കോട്ടയ്ക്കല്‍: ആള്‍ക്കൂട്ടം നിയമം കൈയിലെടുത്തപ്പോള്‍ ജില്ലയില്‍ മൂന്നുവര്‍ഷത്തിനിടെ പൊലിഞ്ഞത് മൂന്ന് ജീവനുകള്‍. കുറ്റിപ്പാലയിലെ സാജിദിനും മങ്കടയിലെ നസീറിനും പിന്നാലെ പുതുപ്പറമ്പില്‍നിന്നൊരു ഇരുപത്തിരണ്ടുകാരന്‍കൂടി. ഷാഹിര്‍ എന്ന യുവാവിന്റെ സ്വയംഹത്യ വിരല്‍ചൂണ്ടുന്നത് ആവര്‍ത്തിക്കുന്ന ആള്‍ക്കൂട്ട അതിക്രമങ്ങള്‍ നിയന്ത്രിക്കുന്നതില്‍ പോലീസിന്റെയും ഭരണകൂടത്തിന്റെയും ഭാഗത്തുനിന്നുള്ള പരാജയത്തിലേക്കുകൂടിയാണ്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി സൗഹൃദത്തിലായിരുന്ന ഷാഹിറിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ സംഘംചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തെത്തുടര്‍ന്നുണ്ടായ മനോവിഷമത്തില്‍ ഷാഹിര്‍ വിഷംകഴിച്ച് ജീവനൊടുക്കി. ഒരുമാസംമുമ്പ് കോട്ടയ്ക്കല്‍ പോലീസ് ഒത്തുതീര്‍പ്പാക്കിയ പ്രശ്‌നമാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ കലാശിച്ചത്.
ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ 12 ആള്‍ക്കൂട്ട ആക്രമണങ്ങളാണ് ജില്ലയിലുണ്ടായത്. ആള്‍ക്കൂട്ട ആക്രമണക്കേസുകളിലെ പ്രതികളെ പലപ്പോഴും അറസ്റ്റ്‌ചെയ്യാന്‍പോലും പോലീസിന് കഴിയാറില്ല. പലരും നിരപരാധികളായിത്തന്നെ നാട്ടില്‍ വിലസുന്നു. ?കൂട്ടംകൂടി മര്‍ദിക്കുകയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയുംചെയ്യുന്ന പ്രവണതയും കൂടിവരുന്നു. പുതുപ്പറമ്പിലേതിന് സമാനമായ സംഭവമാണ് കുറ്റിപ്പാലയില്‍ നടന്നതും. രാത്രി ദുരൂഹസാഹചര്യത്തില്‍ കണ്ടെന്നാരോപിച്ചായിരുന്നു സാജിദ് എന്ന യുവാവിനെ ഒരു സംഘം ആക്രമിച്ചത്. മര്‍ദനദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയുംചെയ്തു. ഇതോടെ സാജിദ് ആത്മഹത്യചെയ്തു.
ഭര്‍ത്തൃമതിയായ യുവതിയുമായി അവിഹിതബന്ധം ആരോപിച്ചായിരുന്നു മങ്കടയില്‍ ആള്‍ക്കൂട്ടം കൂട്ടില്‍ നസീര്‍ എന്ന മധ്യവയസ്‌കനെ അടിച്ചുകൊന്നത്. ഓമാനൂരില്‍ വിദ്യാര്‍ഥി തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി വ്യാജപ്രചാരണം നടത്തിയതിനെത്തുടര്‍ന്ന് ആള്‍ക്കൂട്ടം യുവാക്കളെ മര്‍ദിച്ച് അവശരാക്കിയതും അടുത്തിടെ. എരവിമംഗലത്ത് ബസ് കാറിലിടിച്ച് അപകടമുണ്ടായപ്പോള്‍ മൂന്നരമണിക്കൂറോളം ബസ് നാട്ടുകാര്‍ തടഞ്ഞിട്ടു. തുടര്‍ന്ന് പോലീസെത്തി ലാത്തിവീശി ആള്‍ക്കൂട്ടത്തെ ഓടിച്ചു.
നിലമ്പൂരില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചാലിയാറിലെ പാറക്കടവില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയും സുഹൃത്തുക്കളും സദാചാരഗുണ്ടകളുടെ ആക്രമണത്തിനിരയായിരുന്നു. പോലീസ് സ്ഥലത്തെത്തിയതോടെ അക്രമികള്‍ മാപ്പുപറഞ്ഞ് തടിതപ്പി.
കോട്ടയ്ക്കലില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്കു നേരെയുമുണ്ടായി ആക്രമണം. തിരൂരില്‍ യുവാവിനെയും യുവതിയെയും ഓട്ടോറിക്ഷ തടഞ്ഞ് ൈകയേറ്റംചെയ്തിരുന്നു.
കരിങ്കല്ലത്താണിയില്‍ യുവതിയെ ശല്യംചെയ്‌തെന്നാരോപിച്ച് യുവാവിനെ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചിട്ടും അധികനാളായില്ല.
കടയില്‍നിന്ന് ബീഡിയെടുത്ത് ഓടിയ മധ്യവയസ്‌കനെയും കാടാമ്പുഴയില്‍ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ചു. എടവണ്ണയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയവര്‍ എന്നാരോപിച്ച് നിരപരാധികളായ പട്ടാമ്പി സ്വദേശികളെ മര്‍ദിച്ചതും വിവാദമായിരുന്നു.
കണ്ടുനിന്നാലും കേസ്
ആള്‍ക്കൂട്ട ആക്രമണം തടയാന്‍ ശ്രമിക്കാതെ നോക്കിനില്‍ക്കുന്നവര്‍ക്കും മൊബൈല്‍ഫോണില്‍ പകര്‍ത്തുന്നവര്‍ക്കുമെതിരേയും കേസെടുക്കാന്‍ പോലീസിനാകും. ഇരയെ ആക്രമിച്ചിട്ടില്ല എന്നുപറഞ്ഞ് രക്ഷപ്പെടാന്‍ സാധിക്കില്ല. കൂട്ടത്തില്‍ ഏതെങ്കിലുമൊരാള്‍ ചെയ്യുന്ന കുറ്റകൃത്യത്തിന് എല്ലാവരും ശിക്ഷ അനുഭവിക്കേണ്ടിവരും.
സംഘത്തില്‍ ഉള്‍പ്പെട്ടാല്‍തന്നെ മൂന്നുവര്‍ഷംവരെയുള്ള തടവുശിക്ഷ ലഭിക്കാം. ഐ.പി.സി. 143 മുതല്‍ 148 വരെയുള്ള വകുപ്പുകള്‍ ചുമത്തിയായിരിക്കും കേസെടുക്കുന്നത്.
നടപടിയെടുക്കും
മലപ്പുറത്ത് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ കൂടുന്നുണ്ട്. നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ല. എടുത്തുചാടി പ്രതികരിക്കുന്ന ശീലം യുവാക്കള്‍ നിര്‍ത്തണം. ഇത്തരക്കാര്‍ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കും.
യു. അബ്ദുള്‍കരീം
ജില്ലാ പോലീസ് മേധാവി
Content Highlight: lynching case rate increased in kerala