സൗമ്യ, ജോളി
കോഴിക്കോട്: ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെ കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളിയുടെ സുരക്ഷ ജയില്‍ അധികൃതര്‍ക്കും പോലീസിനും പുതിയ വെല്ലുവിളി. നേരത്തെ കണ്ണൂര്‍ വനിതാ ജയിലില്‍വെച്ച് പിണറായി കൂട്ടക്കൊല കേസിലെ പ്രതി സൗമ്യ ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജോളിയുടെ കാര്യത്തിലും ജയില്‍ അധികൃതര്‍ കൂടുതല്‍ ജാഗ്രത പാലിച്ചേക്കും.
വ്യാഴാഴ്ച രാവിലെയാണ് ജോളി കൈ ഞരമ്പ് കടിച്ചുമുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമം നടത്തിയത്. ഞരമ്പ് കടിച്ച ശേഷം കല്ലു പോലുള്ള വസ്തു കൊണ്ട് കൂടുതല്‍ മുറിവേല്‍പ്പിക്കാനും ശ്രമിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ജയില്‍ അധികൃതര്‍ ജോളിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജോളിയെ പിന്നീട് അടിയന്തര ശസ്ത്രക്രിയയ്ക്കും വിധേയയാക്കി. അതേസമയം, ജോളിക്ക് വിഷാദരോഗമുള്ളതായി സംശയമുണ്ടെന്നാണ് അവരെ പരിശോധിച്ച ഡോക്ടര്‍മാരുടെ പ്രതികരണം.
2018 ഓഗസ്റ്റ് 24-നാണ് പിണറായി കൂട്ടക്കൊല കേസിലെ പ്രതി സൗമ്യ കണ്ണൂരിലെ വനിതാ ജയിലില്‍ തൂങ്ങി മരിച്ചത്. കാമുകനോടൊപ്പം ജീവിക്കാനായി മാതാപിതാക്കളെയും മകളെയും വിഷം നല്‍കി കൊലപ്പെടുത്തിയ സൗമ്യ വിചാരണത്തടവുകാരിയായിരിക്കെ ജീവനൊടുക്കുകയായിരുന്നു. ജയിലിലെ ഡയറി ഫാമില്‍ പശുക്കളെ നോക്കുന്ന ജോലിയായിരുന്നു സൗമ്യയ്ക്ക്. സംഭവദിവസം രാവിലെ പുല്ലരിയാന്‍ പോയ സൗമ്യ വളപ്പിലെ കശുമാവില്‍ സാരിയില്‍ തൂങ്ങി മരിക്കുകയായിരുന്നു. സംഭവം കണ്ടയുടന്‍ ജയില്‍ അധികൃതര്‍ സൗമ്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സൗമ്യയുടെ ആത്മഹത്യയ്ക്ക് പിന്നാലെ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാര്‍ക്കെതിരെയും ജയില്‍ സൂപ്രണ്ടിനെതിരെയും നടപടി സ്വീകരിച്ചിരുന്നു. അന്നത്തെ ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജയില്‍ ഡിജിപിയായിരുന്ന ആര്‍. ശ്രീലേഖയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: koodathai murder case accused jolly attempts to suicide; in 2018 pinarayi soumya commits suicide