തൃപ്പൂണിത്തുറ/കോട്ടയം: കൊച്ചിയിലും തൃശ്ശൂരിലും എ.ടി.എം. തകര്‍ത്ത് പണം കവര്‍ന്ന സംഘത്തിലെ രണ്ടു പ്രതികളെ ഏറ്റുമാനൂരിലെ ഹൈടെക് സെല്ലില്‍ എത്തിച്ച് ചോദ്യം ചെയ്തു. ഹരിയാണ മേവാത്ത് സ്വദേശി ഹനീഫ് അബ്ദുള്‍ മജീദ് (37), രാജസ്ഥാന്‍ ഭരത്പുര്‍ സ്വദേശി നസീം ഖാന്‍ (24) എന്നിവരെയാണ് ചോദ്യം ചെയ്തത്. ഹനീഫാണ് മോഷണത്തിന്റെ മുഖ്യ സൂത്രധാരനെന്ന് കോട്ടയം എസ്.പി. എസ്. ഹരിശങ്കര്‍ പറഞ്ഞു.
കവര്‍ന്ന 35 ലക്ഷം രൂപ കണ്ടെത്താനായിട്ടില്ല. 4,90,000 രൂപ വീതം എടുത്ത ശേഷം പണം കടം വീട്ടുകയും ബന്ധുക്കള്‍ക്ക് കൊടുക്കുകയുമൊക്കെ ചെയ്തുവെന്നാണ് അറസ്റ്റിലായ നസീമും ഹനീഫും അന്വേഷണ സംഘത്തിനോടു പറഞ്ഞത്. പ്രതികള്‍ കുറ്റം സമ്മതിച്ചെന്നും പോലീസ് അറിയിച്ചു.
ഡല്‍ഹിയില്‍നിന്ന് വെള്ളിയാഴ്ചയാണ് പ്രതികളെ ഏറ്റുമാനൂരില്‍ കൊണ്ടുവന്നത്. മറ്റൊരു പ്രതി രാജസ്ഥാന്‍ സ്വദേശി പപ്പീപാല്‍ സിങ് (32) ബൈക്ക് മോഷണക്കേസില്‍ ന്യൂഡല്‍ഹിയിലെ ജയിലിലാണ്. ഇവര്‍ മൂന്നുപേരും കവര്‍ച്ചയില്‍ നേരിട്ട് പങ്കെടുത്തവരാണെന്ന് ഡിവൈ.എസ്.പി. എസ്. സുരേഷ് കുമാര്‍ പറഞ്ഞു.
രാജ്യത്തെ 16 എ.ടി.എമ്മുകളില്‍ കവര്‍ച്ച നടത്തിയ കേസില്‍ പ്രതിയാണ് പപ്പീപാല്‍ സിങ്. കേസിലെ ആറു പ്രതികളും ട്രക്ക് ഡ്രൈവര്‍മാരാണ്. പതിവായി കേരളത്തിലെത്താറുള്ള ഇവര്‍ക്ക് വഴികളും മറ്റും സുപരിചിതവുമാണ്.
പിടികൂടിയത് സാഹസികമായി
ഹരിയാണയിലെ മേവാത്ത്, രാജസ്ഥാനിലെ ജുേററ എന്നിവിടങ്ങളില്‍നിന്നാണ് പ്രതികളെ സാഹസികമായി അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. രണ്ടാഴ്ചയായി പോലീസ് സംഘം പ്രതികള്‍ക്കായി രാജസ്ഥാന്‍, ഹരിയാണ ഭാഗങ്ങളില്‍ തിരച്ചിലിലായിരുന്നു. അവിടത്തെ പോലീസിന്റെ സഹായവും ലഭിച്ചിരുന്നു.
കൊള്ളയ്‌ക്കെത്തിയത് വിമാനത്തില്‍
അറസ്റ്റിലായ പപ്പി, ഹനീഫ് എന്നിവരും പിടികിട്ടാനുള്ള ഷെഹസാദും നാട്ടില്‍നിന്ന് വിമാന മാര്‍ഗമാണ് ബംഗളൂരുവിലെത്തിയത്. മറ്റ് മൂന്നുപേര്‍ ലോറികളിലാണ് െബംഗളൂരുവിലെത്തിയത്. തുടര്‍ന്ന് കേരളത്തിലേക്ക് ലോറികളിലാണ് തിരിച്ചത്.
