പ്രണയത്തെച്ചൊല്ലി പ്ലസ്ടു വിദ്യാര്‍ഥിനികളുടെ തര്‍ക്കം; പടക്കമേറ്, കുത്തേറ്റ് വീണിട്ടും മര്‍ദിച്ചു


Screengrab: Mathrubhumi News

കോട്ടയം: കടുത്തുരുത്തി മങ്ങാട്ടിലില്‍ സി.പി.എം. പ്രവര്‍ത്തകനെ മാരകമായി കുത്തിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. കഴിഞ്ഞദിവസം രാത്രിയുണ്ടായ ആക്രമണത്തിന് പിന്നാലെ ബൈക്ക് മോഷ്ടിച്ച് കടന്നുകളഞ്ഞ രണ്ടുപേരില്‍ ഒരാളെയാണ് പോലീസ് തിങ്കളാഴ്ച രാവിലെ കസ്റ്റഡിയിലെടുത്തത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കള്‍ കസ്റ്റഡിയിലായി. ഒരാളെ കൂടി കേസില്‍ പിടികൂടാനുണ്ട്.

കഴിഞ്ഞദിവസം രാത്രിയാണ് കടുത്തുരുത്തി മങ്ങാട്ടിലില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയും ഒപ്പമെത്തിയ നാല് ആണ്‍സുഹൃത്തുക്കളും ചേര്‍ന്ന് ആക്രമണം അഴിച്ചുവിട്ടത്. പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇവര്‍ പ്രശ്‌നം പരിഹരിക്കാനെത്തിയ സി.പി.എം. പ്രവര്‍ത്തകനായ പരിഷത്ത് ഭവനില്‍ അശോകനെ കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:- മങ്ങാട്ടിലില്‍ താമസിക്കുന്ന പ്ലസ്ടു വിദ്യാര്‍ഥിനിയും സഹപാഠിയായ കാപ്പുന്തലയിലെ പെണ്‍കുട്ടിയും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തിലും കത്തിക്കുത്തിലും കലാശിച്ചത്. കാപ്പുന്തല സ്വദേശിയായ പെണ്‍കുട്ടി ചങ്ങനാശ്ശേരി സ്വദേശിയായ യുവാവുമായി പ്രണയത്തിലാണ്. എന്നാല്‍ ഈ പ്രണയത്തില്‍നിന്ന് കാപ്പുന്തല സ്വദേശിയായ പെണ്‍കുട്ടി പിന്മാറണമെന്ന് യുവാവിന്റെ മുന്‍കാമുകി ആവശ്യപ്പെട്ടു. ഇക്കാര്യം തനിക്ക് പരിചയമുള്ള മങ്ങാട്ടിലിലെ പെണ്‍കുട്ടിയെ മുന്‍കാമുകി അറിയിച്ചു. സഹപാഠിയായ പെണ്‍കുട്ടിയോട് പ്രണയത്തില്‍നിന്ന് പിന്മാറാന്‍ പറയണമെന്നായിരുന്നു യുവാവിന്റെ മുന്‍കാമുകി മങ്ങാട്ടിലിലെ പെണ്‍കുട്ടിയോട് പറഞ്ഞത്.

ഇതനുസരിച്ച് മാങ്ങാട്ടിലിലെ പെണ്‍കുട്ടി സഹപാഠിയോട് കാര്യം പറഞ്ഞു. ഇതോടെ കാപ്പുന്തലയിലെ പെണ്‍കുട്ടി യുവാവിനോട് കാര്യം തിരക്കി. എന്നാല്‍ തനിക്ക് അങ്ങനെയൊരു ബന്ധമുണ്ടായിരുന്നില്ലെന്നും പ്രണയബന്ധം തകര്‍ക്കാനാണ് ഇങ്ങനെ പറയുന്നതെന്നുമായിരുന്നു ചങ്ങനാശ്ശേരിക്കാരനായ കാമുകന്റെ മറുപടി. ഇതേച്ചൊല്ലി മങ്ങാട്ടിലിലെ പെണ്‍കുട്ടിയും കാപ്പുന്തലയിലെ പെണ്‍കുട്ടിയും തമ്മില്‍ ഫോണിലൂടെ വാക്കുതര്‍ക്കമായി. സംഭവം ശ്രദ്ധയില്‍പ്പെട്ട മങ്ങാട്ടിലിലെ പെണ്‍കുട്ടിയുടെ സഹോദരനും പ്രശ്‌നത്തില്‍ ഇടപെട്ടു. തുടര്‍ന്ന് പ്രശ്‌നം പറഞ്ഞുതീര്‍ക്കാമെന്ന് പറഞ്ഞാണ് കാപ്പുന്തലയിലെ പെണ്‍കുട്ടിയും കാമുകന്‍ അടക്കമുള്ള നാല് യുവാക്കളും ഞായറാഴ്ച രാത്രി മങ്ങാട്ടിലില്‍ എത്തിയത്.

എന്നാല്‍, മങ്ങാട്ടിലില്‍ എത്തിയ സംഘം അക്രമം അഴിച്ചുവിടുകയായിരുന്നു. മങ്ങാട്ടില്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ പിതാവുമായി ഇവര്‍ തര്‍ക്കത്തിലേര്‍പ്പെട്ടു. പിന്നാലെ പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇത് കണ്ടാണ് സമീപവാസിയായ അശോകന്‍ പ്രശ്‌നം പരിഹരിക്കാനെത്തിയത്. എന്നാല്‍ സംഘത്തിലെ യുവാക്കള്‍ അശോകനെ കത്തി കൊണ്ട് കുത്തുകയായിരുന്നു.

നെഞ്ചില്‍ കുത്തേറ്റ് നിലത്തുവീണിട്ടും അശോകനെ യുവാക്കള്‍ മര്‍ദിച്ചെന്നാണ് നാട്ടുകാര്‍ പറയുന്നത്. സമീപവാസികളായ കൂടുതല്‍ പേര്‍ എത്തിയാണ് അശോകനെ ആശുപത്രിയിലെത്തിച്ചത്. നെഞ്ചില്‍ രണ്ട് സെന്റിമീറ്ററിലേറെ ആഴത്തിലാണ് അശോകന് കുത്തേറ്റിട്ടുള്ളത്. ശ്വാസകോശത്തിലും മുറിവുണ്ടായിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

അക്രമിസംഘത്തിലുണ്ടായിരുന്ന പെണ്‍കുട്ടിയെയും രണ്ട് യുവാക്കളെയും നാട്ടുകാര്‍ തന്നെ പിടികൂടിയാണ് പോലീസില്‍ ഏല്‍പ്പിച്ചത്. ഇതിനിടെ രണ്ടുപേര്‍ സ്ഥലത്തുണ്ടായിരുന്ന ബൈക്ക് എടുത്ത് കടന്നുകളഞ്ഞു. സി.പി.എം. ബ്രാഞ്ച് സെക്രട്ടറി സജീവ് കെ. പാലിയപാടത്തിന്റെ ബൈക്കുമായാണ് യുവാക്കള്‍ രക്ഷപ്പെട്ടത്. പിന്നീട് വഴിയരികില്‍ ബൈക്ക് ഉപേക്ഷിക്കുകയും ചെയ്തു. ഇവരിലൊരാളെയാണ് തിങ്കളാഴ്ച രാവിലെ പോലീസ് കസ്റ്റഡിയിലെടുത്തത്. യുവാക്കള്‍ വന്ന കാറില്‍നിന്ന് കത്തി കണ്ടെടുത്തിട്ടുണ്ടെന്ന് കടുത്തുരുത്തി എസ്.എച്ച്.ഒ. മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

Content Highlights: kottayam kaduthuruthi plus two girls clash over relationship neighbour stabbed by youth

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram