
Screengrab: Youtube.com/Zee 24 Taas
പോക്കറ്റടിയും ചെറിയ മോഷണവുമായി കഴിയുന്ന അമ്മയും രണ്ട് പെണ്മക്കളും. 1996-ല്‍ പോലീസ് തേടിവരുന്നതുവരെ അഞ്ജനാഭായിയും മക്കളായ രേണുകയും സീമയും അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ നാസിക് പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ മണ്ഡലേശ്വര്‍ മാധവറാവു കാലേയുടെ അന്വേഷണത്തില്‍ ആ മൂന്ന് സ്ത്രീകള്‍ കാണിച്ചുകൂട്ടിയ ക്രൂരതകള്‍ വെളിച്ചത്താവുകയായിരുന്നു. കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയവരാണ് അമ്മയും പെണ്മക്കളുമെന്ന വിവരമറിഞ്ഞ് നാടാകെ ഞെട്ടി. അഞ്ച് വര്‍ഷം ആരുമറിയാതെ ഒളിപ്പിച്ച സംഭവങ്ങള്‍ ഓരോന്നായി പുറത്തായി. അമ്മയും മക്കളും അഴിക്കുള്ളിലാവുകയും സഹോദരിമാരായ യുവതികള്‍ക്ക് പിന്നീട് വധശിക്ഷ ലഭിക്കുകയും ചെയ്തു.
കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കേസില്‍ കോലാപ്പുരിലെ സഹോദരിമാരായ രേണുക ഷിന്ദേ(49)യ്ക്കും സീമ ഗാവിതി(43)നും 2001-ലാണ് കോലപ്പുര് സെഷന്‍സ് കോടതി വധശിക്ഷ വിധിക്കുന്നത്. പിന്നീട് മേല്‍ക്കോടതികള്‍ ഈ വിധി ശരിവെച്ചു. രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയെങ്കിലും ഇത് തള്ളിപ്പോയിരുന്നു.
എന്നാല്‍ വധശിക്ഷ കാത്തുകഴിയുകയായിരുന്ന കോലാപ്പുരിലെ സഹോദരിമാര്‍ക്ക് കഴിഞ്ഞദിവസം ശിക്ഷയില്‍ ഇളവ് ലഭിച്ചു. ബോംബെ ഹൈക്കോടതിയാണ് വധശിക്ഷ ജീവപര്യന്തമായി വെട്ടിക്കുറച്ചത്. അതേസമയം, 25 വര്‍ഷത്തോളമായി തടവില്‍ കഴിയുന്നതിനാല്‍ ജയിലില്‍നിന്ന് വിട്ടയക്കണമെന്ന പ്രതികളുടെ അപേക്ഷ കോടതി തള്ളി. പ്രതികള്‍ ചെയ്തത് ക്രൂരമായ കുറ്റകൃത്യമാണെന്നും മരണംവരെ തടവ് തന്നെയാണ് ഇവര്‍ക്കുള്ള ശിക്ഷയെന്നുമായിരുന്നു ഹൈക്കോടതിയുടെ വിധി.
13 കുട്ടികളെ തട്ടിക്കൊണ്ടുപോവുകയും അതില്‍ അഞ്ചുപേരെ കൊലപ്പെടുത്തുകയും ചെയ്തെന്ന കേസില്‍ 2001-ലാണ് കോലാപ്പുര്‍ സെഷന്‍സ് കോടതി സഹോദരിമാര്‍ക്ക് വധശിക്ഷ വിധിച്ചത്. 2004-ല്‍ ബോംബെ ഹൈക്കോടതിയും 2016-ല്‍ സുപ്രീംകോടതിയും വധശിക്ഷ ശരിവെച്ചു. രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയെങ്കിലും തള്ളിപ്പോയി. എന്നാല്‍ ഇതെല്ലാം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പ്രതികളുടെ ശിക്ഷ നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിയാത്തകാര്യം എടുത്തുകാട്ടിയാണ് ഹൈക്കോടതി ഒടുവില്‍ ഇവരുടെ ശിക്ഷ വെട്ടിക്കുറച്ചത്. നിലവില്‍ രണ്ട് പേരും യാര്‍വാഡ ജയിലില്‍ തടവില്‍ കഴിയുകയാണ്.
1990-96 കാലയളവിലാണ് സഹോദരിമാരായ യുവതികളും ഇവരുടെ അമ്മയും ചേര്‍ന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. യുവതികളുടെ അമ്മയായ അഞ്ജനാഭായിയും കേസിലെ പ്രതിയായിരുന്നു. എന്നാല്‍ കേസിന്റെ വിചാരണയ്ക്കിടെ 1997-ല്‍ ഇവര്‍ മരിച്ചു.
സീരിയര്‍ കില്ലര്‍മാരായ സഹോദരിമാര്‍, പുറത്തറിഞ്ഞത് 1996-ല്‍
ക്രാന്തി ഗാവിത് എന്ന ഒമ്പതുവയസ്സുകാരിയെ കാണാതായ സംഭവമാണ് സീരിയല്‍ കില്ലര്‍മാരായ സഹോദരിമാരുടെ കൊടുംക്രൂരതകള്‍ വെളിച്ചത്തുവരാനിടയാക്കിയത്. നാസിക് പോലീസിലെ ഉദ്യോഗസ്ഥനായ മാധവറാവു കാലേ, ഒമ്പതുവയസ്സുകാരിയെ കാണാതായ കേസില്‍ നടത്തിയ വിശദമായ അന്വേഷണം രാജ്യം ഞെട്ടിയ കൊലപാതക പരമ്പരയുടെ ചുരുളഴിക്കുകയായിരുന്നു. കാണാതായ ക്രാന്തി ഗാവിത് എന്ന പെണ്‍കുട്ടിയുടെ കുടുംബപശ്ചാത്തലം സംബന്ധിച്ച് നടത്തിയ അന്വേഷണമാണ് അന്ന് വഴിത്തിരിവായത്.
മോഹന്‍ ഗാവിത്- പ്രതിഭ ദമ്പതിമാരുടെ രണ്ട് പെണ്മക്കളില് മൂത്തയാളായിരുന്നു ഒമ്പത് വയസ്സുകാരിയായ ക്രാന്തി. പെണ്‍കുട്ടിയെ കാണാതായതിന് പിന്നാലെ പ്രതിഭ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഭര്‍ത്താവിന്റെ ആദ്യഭാര്യയും മക്കളുമാണ് തന്റെ മകളെ തട്ടിക്കൊണ്ടുപോയതെന്നും ഇവര്‍ ആരോപിച്ചു. ഭര്‍ത്താവിനോടുള്ള വിരോധത്തിന്റെ പേരിലാണ് അവരിത് ചെയ്തതെന്നും പ്രതിഭ പോലീസിനോട് പറഞ്ഞിരുന്നു.
എന്നാല്‍ മോഹന്‍ ഗാവിതിന്റെ ആദ്യഭാര്യയായ അഞ്ജനാഭായിയും മക്കളായ രേണുകയും സീമയും ഇതിനോടകം ഒളിവില്‍ പോയിരുന്നു. ഇവര്‍ക്കായി ആദ്യഘട്ടത്തില്‍ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പക്ഷേ, ദിവസങ്ങള്‍ക്കകം പോലീസിന്റെ കെണിയില്‍ അവര്‍ മൂന്നുപേരും കുടുങ്ങി. മോഹന്‍ ഗാവിത്തിനോടുള്ള ഒടുങ്ങാത്ത പക കാരണം അദ്ദേഹത്തിന്റെ രണ്ടാമത്തെ മകളെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് മൂന്നുപേരും നാസിക് പോലീസിന്റെ പിടിയിലായത്.
മോഹന്‍ ഗാവിത്തിന്റെ രണ്ടാമത്തെ മകളെ തട്ടിക്കൊണ്ടുപോകാനായി എത്തിയപ്പോള്‍ അഞ്ജനയെയും സീമയെയും രേണുകയെയും പോലീസ് അറസ്റ്റ് ചെയ്തു. പക്ഷേ, എത്രചോദിച്ചിട്ടും അഞ്ജന ഒരുവാക്ക് പോലും പോലീസിനോട് പറഞ്ഞില്ല. ഒടുവില്‍ കൂട്ടത്തില്‍ അല്പം ദുര്‍ബല സീമയാണെന്ന് പോലീസിന് ബോധ്യമായി. വിശദമായി ചോദ്യംചെയ്തതോടെ സീമ എല്ലാം തുറന്നുപറയുകയും ചെയ്തു.
ഒമ്പത് വയസ്സുകാരിയായ ക്രാന്തിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നായിരുന്നു സീമയുടെ കുറ്റസമ്മതം. അമ്മയ്ക്ക് വേണ്ടിയാണ് ഇത് ചെയ്തതെന്നും ഇവര്‍ വെളിപ്പെടുത്തി.
പ്രതികളിലൊരാള്‍ കുറ്റംസമ്മതിച്ചതോടെ ഇവരുടെ വീട് പരിശോധിക്കാനായിരുന്നു പ്രത്യേക അന്വേഷണസംഘത്തിന്റെ തീരുമാനം. നാസിക്കിലെ ഇവരുടെ വീട്ടിലെത്തിയപ്പോള്‍ ദുരൂഹത ഇരട്ടിപ്പിക്കുന്ന കാഴ്ചകളാണ് പോലീസ് സംഘം കണ്ടത്. വീടിനകത്താകെ കുട്ടികളുടെ വസ്ത്രങ്ങള്‍ ചിതറിക്കിടക്കുന്നനിലയിലായിരുന്നു. പ്രദേശവാസികളല്ലാത്ത ചില കുട്ടികളുടെ ചിത്രങ്ങളും വീട്ടില്‍നിന്ന് കിട്ടി. രേണുകയുടെ മകന്റെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളായിരുന്നു ഇവ. ആ ചിത്രങ്ങളില്‍ പ്രദേശവാസികളല്ലെന്ന് ഉറപ്പായ മറ്റുചില കുട്ടികളും ഉണ്ടായിരുന്നു. ഇതോടെ പ്രതികളെ വീണ്ടും ചോദ്യംചെയ്യുകയും മറ്റു കുറ്റകൃത്യങ്ങളുടെ ചുരുളഴിയുകയുമായിരുന്നു.
മോഷണത്തിന് പിടിക്കപ്പെടാതിരിക്കാന്‍ കുഞ്ഞുങ്ങളെ ഉപയോഗിച്ചു...
ചെറിയ മോഷണവും പിടിച്ചുപറിയുമെല്ലാം നടത്തിയിരുന്ന അഞ്ജനയും രണ്ട് മക്കളും മോഷണത്തിനിടെ പിടിക്കപ്പെട്ടാല്‍ രക്ഷപ്പെടാന്‍ വേണ്ടിയാണ് കുട്ടികളെ ഉപയോഗിച്ചിരുന്നതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. 1990-ലായിരുന്നു ഇതിന്റെ തുടക്കം. ഒരു ക്ഷേത്രത്തില്‍വെച്ച് പോക്കറ്റടിക്കാന്‍ ശ്രമിക്കുന്നതിനിടെ രേണുകയെ നാട്ടുകാര്‍ പിടികൂടിയിരുന്നു. ഈ സമയം ആദ്യവിവാഹത്തിലെ കുട്ടിയായ സുധീറും രേണുകയ്ക്കൊപ്പമുണ്ടായിരുന്നു. നാട്ടുകാര്‍ പിടികൂടിയതോടെ കുഞ്ഞിനെ കാണിച്ച് രക്ഷപ്പെടാനായിരുന്നു രേണുകയുടെ ശ്രമം. കുഞ്ഞുമായി ക്ഷേത്രത്തിലെത്തിയ താന്‍ ഒരിക്കലും മോഷ്ടിക്കില്ലെന്ന് ഇവര്‍ കരഞ്ഞുപറഞ്ഞു. ഇതോടെ യുവതിയെ നാട്ടുകാര്‍ വിട്ടയക്കുകയും ചെയ്തു.
ഈ സംഭവത്തിന് ശേഷമാണ് ഒരു കുഞ്ഞ് കൂടെയുണ്ടെങ്കില്‍ മോഷണവും പിടിച്ചുപറിയുമെല്ലാം എളുപ്പമാകുമെന്ന് മൂവരും കരുതിയത്. പിടിക്കപ്പെട്ടാല്‍ കുഞ്ഞുങ്ങളെ ഉപയോഗിച്ച് രക്ഷപ്പെടാനാകുമെന്നും ഇവര്‍ കണക്കുക്കൂട്ടി. അങ്ങനെയാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ ആരംഭിച്ചതെന്നാണ് പോലീസ് പറയുന്നത്.
പല സംഭവങ്ങള്‍, മറയായി കുഞ്ഞുങ്ങള്‍...
ഒരിക്കല്‍ കോലാപ്പുരില്‍ മോഷണശ്രമത്തിനിടെ സീമയെ നാട്ടുകാര്‍ പിടികൂടിയിരുന്നു. നാട്ടുകാര്‍ സീമയെ തടഞ്ഞുവെച്ചപ്പോള്‍ രക്ഷപ്പെടാനുള്ള തന്ത്രം പുറത്തെടുത്തത് അമ്മയായ അഞ്ജനയാണ്. കൈയിലുണ്ടായിരുന്ന ഒരുവയസ്സുള്ള സന്തോഷ് എന്ന കുഞ്ഞിനെ അഞ്ജന ക്രൂരമായി മര്‍ദിക്കുകയും നിലത്തേക്കെറിയുകയും ചെയ്തു. ഇതോടെ നാട്ടുകാരുടെ ശ്രദ്ധ കുഞ്ഞിലേക്കാവുകയും സീമ തന്ത്രപൂര്‍വം രക്ഷപ്പെടുകയുമായിരുന്നു.
പുണെ, നാസിക്, കോലാപ്പുര്‍ എന്നിവിടങ്ങളിലെ തിരക്കേറിയ സ്ഥലങ്ങളില്‍നിന്നും ക്ഷേത്രപരിസരങ്ങളില്നിന്നുമാണ് മൂവരും കുട്ടികളെ തട്ടിക്കൊണ്ടുപോയിരുന്നത്. ഇതില്‍ ചില സംഭവങ്ങളില്‍ മാത്രമാണ് പോലീസില്‍ പരാതിയെത്തിയത്. തട്ടിക്കൊണ്ടുപോയ കുട്ടികളില്‍ ഭൂരിഭാഗവും ദരിദ്രകുടുംബങ്ങളില്പ്പെട്ടവരായതിനാല് അവരുടെ ബന്ധുക്കളാരും പോലീസില്‍ പരാതി നല്‍കാനോ അന്വേഷിക്കാനോ മുന്നോട്ടുവന്നില്ല. ഇതും പ്രതികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി.
ഏകദേശം 40-ലേറെ കുട്ടികളെ പ്രതികള്‍ തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. എന്നാല്‍ 13 തട്ടിക്കൊണ്ടുപോകല്‍ കേസുകളും അഞ്ച് കൊലക്കേസുകളുമാണ് പോലീസിന് തെളിയിക്കാനായത്. മറ്റുസംഭവങ്ങളിലൊന്നും ഒരു തെളിവ് പോലും പോലീസിന് കണ്ടെത്താനായില്ല.
കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയത് കരഞ്ഞതിന്, കൊടുംക്രൂരത
അഞ്ജനയും സഹോദരിമാരായ യുവതികളും കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതെല്ലാം അവര്‍ കരഞ്ഞതിന്റെ പേരിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സന്തോഷ് എന്ന ഒരുവയസ്സുകാരനെ ഒരു ഭിക്ഷക്കാരിയില്നിന്നാണ് പ്രതികള്‍ തട്ടിയെടുത്തത്. വീട്ടില്‍വെച്ച് കുഞ്ഞ് നിര്‍ത്താതെ കരഞ്ഞതോടെ അഞ്ജന കുഞ്ഞിനെ ഇരുമ്പ് കമ്പിയില്‍ തലയിടിപ്പിച്ച് കൊല്ലുകയായിരുന്നു. ഈ സമയം വടാപാവ് കഴിച്ചുകൊണ്ട് രേണുകയും സീമയും അമ്മയുടെ ക്രൂരത കണ്ടുനില്‍ക്കുകയും ചെയ്തു.
പഴയ റിക്ഷകള്‍ കൂട്ടിയിട്ടിരുന്ന സ്ഥലത്താണ് ഇവര്‍ സന്തോഷിന്റെ മൃതദേഹം ഉപേക്ഷിച്ചത്. ശേഷം വീട്ടിലേക്ക് മടങ്ങി. പിറ്റേദിവസമാണ് നാട്ടുകാര്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ലക്ഷ്മിപുര്‍ പോലീസ് കേസെടുത്തെങ്കിലും അന്വേഷണം എവിടെയും എത്തിയില്ല.
ഏഴുമാസം പ്രായമുള്ള സ്വപ്നിലാണ് പ്രതികള്‍ കൊലപ്പെടുത്തിയ മറ്റൊരു കുട്ടി. നിര്‍ത്താതെ കരഞ്ഞതായിരുന്നു ഈ കൊലപാതകത്തിന്റെയും കാരണം. ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ സീമ നിലത്തെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മറ്റൊരു രണ്ട് വയസ്സുകാരനെ തലകീഴായി കെട്ടിത്തൂക്കിയും തല ചുമരിലിടിപ്പിച്ചുമാണ് പ്രതികള്‍ കൊലപ്പെടുത്തിയത്.
ഒരു കുട്ടിയെ സീമയും രേണുകയും കുളിമുറിയില്‍വെച്ച് വെള്ളത്തില്‍ മുക്കിക്കൊല്ലുകയായിരുന്നു. സഹോദരിമാരിലൊരാള് കുട്ടിയുടെ കാലുകള്‍ പിടിച്ചുവെച്ചപ്പോള്‍ മറ്റൊരാള്‍ കുട്ടിയുടെ തല വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തി.
ഒരു കുട്ടിയെ കൊലപ്പെടുത്തിയതിന് ശേഷം സഹോദരിമാര്‍ ഒരുമിച്ച് സിനിമയ്ക്ക് പോയതായും അന്വേഷണത്തില്‍ കണ്ടെത്തി. കുഞ്ഞിന്റെ മൃതദേഹം ചാക്കിലാക്കി ഈ ചാക്കുമായാണ് ഇവര്‍ സിനിമയ്ക്ക് പോയത്. ചാക്ക് കാലിനിടയില്വെച്ചാണ് സഹോദരിമാര്‍ സിനിമ കണ്ട് തീര്‍ത്തതെന്നും ഇതിനിടെ ഭേല്‍പുരി കഴിച്ചെന്നും സിനിമ കഴിഞ്ഞതിന് ശേഷം ചാക്ക് തിയേറ്ററിലെ ശൗചാലയത്തില്‍ ഉപേക്ഷിച്ചെന്നും പോലീസ് പറയുന്നു.
പ്രതി മാപ്പുസാക്ഷിയായി, നിര്‍ണായകം...
രേണുകയുടെ രണ്ടാംഭര്‍ത്താവായ കിരണ്‍ ഷിന്ദേയെയും പോലീസ് കേസില്‍ പ്രതിചേര്‍ത്തിരുന്നു. എന്നാല്‍ തെളിവുകളും മൊഴികളും വെല്ലുവിളിയായ കേസില്‍ കിരണിനെ പിന്നീട് മാപ്പുസാക്ഷിയാക്കി. സഹോദരിമാരും അമ്മയും ചെയ്തുകൂട്ടിയെ ക്രൂരതകളെല്ലാം ഇതോടെ കിരണ്‍ ഷിന്ദേ പോലീസിനോട് വെളിപ്പെടുത്തി. കൊലപ്പെടുത്തിയ കുട്ടികളുടെ മൃതദേഹങ്ങള്‍ ഉപേക്ഷിച്ച സ്ഥലങ്ങളും ഇയാള്‍ പോലീസിന് കാണിച്ചുകൊടുത്തിരുന്നു.
Content Highlights: maharashtra serial killers sister kolhapur sisters gavit sisters kidnapping and murder case