വടകര: കൂടത്തായി കൊലക്കേസില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത റോയ് തോമസ് വധക്കേസില്‍ കുറ്റപത്രം തയ്യാറായി. തിങ്കളാഴ്ചയോ, ചൊവ്വാഴ്ചയോ താമരശ്ശേരി ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും.
റോയിയുടെ ഭാര്യ ജോളി ഉള്‍പ്പെടെ നാല് പ്രതികളാണ് കേസിലുള്ളത്. ഇരുനൂറിനു മുകളില്‍ സാക്ഷികളുണ്ട്. മുന്നൂറോളം രേഖകളും തെളിവായി ഹാജരാക്കും. ജോളി നേരത്തേ ഉപയോഗിച്ച് ബാക്കിവെച്ച സയനൈഡിന്റെ അംശവും ഈ കേസിലെ പ്രധാന തെളിവാണ്.
റോയ് തോമസ് വധക്കേസില്‍ ജോളി അറസ്റ്റിലായത് ഒക്ടോബര്‍ അഞ്ചിനാണ്. ജനുവരി രണ്ടിന് 90 ദിവസം പൂര്‍ത്തിയാകും. ഈ ദിവസത്തിനുമുമ്പെ കുറ്റപത്രം സമര്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്.പി. കെ.ജി. സൈമണ്‍, ക്രൈംബ്രാഞ്ച് എസ്.പി. ആര്‍. ഹരിദാസന്‍ എന്നിവരുടെ നേതൃത്വത്തില്‍ സമയബന്ധിതമായി കുറ്റപത്രം തയ്യാറാക്കിയത്.
പ്രതികള്‍ ഇവര്‍
റോയ് തോമസിന് ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കിയ ഭാര്യ ജോളിയമ്മ എന്ന ജോളി (47), ജോളിക്ക് സയനൈഡ് എത്തിച്ചുനല്‍കിയ ജൂവലറി ജീവനക്കാരന്‍ കക്കാട് കക്കവയല്‍ മഞ്ചാടിയില്‍ എം.എസ്. മാത്യു (44), മാത്യുവിന് സയനൈഡ് നല്‍കിയ സ്വര്‍ണപ്പണിക്കാരന്‍ താമരശ്ശേരി തച്ചംപൊയിലിലെ മുള്ളമ്പലത്തില്‍ പ്രജികുമാര്‍ (48), വ്യാജ ഒസ്യത്തുണ്ടാക്കാന്‍ ജോളിയെ സഹായിച്ച സി.പി.എം. മുന്‍ കട്ടാങ്ങല്‍ ലോക്കല്‍ സെക്രട്ടറി കെ. മനോജ് എന്നിവരാണ് റോയ് വധക്കേസിലെ പ്രതികള്‍. ഇവര്‍ നാലുപേരും അറസ്റ്റിലായി.
കേസില്‍ ശക്തമായ തെളിവുകള്‍
റോയ് വധക്കേസില്‍ അന്വേഷണസംഘത്തിന് ആത്മവിശ്വാസം പകരുന്നത് ശാസ്ത്രീയതെളിവുകളാണ്. ഇതില്‍ പ്രധാനം റോയിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും കെമിക്കല്‍ അനാലിസിസിലും റോയ് മരിച്ചത് സയനൈഡ് ഉള്ളില്‍ച്ചെന്നാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കൂടത്തായി കൂട്ടക്കൊലക്കേസില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുള്ളത് ഈ കേസില്‍ മാത്രമാണ്. മറ്റൊന്ന് വീട്ടില്‍നിന്ന് കണ്ടെടുത്ത സയനൈഡിന്റെ അംശമാണ്. പഴയ കുപ്പിയില്‍ സൂക്ഷിച്ച സയനൈഡ് പൊന്നാമറ്റം വീട്ടില്‍നിന്ന് ജോളിയാണ് പോലീസിന് എടുത്തുകൊടുത്തത്. ഇത് സയനൈഡാണെന്ന് ശാസ്ത്രീയപരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.
കൊലയ്ക്കുള്ള കാരണത്തിലേക്ക് നയിക്കുന്ന വ്യാജ ഒസ്യത്താണ് മറ്റൊരു പ്രധാന തെളിവ്. റോയ് തോമസിന്റെ പിതാവ് ടോം തോമസിന്റെ പേരില്‍ ജോളി തയ്യാറാക്കിയ ഒസ്യത്തിലാണ് സാക്ഷിയായി മനോജ് ഒപ്പിട്ടത്. സാക്ഷിയായ മറ്റൊരാളുടെ ഒപ്പും മനോജ് തന്നെയാണ് ഇട്ടതെന്ന് വ്യക്തമായിട്ടുണ്ട്. ഇതുസംബന്ധിച്ച മൊഴിയും പോലീസിന് കിട്ടി. വ്യാജ ഒസ്യത്ത് സംബന്ധിച്ച രേഖകളെല്ലാം പോലീസിന് കിട്ടിയിട്ടുണ്ട്. വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, എന്‍.ഐ.ടി. പ്രൊഫസറാണെന്ന വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയും ജോളിയുടെ സ്വഭാവം വ്യക്തമാക്കുന്ന തെളിവുകളാണ്.
മറ്റ് കേസുകളിലും കുറ്റപത്രം ഉടന്‍
റോയ് വധക്കേസിനു പുറമെ മറ്റ് കൊലക്കേസുകളിലും കുറ്റപത്രം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. രണ്ടാമത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സിലി വധക്കേസാണ്. ഈ കേസിലായിരിക്കും അടുത്തതായി കുറ്റപത്രം സമര്‍പ്പിക്കുക.
Content Highlights: koodathai roy thomas murder case; police prepared charge sheet against jolly and other accused