-
വടകര: വാനിറ്റി ബാഗില്‍ എന്നും സയനൈഡുമായിട്ടായിരുന്നു ജോളിയുടെ യാത്ര. ഓരാ കൊലപാതകവും മുന്‍കൂട്ടി തയ്യാറാക്കി, ഊഴം കാത്ത് ലക്ഷ്യം നിറവേറ്റി. ഷാജുവിനെ സ്വന്തമാക്കുക എന്ന ഒറ്റലക്ഷ്യത്തിന് മുന്നില്‍ എല്ലാം മറന്ന ജോളി, ഷാജുവിന്റെ മൂന്നുവയസ്സുള്ള പെണ്‍കുഞ്ഞിനെയും ഇല്ലാതാതാക്കി. ഒരാളെ കൊല്ലാന്‍ തീരുമാനിച്ച ശേഷം അതിനായി നിരന്തരം പരിശ്രമിച്ച് വിധി നടപ്പിലാക്കുന്ന രീതിയാണ് ജോളിയുടെ സ്വാഭാവത്തില്‍ കണ്ടെതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. മറ്റുള്ള കൊലപാതകങ്ങളെല്ലാം നടപ്പിലാക്കിയപോലെ, ഈ രീതി ജോളി ആല്‍ഫൈനിന്റെ കാര്യത്തിലും തുടരുകയായിരുന്നു. സിലിയേയും ആല്‍ഫൈനിനേയും കൊല്ലാന്‍ ജോളി ആദ്യമേ നിശ്ചയിച്ചിരുന്നുവെങ്കിലും ആദ്യം ഇരയായത് ആല്‍ഫൈനായിരുന്നു.
മുറ്റത്തെ പന്തലില്‍ ബന്ധുക്കളോടൊപ്പം ഭക്ഷണം കഴിക്കുകയായിരുന്ന ഷാജുവിന്റെ ഭാര്യ സിലി, ആല്‍ഫൈന് ഭക്ഷണം കൊടുക്കാന്‍ തന്റെ സഹോദരി ആന്‍സിയോടാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇത് കേട്ട ജോളി പെട്ടെന്ന് അടുക്കളയിലെത്തുകയും രണ്ട് ബ്രഡും കുറച്ച് ചിക്കന്‍ കറിയുമെടുത്ത് അതിലേക്ക് കൈയില്‍ കരുതി വെച്ചിരുന്ന ബാഗില്‍ നിന്ന് സയനൈഡ് തൊട്ട് കുട്ടിക്ക് നല്‍കുകയുമായിരുന്നു. ആല്‍ഫൈനിനെ വയ്യാതായി ആശുപത്രിയിലേക്ക് കൊണ്ട് പോയിട്ടും യാതൊരു മനഃസ്താപവുമില്ലാതെ ചടങ്ങില്‍ സജീവമായ ജോളിയുടെ പെരുമാറ്റരീതിയില്‍ അന്നു തന്നെ ചിലര്‍ക്ക് സംശയമുണ്ടായിരുന്നൂവെങ്കിലും ആരും പുറത്ത് പറഞ്ഞില്ല. ആന്‍സിയുടെ ഈ മൊഴിയാണ് അന്വേഷണത്തിന് ഏറെ നിര്‍ണായകമായത്.
2014 മെയ് ഒന്നിന് ആല്‍ഫൈനിനെ കൊലപ്പെടുത്തിയ ശേഷം 2016-ജനുവരി 11 ന് സിലിയേയും കൊലപ്പെടുത്തി ഷാജുവിനെ സ്വന്തമാക്കുക എന്ന തന്റെ ലക്ഷ്യം ജോളി പൂര്‍ത്തിയാക്കുകയായിരുന്നു. ആല്‍ഫൈനിന്റെ മരണത്തെ കുറിച്ച് ഷാജുവിന് വിവരമുണ്ടായിരുന്നു എന്നായിരുന്നു ജോളിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ ഷാജുവിനേയും ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഷാജുവിന് അറിവുണ്ടായിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. ആറ് കൊലപാതക പരമ്പരയില്‍ മൂന്നെണ്ണത്തിന്റേയും കുറ്റപത്രം സമയബന്ധിതമായി സമര്‍പ്പിച്ചതോടെ ബാക്കി വരുന്ന മൂന്നെണ്ണത്തില്‍ കൂടി വലിയ ആത്മ വിശ്വാസത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.
Content Highlights: koodathai murder case; baby alphine's murder