വീട്ടുമുറ്റത്തെ ചിതയിലെരിഞ്ഞ് കൃഷ്ണപ്രിയ, നല്ല വസ്ത്രം ധരിച്ചാല്‍ സംശയം, പിന്മാറാന്‍ ശ്രമിച്ചതിന് പക


കെ.പി.നിജീഷ് കുമാര്‍

കൃഷ്ണപ്രിയയുടെ സംസ്‌കാരചടങ്ങിൽനിന്ന്. ഇൻസെറ്റിൽ കൃഷ്ണപ്രിയ, നന്ദകുമാർ | ഫോട്ടോ: മാതൃഭൂമി

തിക്കോടി(കോഴിക്കോട്): റെയില്‍വേ സ്റ്റേഷന് തൊട്ടരികത്തെ വീട്ടുമുറ്റത്ത് തന്നെയാണ് കൃഷ്ണപ്രിയയ്ക്ക് ചിതയൊരുങ്ങിയത്. ആകെയുള്ള നാലര സെന്റില്‍ അവള്‍ക്ക് അന്ത്യവിശ്രമമൊരുക്കാന്‍ വേറെ സ്ഥലമുണ്ടായിരുന്നില്ല. ഒരു കുടുംബത്തിന്റെയാകെ പ്രതീക്ഷയായിരുന്ന ആ പെണ്‍കൊടിക്ക് ഒടുവില്‍ കണ്ണീരോടെയാണ് നാട് വിട ചൊല്ലിയത്.

Read Also: യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവാവും മരിച്ചു....

അച്ഛന്‍ കാട്ടുവയല്‍ മനോജന്റെ ഹൃദ്രോഗം ഗുരുതരമായതോടെയാണ് ഒരു കൈത്താങ്ങാവുമെന്ന് കരുതി കൃഷ്ണപ്രിയ പഞ്ചായത്തിലെ താത്ക്കാലിക ജോലിക്ക് പോയിത്തുടങ്ങിയത്. എം.സി.എ. ബിരുദധാരിയായിരുന്നു. പക്ഷേ, കിട്ടിയ ജോലിക്ക് പോവുകയെന്നത് മാത്രമായിരുന്നു രക്ഷ. എന്നാല്‍ ജോലി കിട്ടിയതിന്റെ അഞ്ചാംദിനം നടുറോഡില്‍ എരിഞ്ഞടങ്ങാനായിരുന്നു അവളുടെ വിധി.

നന്ദകുമാറുമായി കൃഷ്ണപ്രിയയ്ക്ക് സൗഹൃദമുണ്ടായിരുന്നു. അത് വീട്ടുകാര്‍ക്കും അറിയാമായിരുന്നു. കൂടുതല്‍ അടുത്തതോടെ അവന്റെ സൈക്കോ മനസ്സ് തിരിച്ചറിഞ്ഞ കൃഷ്ണപ്രിയ പിന്‍മാറാന്‍ ശ്രമിച്ചു. നല്ല വസ്ത്രം ധരിച്ചാല്‍, ആളുകളോട് സംസാരിച്ചാല്‍, നല്ല രീതിയില്‍ മുടി കെട്ടിയാല്‍ പോലും അവന്‍ പ്രശ്‌നമാക്കിയതായി കൃഷ്ണപ്രിയയെ അറിയുന്നവര്‍ പറയുന്നു. സംശയരോഗത്താല്‍ കൃഷ്ണപ്രിയയുടെ ഫോണ്‍ നന്ദകുമാര്‍ തട്ടിപ്പറിച്ച് കൊണ്ടുപോയ സംഭവവമുണ്ടായി. പക്ഷേ, ആരോടും ഒന്നും പറയാതെ, പരാതി പോലും നല്‍കാതെ വീട്ടുകാര്‍ പോലും രഹസ്യമാക്കിവെച്ചത് ദുര്‍വിധിക്കും കാരണമായി.

പാവപ്പെട്ട കുടുംബത്തെ ചേര്‍ത്ത് നിര്‍ത്തിയതും കൃഷ്ണപ്രിയയുടെ പഠനം പോലും നോക്കിയതും നാട്ടുകാരും പാര്‍ട്ടിയുമായിരുന്നു. പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് നാട്ടുകാരായ പലരും അഭിമുഖത്തിന് വന്നിരുന്നുവെങ്കിലും കൃഷ്ണപ്രിയയ്ക്ക് ജോലി ലഭിക്കാന്‍ വേണ്ടി പലരും മാറിക്കൊടുത്തു. അത്ര മിടുക്കിയായി പഠിച്ചിരുന്ന കൃഷ്ണപ്രിയയെ ചേര്‍ത്ത് നിര്‍ത്തുക തന്നെയായിരുന്നു നാട്ടുകാരുടേയും ലക്ഷ്യം. പക്ഷേ, എല്ലാം വെറുതെ ആയത് ഓര്‍ക്കുമ്പോള്‍ നാട്ടുകാര്‍ക്കും സങ്കടം സഹിക്കാനാവുന്നില്ല.

Read Also: യുവതിയെ തീകൊളുത്തി കൊന്നതിന്റെ ഞെട്ടലില്‍ നാട്, പകയില്‍ കത്തിയമര്‍ന്നത് കുടുംബത്തിന്റെ പ്രതീക്ഷ

നാലര സെന്റ് സ്ഥലത്തെ ചെറിയ വീടിന്റെ നിലംപണിക്കായി കൂട്ടിയിട്ട ടൈലുകള്‍ ഇപ്പോഴുമുണ്ട് വീടിന്റെ ഉമ്മറത്ത്. മകള്‍ക്ക് താത്ക്കാലികമായെങ്കിലും ഒരു ജോലി ലഭിച്ചതോടെ ഒരുപാട് സ്വപ്നങ്ങളും ആ വീട്ടുകാര്‍ നെയ്ത് കൂട്ടിയിരുന്നു. പക്ഷേ, എല്ലാം വെറുതെയായി. ഒരിറ്റ് കണ്ണീര്‍ പോലും പൊഴിക്കാനാവാതെ നിര്‍വികാരനായിനില്‍ക്കുന്ന കാട്ടുവയല്‍ മനോജിനെയും കുടുംബത്തേയും എങ്ങനെ സമാധാനിപ്പിക്കണമെന്ന് നാട്ടുകാര്‍ക്കും അറിയില്ല.

krishnapriya murder thikkodi kozhikode

കൃഷ്ണപ്രിയയുടെ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ചപ്പോള്‍ . ഫോട്ടോ: മാതൃഭൂമി

വെള്ളിയാഴ്ച കൊല്ലപ്പെട്ട കൃഷ്ണപ്രിയയുടെ മൃതദേഹം ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വീട്ടിലെത്തിച്ചത്. പഞ്ചായത്ത് ഓഫീസിലും പൊതുദര്‍ശനത്തിന് വെച്ചിരുന്നു. കൃഷ്ണപ്രിയയുടെ കത്തിക്കരിഞ്ഞ മൃതദേഹത്തില്‍ മുഖം മാത്രമാണ് അല്‍പം തിരിച്ചറിയാനായത്. അത് ഒരു നോക്ക് മാത്രം കണ്ട് നില്‍ക്കാനേ നാട്ടുകാര്‍ക്കുമായുള്ളൂ.

Content Highlights: Krishnapriya murder case Thikkodi, kozhikode

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram