍ന്നെത്തിയ സംഘം വെട്ടിക്കൊല്ലുകയായിരുന്നു. ഇരുകാലുകളും വെട്ടിമാറ്റിയ ശേഷം ഇതിലൊരു കാലുമായാണ് ഇവര്‍ വാഹനങ്ങളില്‍ മടങ്ങിയത്. വെട്ടിമാറ്റിയ കാല്‍ കൈയിലെടുത്ത് ബൈക്കില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ കേരളത്തെ ഒന്നാകെ നടുക്കി. സംഭവത്തില്‍ ഒട്ടകം രാജേഷ് അടക്കമുള്ള ഗുണ്ടകളെ പോലീസ് പിന്നീട് പിടികൂടി. ഇതിനിടെ ഒട്ടകം രാജേഷിനെ തിരഞ്ഞ് പോയ പോലീസ് സംഘത്തിന്റെ വള്ളംമറിഞ്ഞ് ഒരു പോലീസുകാരന് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു.

കോട്ടയത്തും യുവാവിനെ വെട്ടിക്കൊന്നു, കാല്‍പാദം റോഡരികില്‍

കോട്ടയം കങ്ങഴ ഇടയപ്പാറയിലെ കൊലപാതകത്തിന് കാരണവും ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയായിരുന്നു. വെട്ടിമാറ്റിയ കാല്‍പാദം റോഡരികില്‍ കണ്ടതോടെയാണ് കൊലപാതകത്തിന്റെ വിവരം നാട്ടുകാര്‍ അറിയുന്നത്. ഒക്ടോബര്‍ ഏഴിനായിരുന്നു സംഭവം. ഇടയിരിക്കപ്പുഴ സ്വദേശി മനേഷ് തമ്പാനാണ് കൊല്ലപ്പെട്ടത്. റബ്ബര്‍ തോട്ടത്തിലിട്ടാണ് മനേഷിനെ വെട്ടിക്കൊന്നത്. ഇയാള്‍ ഗുണ്ടാസംഘത്തില്‍ ഉള്‍പ്പെട്ടയാളായിരുന്നു. സംഭവത്തില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജയേഷ്, സച്ചു എന്നിവര്‍ പോലീസില്‍ കീഴടങ്ങിയിരുന്നു.

തുടരുന്ന സ്ത്രീധന പീഡനം; നോവായി വിസ്മയയും മൊഫിയയും...

സ്ത്രീധന പീഡനങ്ങളും അതിനെത്തുടര്‍ന്നുണ്ടായ ആത്മഹത്യകളും 2021-ലും ആവര്‍ത്തിച്ചു. കൊല്ലത്തെ വിസ്മയയുടെ മരണവും ആലുവയിലെ മൊഫിയ പര്‍വീണിന്റെ ആത്മഹത്യയും കേരളത്തിന് നോവായി മാറി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ കിരണ്‍കുമാറിന്റെ ഭാര്യ വിസ്മയയെ ജൂണ്‍ 21-നാണ് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനുപിന്നാലെ കിരണിന്റെ ക്രൂരപീഡനത്തെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നു. സ്ത്രീധനമായി നല്‍കിയ കാര്‍ പോരെന്ന് പറഞ്ഞ് ഇയാള്‍ നിരന്തരം ഭാര്യയെ ഉപദ്രവിച്ചിരുന്നതായുള്ള വിവരങ്ങള്‍ കേട്ട് മലയാളികള്‍ അമ്പരന്നു. സംഭവത്തില്‍ കിരണിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ സര്‍വീസില്‍നിന്ന് പുറത്താക്കുകയും ചെയ്തു. കേസിന്റെ വിചാരണ 2022 ജനുവരിയില്‍ ആരംഭിക്കും.

