മൂന്നോ നാലോ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍, അജ്ഞാത കാമുകന്‍, ഞെട്ടിച്ച് ആത്മഹത്യകളും; സിനിമയെ വെല്ലും കൊല്ലത്തെ സംഭവങ്ങള്‍


4 min read
Read later
Print
Share

കുഞ്ഞിന്റെ അമ്മ രേഷ്മ, ഇൻസെറ്റിൽ ജീവനൊടുക്കിയ ആര്യ, ഗ്രീഷ്മ

കൊല്ലം: കല്ലുവാതുക്കലിൽ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാതശിശു മരിച്ച സംഭവത്തിൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങളും ദുരൂഹതയും. കുഞ്ഞിനെ പ്രസവിച്ചതും ഉപേക്ഷിച്ചതും രേഷ്മയാണെന്ന് പോലീസ് സ്ഥിരീകരിച്ചെങ്കിലും രേഷ്മ പറഞ്ഞ മൊഴിയിലെ കാമുകനെ സംബന്ധിച്ചാണ് ദുരൂഹതകൾ തുടരുന്നത്. ഇതിനൊപ്പം രേഷ്മയുടെ ഭർത്താവിന്റെ ബന്ധുക്കളായ രണ്ട് യുവതികൾ കഴിഞ്ഞ ദിവസം ആറ്റിൽ ചാടി ജീവനൊടുക്കിയതും ദുരൂഹത വർധിപ്പിക്കുന്നു.

ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാനായാണ് ആരുമറിയാതെ കുഞ്ഞിനെ പ്രസവിച്ച് കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ചതെന്നാണ് രേഷ്മയുടെ മൊഴി. എന്നാൽ ഈ കാമുകനെ ഇന്നേവരെ നേരിട്ട് കണ്ടിട്ടില്ലെന്നും രേഷ്മ പറഞ്ഞിട്ടുണ്ട്. അതിനാൽ കാമുകനെ തിരിച്ചറിയാനുള്ള അന്വേഷണമാണ് പോലീസ് ഇപ്പോൾ നടത്തുന്നത്. രേഷ്മ ഉപയോഗിച്ചിരുന്ന സിംകാർഡ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയ ആര്യയുടേ പേരിലുള്ളതായിരുന്നു. ഈ നമ്പർ ഉപയോഗിച്ചാണ് രേഷ്മ ഫെയ്സ്ബുക്ക് അക്കൗണ്ടിനും ഉപയോഗിച്ചിരുന്നത്. ഇതുസംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനാണ് പോലീസ് സംഘം ആര്യയെ കഴിഞ്ഞ ദിവസം വിളിപ്പിച്ചത്. എന്നാൽ, ആര്യയും മറ്റൊരു ബന്ധുവായ ഗ്രീഷ്മയും ഇതിനു പിന്നാലെ ആറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നു.

ഫെയ്സ്ബുക്ക് അക്കൗണ്ടുകൾ, ഉടൻ സംശയദുരീകരണം...

കേസിൽ അറസ്റ്റിലായ കാമുകനെ സംബന്ധിച്ച് ഉടൻ സംശയ ദുരീകരണം നടത്തുമെന്നാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ചാത്തന്നൂർ എ.സി.പി. വൈ. നിസാമുദ്ദീൻ മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചത്. മൂന്നോ നാലോ ഫെയ്സ്ബുക്ക് അക്കൗണ്ടുകൾ ഉണ്ടെന്നാണ് രേഷ്മയുടെ മൊഴി. ഇതിൽ പലതും ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഫെയ്സ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്താൽ തിരിച്ചെടുക്കാൻ ബുദ്ധിമുട്ടാണ്. സൈബർ വിദഗ്ധർ ഇതുസംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഫെയ്സ്ബുക്കുമായി ബന്ധപ്പെട്ടും വിവരങ്ങൾ തേടാൻ ശ്രമിക്കുന്നു. ഇക്കാര്യത്തിൽ ഉടൻ സംശയദുരീകരണം നടത്തും- എ.സി.പി. പറഞ്ഞു.

അതേസമയം, കുഞ്ഞ് രേഷ്മയുടേതാണെന്നും കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്നും ശാസ്ത്രീയമായ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ടെന്നും എ.സി.പി. വ്യക്തമാക്കി. 'കേസിന്റെ പ്രധാനഭാഗം ഇതാണ്. അത് ശാസ്ത്രീയമായ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. കുഞ്ഞ് രേഷ്മ-വിഷ്ണു ദമ്പതിമാരുടേതാണെന്നും ഡി.എൻ.എ. പരിശോധനയിൽ സ്ഥിരീകരിച്ചു. ഇനിയുള്ളത് രേഷ്മയുടെ മൊഴിയിൽ പറഞ്ഞ ചിലകാര്യങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ്. കഴിഞ്ഞദിവസം ഇവരുടെ രണ്ട് ബന്ധുക്കൾ ജീവനൊടുക്കിയത് അന്വേഷണത്തിൽ വലിയ തിരിച്ചടിയാകുമെന്ന് കരുതുന്നില്ല. മരിച്ച ആര്യയുടെ പേരിലുള്ള സിം കാർഡാണ് രേഷ്മ ഉപയോഗിച്ചിരുന്നത്. അതിന്റെ ടെൻഷനിലായിരുന്നു അവർ. പോലീസ് അന്വേഷിക്കാൻ പോയതുകൊണ്ട് മാത്രമല്ല അവർ ജീവനൊടുക്കിയത്. ആവശ്യമില്ലാത്തത് ചിന്തിച്ച് കൂട്ടിയതാകാം ആത്മഹത്യയിലേക്ക് നയിച്ചത്. പോലീസ് അവരെ ഭീഷണിപ്പെടുത്തുകയൊന്നും ചെയ്തിട്ടില്ല. കേസിൽ വൈകാതെ രേഷ്മയുടെ ഭർത്താവ് വിഷ്ണുവിനെയും ചോദ്യംചെയ്യും. ബന്ധുക്കളുടെ മരണം നടന്നതിനാൽ ഉടൻ തന്നെ ചോദ്യംചെയ്യൽ വേണ്ടെന്നാണ് തീരുമാനം'- എ.സി.പി. പറഞ്ഞു.

സംഭവങ്ങളുടെ തുടക്കം, ജനുവരി അഞ്ചിന്....

2021 ജനുവരി അഞ്ചിനാണ് കൊല്ലം കല്ലുവാതുക്കലിൽ നവജാതശിശുവിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പൊക്കിൾകൊടി പോലും മുറിച്ചുമാറ്റാത്ത നിലയിലായിരുന്നു കുഞ്ഞിനെ കണ്ടത്. രാത്രി മുഴുവൻ തണുപ്പേറ്റ് കഴിഞ്ഞ കുഞ്ഞിനെ പിന്നീട് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അന്നുതന്നെ മരിച്ചു.

കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ പാരിപ്പള്ളി പോലീസിന്റെ നേതൃത്വത്തിലാണ് ആദ്യം അന്വേഷണം നടത്തിയത്. സമീപത്തെ നിരവധി പേരെ ചോദ്യംചെയ്തെങ്കിലും ആദ്യഘട്ടങ്ങളിൽ ഒരു തുമ്പും ലഭിച്ചില്ല. മൊബൈൽ ഫോൺ ടവറിന് കീഴിലെ വിവരങ്ങൾ ശേഖരിച്ചും അന്വേഷണം നടത്തി. രാത്രിയിൽ ഫോണിൽ സംസാരിച്ച പലരെയും പോലീസ് ചോദ്യംചെയ്തു. പ്രദേശത്തെ മൂന്ന് കിലോ മീറ്റർ ചുറ്റളവിലുള്ള സകല സിസിടിവി ക്യാമറകളും പരിശോധിച്ചു. ആശുപത്രികൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. പക്ഷേ, കുഞ്ഞ് ആരുടേതാണെന്നോ ആരാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നോ കണ്ടെത്താനായില്ല.

ആദ്യഘട്ട അന്വേഷണത്തിൽ കൃത്യമായ വിവരങ്ങള് ലഭിക്കാതായതോടെയാണ് പോലീസ് സംഘം ഡി.എൻ.എ. പരിശോധനയിലേക്ക് കടന്നത്. സംശയമുള്ളവരുടെ ഡി.എൻ.എ. പരിശോധന നടത്തി കുഞ്ഞ് ആരുടേതാണെന്ന് കണ്ടെത്താനായിരുന്നു ശ്രമം.

ഡി.എൻ.എ. പരിശോധന, ഒടുവിൽ രേഷ്മ അറസ്റ്റിൽ...

കേസിൽ സംശയത്തിന്റെ നിഴലിലായിരുന്നവരുടെ ഡി.എൻ.എ. പരിശോധനയാണ് പോലീസ് നടത്തിയത്. ഇപ്പോൾ അറസ്റ്റിലായ രേഷ്മയും ഇതിലുൾപ്പെട്ടിരുന്നു. എന്നാൽ അന്വേഷണത്തിന്റെ ഒരുഘട്ടത്തിലും രേഷ്മയാണ് പ്രതിയെന്ന സൂചന പോലും പോലീസിന് ലഭിച്ചിരുന്നില്ല. ഡി.എൻ.എ. പരിശോധനയ്ക്ക് രേഷ്മ ഉത്സാഹത്തോടെയാണ് സഹകരിച്ചത്. ഇവരുടെ പെരുമാറ്റവും കാര്യമായ സംശയത്തിന് ഇടനൽകിയതുമില്ല.

എന്നാൽ ഡി.എൻ.എ. പരിശോധനഫലം ലഭിച്ചതോടെ അതുവരെ രേഷ്മ കെട്ടിപ്പടുത്ത നുണകളെല്ലാം പൊളിയുകയായിരുന്നു. മരിച്ച കുഞ്ഞ് രേഷ്മ- വിഷ്ണു ദമ്പതിമാരുടേതാണെന്ന് ഡി.എൻ.എ. പരിശോധനയിൽ തെളിഞ്ഞു. തുടർന്ന് രേഷ്മയെ കസ്റ്റഡിയിലെടുത്തതോടെ ഇവർ എല്ലാം പോലീസിന് മുന്നിൽ സമ്മതിച്ചു. തന്റെ കുഞ്ഞാണെന്നും ആരുമറിയാതെ പ്രസവിച്ചശേഷം കുഞ്ഞിനെ ഉപേക്ഷിച്ചത് താൻ തന്നെയാണെന്നും രേഷ്മ ഏറ്റുപറഞ്ഞു. ഫെയ്സ്ബുക്ക് കാമുകനൊപ്പം ജീവിക്കാനായിരുന്നു ഈ കടുംകൈ എന്നും യുവതി വെളിപ്പെടുത്തി.

അമ്പരപ്പ് മാറുന്നില്ല...

ജനുവരി അഞ്ചിന് കുഞ്ഞിനെ കണ്ടെത്തിയ ദിവസം എല്ലാവരോടും കാര്യങ്ങൾ വിശദീകരിക്കാനും വിവരങ്ങൾ അറിയിക്കാനും മുന്നിൽ നിന്നത് രേഷ്മയായിരുന്നു. പ്രസവിച്ച് മണിക്കൂറുകൾ കഴിഞ്ഞിട്ടും യാതൊരു ആരോഗ്യപ്രശ്നങ്ങളും പുറത്തു കാണിക്കാതെയായിരുന്നു രേഷ്മയുടെ പെരുമാറ്റം. കുഞ്ഞിനെ കണ്ടെത്തിയ കഥ ഇവർ പൊടിപ്പും തൊങ്ങലും ചേർത്ത് വിവരിക്കുകയും ചെയ്തു. കണ്ടെത്തിയത് തന്റെ കുഞ്ഞാണെന്ന വിവരം അറിയാതെ ഭർത്താവ് വിഷ്ണുവും ഈ സമയത്ത് യുവതിയോടൊപ്പമുണ്ടായിരുന്നു.

ഗർഭം ധരിച്ച് ഒമ്പതാം മാസമാണ് കുഞ്ഞിനെ പ്രസവിച്ചതെന്നാണ് രേഷ്മ പോലീസിന് നൽകിയ മൊഴി. എന്നാൽ ഇത്രയുംകാലം വീട്ടുകാർ അറിയാതെ എങ്ങനെ ഗർഭം മറച്ചുവെച്ചതെന്ന ചോദ്യം പോലീസിനെ കുഴക്കുന്നുണ്ട്. ശരീരത്തിൽ ബെൽറ്റ് ധരിച്ച് വയർ ഒതുക്കിവെച്ചെന്നാണ് യുവതി പറഞ്ഞിട്ടുള്ളത്. സംഭവദിവസം വീടിന് പുറത്തെ ശൗചാലയത്തിൽവെച്ചാണ് കുഞ്ഞിനെ പ്രസവിച്ചതെന്നും പറഞ്ഞു. കുഞ്ഞ് നിലത്തുവീഴുമ്പോൾ മരിക്കുമെന്ന് കരുതി എഴുന്നേറ്റു നിന്നാണ് പ്രസവിച്ചത്. എന്നാൽ പിന്നീട് കുഞ്ഞിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിക്കുകയായിരുന്നു. ഇതിനുശേഷം വേദനസംഹാരി മരുന്നുകൾ കഴിച്ച് ഉറങ്ങിയെന്നും പ്രതി പറഞ്ഞിരുന്നു.

അജ്ഞാതനായ ഫെയ്സ്ബുക്ക് കാമുകൻ...

ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാൻ വേണ്ടിയാണ് തന്റെ രണ്ടാമത്തെ കുഞ്ഞിനെ ആരുമറിയാതെ പ്രസവിച്ചശേഷം ഉപേക്ഷിച്ചതെന്നാണ് രേഷ്മയുടെ മൊഴി. എന്നാൽ ഇന്നേവരെ നേരിട്ടു കാണാത്ത ഈ കാമുകനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും യുവതിക്കറിയില്ല. ഇരുവരും ഫെയ്സ്ബുക്ക് മെസഞ്ചറിലൂടെയും വാട്സാപ്പിലൂടെയും നിരവധി തവണ ചാറ്റ് ചെയ്തിട്ടുണ്ടെന്നാണ് യുവതി പറഞ്ഞിട്ടുള്ളത്.

ഏറേനേരം മൊബൈൽഫോണിലും സാമൂഹികമാധ്യമങ്ങളിലും സമയം ചെലവഴിക്കുന്നതിൽ രേഷ്മയെ ഭർത്താവ് വിഷ്ണു നേരത്തെ വഴക്കുപറഞ്ഞിരുന്നു. ഒരിക്കൽ രേഷ്മയുടെ ഫോൺ പിടിച്ചുവാങ്ങി തല്ലിപ്പൊട്ടിക്കുകയും ചെയ്തു. ഇതിനുശേഷം ഭർത്താവിന്റെ സഹോദരന്റെ ഭാര്യയായ ആര്യയുടെ പേരിലുള്ള സിം കാർഡാണ് രേഷ്മ രഹസ്യമായി ഉപയോഗിച്ചിരുന്നത്. ഇതേ സിം കാർഡ് ഉപയോഗിച്ച് ഫെയ്സ്ബുക്ക് അക്കൗണ്ടും തുടങ്ങിയിരുന്നു.

നേരിട്ടു കണ്ടിട്ടില്ലാത്ത കാമുകന്റെ ക്ഷണപ്രകാരം രേഷ്മ വർക്കല ബീച്ചിലും പരവൂരിലും പോയിട്ടുണ്ട്. എന്നാൽ ഇവിടെ ഏറെനേരം കാത്തുനിന്നശേഷം കാമുകനെ കാണാനാകാതെ മടങ്ങിപ്പോവുകയായിരുന്നു. ഈ സംഭവങ്ങളെല്ലാമാണ് ഫെയ്സ്ബുക്ക് കാമുകൻ വ്യാജനാണോ എന്ന സംശയത്തിലേക്കും വിരൽ ചൂണ്ടുന്നത്. ഒന്നുകിൽ ഇത് രേഷ്മയുടെ കള്ളക്കഥയാണ്. അല്ലെങ്കിൽ രേഷ്മയെ അടുത്തറിയുന്ന ആരോ വ്യാജ ഫെയ്സ്ബുക്ക് ഐ.ഡികളിൽനിന്ന് ഇവരുമായി അടുപ്പം സ്ഥാപിച്ചെന്നുമാണ് പോലീസിന്റെ സംശയം. എന്തായാലും ഈ അജ്ഞാത കാമുകനെ തിരിച്ചറിയുക എന്നതാണ് കേസിലെ അടുത്ത ഘട്ടം.

Content Highlights:kollam kalluvathukkal reshma abandoned new born baby case investigation

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
sajni murder case valentines day murder

3 min

പ്രണയദിനത്തില്‍ അരുംകൊല, 15 വര്‍ഷം പിടികൊടുക്കാതെ ഭര്‍ത്താവിന്റെ ആള്‍മാറാട്ടം; നീറുന്ന ഓര്‍മ്മയായി സജിനി കൊലക്കേസ്

Feb 14, 2021


thailand shooting

3 min

തായ്‌ലാന്‍ഡിന്റെ 'ശ്വാസംനിലച്ച' മണിക്കൂറുകള്‍, അമ്മയെ എത്തിച്ച് അനുനയനീക്കം; പൊലിഞ്ഞത് 26 ജീവനുകള്‍

Feb 9, 2020