കോഴിക്കോട്: കൂടത്തായി സിലി വധക്കേസില്‍ കൊടുംവിഷത്തിന്റെ സാന്നിധ്യം കണ്ടതായി രാസപരിശോധനാ റിപ്പോര്‍ട്ട്. സോഡിയം സയനൈഡുമായി പ്രവര്‍ത്തിച്ചാല്‍ ഉണ്ടാവുന്ന ഹൈഡ്രോസിനായിക്ക് ആസിഡിന്റെ സാന്നിധ്യം ശരീരത്തില്‍ ഉണ്ടായിരുന്നതായതാണ് റിപ്പോര്‍ട്ട്. ഇതിന്റെ പകര്‍പ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു. സിലിയുടെ ശരീരത്തില്‍ സയനൈഡിന്റെ സാന്നിധ്യം ഉണ്ടായിരുന്നതായി നേരത്തെ തന്നെ കോഴിക്കോട്ടെ കെമിക്കല്‍ ലാബ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
താമരശ്ശേരിയിലെ ദന്താശുപത്രിയില്‍വെച്ച് മഷ്‌റൂം ക്യാപ്‌സൂളില്‍ സയനൈഡ് നിറച്ച് ജോളി സിലിക്ക് നല്‍കിയെന്നാണ് കേസ്. അസ്വസ്ഥത പ്രകടിപ്പിച്ചപ്പോള്‍ സയനൈഡ് കലര്‍ത്തിയ വെള്ളവും കുടിക്കാന്‍ നല്‍കി മരണം ഉറപ്പിക്കുകയായിരുന്നു. കൂടത്തായി കൊലപാതകപരമ്പരയില്‍ ഏറ്റവും അവസാനം മരിച്ചത് സിലിയാണ്-2016 ജനുവരിയില്‍.
ജോളി ബാഗില്‍ നിന്ന് വെള്ളമെടുത്ത് അമ്മക്ക് നല്‍കുന്നത് കണ്ടെന്ന സിലിയുടെ മകന്റെ മൊഴിയും കേസില്‍ ദൃക്സാക്ഷി മൊഴിയായുണ്ട്. അന്വേഷണ സംഘത്തെ സംബന്ധിച്ച് ഇതും നിര്‍ണായകമായ കാര്യമാണ്. സിലിയുടെ ഭര്‍ത്താവായിരുന്ന ഷാജുവിനെ സ്വന്തമാക്കുക എന്നത് തന്നെയായിരുന്നു ജോളിയുടെ പ്രധാന ലക്ഷ്യം. ഇതിനായി സിലിയെ ഒഴിവാക്കാന്‍ പല വഴികളും ജോളി സ്വീകരിച്ചിരുന്നു. തുടര്‍ന്നാണ് സയനൈഡ് നല്‍കാന്‍ തീരുമാനിച്ചത്.
ജോളിയാണ് ഈ കേസിലും ഒന്നാം പ്രതി. മാത്യു രണ്ടാം പ്രതിയും സ്വര്‍ണപണിക്കാരന്‍ പ്രജികുമാര്‍ മൂന്നാം പ്രതിയുമാണ്.
ഇതിനിടെ സിലി വധക്കേസില്‍ ജോളിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഇത് മാര്‍ച്ച് ഏഴിലേക്കു മാറ്റി. നേരത്തെ റോയ് വധക്കേസില്‍ ജോളിയുടെ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു.
Content Highlights: koodathai murder case; chemical test report on sily murder