vismaya death

വിസ്മയയും കിരണ്‍കുമാറും

വിസ്മയയുടെ മരണം സ്ത്രീധനത്തിനെതിരേ വലിയ പ്രചാരണങ്ങള്‍ക്ക് കാരണമായെങ്കിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതാണ് വീണ്ടും കണ്ടത്. അതിലേറെ ചര്‍ച്ചയായ സംഭവമായിരുന്നു ആലുവയിലെ നിയമവിദ്യാര്‍ഥിനി മൊഫിയ പര്‍വീണിന്റെ ആത്മഹത്യ. ഭര്‍ത്താവില്‍നിന്നും ഭര്‍തൃവീട്ടുകാരില്‍നിന്നുമുള്ള ഉപദ്രവം സഹിക്കാനാവാതെ പോലീസില്‍ പരാതി നല്‍കിയ പെണ്‍കുട്ടിക്ക് പോലീസ് സ്റ്റേഷനില്‍നിന്നും ദുരനുഭവമുണ്ടായെന്ന വിവരമാണ് പുറത്തറിഞ്ഞത്. നീതി കിട്ടില്ലെന്ന് പറഞ്ഞാണ് മൊഫിയ ജീവനൊടുക്കിയതെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഏറെ ചര്‍ച്ചയായ മൊഫിയയുടെ മരണത്തില്‍ ഭര്‍ത്താവ് സുഹൈലിനെയും ഭര്‍തൃമാതാപിതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. ആലുവയിലെ സി.ഐ.ക്കെതിരേയും സംഭവത്തില്‍ നടപടിയുണ്ടായി.

Mofiya parveen
മൊഫിയ പര്‍വീണ്‍

ഈ രണ്ട് പേരുകള്‍ മാത്രമല്ല, കൊടുങ്ങല്ലൂരിലെ ആര്യയും ആലുവയിലെ സുചിത്രയും കുണ്ടറയിലെ രേവതിയും പയ്യന്നൂരിലെ സുനീഷയും ഇടുക്കിയിലെ ധന്യയുമെല്ലാം സ്ത്രീധനപീഡനത്തിന്റെ ഇരകളായിരുന്നു. ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്നായിരുന്നു ഇവരെല്ലാം ജീവിതം അവസാനിപ്പിച്ചത്. എറണാകുളം പച്ചാളത്ത് സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെയും പിതാവിനെയും ഭര്‍തൃവീട്ടുകാര്‍ ക്രൂരമായി ആക്രമിച്ച സംഭവവമുണ്ടായി.

അരുംകൊലകള്‍, നടുക്കം...

കണ്ണീരായി വൈഗ....

2021 മാര്‍ച്ച് 22-നാണ് എറണാകുളം മുട്ടാര്‍പ്പുഴയില്‍ 11 വയസ്സുകാരിയായ വൈഗയുടെ മൃതദേഹം കണ്ടെത്തുന്നത്. ഭര്‍ത്താവിനെയും മകള്‍ വൈഗയെയും കാണാനില്ലെന്ന് സനുമോഹന്റെ ഭാര്യ രമ്യ പോലീസില്‍ പരാതി നല്‍കിയതിന്റെ പിറ്റേദിവസമായിരുന്നു ഈ സംഭവം. പ്രാഥമികാന്വേഷണത്തില്‍ തന്നെ പിതാവ് സനുമോഹനാണ് വൈഗയെ പുഴയില്‍ തള്ളിയതെന്ന് പോലീസ് കണ്ടെത്തി. എന്നാല്‍ സംസ്ഥാനം വിട്ട സനുമോഹനെ പിടികൂടാനായില്ല. തുടര്‍ന്ന് ഒരുമാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് സനുമോഹനെ മൂകാംബികയില്‍നിന്ന് പോലീസ് പിടികൂടിയത്.

vyga sanu mohan
വൈഗ, സനുമോഹന്‍

പോലീസിന്റെ ചോദ്യംചെയ്യലില്‍ മകളെ കൊന്ന് പുഴയില്‍ തള്ളിയതാണെന്ന് സനുമോഹന്‍ സമ്മതിച്ചു. സനുമോഹന് വലിയ സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നു. മകള്‍ ജീവിച്ചിരുന്നാല്‍ അവളും തനിക്കൊരു ബാധ്യതയാകുമെന്ന് കരുതിയാണ് കൊലപാതകം നടത്തിയതെന്നായിരുന്നു പ്രതിയുടെ മൊഴി. മകളെ കൊന്ന് ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞിരുന്നു.

വണ്ടിപ്പെരിയാറിലെ ആറുവയസ്സുകാരിയുടെ കൊലപാതകം...

ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ ബലാത്സംഗംചെയ്ത ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്ന വാര്‍ത്ത നടുക്കത്തോടെയാണ് മലയാളികള്‍ കേട്ടത്. ജൂണ്‍ 30-നാണ് പെണ്‍കുട്ടിയെ എസ്റ്റേറ്റിലെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

vandiperiyar rape and murder case
അര്‍ജുന്‍

ആദ്യം ആത്മഹത്യയെന്ന് കരുതിയ സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വഴിത്തിരിവുണ്ടാവുകയായിരുന്നു. പെണ്‍കുട്ടി ലൈംഗികപീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് പോലീസ് സംഘം വിശദമായ അന്വേഷണം നടത്തുകയും അയല്‍വാസിയായ അര്‍ജുനെ പിടികൂടുകയുമായിരുന്നു. പോലീസിന്റെ ചോദ്യംചെയ്യലില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണെന്ന് അര്‍ജുന്‍ സമ്മതിച്ചു.

കൊട്ടാരക്കരയിലെ കൂട്ടക്കൊലയും ഗൃഹനാഥന്റെ ആത്മഹത്യയും...

നവംബര്‍ ഏഴിനാണ് കൊട്ടാരക്കര നീലേശ്വരത്ത് ഭാര്യയെയും മക്കളെയും വെട്ടിക്കൊന്ന് ഗൃഹനാഥന്‍ ജീവനൊടുക്കിയത്. പൂജപ്പുര വീട്ടില്‍ രാജേന്ദ്രന്‍ (55) ആണ് ഭാര്യ അനിത (40) മക്കളായ ആദിത്യരാജ് (24) അമൃതരാജ് (20) എന്നിവരെ കൊലപ്പെടുത്തിയ ശേഷം വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്.

kottarakkara murder
രാജേന്ദ്രന്റെ വീടിന് മുന്നില്‍ തടിച്ചുകൂടിയവര്‍(ഇടത്ത്) ദക്ഷിണമേഖലാ ഡി.ഐ.ജി. സഞ്ജയ്കുമാര്‍ ഗുരുദിന്‍ സ്ഥലത്ത് എത്തിയപ്പോള്‍(വലത്ത്) ഇന്‍സെറ്റില്‍ രാജേന്ദ്രന്‍, അനിത, ആദിത്ത് രാജ്, അമൃതരാജ്.

ഏഴാംതീയതി രാത്രി നടന്ന പിറ്റേദിവസമാണ് പുറംലോകമറിയുന്നത്. സംഭവത്തില്‍ മറ്റുദുരൂഹതകളില്ലെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍.

വയനാട്ടിലെ ഇരട്ടക്കൊല...

പോലീസിനെ ഏറെ വലച്ച കേസായിരുന്നു വയനാട് പനമരത്തെ ഇരട്ടക്കൊലപാതകം. സംഭവം നടന്ന് മൂന്ന് മാസത്തിന് ശേഷമാണ് കേസില്‍ പോലീസിന് പ്രതിയെ പിടികൂടാനായത്. ഒടുവില്‍ അയല്‍വാസിയായ യുവാവാണ് പ്രായമേറിയ ദമ്പതിമാരെ വെട്ടിക്കൊന്നതെന്ന വിവരമറിഞ്ഞ് നാട്ടുകാരും ഞെട്ടി.

ജൂണ്‍ പത്താം തീയതി രാത്രിയാണ് പനമരം നെല്ലിയമ്പം പത്മാലയത്തില്‍ കേശവന്‍(75) ഭാര്യ പത്മാവതി(65) എന്നിവരെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പ്രതിയെക്കുറിച്ച് പോലീസിന് ഒരുസൂചനയും ലഭിച്ചിരുന്നില്ല. ഒടുവില്‍ മൂവായിരത്തോളം പേരെ നിരീക്ഷിച്ചും അഞ്ച് ലക്ഷത്തോളം മൊബൈല്‍ഫോണ്‍ കോളുകള്‍ പരിശോധിച്ചുമാണ് പ്രതിയിലേക്കെത്തിയത്.

wayanad double murder
നെല്ലിയമ്പത്ത് ഇരട്ടക്കൊലപാതകം നടന്ന വീട്. ഇന്‍സെറ്റില്‍ കൊല്ലപ്പെട്ട പത്മാവതിയും കേശവനും

നാട്ടുകാരെ ചോദ്യംചെയ്യുന്നതിനിടെ കൊല്ലപ്പെട്ടവരുടെ അയല്‍ക്കാരനായ അര്‍ജുനെയും പോലീസ് വിശദമായി ചോദ്യംചെയ്തിരുന്നു. ഇയാളുടെ മൊഴികളിലെ വൈരുദ്ധ്യം തുടക്കത്തിലേ സംശയമുണ്ടാക്കി. തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തി തെളിവുകള്‍ ശേഖരിച്ച് അര്‍ജുന്‍ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.

പൂജപ്പുരയിലെ ഇരട്ടക്കൊലപാതകം...

കുടുംബപ്രശ്നങ്ങളും വാക്കുതര്‍ക്കവുമാണ് പൂജപ്പുരയിലെ ഇരട്ടക്കൊലപാതകത്തില്‍ കലാശിച്ചത്. പൂജപ്പുര സ്വദേശിയായ സുനില്‍, മകന്‍ അഖില്‍ എന്നിവരാണ് ഒക്ടോബര്‍ 12-ന് രാത്രി വീട്ടില്‍വെച്ച് കൊല്ലപ്പെട്ടത്. സുനിലിന്റെ മകളുടെ ഭര്‍ത്താവ് അരുണായിരുന്നു ഇരുവരെയും കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.

ഈ സംഭവങ്ങള്‍ക്കെല്ലാം പുറമേ ഒട്ടേറെ മറ്റ് കൊലപാതകങ്ങളും 2021-ല്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് ലോഡ്ജ് മുറിയില്‍വെച്ച് ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നതും ഉണ്ണികുളത്ത് ഉമ്മുകുല്‍സു എന്ന യുവതിയെ ഭര്‍ത്താവ് മര്‍ദിച്ച് കൊന്നതും ഞെട്ടലുണ്ടാക്കി. പാലോട് പെരിങ്ങമലയില്‍ ഐ.ടി.ഐ. ജീവനക്കാരനായ റഹീം മിഠായി നല്‍കി മയക്കിയാണ് ഉറങ്ങികിടക്കുകയായിരുന്ന ഭാര്യയെ കുത്തിക്കൊന്നത്. കോട്ടയം പുതുപ്പള്ളിയില്‍ ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊന്ന സംഭവവുമുണ്ടായി. 2021 വിട പറയാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ഡിസംബര്‍ 29-നും കേരളത്തെ നടുക്കിയ രണ്ട് കൊലപാതകങ്ങളാണ് നടന്നത്. തിരുവനന്തപുരം പേട്ടയില്‍ മകളെ കാണാനെത്തിയ ആണ്‍സുഹൃത്തിനെ അച്ഛന്‍ കുത്തിക്കൊന്നതും പറവൂരില്‍ യുവതിയെ സഹോദരി കൊലപ്പെടുത്തിയ സംഭവവും നാടിനെ നടുക്കി. വയനാട്ടില്‍ വയോധികനെ ബന്ധുക്കളായ പെണ്‍കുട്ടികളും മാതാവും ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവം ഡിസംബര്‍ 28-നായിരുന്നു. മാതാവിനെ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ 70-കാരനെ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ മൊഴി. ശേഷം അമ്മയും മക്കളും ചേര്‍ന്ന് മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ചു. മൃതദേഹം വെട്ടിനുറുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഒരു കാല്‍ മുറിച്ചുമാറ്റുകയും ചെയ്തിരുന്നു. കൃത്യം നടത്തി മണിക്കൂറുകള്‍ക്ക് ശേഷം പെണ്‍കുട്ടികള്‍ തന്നെയാണ് പോലീസ് സ്റ്റേഷനിലെത്തി കൊലപാതകവിവരം പറഞ്ഞത്.

കുഞ്ഞിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച രേഷ്മ, ജീവനൊടുക്കിയ ബന്ധുക്കള്‍

സിനിമാക്കഥകളെപോലും വെല്ലുന്ന സംഭവങ്ങളാണ് കൊല്ലം കല്ലുവാതുക്കലില്‍ നടന്നത്. ഫെയ്‌സ്ബുക്ക് കാമുകനൊപ്പം ജീവിക്കാനായി യുവതി നവജാതശിശുവിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ചു. ഒന്നുമറിയാത്തപ്പോലെ വീട്ടിലും നാട്ടിലും പെരുമാറുന്നു. ഒടുവില്‍ കുഞ്ഞിനെ കൊന്ന കേസില്‍ പ്രതി പിടിയിലായപ്പോള്‍ ആ കുടുംബത്തിലെ മറ്റ് രണ്ട് യുവതികള്‍ കൂടി ജീവനൊടുക്കി.

2021 ജനുവരി അഞ്ചിനാണ് കല്ലുവാതക്കലിലെ പുരയിടത്തില്‍ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ചനിലയില്‍ നവജാതശിശുവിനെ കണ്ടെത്തിയത്. കുഞ്ഞിനെ കണ്ടെത്തിയ ഉടന്‍ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആ പിഞ്ചുപൈതലിന് അധികം ആയുസുണ്ടായില്ല. ചികിത്സയിലിരിക്കെ കുഞ്ഞ് മരിച്ചു. ഇതിനിടെ കുഞ്ഞിന്റെ അമ്മയെ കണ്ടെത്താന്‍ പലവഴിക്കും പോലീസ് അന്വേഷണം ആരംഭിച്ചു. ഒടുവില്‍ ഡി.എന്‍.എ. പരിശോധനയിലൂടെയാണ് രേഷ്മയെന്നാണ് യുവതിയാണ് കുഞ്ഞിന്റെ അമ്മയെന്ന് കണ്ടെത്തിയത്. എന്നാല്‍ ആരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു രേഷ്മയുടെ മൊഴി.

kollam reshma case
അറസ്റ്റിലായ രേഷ്മ, ജീവനൊടുക്കിയ ആര്യ, ഗ്രീഷ്മ

ഇതുവരെ നേരിട്ട് കണ്ടിട്ടില്ലാത്ത ഫെയ്‌സ്ബുക്ക് കാമുകനായ അനന്ദുവിനൊപ്പം ജീവിക്കാനായാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നായിരുന്നു രേഷ്മ പോലീസിനോട് പറഞ്ഞത്. ഇതോടെ ഫെയ്‌സ്ബുക്ക് കാമുകനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി. ഇതിനിടെയാണ് രേഷ്മയുടെ ബന്ധുക്കളായ ആര്യയും ഗ്രീഷ്മയും ആറ്റില്‍ചാടി ജീവനൊടുക്കിയത്. രേഷ്മയുടെ കേസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസ് വിളിപ്പിച്ചതിന് പിന്നാലെയാണ് ഇരുവരും ആത്മഹത്യ ചെയ്തത്. ഇതോടെ ഫെയ്‌സ്ബുക്ക് കാമുകന്‍ ആരാണെന്ന കാര്യത്തില്‍ പോലീസിനും ഏറെക്കുറേ ധാരണയായി. ഒടുവില്‍ ആര്യയും ഗ്രീഷ്മയും ചേര്‍ന്ന് നടത്തിയ കബളിപ്പിക്കലാണ് അനന്ദുവെന്ന ഫെയ്‌സ്ബുക്ക് ഐ.ഡിയെന്ന് പോലീസ് കണ്ടെത്തി. വെറും പ്രാങ്കിന് വേണ്ടി തുടങ്ങിയ ഫെയ്‌സ്ബുക്ക് ചാറ്റ് അതിരുവിട്ടപ്പോള്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കുഞ്ഞിനെ ഉപേക്ഷിച്ച കേസില്‍ രേഷ്മ അറസ്റ്റിലാവുകയും ചെയ്തു.

പാലക്കാട്ടെ നരബലി...

