ആര്യ, ഗ്രീഷ്മ
ചാത്തന്നൂര്‍: നവജാതശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാന്‍ പോലീസ് വിളിച്ചതിനുപിന്നാലെ ആര്യയും ഗ്രീഷ്മയും കല്ലുവാതുക്കല്‍ ജങ്ഷനിലെത്തിയിരുന്നു. വ്യാഴാഴ്ച രാവിലെ പത്തരയോടെ ഇവിടെവെച്ച് അയല്‍വാസിയായ സുരേഷ്‌കുമാര്‍ ഇരുവരെയും കണ്ട് സംസാരിച്ചിരുന്നു.
സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍ ആയ സുരേഷ്‌കുമാറിനോട് പോലീസ് വിളിപ്പിച്ച കാര്യം യുവതികള്‍ പറഞ്ഞു. എന്നാല്‍, ഭാവഭേദങ്ങളോ ഭയമോ ഇവരുടെമുഖത്ത് ഉണ്ടായിരുന്നില്ലെന്ന് സുരേഷ്‌കുമാര്‍ പറയുന്നു. അവസാനമായി യുവതികള്‍ സംസാരിച്ചത് സുരേഷ്‌കുമാറിനോടാണ്.
പിന്നീടവര്‍ ബസില്‍ കയറി കൊല്ലം ഭാഗത്തേക്ക് പോകുന്നത് കണ്ടവരുണ്ട്. ഇത്തിക്കര ചെറിയപാലത്തിലെ സി.സി.ടി.വി. ക്യാമറയില്‍ യുവതികള്‍ നടന്നു പോകുന്ന ദൃശ്യങ്ങള്‍ കണ്ടെത്തി. ഈ ദൃശ്യങ്ങളിലും തിടുക്കമൊന്നും കൂടാതെ ഇവര്‍ നടന്നു പോകുകയാണ്.
ചെറിയപാലത്തിനു താഴെ ഭാഗത്ത് വാഴക്കൂട്ടത്തിനിടയില്‍ ഇവരെ കണ്ടതായി പരിസരവാസികള്‍ പറഞ്ഞു. എന്നാല്‍, ഏത് ഭാഗത്തുനിന്നാണ് യുവതികള്‍ ആറ്റിലേക്ക് ചാടിയതെന്ന് അറിയില്ല.
പോലീസ് സ്‌റ്റേഷനിലേക്ക് പോകുന്നത് സഹിക്കാന്‍ കഴിയില്ല
പോലീസ് സ്റ്റേഷനിലേക്കു പോകുന്നത് ഒരിക്കലും സഹിക്കാന്‍ കഴിയില്ലെന്ന് ആര്യയെഴുതിയ കത്തില്‍ പറയുന്നു.
ആര്യയെയും ഗ്രീഷ്മയെയും കാണാതാകുന്നതിന്റെ തലേദിവസമായ ബുധനാഴ്ച കല്ലുവാതുക്കല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപ, വൈസ് പ്രസിഡന്റ് എസ്. സത്യപാലന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം രോഹിണി എന്നിവര്‍ ആര്യയുടെ വീട്ടില്‍ എത്തിയിരുന്നു. രേഷ്മ ഉപയോഗിച്ചിരുന്ന സിം കാര്‍ഡ് തന്റെ പേരിലുള്ളതാണെന്നും അവര്‍ തങ്ങളെയെല്ലാം ചതിക്കുകയായിരുന്നെന്നും ആര്യ ഇവരോടു പറഞ്ഞിരുന്നു.
ആര്യയും ഗ്രീഷ്മയും അപ്പോള്‍ ഒരുമിച്ചുണ്ടായിരുന്നു. പ്രശ്‌നങ്ങള്‍ ഒന്നുമുണ്ടാവില്ലെന്നു പറഞ്ഞ് സമാധാനിപ്പിച്ച ശേഷമാണിവര്‍ ആര്യയുടെ വീട്ടില്‍നിന്നിറങ്ങിയത്. വ്യാഴാഴ്ച രാവിലെ ആര്യയുടെ ഭര്‍ത്തൃമാതാവിന്റെ പെന്‍ഷനുമായി ബന്ധപ്പെട്ട് ഗ്രീഷ്മയോടൊപ്പം അക്ഷയ സെന്ററില്‍ പോയി പത്തരയോടെ മടങ്ങിയെത്തി. ഇതിനു ശേഷമാണിവരെ കാണാതാകുന്നത്.
ആര്യയെ കാണാതായതിനെ തുടര്‍ന്നുള്ള തിരച്ചിലിലാണ് കത്ത് കണ്ടുകിട്ടിയത്. കത്തില്‍ എഴുതിയിരുന്നത്- 'അറിഞ്ഞുകൊണ്ട് ആരെയും ചതിക്കണം എന്നുവിചാരിച്ചിട്ടില്ല. അവള്‍ ഇത്രയും വഞ്ചകിയാണെന്ന് അറിഞ്ഞിരുന്നില്ല. അവരുടെ ജീവിതം നന്നാവണമെന്നു മാത്രമേ വിചാരിച്ചിട്ടുള്ളൂ. എന്റെ മോനെ നല്ലപോലെ നോക്കണം. എനിക്ക് എന്റെ രണ്‍ജിത്തണ്ണന്റെ കൂടെ ജീവിച്ച് കൊതിതീര്‍ന്നിട്ടില്ല. പക്ഷേ, ഒരു പിഞ്ചുകുഞ്ഞിനെ കൊന്ന കേസില്‍ ഞങ്ങളെ പോലീസ് പിടിക്കുന്നത് സഹിക്കാന്‍ പറ്റുന്നില്ല. ഞങ്ങളോട് എല്ലാവരും ക്ഷമിക്കണം.'
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: kollam kalluvathukkal new born baby death and two woman suicide