ഓപ്പറേഷന്‍ ഇങ്ങനെ
ബെംഗളൂരുവില്‍ നിന്നു കേരളത്തിലേക്ക് മൂന്ന് ലോറികളിലായി പുറപ്പെട്ട സംഘം കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളില്‍ ലോഡ് ഇറക്കി കോട്ടയത്ത് ഒത്തുകൂടി. പോകുന്ന വഴി ഒരു പിക്കപ്പ് വാന്‍ മോഷ്ടിക്കുകയാണ് ആദ്യം ചെയ്തത്. തുടര്‍ന്ന് സംഘത്തിലെ ഷഹസാദ്, നസീം, പപ്പി എന്നിവര്‍ ചേര്‍ന്ന് എം.സി. റോഡില്‍ കോട്ടയത്തിനടുത്ത് വെമ്പിള്ളിയിലെ എ.ടി.എം. തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും സമീപ കെട്ടിടത്തിലെ ആളുകള്‍ എഴുന്നേറ്റതിനാല്‍ അവിടന്നു കടന്നു. തുടര്‍ന്ന് പോകുംവഴി മോനിപ്പിള്ളിയിലെ എ.ടി.എമ്മിലും കയറി. സി.സി.ടി.വി. ക്യാമറയില്‍ സ്പ്രേ പെയിന്റ് അടിച്ചപ്പോഴേക്കും മറ്റു ചിലര്‍ വരുന്നതു കണ്ട് ശ്രമം ഉപേക്ഷിച്ചു.
പിന്നീട് കോലഞ്ചേരി വഴി ഇരുമ്പനത്തെത്തി എസ്.ബി.ഐ.യുടെ എ.ടി.എം. തകര്‍ത്ത് പണം കവരുകയായിരുന്നു. 25,05,200 രൂപയാണ് ഇവിടെ നിന്നു കവര്‍ന്നത്.
ഗ്യാസ് വെല്‍ഡറായ ഹനീഫാണ് എ.ടി.എം. മെഷീന്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചത്. 14 മിനിറ്റു കൊണ്ട് കൃത്യം നടത്തി പണമെടുത്ത സംഘം കളമശ്ശേരിയിലെത്തി അവിടെയും ഒരു എ.ടി.എം. തകര്‍ക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇത് അടുത്ത കടയിലെ രണ്ടുപേര്‍ കണ്ടതിനെ തുടര്‍ന്ന് രക്ഷപെട്ടു. സഹായികളായ അലീം, അസീം എന്നിവര്‍ പിറകേ ലോറിയുമായി ഉണ്ടായിരുന്നു. പിന്നീടാണ് കൊരട്ടിയിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എം. തകര്‍ത്ത് പത്തുലക്ഷം രൂപ കവര്‍ച്ച ചെയ്തത്.
കവര്‍ച്ച സമയത്ത് സംഘം ഇരുമ്പുദണ്ഡ് കരുതിയിരുന്നുവെന്ന് അന്വേഷണ സംഘം പറഞ്ഞു. ആരെങ്കിലും ആ സമയത്ത് അവിടെ എത്തിയിരുന്നെങ്കില്‍ കൊല്ലാന്‍ പോലും മടിക്കില്ലായിരുന്നു.
ചാലക്കുടി ഗവ. സ്‌കൂളിനു സമീപം പിക്കപ്പ് വാന്‍ ഉപേക്ഷിച്ച്, മോഷ്ടാക്കള്‍ ആദ്യം വന്ന ലോറിയില്‍ത്തന്നെ രക്ഷപെടുകയാണുണ്ടായതെന്നും പോലീസ് പറഞ്ഞു.
ചോദ്യംചെയ്യല്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഹനീഫിനെയും നസീമിനെയും കൊച്ചി പോലീസിന് കൈമാറി. ഒക്ടോബര്‍ 12-നാണ് വിവിധ സ്ഥലങ്ങളില്‍ എ.ടി.എം. തകര്‍ത്ത് 35 ലക്ഷം രൂപ കവര്‍ന്നത്. കൊച്ചി റേഞ്ച് ഐ.ജി. വിജയ് സാഖറെ, കൊച്ചി കമ്മിഷണര്‍ എം.പി. ദിനേശ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രത്യേക അന്വേഷണ സംഘം.