അന്ധവിശ്വാസത്തിന്റെയും മന്ത്രവാദത്തിന്റെയും പേരിലും 2021-ല്‍ കേരളത്തില്‍ കുറ്റകൃത്യങ്ങളുണ്ടായി. പാലക്കാട് പുതുപ്പള്ളിത്തെരുവില്‍ ദൈവപ്രീതിക്കായി അമ്മ മകനെ ബലിനല്‍കിയെന്ന വാര്‍ത്ത കേട്ട് മലയാളികള്‍ ഞെട്ടിത്തരിച്ചു. പുതുപ്പള്ളിത്തെരുവില്‍ താമസിക്കുന്ന ഷഹീദ(32)യാണ് ആറ് വയസ്സുള്ള മകനെ മൂര്‍ച്ചയേറിയെ കത്തി ഉപയോഗിച്ച് കൊലപ്പെടുത്തിയത്. ഫെബ്രുവരി ഏഴിനായിരുന്നു സംഭവം. മകനെ ശൗചാലയത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി കാലുകള്‍ കെട്ടിയിട്ട ശേഷമായിരുന്നു അരുംകൊല. സംഭവത്തിന് ശേഷം ഷഹീദ തന്നെയാണ് പോലീസില്‍ വിളിച്ച് വിവരമറിയിച്ചത്.

palakkad human sacrifice murder
കൊല്ലപ്പെട്ട ആമില്‍ ഇഹ്‌സാന്‍, അറസ്റ്റിലായ ഷഹീദ

കണ്ണൂരില്‍ പനി ബാധിച്ച പെണ്‍കുട്ടി കൃത്യമായ ചികിത്സ ലഭിക്കാതെ മരിച്ച സംഭവവും കേരളത്തെ ഞെട്ടിച്ചു. ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കുന്നതിന് പകരം പെണ്‍കുട്ടിക്ക് ജപിച്ച് ഊതിയ വെള്ളമാണ് നല്‍കിയത്. എന്നാല്‍ അസുഖം മൂര്‍ച്ഛിച്ച് പെണ്‍കുട്ടി മരിക്കുകയായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവും പള്ളിയിലെ ഉസ്താദും അറസ്റ്റിലായി. കോഴിക്കോട് കല്ലാച്ചിയിലെ യുവതിയുടെ മരണത്തിലും മന്ത്രവാദ ആരോപണങ്ങളുയര്‍ന്നു. ചര്‍മരോഗത്തിന് ഭര്‍ത്താവ് മന്ത്രവാദ ചികിത്സ നടത്തിയതിനെതുടര്‍ന്നാണ് യുവതി മരിച്ചതെന്നായിരുന്നു ബന്ധുക്കളുടെ പരാതി. മന്ത്രവാദത്തിന്റെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

മോഡലുകളുടെ അപകടമരണം...

മുന്‍ മിസ് കേരള ജേതാവ് അന്‍സി കബീര്‍, റണ്ണറപ്പ് അന്‍ജന ഷാജന്‍ എന്നിവരുടെ അപകടമരണവും 2021-ല്‍ കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചു. നവംബര്‍ ഒന്നിന് പാലാരിവട്ടത്തുണ്ടായ വാഹനാപകടത്തില്‍ മുന്‍ മിസ് കേരള അന്‍സി കബീര്‍, മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജന്‍, ഇവരുടെ സുഹൃത്ത് ആഷിഖ് എന്നിവരാണ് മരിച്ചത്.

ansi kabeer anjana shajan
അന്‍ജന ഷാജന്‍, അന്‍സി കബീര്‍

അപകടത്തില്‍പ്പെട്ട കാറിന്റെ ഡ്രൈവര്‍ അബ്ദുള്‍ റഹ്‌മാന്‍ മദ്യലഹരിയിലാണ് വാഹനമോടിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ തങ്ങളുടെ കാറിനെ മറ്റൊരു കാര്‍ പിന്തുടര്‍ന്നതായും ഇതാണ് അപകടത്തിന് കാരണമായതെന്നും അബ്ദുള്‍ റഹ്‌മാന്‍ മൊഴി നല്‍കിയത് നിര്‍ണായകമായി. അപകടത്തില്‍ മരിച്ച യുവതികളും സുഹൃത്തുക്കളും ഫോര്‍ട്ട്‌കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ ഡി.ജെ. പാര്‍ട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നും കണ്ടെത്തി. ഇതോടെ വെറുമൊരു വാഹനാപകടമെന്ന് കരുതിയ സംഭവത്തില്‍ കൂടുതല്‍ വിവാദങ്ങളും ദുരൂഹതകളും ഉയരുകയായിരുന്നു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ഹോട്ടലുടമ നശിപ്പിച്ചതും മോഡലുകളെ പിന്തുടര്‍ന്ന സൈജു ലഹരിപാര്‍ട്ടികളിലെ സ്ഥിരസാന്നിധ്യമാണെന്ന വിവരങ്ങളും പുറത്തുവന്നു.

