File Photo
കാക്കനാട്: പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മകള്‍ വൈഗയുടെ മൃതദേഹം വിട്ടുകിട്ടാനായി ബന്ധുക്കള്‍ എറണാകുളം ജനറല്‍ ആശുപത്രിക്കു മുന്നില്‍ വിങ്ങലോടെ കാത്തിരിക്കുമ്പോള്‍ കോയമ്പത്തൂരില്‍ മള്‍ട്ടിപ്ലക്‌സ് തിയേറ്ററില്‍ പുതുതായി ഇറങ്ങിയ മലയാളം ത്രില്ലര്‍ സിനിമ ആസ്വദിക്കുകയായിരുന്നു സനു മോഹന്‍.
മകളെ കൊലപ്പെടുത്തി പുഴയിലെറിഞ്ഞ ശേഷം കേരളം വിട്ട സനു കോയമ്പത്തൂരിലെത്തി ജീവിതത്തിന്റെ സര്‍വ ലഹരികളും നുണയുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
സിനിമ കണ്ടതു കൂടാതെ, ദിവസത്തിലേറെ നേരവും ബാറിലും ചൂതാട്ട കേന്ദ്രങ്ങളിലുമായി സനു മോഹന്‍ അടിച്ചുപൊളിച്ചു.
മകള്‍ വൈഗയുടെ മൃതദേഹം ഏറ്റുവാങ്ങുന്നതും സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തിരക്കിലായിരുന്നു അന്നേരമത്രയും കുടുംബം. കേരളം വിട്ട ശേഷമുള്ള ആര്‍ഭാട ജീവിതത്തെ കുറിച്ച് സനു മോഹന്‍ തന്നെയാണ് അന്വേഷണ സംഘത്തിനു മുന്നില്‍ മനസ്സു തുറന്നത്.
മകളുടെ മരണമൊന്നും ഇയാളെ സുഖവാസത്തില്‍നിന്ന് പിന്നോട്ട് നയിച്ചില്ലെന്നും ഇതേക്കുറിച്ചോര്‍ത്ത് ഉത്കണ്ഠപ്പെട്ടിട്ടില്ലെന്നും അന്വേഷണ സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സനു പലപ്പോഴും ഒരു 'സൈക്കോ'യെപ്പോലെയാണ് പെരുമാറിയിരുന്നതെന്ന് പോലീസുദ്യോഗസ്ഥര്‍ പറയുന്നു.
അന്വേഷണ സംഘത്തിന് ഡി.ജി.പി.യുടെ പാരിതോഷികം
കാക്കനാട്: മകളെ കൊലപ്പെടുത്തിയ ശേഷം ഒരു മാസത്തോളം ഒളിവില്‍ കഴിഞ്ഞ സനു മോഹനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്ന പോലീസുകാര്‍ക്ക് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പാരിതോഷികം പ്രഖ്യാപിച്ചു. കര്‍ണാടകയിലെ കാര്‍വാറില്‍നിന്ന് ഇയാളെ പിടികൂടി നാട്ടിലെത്തിച്ചവര്‍ക്കും അന്വേഷണത്തില്‍ ഭാഗമായവര്‍ക്കുമുള്‍പ്പെടെയാണിത്.
നേരത്തെ അന്വേഷണ സംഘാംഗങ്ങള്‍ക്ക് സിറ്റി പോലീസ് കമ്മിഷണര്‍ സി. നാഗരാജു ഗുഡ് സര്‍വീസ് എന്‍ട്രി പ്രഖ്യാപിച്ചിരുന്നു.
കേസില്‍ വളരെ പെട്ടെന്ന് ഇടപെടല്‍ നടത്തുന്നതില്‍ മുഴുവന്‍ ടീമംഗങ്ങളും പരിശ്രമിച്ചിട്ടുണ്ടെന്ന് കമ്മിഷണര്‍ പറഞ്ഞു. കേസിന്റെ സ്വഭാവം വ്യത്യസ്തമായതുകൊണ്ട് വളരെ രഹസ്യമായാണ് അന്വേഷണം നടന്നത്. എല്ലാ ക്രെഡിറ്റും ടീമംഗങ്ങള്‍ക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കൊച്ചി സിറ്റി പോലീസിന്റെ കീഴിലുള്ള ടീമാണ് കാര്‍വാറില്‍നിന്ന് സനുവിനെ പിടികൂടി കൊണ്ടുവന്നതെങ്കിലും കര്‍ണാടക പോലീസാണ് ഇയാളെ പിടികൂടിയതെന്ന് പ്രചാരണമുണ്ടായിരുന്നു.
എന്നാല്‍, കാര്‍വാര്‍ ബീച്ചില്‍ പുലര്‍ച്ചെ ഒറ്റയ്ക്കു നില്‍ക്കുകയായിരുന്ന സനുവിനെ പിടികൂടുന്നതിന്റെ വീഡിയോ സഹിതം പുറത്തുവിട്ടാണ് അന്വേഷണ സംഘം ഇതിന് മറുപടി നല്‍കിയത്.
കാര്‍ തൃക്കാക്കര സ്റ്റേഷനിലെത്തിച്ചു; സനുവുമായി സേലത്തേക്ക്
കാക്കനാട്: സനു മോഹനെ കോയമ്പത്തൂരിലെത്തിച്ചുള്ള തെളിവെടുപ്പ് അന്വേഷണ സംഘം പൂര്‍ത്തിയാക്കി. ഇവിടെയായിരുന്നു ഇയാള്‍ കൂടുതല്‍ ദിവസം ഒളിവില്‍ കഴിഞ്ഞിരുന്നത്. ഇവിടെ െവച്ച് വിറ്റ കാറും വൈഗയുടെ സ്വര്‍ണവും പ്രതിയുടെ സാന്നിധ്യത്തില്‍ അന്വേഷണ സംഘം വ്യാഴാഴ്ച തന്നെ കസ്റ്റഡിയിലെടുത്തു. 45,000 രൂപയ്ക്കാണ് വൈഗയുടെ കൈ ചെയിനും മോതിരവും വിറ്റിരുന്നത്. സനുവിന്റെ കാര്‍ വ്യാഴാഴ്ച രാത്രിയോടെ തന്നെ തൃക്കാക്കര സ്റ്റേഷനില്‍ എത്തിച്ചു. ഫോറന്‍സിക് പരിശോധനയ്ക്കായാണ് കാര്‍ കൊണ്ടുവന്നത്.
അന്വേഷണ സംഘം കൂടെ കൊണ്ടുപോയിരുന്ന പോലീസ് ഡ്രൈവറാണ് കാര്‍ തിരിച്ച് എത്തിച്ചത്. വെള്ളിയാഴ്ച കാറില്‍ ഫോറന്‍സിക് പരിശോധന നടത്തും.
കോയമ്പത്തൂരിലെ നടപടികള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ച വൈകീട്ടോടെ തൃക്കാക്കര സി.ഐ. കെ. ധനപാലന്റെ നേതൃത്വത്തിലുള്ള സംഘം സേലത്തേക്ക് പുറപ്പെട്ടു. ഇവിടെ സനു മോഹന്‍ താമസിച്ച സ്ഥലത്ത് തെളിവെടുപ്പ് നടത്തിയ ശേഷം െബംഗളൂരുവിലേക്ക് തിരിക്കാനാണ് തീരുമാനം. പിന്നീട് മുംബൈയിലേക്കും അവിടെ നിന്ന് ഗോവയിലെ മുരുഡേശ്വറിലേക്കും പോയി തെളിവെടുപ്പ് നടത്തിയ ശേഷമാകും സനുവിനെ മൂകാംബിയിലെത്തിക്കുക.
ഗോവയിലെ ഉള്‍ക്കടലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ലൈഫ്ഗാര്‍ഡ് വന്ന് രക്ഷപ്പെടുത്തിയെന്ന് സനു മോഹന്‍ പറഞ്ഞത് സത്യമാണോയെന്ന് പരിശോധിക്കും.
Content Highlights: kochi vaiga murder case and sanu mohan