miss kerala accident saiju thankachan
അറസ്റ്റിലായ സൈജു, ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടല്‍

കേസില്‍ ഹോട്ടലുടമയെ റോയി വയലാട്ടിനെയും ചില ജീവനക്കാരെയും പോലീസ് അറസ്റ്റ് ചെയ്തു. പിന്നാലെ സൈജുവും അറസ്റ്റിലായി. ഇയാളുടെ ഫോണില്‍നിന്ന് ലഹരിപാര്‍ട്ടികളുടെ ഞെട്ടിക്കുന്നവിവരങ്ങളാണ് പോലീസിന് ലഭിച്ചത്. പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തതിനും തെളിവ് ലഭിച്ചു. പാര്‍ട്ടി കഴിഞ്ഞ് മടങ്ങിയ മോഡലുകളെ ദുരുദ്ദേശ്യത്തോടെയാണ് സൈജു പിന്തുടര്‍ന്നതെന്ന് പോലീസും സ്ഥിരീകരിച്ചു.

രാമനാട്ടുകരയിലെ വാഹനാപകടവും സ്വര്‍ണക്കടത്തും....

കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് വന്ന വാഹനം ലോറിയിലിടിച്ച് അഞ്ചുപേര്‍ മരിച്ചെന്ന വാര്‍ത്ത കേട്ടാണ് ജൂണ്‍ 21-ാം തീയതി കേരളം ഉറക്കമുണര്‍ന്നത്. ദാരുണമായ അപകടത്തില്‍ പിന്നീട് പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് വന്ന കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുക്കാനെത്തിയ സംഘമാണ് അപകടത്തില്‍പ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചു. സ്വര്‍ണക്കടത്ത് സംഘങ്ങളിലേക്ക് അന്വേഷണം നീണ്ടു. ക്വട്ടേഷന്‍ സംഘാംഗങ്ങളും സ്വര്‍ണക്കടത്ത് സംഘാംഗങ്ങളുമെല്ലാം പിടിയിലായി. അര്‍ജുന്‍ ആയങ്കി അടക്കമുള്ളവരെ കസ്റ്റംസും അറസ്റ്റ് ചെയ്തു.

ലഹരിയൊഴുകുന്ന കേരളം....

എം.ഡി.എം.എ.യും എല്‍.എസ്.ഡിയും അടക്കം ന്യൂജെന്‍ ലഹരികള്‍ കേരളത്തില്‍ സുലഭമാകുന്ന സൂചനകളാണ് 2021-ല്‍ കണ്ടത്. മിക്കദിവസങ്ങളിലും ഇത്തരം ലഹരിമരുന്നുകള്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് പിടികൂടിയിരുന്നു. ഹോട്ടലുകളും റിസോര്‍ട്ടുകളും കേന്ദ്രീകരിച്ച് നടന്ന ലഹരിപാര്‍ട്ടികളും വെളിച്ചത്തുവന്നു. പൂവാറിലെ റിസോര്‍ട്ടില്‍ ലഹരിപാര്‍ട്ടിക്കിടെ റെയ്ഡ് നടത്തിയാണ് ലഹരിമരുന്ന് പിടികൂടിയത്. കാക്കനാട്ടെ ഫ്ളാറ്റില്‍നിന്ന് ലഹരിമരുന്ന് പിടികൂടിയ സംഭവവും ഏറെ വിവാദമായി. കേസില്‍ ചില ഒത്തുകളികള്‍ നടന്നത് എക്സൈസിനും നാണക്കേടുണ്ടാക്കി.

Content Highlights: major crimes in 2021 in kerala 2021 crimes kerala kerala murders 2021

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram